ആലപ്പുഴ: പണമുണ്ടോ? മന്ത്രി അനൂപ് ജേക്കബിന്റെ ഓഫീസിൽ നിയമനം ഉറപ്പ്. പറയുന്നത് യുഡിഎഫ് വിട്ട കേരളാ കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണ പിള്ളയാണ്. ഉപഭോക്തൃ കോടതിയിൽ നിയമനത്തിനായി മന്ത്രി ഓഫീസിൽനിന്നും ആവശ്യപ്പെട്ടത് 25 ലക്ഷം രൂപയാണെന്ന് ബാലകൃഷ്ണപിള്ള മറുനാടനോട് വ്യക്തമാക്കി. ഉപഭോക്തൃകോടതിയിൽ തന്റെ അനുയായിയെ നിയമിക്കണമെന്നാവശ്യപ്പെട്ടു ബാലകൃഷ്ണപിള്ള തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും താനതു നിഷേധിച്ചതുകൊണ്ടാണു താൻ കോഴ വാങ്ങി എന്നാരോപിച്ചു പിള്ള വിജിലൻസിനു പരാതി നല്കിയതെന്നും അനൂപ് ജേക്കബ് കഴിഞ്ഞദിവസം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞതു സംബന്ധിച്ചു മറുനാടൻ മലയാളിയോടു പ്രതികരിക്കുകയായിരുന്നു പിള്ള.

താനാവശ്യപ്പെട്ട നിയമനം പറഞ്ഞതുപോലെ അനൂപ് ജേക്കബ് നടത്തിയിരുന്നെങ്കിലും അഴിമതിക്കഥ പുറത്താക്കുമായിരുന്നുവെന്നു ബാലകൃഷ്ണ പിള്ള പറഞ്ഞു. പണം നൽകാൻ തന്റെ ആൾക്കു കഴിയാതിരുന്നതിനാൽ പാലക്കാട് നിന്നും പറഞ്ഞ തുക നൽകിയ ആളെ നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട് അനൂപ് പറഞ്ഞത് നൂറുശതമാനം ശരിയാണ്. ഉപഭോക്തൃ കോടതിയിൽ തനിക്ക് താല്പര്യമുള്ള ആളെ നിയമിക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു.

'ഉപഭോക്തൃ കോടതിയിൽ ഒരാളെ നിയമിക്കാൻ പറഞ്ഞത് എന്റെ അവകാശമാണ്. യു ഡി എഫിൽ ആ സമയത്ത് എനിക്ക് അർഹതപ്പെട്ട നിയമനമായിരുന്നു അത്. കുഞ്ഞാലിക്കുട്ടിക്ക് ആവശ്യമുള്ളത് ചോദിച്ചു വാങ്ങുന്നുണ്ടല്ലോ. മാണിക്ക് ആവശ്യമുള്ളത് മാണി എടുക്കുകയും ചെയ്യുന്നു. ബാലകൃഷ്ണപിള്ളയ്ക്കു മാത്രമെന്താ അയിത്തം?...' പിള്ള ചോദിച്ചു.

മന്ത്രി അനൂപ് ജേക്കബിനോട് തന്റെ ആളെ നിയമിക്കണമെന്നു താൻ ഓഫീസിൽവച്ച് ആവശ്യപ്പെട്ടതാണ്. ആ നിയമനം തനിക്ക് താൽപര്യമുള്ളവർക്ക് നൽകണമെന്നും പറഞ്ഞിട്ടുള്ളതാണ്. നിയമനമാകട്ടെ അർഹതപ്പെട്ട ദേശബന്ധു പത്രത്തിന്റെ പ്രസാധകനായിരുന്ന കെ ജി ശങ്കുണ്ണിയുടെ കൊച്ചുമകളായ പത്മിനിക്ക് നൽകണമെന്നാണ് താൻ പറഞ്ഞത്. എന്നാൽ തന്റെ ആവശ്യം നിരാകരിച്ചു. നിയമനം നടത്തുന്നത് ജഡ്ജിങ് കമ്മിറ്റിയാണെന്ന് പറയുന്ന അനൂപിന് താൻ ഏറെക്കാലം മന്ത്രിയായിരുന്ന കാര്യമെങ്കിലും ഓർക്കാമായിരുന്നു. സെലക്ഷൻ കമ്മിറ്റിക്കാർ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥന്മാർ തന്നെയാണല്ലോ. ഇനി തനിക്ക് ഇഷ്ടമുള്ളവരെ നിയമിക്കാൻ അനൂപ് തയ്യാറായിരുന്നുവെങ്കിൽ അഴിമതിക്കഥ പുറത്താകില്ലെന്നു വിചാരിക്കരുത്. അഴിമതി താൻ വിളിച്ചു പറയുക തന്നെ ചെയ്യും.

അനൂപിന്റെ വകുപ്പിൽ കാശ് വാങ്ങാൻ പ്രത്യേകം ആളുകളെയാണ് നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ജഡ്ജിമാരെ വരെ നിയമിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണ്. പിന്നെ എനിക്ക് പറയുന്നതിലെന്താ തെറ്റ്? സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അഴിമതി അന്വേഷണം നടക്കുന്ന വകുപ്പ് ഭക്ഷ്യ സിവിൽ സപ്ലൈസാണ്. കഴിഞ്ഞ നാലു കൊല്ലമായി അഴിമതിയും ധൂർത്തും വകുപ്പിനെ പിടികൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തന്നെക്കുറിച്ച് അനൂപ് പറഞ്ഞാൽ മുഖവിലയ്‌ക്കെടുക്കേണ്ട കാര്യമില്ല. അതേസമയം കേരള കോൺഗ്രസുകളുടെ കൂട്ടായ്മയ്ക്കായുള്ള ശ്രമം ഒരുഭാഗത്ത് നടക്കുമ്പോഴാണ് മുഖ്യാധാരാ നേതാക്കൾ തലമാറി തല്ലുന്നതെന്നു ബാലകൃഷ്ണപിള്ള പറഞ്ഞു.

അനൂപ് ജേക്കബും കെ എം മാണിയും കോഴ വാങ്ങി എന്നാരോപിച്ച് ബാലകൃഷ്ണ പിള്ള വിജിലൻസിനു കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. ഉപഭോക്തൃ കോടതി അംഗങ്ങളുടെ നിയമനത്തിന് അനൂപ് പണം വാങ്ങിയെന്നായിരുന്നു പരാതി. മന്ത്രിമാർക്കെതിരേ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കു കത്തുനിൽകിയെങ്കലും അദ്ദേഹം അതു വാങ്ങിവയ്ക്കുക മാത്രമാണു ചെയ്തതെന്നും പിള്ള ആരോപിച്ചിരുന്നു.

എന്നാൽ പിള്ളയുടെ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ടാണ് അനൂപ് ജേക്കബ് ഇന്നലെ രംഗത്തെത്തിയത്. ഉപഭോക്തൃ കോടതിയിൽ തന്റെ അനുയായിയെ നിയമക്കണമെന്നാവശ്യപ്പെട്ട് ആർ ബാലകൃഷ്ണപിള്ള തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതായിട്ടായിരുന്നു അനൂപ് ജേക്കബ് വ്യക്തമാക്കിയത്. ഇത് ശരിവച്ചുകൊണ്ടാണ് പിള്ള ഇന്ന് മറുനാടനോട് സംസാരപിച്ചത്. അനൂപ് അഴിമതിക്കാരനാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തു നൽകിയെങ്കിലും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിള്ള വിജിലൻസിനെ സമീപിച്ചത്. പരാതിയുടെ പശ്ചാത്തലത്തിൽ വിജിലൻസ് നടപടി സ്വീകരിക്കാത്ത പക്ഷം കോടതിയെ സമീപിക്കാണ് പിള്ളയുടെ തീരുമാനം.