- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടക്കുന്നത് കേരളത്തെ വർഗ്ഗീയതയുടെ വളക്കൂറുള്ള മണ്ണാക്കാനുള്ള ശ്രമം; ഇടതു പക്ഷ സമരങ്ങൾക്ക് പഴയ ശക്തിയില്ല; അവരും വോട്ട് ബാങ്കിന് പിറകെ; മതേതരത്വത്തിന് വേണ്ടത് മൂന്നാം ബദൽ: ആംആദ്മിയുടെ മുന്നണി പോരാളി സാറാ ജോസഫ് മറുനാടനോട്
തൃശൂർ: നരേന്ദ്ര ധബോൽക്കർ മുതൽ ഡോ:ഗൽബുർഗി വരെ; ഹൈന്ദവ ബിംബങ്ങൾക്കെതിരായി ആരെന്തു പ്രതികരിച്ചാലും അവർക്കുള്ള ശിക്ഷ നൽകാൻ തങ്ങൾ സന്നദ്ധരാണെന്ന് ഒരുപറ്റം ഹൈന്ദവ വാദികൾ ഭരണകൂടത്തെ പോലും നോക്കുകുത്തിയാക്കി പ്രഖ്യാപിക്കുകയാണ്. ബംഗ്ലാദേശിന് സമമായി മതമൗലിക വാദികളുടെ പറുദീസയായി ഇന്ത്യാ മഹാരാജ്യവും മാറിക്കൊണ്ടിരിക്കുന്നു. എന്തിനേറെ,
തൃശൂർ: നരേന്ദ്ര ധബോൽക്കർ മുതൽ ഡോ:ഗൽബുർഗി വരെ; ഹൈന്ദവ ബിംബങ്ങൾക്കെതിരായി ആരെന്തു പ്രതികരിച്ചാലും അവർക്കുള്ള ശിക്ഷ നൽകാൻ തങ്ങൾ സന്നദ്ധരാണെന്ന് ഒരുപറ്റം ഹൈന്ദവ വാദികൾ ഭരണകൂടത്തെ പോലും നോക്കുകുത്തിയാക്കി പ്രഖ്യാപിക്കുകയാണ്. ബംഗ്ലാദേശിന് സമമായി മതമൗലിക വാദികളുടെ പറുദീസയായി ഇന്ത്യാ മഹാരാജ്യവും മാറിക്കൊണ്ടിരിക്കുന്നു. എന്തിനേറെ, ഈ കൊച്ചു കേരളത്തിൽ പോലും വർഗീയതയുടെ വളക്കൂറുള്ള മണ്ണാക്കാൻ കിണഞ്ഞുപരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് ചിലർ-ഇതു പറയുന്നത് സാറാ ജോസഫ് എന്ന സാമൂഹിക-സാസ്‌കാരിക നായികയാണ്.
ഇത്രയേറെ അക്രമ പരമ്പരകൾ തന്നെ മതമൗലിക വാദികൾ നടത്തിയിട്ടും സാംസ്‌കാരിക പൈതൃകം അവകാശപ്പെടാവുന്ന കേരള നാട്ടിൽ പ്രതിഷേധങ്ങൾ നാമമാത്രമായി ചുരുങ്ങുകയാണ്. അത് കേവലം നവമാദ്ധ്യമങ്ങളിലും ചുരുക്കം ചില സംഘടനകളിലേക്കും മാത്രമായി ഒതുങ്ങിപ്പോകുകയാണ്. പ്രമുഖ എഴുത്തുകാരിയും സാംസ്‌കാരിക പ്രവർത്തകയും ആം ആദ്മി പാർട്ടി കേരളഘടകത്തിന്റെ നേതാവുമൊക്കെയായ സാറാ ജോസഫ് ഇക്കാര്യത്തിലുള്ള ആശങ്ക മറുനാടൻ മലയാളിയോടെ പങ്കു വച്ചു. അഭിമുഖത്തിലേക്ക്.
ഇത്രയും അധികം ഭീതിജനകമായ സാഹചര്യം ഉയർന്നിട്ടും എന്തു കൊണ്ടാണ് പ്രതിഷേധങ്ങൾ വളരെ നാമമാത്രമാകുന്നത്.?
* എല്ലാറ്റിനോടും പതിയെ പ്രതികരിക്കുന്ന ഒരു ജനതയാണ് കേരളത്തിലുള്ളത്. അവരുടെ ഭൂരിഭാഗമുള്ള പ്രതിഷേധ സ്വരങ്ങൾ എടുത്തുനോക്കിയാൽ അത് നമുക്ക് മനസിലാകും. എന്നു കരുതി മലയാളി ഇത്തരത്തിലുള്ള സാംസ്‌കാരിക ഫാസിസത്തേയോ അരും കൊലകളേയോ ന്യായീകരിക്കുമെന്ന് അർഥം അതിന് കാണരുത്. അത് പതിയെ നീറി നീറി പൊതുസമൂഹം ഏറ്റെടുക്കുക തന്നെ ചെയ്യും. അത് നമ്മുടെ സ്വഭാവമാണ്. അടുത്ത ദിവസം സാഹിത്യ അക്കാദമി ഹാളിൽ ഗൽബുർഗിയുടെ അരും കൊലക്കെതിരായി പ്രതിഷേധ കൂട്ടായ്മ നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തിലും ഹൈന്ദവവല്ക്കരണത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. ആൾദൈവ സംസ്‌കാരം മലയാളി ഇന്നൊഴിവാക്കാനാകാത്ത ഒന്നായി വച്ചുപുലർത്തുകയാണ്.ഇതേപറ്റി?
* തീർച്ചയായും ഹൈന്ദവ ബിംബങ്ങളെ പ്രതിഷ്ഠിക്കാനുള്ള വലിയ തോതിലുള്ള നീക്കങ്ങൾ നമ്മുടെ നാട്ടിലും നടക്കുന്നുവെന്നത് ഗൗരവതരമായാണ് കാണുന്നത്. അമൃതാനന്ദമയിയും മറ്റ് ആൾദൈവങ്ങളും ഇന്ന് പലരുടേയും പൂജാമുറികളിൽ നിത്യസാന്നിധ്യമായി മാറുകയാണ്. ഭഗവാൻ കൃഷണൻ ഇരുന്ന സ്ഥാനങ്ങളിലാണ് പുതുതായി ഇവരെല്ലാം സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് കാണാതിരുന്നു കൂടാ. തൃശൂരിനെ സാംസ്‌കാരിക തലസ്ഥാനം എന്നതിൽ നിന്ന് ആത്മീയ തലസ്ഥാനമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. അതിന്റെ ചില അലയൊലികൾ ഇവിടെ കണ്ടുതുടങ്ങിയിട്ടുമുണ്ട്. ഗുരുവായൂർ എന്ന് കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലത്തൊക്കെ എല്ലാവരുടേയും കൃഷണൻ എന്ന തരത്തിലാണ് നമ്മുടെ മനസിലേക്ക് ഓടി വരിക.
ചിലരെ പ്രവേശനത്തിൽനിന്ന് വിലക്കിയിരുന്നെങ്കിലും ഗുരുവായൂരിനോടും കണ്ണനോടും(ഇതൊന്നുംരുദൈവീകമാണെന്ന് തെറ്റിധരിക്കരുത്)മുണ്ടായിരുന്ന എല്ലാവരുടേയും എന്ന സങ്കൽപ്പം ഒരുപരിധി വരെ ഇല്ലാതായിരിക്കുന്നു. ഇന്ന് ചിലർ പറയുന്നത് കൃഷണൻ ഹൈന്ദവന്റേതു മാത്രമാണെന്നാണ്. ഇതൊക്കെയാണ് നമ്മുടെ സാംസ്‌കാരിക നഭോമണ്ഡലത്തിൽ വന്ന അപചയത്തിന്റെ തെളിവ്. പ്രതിഷേധങ്ങളുടെ ശക്തി പലപ്പോഴും ചോർന്നുപോയിരിക്കുന്നു. മുൻപുണ്ടായിരുന്ന ഇടതുപക്ഷത്തിന്റെ വലിയൊരു സ്‌പേസ് ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണല്ലോ?. ആ സ്‌പേയ്‌സ് നികത്തിയാൽ, അല്ലെങ്കിൽ അവിടേക്ക് ആരെങ്കിലും കടന്നുവന്നാൽ മാത്രമേ പഴയ സാംസ്‌കാരിക ചിഹ്നങ്ങളെ നമുക്ക് തിരിച്ചു പിടിക്കാനാകൂ.
ഇപ്പോഴും ഇടതുപക്ഷത്തിനതിന് കഴിഞ്ഞില്ലെന്നു തന്നെയാണോ കരുതുന്നത്?
* തീർച്ചയായും, ഇടതുപക്ഷത്തിന്റെ സമരങ്ങൾക്ക് മുൻപത്തേതു പോലുള്ള ശക്തിയില്ല എന്നു ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ.
ഇടതുപക്ഷത്തെ ഇത്തരത്തിൽ കുറ്റപ്പെടുത്തുമ്പോൾ തന്നെ എസ്എൻഡിപിയുടെ വർഗീയ നിലപാടുകൾക്കെതിരായി വി എസ്സും പിണറായിയും ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയല്ലോ? അതിനെ ഒരു ശുഭസൂചനയായി കണ്ടുകൂടേ?
* നിങ്ങൾ പറഞ്ഞത് ഭാഗീകമായി ശരിയാണെന്ന് ഞാൻ പറയും.ഇടതുപക്ഷം ഉൾപ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വോട്ടുബാങ്കിനെ തന്നെയാണ് പലപ്പോഴും ലക്ഷ്യം വയ്ക്കുന്നത്. എസ്എൻഡിപിക്കെതിരായ സിപിഐ(എം) നേതാക്കളുടെ നിലപാടിലും ഇതു നോക്കിക്കാണാനാകും. ശ്രീനാരായണീയരെ ബിജെപിയുടെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടാൻ വെള്ളാപ്പള്ളിയല്ല ആരുവിചാരിച്ചാലും സാധിക്കില്ല. അദ്ദേഹം പറഞ്ഞതു കൊണ്ടൊന്നും ഈഴവർ വോട്ട് ചെയ്യണമെന്ന് കരുതുന്നവർക്ക് വോട്ട് ചെയ്യാതിരിക്കില്ല. ഇടതുപക്ഷത്തിന്റെ നല്ലൊരു വോട്ട്ബാങ്കാണ് എസ്എൻഡിപി. അത് വെള്ളാപ്പള്ളി പറഞ്ഞാലൊന്നും മാറില്ല. തങ്ങളുടെ വോട്ടുബാങ്കിനെ കൂടെ നിർത്താനുള്ള കളികളാണ് സിപിഐ(എം) ഇപ്പോൾ നടത്തുന്നത്. അതാണു മുൻപ് പറഞ്ഞത്, ഭാഗീകമായ എതിർപ്പ് മാത്രമേ ഈ വിഷയത്തിൽ സിപിഎമ്മിനുള്ളൂ എന്ന്.തങ്ങളോടൊപ്പം വരുന്ന ഈഴവ സമുദായാംഗങ്ങളെ ഒപ്പം നിർത്താനുള്ള ശ്രമമായി നമുക്കിതിനെ കാണാം.
ഇടതുപക്ഷത്തെ ഇത്രയേറെ കുറ്റപ്പെടുത്തുമ്പോൾ ടീച്ചറുടെ പ്രസ്ഥാനം വർഗീയതക്കെതിരെ ഇന്ത്യയിൽ എന്തു നിലപാടെടുത്തു എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.ഹൈന്ദവ ഫാസിസത്തിനെതിരാണ് തങ്ങൾ എന്ന് അവകാശപ്പെടുമ്പോഴും ഇപ്പോൾ ഉയർന്നു വന്ന വിഷയത്തിലുൾപ്പെടെ കാര്യമായ പ്രതികരണമൊന്നും തന്നെ പാർട്ടിയുടെ ഭാഗത്തുനിന്നു കണ്ടില്ല അത് എന്തുകൊണ്ടാണ്?
* കേരളത്തിൽ ഞങ്ങൾ ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഫാസിസത്തെ എതിർക്കാൻ സാംസ്‌കാരിക സഭ ആം ആദ്മി പാർട്ടിയുടെ കേരളഘടകം രൂപം കൊടുത്തിട്ടുണ്ട്. ഞങ്ങൾ വർഗീയതക്കെതിരായും വിഘടനവാദത്തിനെതിരായുമുള്ള പോരാട്ടവുമായി മുന്നോട്ടുപോവുകയാണ്.
അപ്പോഴും ദേശീയതലത്തിൽ ഇതെല്ലാം പാഴ്‌വാക്കുകളാകുന്ന കാഴ്ചയല്ലേ കാണുന്നത്. ഇത്രയും ക്രൂരമായ ഒരു കൊലപാതകം നടന്നിട്ടും പാർട്ടിയുടെ ദേശീയ നേതൃത്വം അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെ പ്രതികരിച്ചു കണ്ടില്ലല്ലോ?
* അത് ഞാനും കണ്ടില്ല. ദേശീയതലത്തിലെ കാര്യങ്ങൾ എന്താണെന്ന് എനിക്കിപ്പോൾ പറയാനാകില്ല. എങ്കിലും അത് രാഷ്ട്രീയമായൊരു കാരണം കൊണ്ടായിരിക്കില്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ആം ആദ്മി പാർട്ടി വർഗീയതയ്ക്കും വിഘടന വാദത്തിനും അഴിമതിക്കുമെല്ലാം എതിരാണ,് അതിനെതിരായ പോരാട്ടത്തിിനൊടുവിൽ സ്വരാജ് എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.(ദേശീയ നേതൃത്വത്തിന്റെ നിലപാടിനെപ്പറ്റി കൂടുതലായുള്ള ചോദ്യങ്ങൾക്ക് ടീച്ചർ മറുപടി പറഞ്ഞില്ല.വീണ്ടും വീണ്ടുമുള്ള ചോദ്യത്തിന് അത് കൂടുതൽ ചോദിച്ചാൽ ഇതിൽ കൂടുതൽ ഞനെന്തെങ്കിലും പറയുമെന്ന് കരുതേണ്ട എന്നായിരുന്നു ഒറ്റവാക്കിലുള്ള മറുപടി)
കേരളത്തിൽ വർഗീയത വളരുമെന്ന് ടീച്ചർ കരുതുന്നുണ്ടോ?
* ഒരു കാരണവശാലും ഇല്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. കേരളീയരെ അങ്ങനെ വിഡ്ഡികളാക്കാൻ ആർക്കുമാകില്ല. അങ്ങനെയെങ്കിൽ അരുവിക്കരയിൽ രാജഗോപാൽ ജയിക്കണമായിരുന്നു. കൂടുതൽ വോട്ട് നേടി എന്നാണ് പറയുന്നത്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയായി വരുമ്പോൾ കുറച്ച് വോട്ടുകളൊക്കെ പിടിച്ചെന്നുവരാം. ഇതൊന്നുമില്ലാതെ ഞങ്ങൾ രാഷ്ട്രീയം പറഞ്ഞ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നേടിയത് 2 ലക്ഷം വോട്ടാണ്. കേരളീയർ ചിന്തിക്കുന്നവരാണ്. അവർക്ക് തിരിച്ചറിവുണ്ട്. വർഗീയതയുടേയോ കൊലപാതക രാഷ്ട്രീയക്കാരന്റേയോ അഴിമതിക്കാരന്റേയോ പിറകെ അവർ പോകില്ലെന്ന് ഉറപ്പാണ്.
രാജ്യത്തെ വർഗീയതയെ ചെറുക്കാൻ ഒരു മതേതര ബദൽ ഉയർന്നു വരുമെന്നു കരുതുന്നുണ്ടോ?
* ഞാനും അങ്ങനെ ആഗ്രഹിക്കുന്ന ഒരാൾ തന്നെയാണ്. പക്ഷേ അതൊരു സ്വപ്നം മാത്രമാവാമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ ഗൂഢലക്ഷ്യങ്ങളുണ്ട്. പ്രത്യയശാസ്ത്രത്തേക്കാൾ ഉപരിയായി നേതാക്കളുടെ താൽപര്യമാണ് ഇവിടെ പാർട്ടികൾക്ക് പ്രധാനം. മതേതരം എന്ന വാക്ക് പോലും പറയാൻ പലർക്കും ഇന്ന് യാതൊരവകാശവുമില്ല. ഈ സാഹചര്യത്തിൽ അതുപോലൊരുരു ബദൽ എന്നത് ഇന്ത്യയെ സ്‌നേഹിക്കുന്നവരുടെ സ്വപ്നം മാത്രമാകാം. എന്നാൽ വർഗീയത്‌ക്കെതിരായ പോരാട്ടം ഒരുഭാഗത്ത് മറ്റൊരു വിധത്തിൽ തുടരുകതന്നെ ചെയ്യും. കേരളത്തിൽ അത് പച്ചച്ചാണകത്തിനു തീപിടിച്ച പൊലെയാണെങ്കിലും അത് നീറി നീറി പടരുമെന്നു തന്നെയാണ് എന്റെ വിശ്വാസം.