ആലപ്പുഴ: സോളാർ തട്ടിപ്പു കേസിലെ ആദ്യവിധി ഇന്നലെയാണ് പുറത്തുവന്നത്. പത്തനംതിട്ട കോടതി സരിതയെയും ബിജു രാധാകൃഷ്ണനെയും ആറ് വർഷത്തെ തടവും പിഴയുമാണ് ചുമത്തിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടക്കം ബന്ധമുണ്ടെന്ന് പറഞ്ഞാണ് സരിത തട്ടിപ്പു നടത്തിയത്. എന്നാൽ, ഇതേക്കുറിച്ച് അന്വേഷണങ്ങൾ കൂടുതലായി ഉണ്ടായില്ല. താൻ കോൺഗ്രസുകാരിയാണെന്ന് പറയുന്ന സരിത താൻ എല്ലാം തുറന്നു പറഞ്ഞാൽ പല പ്രമുഖരും കുടുങ്ങുമെന്ന് തറപ്പിച്ച് പറയുന്നു. പലരാലും ചൂഷണം ചെയ്യപ്പെട്ട താൻ മാത്രമാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടതെന്നുമാണ് സരിതയുടെ പക്ഷം. ബാബുരാജുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചും കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധത്തെ കുറിച്ചും സരിത മറുനാടൻ മലയാളിയോട് തുറന്നു പറഞ്ഞു.

ഞാൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആളാണെന്നും എന്നെ പലരും ചൂഷണം ചെയ്തിട്ടുണ്ടെന്നുമാണ് സരിത പറഞ്ഞത്. പാർട്ടിയിൽ ഉന്നതമായ സ്ഥാനം ലഭിക്കേണ്ട താൻ പലപ്പോഴും വലിച്ചെറിയപ്പെട്ടു. അതുകൊണ്ടുതന്നെ കാര്യങ്ങളുടെ നിജസ്ഥിതി പുറത്തുപറഞ്ഞാൽ പലർക്കും കുഴപ്പം ഉണ്ടാകുമെന്നതുകൊണ്ട്് തത്്കാലം വെളിപ്പെടുത്തുന്നില്ല. മറ്റുള്ളവർക്കു വേണ്ടി ജീവിതം ഹോമിക്കാനാണ് എന്റെ ജാതകത്തിൽ വിധിച്ചിട്ടുള്ളത്. സരിത എസ്. നായർ മറുനാടൻ മലയാളിയോട് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്:

അതുകൊണ്ടുതന്നെയാണ് എനിക്ക് മനസറിവില്ലാത്ത പലകാര്യങ്ങളിലും ഞാൻ ബലിയാടാകുന്നത്. ഇപ്പോൾ വിധി പ്രഖ്യാപിക്കപ്പെട്ട കേസിലും എനിക്ക് മനസറിവില്ല. ഇതിന്റെ മുഴുവൻ സൂത്രധാരൻ ബിജു രാധാകൃഷ്ണനാണ്. ഒപ്പം ശാലു മേനോനും ഉണ്ടായിരുന്നു. പക്ഷേ ശാലുമേനോൻ എവിടെയും പ്രതിയായില്ല. ആറന്മുള സ്വദേശി ബാബുരാജിന്റെ കച്ചവടത്തിൽ ഞാൻ ആദ്യഘട്ടങ്ങളിൽ മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളു. പിന്നീട് ബാബുരാജ് ബിജുവിന്റെ ഫോൺനമ്പർ തന്റെ കൈയിൽനിന്നും വാങ്ങി നേരിട്ട് ഇടപാട് നടത്തുകയായിരുന്നു, സരിത പറഞ്ഞു.

ബിജുവും ശാലുമേനോനുമായി കരാർ ഉറപ്പിച്ചതിനുശേഷം ബാജുരാജ് തന്നെ വിളിച്ച് ഇനി ബിസിനസ് കാര്യത്തിൽ ലക്ഷ്മി ഇടപെടേണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇയാൾ ആകെ എനിക്കു തന്നത് 65,000 രൂപ മാത്രമാണ്. അതിൽ കുറച്ചു നോട്ടുകൾ കള്ളനോട്ടുകളുമായിരുന്നു. ഈ വിവരം ഓഫീസിൽനിന്നും വിളിച്ചറിയിച്ചപ്പോൾ അയാൾ പണം ഫോറിൻ മണി ട്രാൻസ്ഫർ ഏജൻസിയിൽനിന്നും എടുത്തതാണെന്ന് അറിയിക്കുകയായിരുന്നു. അതുകൊണ്ടാണ് വിധി പ്രഖ്യാപിച്ച കേസുമായി തനിക്ക് കൂടുതൽ ബന്ധമില്ലെന്നു പറഞ്ഞത്.

ഇയാളുമായി ബിസിനസ് വിട്ടശേഷം ഇയാളെ താൻ ഒഴിവാക്കിയിരുന്നവെന്ന് സരിത പറഞ്ഞു. അതേസമയം ബാബുരാജിന് തന്നിൽ നിന്നും അറിയേണ്ടത്് മുന്മന്ത്രി ഗണേശ് കുമാറുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു. ഗണേശ് തന്നെ വിവാഹം കഴിച്ചുവെന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു. ഇതെല്ലാം ബിജുവിന്റെ കുതന്ത്രങ്ങളായിരുന്നു.

സോളാർ കേസുമായി ബന്ധപ്പെട്ട പല കേസുകളും ഒത്തുതീർപ്പായെങ്കിലും ബാബുരാജിന്റെ കേസിൽ ഒത്തുതീർപ്പ് നടക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇങ്ങനെയാണ് സരിത മറുപടി പറഞ്ഞത്- താൻ നായർ സമുദായത്തിൽ പിറന്നയാളാണ്, ബാബുരാജ് ഈഴവ വിഭാഗത്തിലും. ഈഴവനായ ബിജു രാധാകൃഷ്ണന്റെ ഉപദേശപ്രകാരമാണ് ബാബുരാജ് തന്നെ കേസിൽ കുടുക്കിയതും ഒത്തുതീർപ്പ് നടത്താതിരുന്നതും.

പണം മുഴുവൻ അടിച്ചുമാറ്റിയ ശാലു മേനോനുമായി ബിജുവിന് ഇപ്പോഴും ബന്ധങ്ങളുണ്ട്. എങ്കിലും സത്യം ജയിക്കുക തന്നെ ചെയ്യും. കേസ് സുപ്രിം കോടതിവരെയെത്തിയാലും താൻ കേസിൽ ജയിക്കുക തന്നെ ചെയ്യുമെന്ന് സരിത ഉറപ്പിച്ചു പറയുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട തെളിവുകൾ നൽകാതിരുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ്. സോളാർ ബിസിനസിൽ തനിക്ക് നല്ല അറിവുണ്ടെന്നും മൂന്നോ നാലോ കേസുകൾകൂടി തീർപ്പായാൽ സോളാർ ബിസിനസ് പൂർവാധികം നന്നായി പുനരാരംഭിക്കുമെന്നും സരിത പറഞ്ഞു.

തന്റെ കുടുംബത്തിന് ജീവിക്കാൻ താൻ തന്നെ പണിയെടുക്കേണ്ട സ്ഥിതിയാണുള്ളത്. ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന മുത്തശ്ശിയും രണ്ടു കുട്ടികളും രോഗിയായ അമ്മയും തന്നെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇവരെ സംരക്ഷിക്കേണ്ട ചുമതല തനിക്കാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിലേക്ക് താൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുമെന്നും ചോദ്യങ്ങൾക്ക് മറുപടിയായി സരിത പറഞ്ഞു.