തിരുവനന്തപുരം: ഇന്റലിജന്റ്‌സ് എഡിജിപി ടി പി സെന്‍കുമാര്‍ ജാതി തിരുത്തിയാണ് ഐപിഎസ് നേടിയതെന്ന വാര്‍ത്ത മാതൃഭൂമി പത്രം തിരുത്തിയിട്ടും അദ്ദേഹത്തിനെതിരെ ആക്ഷേപം ചൊരിഞ്ഞുകൊണ്ടാണ് എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍. സെന്‍കുമാറിനെ അപകീര്‍ത്തിപ്പെടുത്തും വിധം പോസ്റ്റര്‍ പ്രചരണം നടത്തിയ സംഘടനക്കെതിരെ പോലീസ് നടപടികളും തുടങ്ങിയതോടെ ഇന്റലിജന്റ്‌സ് വകുപ്പ് കര്‍ശന നടപടികളുമായി നീങ്ങുകയാണ്. എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്റലിജന്റ്‌സ് സംവിധാനത്തെ നിര്‍വീര്യമാക്കാന്‍ ലക്ഷ്യമിട്ടാണെന്ന ഇന്റലിജന്റ്‌സിന്റെ റിപ്പോര്‍ട്ട് മറുനാടന്‍ മലയാളി കഴിഞ്ഞ ദിവസം പുറത്തുവിടുകയുണ്ടായി. ഈ സാഹചര്യത്തില്‍ സ്വയം പ്രതിരോധം തീര്‍ത്ത് എസ്ഡിപിഐയും രംഗത്തെത്തി. സെന്‍കുമാറിനെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെഎം അഷ്‌റഫ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

മാതൃഭൂമി പത്രം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന ഒരു വാര്‍ത്തയുടെ വിശ്വാസ്യത സംശയിക്കേണ്ടതില്ല എന്നതുകൊണ്ടാണ് സെന്‍കുമാറിനെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്നും കെ എം അഷറഫ് വ്യക്തമാക്കുന്നു. സെന്‍കുമാര്‍ വിഷയത്തിലുള്ള നിലപാടിനെ കുറിച്ച് അഷറഫ് വിശദീകരിക്കുന്നു:

എസ്ഡിപിഐ ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയാണ്. രാജ്യം ഇന്ന് സാമ്പത്തികവും സാമൂഹ്യവുമായ ഗുരുതരമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണെന്ന് മേനി നടിക്കുമ്പോഴും യഥാര്‍ത്ഥ ഇന്ത്യയിലെ ഗ്രാമങ്ങളിലെ ദുരിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നമ്മെ ഭയപ്പെടുത്തുന്നവയാണ്. സാധാരണ പൗരന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന അവരുടെ നിലവിളികള്‍ക്ക് ചെവികൊടുക്കുന്ന മര്‍ദ്ദിതന്റെ രാഷ്ട്രീയമാണ് രാജ്യം ആവശ്യപ്പെടുന്നത്. ആ ദിശയിലാണ് എസ്ഡിപിഐ നീങ്ങുന്നത്.

ജാതീയമായ വിവേചനങ്ങള്‍ക്ക് ഇരയാകുന്ന, ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടുന്ന ജനകോടികള്‍ക്ക് അത്താണിയാകുകയാണ് ഞങ്ങള്‍. കേരളത്തിലെ സ്ഥിതി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മെച്ചമാണ്. എങ്കിലും കേരളത്തിലും പ്രശ്‌നങ്ങള്‍ ഇല്ല എന്നു പറയാന്‍ കഴിയില്ല. മുസ്ലീം, ദളിത്, തുടങ്ങിയ പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹരിക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ജാതി സംവരണം എന്നത് എന്നും നമ്മുടെ നാട്ടില്‍ വലിയ വിഷയമാണ്. സെന്‍കുമാറിനെതിരെ വാര്‍ത്ത വന്നത് യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി എന്ന് സ്വയം അവകാശപ്പെടുന്ന മാതൃഭൂമി പത്രത്തിലാണ്, എസ്ഡിപിഐ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. മാതൃഭൂമി പത്രം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന ഒരു വാര്‍ത്തയുടെ വിശ്വാസ്യത സംശയിക്കേണ്ട കാര്യമില്ല എന്ന നിലപാടില്‍ ഞങ്ങള്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ച് കിര്‍ത്താഡ്‌സിലേക്ക് മാര്‍ച്ച് നടത്തി. പല ജില്ലകളിലും പോസ്റ്റര്‍ ഒട്ടിച്ചു. ഈ വിഷയം സിബിഐ അന്വേന്വേഷിക്കണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്.

അതിലെന്താണ് തെറ്റ്? മാതൃഭൂമി പത്രം 26ന് വാര്‍ത്ത കൊടുത്തതില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ അതിനോടൊപ്പം പിന്മാറാന്‍ ഞങ്ങള്‍ തയ്യാറല്ല. കാരണം ഒരു മാധ്യമം ഒരു വാര്‍ത്ത പിന്‍വലിക്കുന്നതും ഖേദം പ്രകടിപ്പിക്കുന്നതും വാര്‍ത്ത തെറ്റായിപ്പോയി എന്ന് മനസ്സിലാക്കിയതുകൊണ്ട് മാത്രമാവില്ല എന്ന് ഞങ്ങള്‍ കരുതുന്നു. ഏതെങ്കിലും വിധത്തിലുള്ള സമ്മര്‍ദ്ദം അവര്‍ക്കുമേലും ഉണ്ടായിക്കാണും. ഞങ്ങള്‍ ഞങ്ങളുടെതായ രീതിയില്‍ വിഷയത്തിന്റെ നിജസ്ഥിതി അന്വേന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റുപറ്റി എന്ന് ബോധ്യപ്പെട്ടാല്‍ അത് തിരുത്താനുളള മാന്യത ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ അത് ബോധ്യപ്പെടും വരെ നിലപാടില്‍ നിന്നും പിറകോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല.

ഇതോടനുബന്ധിച്ച് ഒരു വിഷയം കൂടി വ്യക്തമാക്കാനുദ്ദേശിക്കുന്നു. എസ്ഡിപിഐ ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍ പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരുടെ ജാതി വിവരങ്ങളും സര്‍വ്വീസ് ബുക്കും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്.

പൊതുഭരണവകുപ്പില്‍ 22 പേരുടെ സര്‍വ്വീസ് ബുക്ക് കാണാനില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം എടുത്ത കുറിപ്പില്‍ പറയുന്നത്. ആകെയുള്ള ആറ് സ്‌പെഷ്യല്‍ സെക്രട്ടറിമാരില്‍ മൂന്നു പേരുടെ സര്‍വ്വീസ് ബുക്ക് വകുപ്പില്‍ ഇല്ല. അഡീഷണല്‍ സെക്രട്ടറിമാരില്‍ അഞ്ച് പേരുടെ സര്‍വ്വീസ് ബുക്ക് വകുപ്പില്‍ ഇല്ല. ജോയിന്റ് സെക്രട്ടറിമാരില്‍ രണ്ടുപേരുടേയും ഡപ്യൂട്ടി സെക്രട്ടറിമാരില്‍ ആറ് പേരുടേയും സര്‍വ്വീസ് ബുക്ക് കാണാനില്ല. അണ്ടര്‍ സെക്രട്ടറിമാരുടെ ആറ് പേരുടെ സര്‍വ്വീസ് ബുക്കും കാണാനില്ല.

സര്‍വ്വീസ് ബുക്ക് എന്ന് പറയുന്നത് ഒരു ജീവനക്കാരന്റെ അടിസ്ഥാനപരമായ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തുന്ന രേഖപ്പെടുത്തുന്ന പുസ്തകമാണ്. സ്വന്തമായി സര്‍വ്വീസ് ബുക്കില്ലാത്ത 22 പേര്‍ പൊതുഭരണ വകുപ്പില്‍ മാത്രമുണ്ടെങ്കില്‍ മറ്റ് വകുപ്പുകളില്‍ എന്തെല്ലാം തിരിമറികളും അഴിമതികളും നടക്കന്നുണ്ട്.

എസ്ഡിപിഐ സംവരണം സംബന്ധിച്ച വിഷയം ഗൗരവത്തോടെ പഠന വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ ഞങ്ങള്‍ താമസിയാതെ പുറത്ത് വിടും. സെന്‍കുമാറിന്റെ വിഷയവും ഞങ്ങള്‍ പഠിക്കുകയാണ്. തെറ്റുപറ്റി എന്ന് ബോധ്യമായാല്‍ തിരുത്താനുള്ള മാന്യത എസ്ഡിപിഐയ്ക്കുണ്ട്. എന്നാല്‍ ഞങ്ങളാണ് ശരി എന്ന് ബോധ്യപ്പെട്ടാല്‍ ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും.