തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിന് ശേഷം മരണത്തിൽ സന്ദേഹം ജനിപ്പിക്കുന്ന വിധത്തിൽ മുൻകാലത്ത് തെഹൽക്ക റിപ്പോർട്ട് ചെയ്ത വാർത്ത പുറത്തുവന്നിരുന്നു. തെഹൽക്കയിൽ വന്ന ഒരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു ഇപ്പോൾ ജയയുടെ മരണത്തിന് പിന്നിലെ ചില ദുരൂഹതകളിലേക്കും വിരൽ ചൂണ്ടിയത്. ജയലളിതയെ കൊല്ലാൻ തോഴി ശശികല സ്ലോ പോയിസനിങ് നൽകി എന്നായിരുന്നു 2012 ഫെബ്രുവരി ലക്കത്തിൽ തെഹൽക്ക പുറത്തുവിട്ട വിട്ട വാർത്ത. മലയാളി കൂടിയായ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജീമോൻ ജേക്കബായിരുന്നു കോളിളക്കം സൃഷ്ടിച്ച ഈ വാർത്ത പുറത്തു കൊണ്ടുവന്നത്. ജയയുടെ മരണത്തോടെ ഈ പഴയ റിപ്പോർട്ട് വലിയ തോതിൽ ചർച്ചയാകുകയും ചെയ്തു. അമ്പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ജയലളിതയെ പരിചരിക്കാനായി ശശികലയും ചുരുക്കം ചില വിശ്വസ്തരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു ജീമോൻ ജേക്കബിന്റെ തെഹൽക്കയിലെ റിപ്പോർട്ട് വീണ്ടും കഴിഞ്ഞ ദിവസം സജീവ ചർച്ചക്ക് ഇടയാക്കിയത്.

അന്ന് എന്തുകൊണ്ടായിരുന്നു ഇങ്ങനെയൊരു വാർത്ത എഴുതിയതെന്ന് ജീമോൻ ജേക്കബ് മറുനാടൻ മലയാളിയോടും വിവരിച്ചു. അന്ന് തെഹൽക്കയുടെ ദക്ഷിണേന്ത്യൻ ഇന്ത്യൻ മേധാവിയായിരുന്നു ഞാൻ. അന്ന് ദ്രാവിഡ പാർട്ടികളിലെ ഉള്ളുകളികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രസിദ്ധീകരിച്ച വ്യക്തിയായിരുന്നു ജീമോൻ ജേക്കബ്. ഇതിൽ ജയലളിതയും തോഴി ശശികലയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും ആ ബന്ധത്തിൽ അപ്രതീക്ഷിതമായ വന്ന ഉലച്ചിലിനെ കുറിച്ചുമായിരുന്നു ജീമോന്റെ സമഗ്രലേഖനം. ഇപ്പോൾ സോഷ്യൽ മീഡിയയിലും ജയലളിതയുടെ മരണത്തിലെ ദുരൂഹതയിലേക്കും വിരൽ ചൂണ്ടുന്ന ആ റിപ്പോർട്ട് എഴുതിയ സാഹചര്യത്തെ കുറിച്ച് ജീമോൻ ജേക്കബ് മറുനാടൻ മലയാളിയോട് വിവരിച്ചു. അദ്ദേഹം മറുനാടനോട് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്:

ജയലളിതയെ ശശികല വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു എന്ന വാർത്തയിലേക്ക് നയിച്ച അന്വേഷണം ശശികലയെ പോയസ് ഗാർഡനിൽ നിന്നും പുറത്താക്കിയതായിരുന്നു. 2012 ൽ ജയലളിത തന്റെ തോഴിയായ ശശികലയെയും കൂട്ടാളികളെയും പുറത്താക്കിയത്. ഇതിന് പിന്നാലെ കാരണങ്ങൾ എന്തായിരുന്നു എന്നതായിരുന്നു തെഹൽക്ക അന്വേഷിച്ചത്. ഇതിന് വേണ്ടി തമിഴ്‌നാട്ടിൽ പോയി 20 ദിവസത്തോളം ചെന്നൈയിലും ശശികലയുടെ നാടായ മന്നാർ ഗുഡിയിലും താമസിച്ച് വിശദമായ അന്വേഷണമാണ് നടത്തിയത്. അന്ന് ആ നാട്ടിലെ 40തോളം പേരിൽ നിന്നു വിവരങ്ങൾ അന്വേഷിച്ച ശേഷമാണ് ആ റിപ്പോർട്ട് തയ്യാറാക്കിയത്.

ജയലളിതയെ കൊല്ലാൻ തോഴി ശശികല പതിയെ കൊല്ലുന്ന വിഷം നൽകി എന്ന വിധത്തിലുള്ള സൂചന നൽകിയത് ജയലളിതയോട് അടുപ്പമുള്ള വൃത്തങ്ങൾ തന്നെയായിരുന്നു. ഇക്കൂട്ടത്തിൽ മന്ത്രിമാരും എംഎൽഎമാരും ഒക്കെയുണ്ട്. മുഖ്യമന്ത്രിയായിരുന്ന ജയലളിതയിലും വലിയ അധികാര കേന്ദ്രമായി ശശികല മാറുന്ന വിധത്തിൽ ചില ഇടപെടൽ നടത്തിയപ്പോഴായിരുന്നു പുറത്താക്കലും ആ വിവരം മാദ്ധ്യമങ്ങൾക്ക് ലഭിക്കുന്നതും. എന്നാൽ, പുറത്താക്കിയ ശേഷം മുപ്പത് ദിവസങ്ങൾക്ക് ശേഷം ശശികലയെ തിരിച്ചെടുക്കുകയും ചെയ്തു. തുടർന്ന് മരിക്കും വരെ അവർ ജയക്കൊപ്പം ഉണ്ടായിരുന്നു താനും.

അന്ന് തെഹൽക്കയിൽ എഴുതിയ വാർത്തയുടെ ചുവടുപിടിച്ചാണ് മന്നാർ ഗുഡി മാഫിയയുടെ കഥ മറ്റ് മാദ്ധ്യമങ്ങളിലെല്ലാം പ്രസിദ്ധീകരിക്കുന്നതും. പതിയെ കൊല്ലുന്ന വിഷം ഭക്ഷണത്തിൽ കലർത്തി നൽകി ശശികല ജയലളിതയെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു തെഹൽക്ക പ്രസിദ്ധീകരിച്ച റിപ്പോർട്ട്. ലെഡ് ചേർത്ത പഴങ്ങളിലൂടെയാണ് വിഷം ജയലളിതയ്ക്ക് ശശികല നൽകിയതെന്നുമാണ് തനിക്ക് ജയയുടെ അടുത്ത കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരം. ജയ ഭരണത്തിൽ ശശികലയുടെ കൈകടത്തൽ എത്രത്തോളമുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു താൻ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. ജയയുടെ ചുറ്റും ശശികല തന്റെ അടുപ്പക്കാരെ വിന്യസിച്ചിരുന്നു. ജയയുടെ കോപത്തിന് ഇരയായി ശശികല പുറത്താകുമ്പോൾ ഇവരും പടിക്കു പുറത്തായി. മോണോറെയിൽ പദ്ധതിയുടെ കരാർ ഒരു സിംഗപ്പൂർ ആസ്ഥാനമായ കമ്പനിക്ക് നൽകണമെന്നതായിരുന്നു ജയലളിതയുടെ താൽപര്യം. എന്നാൽ, ശശികല ഇടപെട്ട് മറ്റൊരു കമ്പനിയുമായി ചർച്ചകൾ നടത്തിയതാണ് ജയയെ ചൊടിപ്പിച്ചത്. തർക്കങ്ങളെ തുടർന്ന് അവരെ പുറത്താക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള ഉരസലിന് പിന്നാലെ ജയലളിതക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ മൊഴി മാറ്റുന്നതിനെ പറ്റിയും ശശികല ആലോചിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പിണക്കം മാറ്റിവച്ച് ശശികലയെ ജയലളിത തിരിച്ച് വിളിച്ചതെന്നാണ് കരുതുന്നത്. ജയലളിതയുടെ ശരീരത്തിൽ ലെഡിന്റെ അളവ് കൂടുതലായിരുന്നു. ആശുപത്രിയിൽ നടത്തിയ പതിവ് രക്തപരിശോധനയിൽ ആണ് ഇക്കാര്യം കണ്ടെത്തിയതും. ഈ വാർത്തയിൽ താൻ പൂർണമായും വിശ്വസിക്കാൻ കാരണം തനിക്കെതിരായി വരുന്ന ചെറിയ വാർത്തകളെ പോലവും അസഹിഷ്ണുതയോടെ കണ്ട് പ്രതികരിക്കുന്ന ജയയുടെ ഭാഗത്തു നിന്നും ഇതിൽ യാതൊരു പ്രതികരണവും ഉണ്ടായില്ല എന്നതു തന്നെയാണ്.

കോടനാട് എസ്‌റ്റേറ്റിൽ കാവൽ നിന്ന പൊലീസുകാരന് പാമ്പുകടിയേറ്റ വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ ജയ പ്രതികരിച്ചത് എങ്ങനെയാണെന്ന് എല്ലാവർക്കും അറിയവുന്നതാണ്. പൊലീസിനെ ഉപയോഗിച്ച് പത്രഓഫീസ് റെയ്ഡ് ചെയ്യിക്കുക വരെയുണ്ടായി. അങ്ങനെയുള്ളപ്പോൾ ഗുരുതരമായ ആരോപണങ്ങളുള്ള വാർത്ത പുറത്തുവിട്ടപ്പോൾ ജയ രൂക്ഷമായി പ്രതികരിക്കേണ്ടതല്ലേ. അങ്ങനെ ഉണ്ടായില്ലെന്നത് തന്നെയാണ് ഈ വാർത്ത കൊള്ളേണ്ടിടത്തുകൊണ്ടുവെന്നതിന്റെ സൂചന. എന്നാൽ, ജയയുടെ മരണവുമായി അതിന് ഇപ്പോൾ ബന്ധമുണ്ടെന്ന് തീർത്തുപറയാൻ ഒരു മാദ്ധ്യമപ്രവർത്തകൻ എന്ന വിധത്തിൽ തന്റെ കൈയിൽ തെളിവുകൾ ഇപ്പോഴില്ല.- ജീമോൻ പറയുന്നു.

പൊയസ് ഗാർഡനിൽ മന്നാർഗുഡിയിൽനിന്ന് 40 പരിചാരകർ ഉണ്ടായിരുന്നു. ഇവിടുത്തെ പരിചാരകരെല്ലാം ശശികലയുടെ ആൾക്കാരാണ്. ജയലളിതയ്ക്ക് എന്തായിരുന്നു അസുഖമെന്നത് ഇനിയും ആരും അറിഞ്ഞിട്ടില്ല. ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നത് ചുരുക്കം ചില ആൾക്കാർക്കാണ്. ഇക്കൂട്ടത്തിൽ ശശികലയും അപ്പോളോ ആശുപത്രി ഡയറക്ടറും ഉൾപ്പെടും. ഇന്ത്യൻ പ്രധാനമന്ത്രിക്ക് പോലും ഇതേക്കുറിച്ച് വ്യക്തമായ അറിവുണ്ടോ എന്നത് സംശയമാണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസക്തമായത് എഐഎഡിഎംകെയെ നയിക്കാൻ ആര് വരും എന്നതാണ്. ശശികല തന്നെ മുഖ്യമന്ത്രിയാകാൻ ശ്രമിക്കുമെന്നത് തീർച്ചയാണ്. മന്നാർഗുഡി മാഫിയ ഇനിയും സജീവമാകും. അധികാരത്തിന്റെ രുചി അറിഞ്ഞു വളർന്ന ശശികല പനീർശെൽവത്തെ മുന്നിൽ നിർത്താൻ ശ്രമിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. തമിഴ്‌നാട്ടുകാരുടെ ചിന്നമ്മയായി അവർ വളരുമെന്നു തന്നെയാണ് അറിയുന്നത്. എന്നാൽ, അത് അത്ര എളുപ്പം നടക്കില്ലെന്നാണ് തന്റെ നിരീക്ഷണമെന്നും ജീമോൻ ജേക്കബ് പറയുന്നു. 24 എംഎൽഎമാർ കളം മാറിയാൽ തമിഴ്‌നാട് ഭരണം വീഴും. ശശികല മുഖ്യമന്ത്രായാകാൻ ശ്രമിച്ചാൽ ഒരുപക്ഷേ അങ്ങനെ സംഭവിച്ചേക്കാം. എന്നാൽ, ഒരു ഇടക്കാല തെരഞ്ഞെടുപ്പോ രാഷ്ടപതി ഭരണമോ ആയിരിക്കും ഡിഎംകെ ഇപ്പോൾ ലക്ഷ്യമിടുന്നത്.

ജയയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുകൾ ശശികലയ്ക്ക് ലഭിക്കുമോ എന്ന കാര്യവും ഇപ്പോൾ ഉറപ്പിക്കാൻ സാധിക്കില്ലെന്നാണ് ജീമോൻ പറയുന്നത്. എംജിആർ മരിക്കുമ്പോൾ ഒസ്യത്ത് എഴുതിവച്ചിട്ടു കൂടി അതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇപ്പോഴും കോടതി കയറുകയാണ്. ജയലളിത ഒസ്യത്ത് എഴുതി വച്ചിട്ടുണ്ടോ എന്ന കാര്യം ഇനിയും അറിവായിട്ടില്ല. ആ സാഹചര്യത്തിൽ ഇനി തന്റെ പേരിൽ എഴുതി നൽകിയെന്ന് ശശികല അവകാശപ്പെട്ടാലും അതിനെ നിയമപരമായി മറ്റുള്ളവർക്ക് ചോദ്യം ചെയ്യാം. അതുകൊണ്ട് കോടിനു കോടിയുടെ സ്വത്തുകളെ കുറിച്ചുള്ള തർക്കം കോടതി കയറുമെന്നതു് ഉറപ്പാണെന്നും ജീമോൻ ജേക്കബ് അഭിപ്രായപ്പെടുന്നു.

തെഹൽക്കയിൽ നിന്നും രാജിവച്ച ശേഷം ജീമോൻ ജേക്കബ് ഇപ്പോൾ ഇന്ത്യാ ടുഡേയിൽ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്യുകയാണ്. ദ്രാവിഡ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടുകൾ ജീമോൻ ജേക്കബ് പുറത്തു കൊണ്ടുവന്നിട്ടുണ്ട്.