കൊച്ചി: ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ നിന്നും മികച്ച സീരിയലുകൾക്കും അതിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമായി സംഘടിപ്പിച്ച അവാർഡ് നിശയിൽ പങ്കെടുക്കാനെത്തി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നടത്തിയ പരാമർശനങ്ങൾ ഏറെ വിവാദമായിരുന്നു. അവാർഡ് വേദിയിൽ മമ്മൂട്ടിയുടെ പെരുമാറ്റം സീരിയൽ താരങ്ങളെയും അണിയറ ശിൽപ്പികളെയും അപമാനിക്കുന്നതാണെന്ന ആരോപണം ശക്തമായ കാര്യം മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. വേദിയിൽ വച്ചുതന്നെ മമ്മൂട്ടിയുടെ പ്രസ്താവനക്കെതിരെ സീരിയൽ സംവിധായകൻ സുജിത്ത് സുന്ദർ പ്രതികരിക്കുകയുമുണ്ടായി. ഇതോടെ സോഷ്യൽ മീഡിയയിലും ഇത് ചൂടേറിയ ചർച്ചക്ക് വഴിവച്ചു. സീരിയലുകാർക്കെതിരായ മമ്മൂട്ടിയുടെ പ്രസ്താവനയെ പിന്തുണച്ച് മമ്മൂട്ടിയുടെ ഫാൻസുകാർ ഫേസ്‌ബുക്കിലൂടെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയപ്പോൾ ഇതിനെ പ്രതിരോധിച്ചുകൊണ്ടുള്ള വാദമുഖങ്ങളുമായി മറ്റു ചിലരും രംഗത്തെത്തിയിരുന്നു. ഇങ്ങനെ വിവാദം മുറുകുന്നതിനിടെ തന്റെ ഭാഗത്തിൽ ഉറച്ചു നിൽക്കുന്നതായി ചന്ദനമഴ സീരിയലിന്റെ സംവിധായകൻ കൂടിയായ സുജിത്ത് സുന്ദർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. മമ്മൂട്ടിയെ വിമർശിക്കാൻ ഉണ്ടായ സാഹചര്യം ഒരിക്കൽ കൂടി അദ്ദേഹം മറുനാടനോട് വിശദീകരിച്ചു.

അങ്കമാലിയിലെ അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന ഏഷ്യാനെറ്റിന്റെ ടെലിവിഷൻ അവാർഡ്ദാന വേദിയിൽ വച്ച് മമ്മൂട്ടിയുടെ പെരുമാറ്റം അവിടെ കൂടിയ സീരിയൽ താരങ്ങളെയും സിനിമ പ്രവർത്തകരെയും ഒരുപോലെ വേദനിപ്പിച്ചു. ഒരു മെഗാ സ്റ്റാറിൽ നിന്നും ഒരിക്കലും ഉണ്ടാക്കാൻ പാടില്ലാത്ത പെരുമാറ്റമായിരുന്നു അദ്ദേഹത്തിൽ നിന്നുണ്ടായത്. ടെലിവിഷൻ അവാർഡ് നൈറ്റാണ് എന്ന് അറിഞ്ഞുകൊണ്ടു തന്നെയല്ലേ അദ്ദേഹം അങ്കമാലിയിൽ എത്തിയത്? മികച്ച സീരിയൽ നടനുള്ള അവാർഡ് കൊടുക്കാൻ മാത്രാണ് അദ്ദേഹം തയ്യാറായത്. ഓരോ അവാർഡിനായി വിളിക്കുമ്പോഴും 'ബെസ്റ്റ'് എന്ന് ഉറപ്പിച്ച് പറഞ്ഞ് കളിയാക്കുകയും ചെയ്തു.

മെഗാ സ്റ്റാർ ആയതു കൊണ്ട് മാത്രമാണ് പലരും മമ്മൂട്ടിക്കെതിരെ വേദിയിൽ വച്ച് പ്രതികരിക്കാൻ തയ്യാറാകാതിരുന്നത്. അദ്ദേഹത്തെ പോലൊരു താരത്തിൽ നിന്നും ഇങ്ങനെയൊരു പെരുമാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. സിനിമ-സീരിയൽ എന്നിങ്ങനെ രണ്ടായി വേരിതിരിച്ചാണ് ഏഷ്യാനെറ്റ് അവാർഡ് നൽകാറുള്ളത് എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ഏഷ്യനെറ്റ് ചാനൽ അവാർഡ് കൊടുക്കുമ്പോൾ നൽകുന്ന മാനദണ്ഡം തന്നെയല്ലേ.. സീരിയലുകളുടെ കാര്യത്തിലും ഉള്ളത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളെ മാത്രമേ അവാർഡിനായി പരിഗണിക്കുന്നുള്ളു എന്നത് മാത്രമാണ് ടെലിവിഷന്റെ കാര്യത്തിലുള്ള വ്യത്യാസം.

ഏഷ്യാനെറ്റ് അവാർഡ് നിശയിൽ എല്ലാവരെയും തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് അവാർഡ് നൽകുന്നതെന്ന ആക്ഷേപം ഉയർന്നിരുന്നല്ലോ? എന്നിട്ടും മമ്മൂട്ടി അവാർഡ് വാങ്ങിയിട്ടില്ല, ഇങ്ങനെ ഒരേ ചാനൽ നൽകുന്ന അവാർഡ് പിന്നെ എന്തിനാണ് അദ്ദേഹം വാങ്ങിയത്. എല്ലാവരെയും സന്തോഷിപ്പിക്കാൻ വേണ്ടിയാണ് സിനിമാ അവാർഡ് നൽകുന്നത്. അതുപോലെ തന്നെയാണ് സീരിയലിലും. മറിച്ചായിരുന്നെങ്കിൽ മമ്മൂട്ടിക്ക് വിവാദത്തിന്റെ പേരിൽ സിനിമ അവാർഡുകൾ നിരാകരിക്കാമയിരുന്നില്ലേ? ഒരു സിനിമ നിർമ്മിക്കുന്നതിൽ എത്രത്തോളം ശ്രമം എടുക്കുന്നുണ്ടോ അതുപോലെ തന്നെയാണ് സീരിയൽ നിർമ്മിക്കുമ്പോഴും ഉണ്ടാകുന്നത്. പ്രശസ്തരായ സിനിമാതാരങ്ങൾ പോലും പിറവി കൊണ്ടത് സീരിയലുകളിലൂടെയാണ്. കൂടാതെ സീരിയൽ സംവിധായനവും നിർമ്മിക്കുകയും ചെയ്തവർ സിനിമ എടുക്കുകയും അത് വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അവാർഡ് കൊടുക്കുന്നത് തന്നേക്കാൾ കുറഞ്ഞ വ്യക്തികളാണെന്ന തോന്നലാണോ വേദിയിൽ വച്ച് തന്നെ മമ്മൂട്ടി വിമർശനം ഉന്നയിക്കാൻ കാരണമായതെന്ന് തനിക്ക് അറിയില്ല. അതോ വ്യക്തിപരമായ അമർഷമാണോ എന്നും അറിയില്ല. സീരിയലുകളെ കുറിച്ച് എതിർപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് അവിടെ എത്താതിരിക്കാമായിരുന്നു. അല്ലെങ്കിൽ വിമർശനം ഒഴിവാക്കാമായരുന്നു. അവിടെ കൂടിയ സീരിയൽ മേഖലയിലുള്ളവരുടെ പ്രതിനിധി എന്ന നിലയിലാണ് താൻ അഭിപ്രായം പറഞ്ഞത്. എല്ലാവരുടെയും മനസിലുള്ള കാര്യങ്ങളാണ് പറഞ്ഞതും. തലോടിയില്ലെങ്കിലും അദ്ദേഹത്തിന് ഞങ്ങളെ തല്ലാതിരിക്കാമായിരുന്നു. ഇതിന്റെ പേരിൽ നാളെ ഞാൻ സിനിമയിൽ എത്തിയാൽ പ്രതികാര നടപടി ഉണ്ടാകുമോ എന്നറിയില്ല. ചിലപ്പോൾ മമ്മൂട്ടിയെ വച്ച് സിനിമ എടുക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിന് പറ്റില്ലെന്ന് പറഞ്ഞാലും തനിക്ക് കുഴപ്പമില്ല- സുജിത്ത് സുന്ദർ പറഞ്ഞു.

മമ്മൂട്ടിയുടെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തമുണ്ടായ സിനിമയാണ് പഥേയം. ഈ സിനിമയുടെ നിർമ്മാതാവ് ജി ജയകുമാറിനെയും കളിയാക്കുകയാണ് മെഗാതാരം ചെയ്തത്. സദസിൽ ഇരുന്നപ്പോൾ ഒരു അവാർഡ് മുഖത്ത് എഴുതിവച്ചിട്ടുണ്ടല്ലോ.. എന്ന് പറഞ്ഞ് പരഹസിക്കുകയാണ് താരം ചെയ്തത്. പണ്ട് മമ്മൂട്ടിയെ വച്ച് സിനിമ നിർമ്മിച്ച ആൾ ഇപ്പോൾ സീരിയൽ നിർമ്മിക്കുന്നു. അതിനെ കളിയാക്കേണ്ട കാര്യമുണ്ടോ? സിനിമാക്കാരേക്കാൾ താഴെയാണ് സീരിയൽ മേഖലയിൽ ഉള്ളവർ. അങ്ങനെയുള്ള വിവേചനമാണ് മമ്മൂട്ടി വേദിയിൽ പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ നിലവാരത്തിലും ഉയരാനും സീരിയൽ താരങ്ങൾക്ക് സാധിക്കില്ല.. അദ്ദേഹം തന്നെയാണ് ഇപ്പോഴും 'ബെസ്റ്റ് ആക്ടർ'- സുജിത്ത് വ്യക്തമാക്കി.

സീരിയൽ തന്നെയാണ് മേഖലയിൽ നിന്നുകൊണ്ട് ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സീരിയൽ മോശമാണെന്ന അഭിപ്രായം തനിക്കില്ല. മമ്മൂട്ടി അടക്കമുള്ളവർ സിനിമയുടെ പ്രമോഷനായി സോഷ്യൽ മീഡിയയെ ഉപയോഗിക്കാറില്ലെയുന്നും സുജിത്ത് സുന്ദർ ചോദിച്ചു. അതേസമയം യാതൊരു പ്രചരണവും ഇല്ലാതെയാണ് സീരിയലുകൾ കാണാൻ ആളുകൾ തയ്യാറാകുന്നത്. രണ്ടും ലക്ഷ്യംവെക്കുന്നത് ലാഭം തന്നെയാണല്ലോ? പിന്നെ മമ്മൂട്ടിയുടേത് അടക്കമുള്ള സിനിമകൾ ടെലിവിഷനിലൂടെ കണ്ട് ആളുകൾ കൈയടിക്കുന്നുണ്ടെന്ന കാര്യവും മറക്കരുതെന്നും അദ്ദേഹഗം പറഞ്ഞു.

ഇത് പോരെങ്കിൽ മമ്മൂട്ടി ഒരു ടെലിഷന്റെ തലപ്പത്തിരിക്കുന്ന വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ ചാനലിലും സീരിയലുകൾ ഉണ്ടായിരുന്നല്ലോ? സീരിയലുകളുടെ എപ്പിസോഡിനെ എപ്പിഡോസ് എന്ന് പറഞ്ഞ് കളായിക്കുകയും ചെയ്തു അദ്ദേഹം. അഭിഭാഷകൻ കൂടിയായ മമ്മൂട്ടിക്ക് ഉച്ഛാരണ ശുദ്ധി ഇല്ലാത്തതുകൊണ്ടല്ലോ ഇങ്ങനെ സംഭവിച്ചത്. മമ്മൂട്ടിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ച്ചയിലുള്ള ക്ഷമാപണമെന്ന വിധത്തിലായിരുന്നു അവിടെയുണ്ടായിരുന്ന മറ്റ് സിനിമാപ്രവർത്തകർ സംസാരിച്ചത്. ഇത് ഞങ്ങളുടെ ഉപജീവന മാർഗ്ഗമല്ലേ..? രണ്ടാംകിടക്കാരായാണ് ഞങ്ങളെ കാണുന്നതെന്നറിയാം.. എന്നാലും പറയുകയാണ്.. തലേടേണ്ട, എന്നാൽ ഇങ്ങനെ പരസ്യമായി അവഹേളിക്കരുത്. പ്ലീസ്!- സുജിത്ത് പറഞ്ഞു നിർത്തി.