- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനഘ-ശാരി കേസുകളുടെയും സ്മാര്‍ട്സിറ്റിയുടെയും ഫയലുകള്‍ വി എസിന്റെ ഓഫീസില്‍ നിന്നു മുങ്ങി; വി എസിനെ വഴിതെറ്റിച്ചതു കെ എന്‍ ബാലഗോപാലും രാജേന്ദ്രനും: കെ സുരേഷ്‌കുമാര്‍ തുടരുന്നു
വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് കോളിളക്കം സൃഷ്ടിച്ച മൂന്നാര്‍ ഓപ്പറേഷന്‍ അകാല ചരമത്തിലേക്ക് നീങ്ങിയതെങ്ങനെ എന്ന അനേ്വഷണത്തിന് മുതിര്‍ന്ന മറുനാടന്‍ മലയാളിക്ക് മുമ്പില്‍ മൂന്നാര്‍ ഓപ്പറേഷന്റെ സംഘതലവന്‍ കെ സുരേഷ് കുമാര്‍ ഐഎഎസ് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അക്കാലത്ത് വിഎസിനൊപ്പമുണ്ടായിരുന്ന കെ എ
വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് കോളിളക്കം സൃഷ്ടിച്ച മൂന്നാര്‍ ഓപ്പറേഷന്‍ അകാല ചരമത്തിലേക്ക് നീങ്ങിയതെങ്ങനെ എന്ന അനേ്വഷണത്തിന് മുതിര്‍ന്ന മറുനാടന്‍ മലയാളിക്ക് മുമ്പില്‍ മൂന്നാര്‍ ഓപ്പറേഷന്റെ സംഘതലവന്‍ കെ സുരേഷ് കുമാര്‍ ഐഎഎസ് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അക്കാലത്ത് വിഎസിനൊപ്പമുണ്ടായിരുന്ന കെ എന്‍ ബാലഗോപാലും രാജേന്ദ്രനും വിഎസിന് മറയാക്കിയ നീക്കങ്ങള്‍ ഗുരുതരമായി പ്രത്യാഘാതങ്ങളിലേക്ക് നീങ്ങുന്നതായിരുന്നു എന്നതായിരുന്നു സുരേഷ് കുമാറിന്റെ വെളിപ്പെടുത്തലുകള്‍. കോളിളക്കം സൃഷ്ടിച്ച അനഘ-ശാരി പീഡന കേസുകളുടെ ഫയലുകളും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഫയലുകളും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അപ്രത്യക്ഷമായെന്നും സുരേഷ് കുമാര്‍ വെളിപ്പെടുത്തി. മൂന്നാര്‍ ദൗത്യത്തിന് ഒടുവില്‍ എന്ത് സംഭവിച്ചെന്നും അദ്ദേഹം മറുനാടന്‍ മലയാളിയോട് വ്യക്തമാക്കി. സുരേഷ് കുമാറിന്റെ അഭിമുഖത്തിന്റെ രണ്ടാം ഭാഗം തുടരുന്നു..
മൂന്നാര്‍ അനധികൃത കയ്യേറ്റം ഒഴിപ്പിക്കലില്‍ സി പി ഐ യും ഔദ്യോഗിക സി പി എമ്മും ഒറ്റക്കെട്ടായതോടെ മൂന്നാര്‍ ദൗത്യം പരാജയപ്പെട്ടു. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് സുരേഷ് കുമാറിനെ സ്‌പെഷ്യല്‍ ഓഫീസറായി വി എസ് നിയമിച്ചിരുന്നത്. എല്‍ഡിഎഫില്‍ സുരേഷ്‌കുമാറിന്റെ നിയമനം ചര്‍ച്ച ചെയ്തിരുന്നില്ല. സിപി ഐയുടെ പാര്‍ട്ടി ഓഫീസ് നിലനില്‍ക്കുന്ന ബഹുനില റിസോര്‍ട്ട് പൊളിക്കേണ്ട എന്ന കാര്യത്തില്‍ പിണറായി വിജയനടക്കമുള്ളവര്‍ ഒറ്റക്കെട്ടായി. രവീന്ദ്രനെയോ രവീന്ദ്രന്‍ പട്ടയങ്ങളെയോ തൊടാന്‍ ആരും തയ്യാറായിരുന്നില്ല. ടാറ്റയുടെ കയ്യേറ്റങ്ങളെ സംബന്ധിച്ച തര്‍ക്കം കൂടി ഉണ്ടായതോടെ സ്‌പെഷ്യല്‍ ഓഫീസര്‍ സ്ഥാനം വേണ്ട എന്ന് പറഞ്ഞു പിന്മാറിയ സുരേഷ്‌കുമാര്‍ ആറുമാസം ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്നു. ഐ എ എസുകാരനായത് കൊണ്ട് ശമ്പളം തടയാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. 28 ദിവസം കൊണ്ട് 92 അനധികൃത കയ്യേറ്റം ഒഴിപ്പിക്കുകയും 17000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുകയും ചെയ്ത മിടുക്കനായ ഉദ്യോഗസ്ഥന് സര്‍ക്കാര്‍ നല്‍കിയ ശിക്ഷയായിരുന്നു അത്.
- മൂന്നാര്‍ ദൗത്യത്തിനു ശേഷം തിരിച്ചെത്തിയ താങ്കള്‍ക്ക് എന്ത് ചുമതലയാണ് സര്‍ക്കാര്‍ പിന്നീടു നല്‍കിയത്? വി എസിന്റെ സമീപനമെന്തായിരുന്നു?
ഞാന്‍ ഒരു പണിയുമില്ലാതെ 6 മാസം ഒരു പോസ്റ്റിങ്ങും ഇല്ലാതെ വീട്ടില്‍ വെറുതെയിരുന്നു. സെക്രട്ടറിയേറ്റില്‍ എന്നെ ഇനി കാലുകുത്തിക്കേണ്ട എന്ന് ചിലര്‍ തീരുമാനമെടുത്തു. കയ്യും കാലും ചങ്ങലയിട്ട് ബന്ധിച്ചതുപോലെ പാര്‍ട്ടിയുടെ നിയന്ത്രങ്ങളില്‍പ്പെട്ട് ചലനശേഷി നഷ്ടപ്പെട്ട വി എസും നിശബ്ദനായിരുന്നു. കേരളത്തിലെ പാവപ്പെട്ടവരോടും സാധാരണക്കാരോടും പ്രതിപത്തിയുണ്ടായിരുന്ന കേരളത്തിലെ അവസാനത്തെ രാഷ്ട്രീയക്കാരനെയും തളര്‍ത്താന്‍ സ്വന്തം പാര്‍ട്ടിക്കും മുഖ്യഘടകകക്ഷിയായ സി പി ഐക്കും കഴിഞ്ഞു. എനിക്ക് ശേഷം രാമാനന്ദന്‍ മൂന്നാറിന്റെ ചുമതല ഏറ്റെടുത്തു. അദ്ദേഹം റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. അതോടെ കാര്യങ്ങള്‍ പൂര്‍ണ്ണമായും റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്റെയും സി പി ഐയുടെയും കയ്യിലൊതുങ്ങി.
- പുതിയ സ്‌പെഷ്യല്‍ ഓഫീസര്‍ രാമാനന്ദന്‍ മൂന്നാറിലെത്തി എന്തെങ്കിലും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയുണ്ടായോ? അദേഹത്തിന്റെ ഓഫീസ് എവിടെയായിരുന്നു? ഇടുക്കി കളക്ടര്‍ ആരായിരുന്നു?
രാമാനന്ദനെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ വേണ്ടിയാണല്ലോ സി പി ഐ നിയമിച്ചത്. അദേഹത്തിന്റെ ഓഫീസ് തിരുവനന്തപുരത്തായിരുന്നു. ഉണ്ടായിരുന്ന ചുമതലകളുടെ കൂടെ അധിക ചുമതല മാത്രമായിരുന്നു മൂന്നാര്‍. അശോക് കുമാറായിരുന്നു പുതിയ ജില്ലാ കളക്ടര്‍. കെ പി രാജേന്ദ്രന്‍ പറയുന്നതിന് അപ്പുറം പോകാന്‍ അദ്ദേഹത്തിനും പറ്റില്ലായിരുന്നു. മൂന്നാറില്‍ പിന്നീട് കാര്യമായ ഒഴിപ്പിക്കലുകളൊന്നുമുണ്ടായില്ല. റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്റെയും സി പി ഐയുടെയും കയ്യിലെ കളിപ്പാട്ടങ്ങളായിരുന്നു പിന്നീട് വന്ന ഓരോ ഉദ്യോഗസ്ഥരും.
- മൂന്നാറിലേക്ക് പോകുന്നതിനു മുന്‍പ് സുരേഷ്‌കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നില്ലേ. പിന്നെ്തു കൊണ്ട് തിരിച്ചു വന്നപ്പോള്‍ വെറുതെയിരിക്കേണ്ടി വന്നു?
ഞാന്‍ വി എസിന്റെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറിയായിരുന്നു. അതിനിടക്കാണ് മൂന്നാര്‍ ദൗത്യവുമായി പോകുന്നത്. സത്യം പറഞ്ഞാല്‍ ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുന്നതിനോട് പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. മൂന്നാറിലേക്ക് ഞാന്‍ പോവുകയാണെങ്കില്‍ എന്റെ ശല്യം അതോടു കൂടി ഒഴിഞ്ഞു കിട്ടുമല്ലോ എന്ന് കരുതി പലരും സന്തോഷത്തിലായിരുന്നു. എന്നെ അവിടെ നിന്നും ഒഴിപ്പിച്ച് ഓഫീസ് ഇല്ലാതാക്കിയാണ് അവരെനിക്കു യാത്രയയപ്പ് നല്‍കിയത്.(പൊട്ടിച്ചിരിക്കുന്നു) ഞാന്‍ എന്തെങ്കിലും കാരണവശാല്‍ തിരിച്ചു വന്നാലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാലു കുത്തരുത് എന്നവര്‍ വിചാരിച്ചു കാണും.
- ആരാണ് അവര്‍? എന്താണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒത്തുപോകാന്‍ താങ്കള്‍ക്ക് കഴിയാതിരുന്നത്? ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന ശൈലിയാണോ താങ്കള്‍ക്ക്? ഒരു ഗ്രൂപ്പിന്റെ ഭാഗമാവാന്‍ പ്രയാസമാണോ?
മുഖ്യമന്ത്രിക്ക് പോലും അദേഹത്തിന്റെ ഓഫീസുമായി ഒത്തു പോകാന്‍ കഴിഞ്ഞിരുന്നില്ല.(വലിയ ചിരി) അപ്പോള്‍ അത് എന്റെ മാത്രം കുറ്റമല്ലല്ലോ? അദേഹത്തിന്റെ പ്രൈവറ്റ് സെക്രെട്ടറിയായിരുന്ന രാജേന്ദ്രന്റെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ബാലഗോപാലിന്റെയും പ്രവര്‍ത്തന ശൈലി അത്തരത്തിലായിരുന്നു. മുഖ്യമന്ത്രി തന്നെ മുന്‍ഭരണപരിചയമില്ലാത്ത ആളാണ്. ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആയിട്ടില്ല. ആ സാഹചര്യത്തില്‍ നല്ല ഭരണപരിചയമുള്ള ആളുകളെയല്ലേ പ്രെെവറ്റ് സെക്രട്ടറിമാരായി പാര്‍ട്ടി നിയമിച്ചു കൊടുക്കേണ്ടത്? എന്താണ് രാജേന്ദ്രന്റെയും ബാലഗോപാലിന്റെയും ഭരണ പരിചയം? രാജേന്ദ്രന്‍ എ കെ ജി സെന്റെറില്‍ ഓഫീസ് സെക്രട്ടറിയായിരുന്നു. എന്താണ് ഓഫീസ് സെക്രട്ടറിയുടെ ജോലി? പത്രങ്ങളടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ അടുക്കി പെറുക്കി വക്കുക, എല്ലാവര്‍ക്കും ചായ കിട്ടിയോ എന്നേ്വഷിക്കുക തുടങ്ങിയതോക്കെയല്ലേ? ആ പരിചയം മതിയോ ഭരണപരിചയമില്ലാത്ത ഒരു മുഖ്യമന്ത്രിയുടെ പ്രെെവറ്റ് സെക്രട്ടറിയാവാന്‍?
എന്നാല്‍ അധികാരം കിട്ടിയപ്പോള്‍ അവര്‍ അത് ആസ്വദിക്കാനും തുടങ്ങി. മുഖ്യമന്ത്രിയെ കാണാന്‍ വരുന്നവരൊക്കെ രാജേന്ദ്രനെ കണ്ടു തൊഴുമല്ലോ. അത് വളരെ സുഖിച്ചു. കാര്യം ചോദിക്കും. പരാതി വാങ്ങും. ഫയലില്‍ കെട്ടി വക്കും. ആ ഫയലുകളോന്നും മുഖ്യമന്ത്രിയെ കാണിക്കില്ല. സ്വന്തം തീരുമാനവും എടുക്കില്ല. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ രാജേന്ദ്രന്റെ മേശപ്പുറത്ത് ഫയലുകള്‍ വക്കാന്‍ സ്ഥലമില്ലാതായി. പെട്ടന്നൊരു ദിവസം നോക്കിയപ്പോള്‍ മേശപ്പുറത്ത് ഒറ്റ ഫയലുകളുമില്ല. എവിടെ പോയി?(പൊട്ടിച്ചിരിക്കുന്നു)
രാജേന്ദ്രന്റെ കസേരയുടെ അടുത്ത് ഒരു പുതിയ അലമാരയിരിക്കുന്നു. എല്ലാ ഫയലുകളും എടുത്ത് അതിനകത്തേക്ക് കയറ്റി. കുറച്ച് ദിവസം കഴഞ്ഞപ്പോള്‍ ആ അലമാരയും നിറഞ്ഞു. ഉടനെ അലമാരയിലെ ഫയലുകള്‍ എല്ലാം എടുത്ത് മുകളിലിരിക്കുന്ന ബാലഗോപാലിന്റെ അലമാരയിലേക്ക് മാറ്റി. ഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയലുകള്‍ നീങ്ങിയിരുന്നത്. (പൊട്ടിച്ചിരിക്കുന്നു). സെക്രട്ടറിയേറ്റിലെ എല്ലാ സെക്ഷനിലും എല്ലാ മന്ത്രിമാരുടെ ഓഫീസിലും ഫയലുകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുകയുണ്ടായി. അത് ചെയ്യാത്ത ഏക ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസ് ആയിരുന്നു. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന നാല് വര്‍ഷവും അത് നടന്നില്ല. ഫയലുകള്‍ കമ്പൂട്ടര്‍ വത്ക്കരിച്ചിരുന്നുവെങ്കില്‍ രാജേന്ദ്രന്റെയും ബാലഗോപാലന്റെയും ഫയല്‍ മുക്കലുകളും നിയന്ത്രണവും നടക്കാത്തതിനാലാണ് ഓഫീസ് കമ്പ്യൂട്ടര്‍വത്ക്കരിക്കാതിരുന്നത്. ഒടുവില്‍ നിവൃത്തികെട്ട് അഞ്ചാം വര്‍ഷമാണ് അത് നടപ്പാക്കിയത്.
- മുഖ്യമന്ത്രിയുടെ സെക്രട്ടറി ഷീലാ തോമസ് ആയിരുന്നല്ലോ? അവര്‍ക്കിത് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ലേ?
ഷീലാ തോമസിനെ വിഎസ് ഇഷ്ടപ്പെട്ട് എടുത്തതാണെങ്കിലും ചുറ്റും പ്രവര്‍ത്തിക്കുന്ന ഉപഗ്രഹങ്ങള്‍ അവരെക്കുറിച്ച് അദ്ദേഹത്തിന് സംശയമുണ്ടാക്കുന്ന രീതിയില്‍ അപവാദപ്രചരണം നടത്തി. കുറേ കേട്ട് കഴിഞ്ഞപ്പോള്‍ കുറച്ചെങ്കിലും ശരിയായിരിക്കുമോ എന്ന ധാരണ വിഎസിനും ഉണ്ടായിക്കാണണം. അതേത്തുടര്‍ന്ന് ഒരു ഫയലും ഷീലാ തോമസിന്റെ മേശപ്പുറത്ത് എത്തിയിരുന്നില്ല. ഒരു പണിയുമില്ലാതെ വെറുതേയിരിക്കുകയായിരുന്നു അവര്‍. അവര്‍ രാവിലെ വിഎസിന്റെ റൂമിലെത്തുമ്പോള്‍ വിഎസ് മുഖം കുനിച്ചിരിക്കും. പോയ്ക്കഴിഞ്ഞാലേ പിന്നെ തലയുയര്‍ത്തുകയുള്ളൂ. തങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ രാജേന്ദ്രനും ബാലഗോപാലും അതിവിദഗ്ധമായി കരുക്കള്‍ നീക്കുകയായിരുന്നു. പലപ്പോഴും കൂടെ പ്രവര്‍ത്തിക്കുന്നവര്‍ തെറ്റായ വഴിക്ക് നയിച്ചപ്പോഴും ഉപദേശങ്ങള്‍ നല്‍കിയപ്പോഴും വിഎസ് അറിയാതെയാണെങ്കിലും അതിന് വഴങ്ങിപ്പോയി. കൂടെ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ തെറ്റായ ദിശയിലേക്ക് നയിക്കില്ലെന്ന ഉത്തമ ബോധ്യമായിരിക്കാം അദ്ദേഹത്തെ വെട്ടില്‍ വീഴ്ത്തിയത്.
- ഇത്തരത്തില്‍ അലക്ഷ്യമായി കൈകാര്യം ചെയ്തിരുന്ന ഫയലുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയില്ലേ? ഏതെങ്കിലും ഫയലുകളുടെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടോ?
പലതിലും സംഭവിച്ചിട്ടുണ്ടാകാം. എനിക്കറിയാവുന്ന പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളില്‍ അത് സംഭവിച്ചിട്ടുണ്ട്. കവിയൂര്‍, കിളിരൂര്‍ കേസുകള്‍ വിഎസ് പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ മുതല്‍ കൈകാര്യം ചെയ്തിരുന്നതാണ്. സിബിഐ അനേ്വഷണം നടന്നെങ്കിലും അതിലും എന്തെല്ലാമോ കൃത്രിമങ്ങള്‍ നടന്നിട്ടുണ്ടെന്ന് ശാരിയുടെ വീട്ടുകാര്‍ അടക്കം പലരും സംശയിച്ചിരുന്നു. സിബിഐയുടെ അനേ്വഷണം തൃപ്തികരമല്ലെന്ന് കോടതിയും പരാമര്‍ശിച്ചു. ആ സാഹചര്യത്തില്‍ ശാരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കേസനേ്വഷണം ഊര്‍ജ്ജിതമാക്കാനും സിബിഐയുടെ കുറച്ചുകൂടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അനേ്വഷിപ്പിക്കാനും വേണ്ടി നിവേദനം തന്നിരുന്നു. വിഎസിന് ഈ കേസില്‍ പ്രത്യേക താത്പര്യം ഉണ്ടായിരുന്നു. കാരണം ഒരു പാവപ്പെട്ട പെണ്‍കുട്ടി ആരുടെയെങ്കിലും ചതിയില്‍പ്പെട്ട് മരിച്ചുപോയിട്ടുണ്ടെങ്കില്‍ അവളുടെ മാതാപിതാക്കള്‍ക്കെങ്കിലും നീതി കിട്ടണം എന്നദ്ദേഹം ആഗ്രഹിച്ചു. വിഎസ് ഓരോ കേസിലും ഇടപെട്ടിരുന്നത് വളരെ ആത്മാര്ത്ഥമായിട്ടാണ്. അല്ലാതെ വാര്‍ത്തയില്‍ ഇടം ലഭിക്കാന്‍ വേണ്ടിയോ സ്ഥാപിത താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയോ ആയിരുന്നില്ല. ശാരിയുടെ മാതാപിതാക്കളുടെ ദുരവസ്ഥയില്‍ അദ്ദേഹത്തിന് സഹതാപമുണ്ടായിരുന്നു. തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ചെയ്യണം എന്നദ്ദേഹം ആഗ്രഹിച്ചു.
ശാരിയുടെ മാതാപിതാക്കള്‍ നിവേദനം നല്‍കിയപ്പോള്‍ വിഎസ് എന്നെ വിളിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഒരു കത്ത് തയ്യാറാക്കാന്‍ എന്നോട് നിര്‍ദ്ദേശിച്ചു. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ മുതല്‍ അദ്ദേഹം ഈ കേസില്‍ ഇടപെട്ടിരുന്നു. അന്ന് മുതലുള്ള മൊഴികളും മുഴുവന്‍ രേഖകളുമടങ്ങിയ ഫയല്‍ എനിക്ക് തന്നു. ഞാനത് മുഴുവന്‍ പഠിച്ച് കത്ത് തയ്യാറാക്കി. കത്ത് ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു. എന്നാല്‍ വിഎസ് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ശാരിയുടെ കേസില്‍ ഇടപെട്ടിരുന്ന പേപ്പറുകള്‍ അടക്കം സൂക്ഷിച്ചിരുന്ന ഫയല്‍ ഓഫീസില്‍ നിന്നും കാണാതായി. പിന്നീട് വിവരാവകാശ നിയമ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ടോ എന്ന് അനേ്വഷണമുണ്ടായപ്പോള്‍ മറുപടിയായി അങ്ങനെയൊരു സംഭവമേ ഇല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാജേന്ദ്രനായിരുന്നു ഇതിന് പുറകില്‍. ഈ ഒരു കാര്യത്തില്‍ എനിക്ക് വ്യക്തമായിട്ടറിയാം കത്ത് തയ്യാറാക്കിയത് ഞാനാണെന്നും അത് അയച്ചിട്ടുണ്ടെന്നും. അപ്പോള്‍ ആ ഫയലുകള്‍ അപ്രത്യക്ഷമാക്കിയത് ആരാണ്? എന്തിനുവേണ്ടി?
സ്മാര്‍ട്ട്‌സിറ്റിയുടെ കാര്യത്തിലും ഏകദേശം ഇങ്ങനെയൊക്കെ തന്നെ സംഭവിച്ചു. സ്മാര്‍ട്ട്‌സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വിഎസിന്റെ ഓഫീസില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. വിഎസിന് സ്മാര്‍ട്ട്‌സിറ്റി എങ്ങനെയെങ്കിലും നടപ്പാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനായി പുതിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ ഐടി സെക്രട്ടറിയായിരുന്ന ടെന്‍സിങ്ങിന്റെ പക്കല്‍ സ്മാര്‍ട്ട്‌സിറ്റിയുമായി ബന്ധപ്പെട്ട ഒറ്റ ഫയലുകളും ഉണ്ടായിരുന്നില്ല. അദ്ദേഹം പലതവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആ ഫയലുകള്‍ നല്‍കിയില്ല. ടീകോമുമായി തിരുവനന്തപുരത്ത് വച്ച് ആദ്യത്തെ ചര്‍ച്ച നടന്നപ്പോള്‍ ഒരു ഫയലും കയ്യിലില്ലാതെയാണ് ടെന്‍സിങ്ങ് ആ ചര്‍ച്ചയ്ക്ക് പോയത്. ചര്‍ച്ചയെത്തുടര്‍ന്ന് ടീകോം കേരള സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു. തുടര്‍ന്ന് വിഎസ് പത്രസമ്മേളനം നടത്തി. മൂന്നാഴ്ചയ്ക്കകം കരട് പാട്ടക്കരാര്‍ തയ്യാറാക്കി ടീകോമിന് അയക്കുമെന്നും പദ്ധതിയാഥാര്‍ത്ഥ്യമാകുകയാണെന്നും പ്രഖ്യാപിച്ചു.
സ്മാര്‍ട്ട്‌സിറ്റി എങ്ങുമെത്താതെ നില്‍ക്കുമ്പോഴാണ് ടീകോം അച്യുതാനന്ദന്‍ ആവശ്യപ്പെട്ട എല്ലാ മാറ്റങ്ങളോടും കൂടി പദ്ധതി നടപ്പിലാക്കാന്‍ തയ്യാറായത്. എന്നാല്‍ മൂന്നു മാസം കഴിഞ്ഞിട്ടും കരട് പാട്ടക്കരാര്‍ തയ്യാറാക്കാന്‍ കഴിഞ്ഞില്ല. ഫയല്‍ ഇല്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് ടെന്‍സിങ്ങ് പറഞ്ഞു. ഉടനെ ഒരു കരട് കരാര്‍ ഉണ്ടാക്കേണ്ട ആവശ്യം വന്നു. മുന്‍ ഫയലുകള്‍ കാണാത്തതിനാല്‍ ആര്‍ക്കും എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഒടുവില്‍ ഞാന്‍ സമാനമായ പദ്ധതികളുടെ കരാറുകള്‍ തപ്പിയെടുത്ത് അതേമാതൃകയില്‍ ഒരു കരാര്‍ ഉണ്ടാക്കി. എജിയെ കാണിച്ച് മെച്ചപ്പെടുത്തി. അന്ന് ഒരു പുതിയ ഫയല്‍ സ്മാര്‍ട്ട്‌സിറ്റിക്കായി ഓപ്പണ്‍ ചെയ്തു. സ്മാര്‍ട്ട്‌സിറ്റിയുടെ ഫയലുകള്‍ എവിടെപ്പോയി? ആരാണ് ഒരിക്കലും സ്മാര്‍ട്ട്‌സിറ്റി വരരുതെന്ന് ആഗ്രഹിച്ചത്? മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ അദ്ദേഹത്തിന്റെ ഫയലുകള്‍ നഷ്ടപ്പെട്ടത് എങ്ങനെ? രാജേന്ദ്രനും ബാലഗോപാലും ഉത്തരം പറയേണ്ട കാര്യങ്ങളാണ് ഇവയൊക്കെ.
- മുഖ്യമന്ത്രിക്ക് ഓഫീസും നിരവധി സഹായികളും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നല്ലോ? ഏത് സാഹചര്യത്തിലാണ് പ്രധാനപ്പെട്ട എല്ലാ ചുമതലകളും സുരേഷ് കുമാറിന് നിര്‍വ്വഹിക്കേണ്ടി വന്നത്?
അദ്ദേഹത്തിന് സ്വന്തം ഓഫീസിനേയും പ്രൈവറ്റ് സെക്രട്ടറിമാരേയും വിശ്വാസമുണ്ടായിരുന്നില്ല എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. അത് അദ്ദേഹത്തിന്റെ കുറ്റമല്ല. അവരുടെ പ്രവൃത്തികള്‍ അങ്ങനെയായിരുന്നു. പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ സേവിക്കാന്‍ എത്തിയവര്‍ക്ക് കൂറ് പാര്‍ട്ടി ഓഫീസിനോടായിരുന്നു. അതുകൊണ്ട് തന്നെ വിഎസിനെ ഒരു നല്ല കാര്യവും ചെയ്യാന്‍ അവര്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ അദ്ദേഹം ഞാനടക്കമുള്ള പലരോടും അഭിപ്രായം ചോദിച്ചിരുന്നു. ഞങ്ങളൊന്നും രാഷ്ട്രീയക്കാരായിരുന്നില്ല. ഞങ്ങള്‍ക്കൊന്നും രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടായിരുന്നില്ല. അങ്ങനെ അഭിപ്രായം ചോദിക്കുന്നതില്‍ എന്താണ് തെറ്റ്. പക്വത വന്ന ഒരു ഭരണാധികാരിയുടെ ലക്ഷണമല്ലേ അത്. ഞങ്ങള്‍ പറയുന്ന അഭിപ്രായങ്ങള്‍ അദ്ദേഹം ഒരിക്കലും അതേപടി എടുത്തിരുന്നില്ല. അദ്ദേഹത്തിനും കൂടി ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ അദ്ദേഹം ചെയ്തിരുന്നുള്ളൂ. എങ്കിലും ഒരു ഗൂഢ സംഘം മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നുവെന്നും ഹൈജാക്ക് ചെയ്‌തെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നാടിന്റെ നന്മയ്ക്കുതകുന്ന കാര്യങ്ങളില്‍ മാത്രമാണ് അദ്ദേഹം ഞങ്ങളുടെയൊക്കെ അഭിപ്രായം ചോദിച്ചിരുന്നത്.
- വിഎസുമായി സുരേഷ്‌കുമാറിനുള്ള ബന്ധം എന്താണ്? എന്നാണ് അതാരംഭിക്കുന്നത്?
എനിക്ക് രാഷ്ട്രീയമില്ല. ഞാനൊരു ഉദ്യോഗസ്ഥന്‍ മാത്രമാണ്. ഞാന്‍ ലോട്ടറിയുടെ ഡയറക്ടറായിരുന്നപ്പോള്‍ ആ മേഖലയില്‍ നിലനിന്നിരുന്ന പലപ്രശ്‌നങ്ങളും തിരിച്ചറിയുകയും അവ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അന്ന് വിഎസ് പ്രതിപക്ഷ നേതാവായിരുന്നു. കോടതികളില്‍ നടന്നിരുന്ന വിവിധ കേസുകളില്‍ കക്ഷിചേരാന്‍ ആഗ്രഹിച്ച് വിശദാംശങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ആദ്യമായി വിഎസ് എന്നെ വിളിപ്പിക്കുന്നത്. ലോട്ടറി മേഖലയില്‍ നടക്കുന്ന കൊടിയ അഴിമതികളും മനുഷ്യാവകാശ ലംഘനങ്ങളും ചൂഷണവും അവസാനിപ്പിക്കണമെന്ന ലക്ഷ്യം തന്നെയായിരുന്നു എനിക്കും വിഎസിനും ഉണ്ടായിരുന്നത്. അതായിരിക്കാം ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്. എങ്കിലും എന്നും അദ്ദേഹം പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഞാന്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനും മാത്രമായിരുന്നു. ഔദ്യോഗികമായ കാര്യങ്ങള്‍ മാത്രമാണ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നത്. രാഷ്ട്രീയമോ പാര്‍ട്ടിക്കകത്തെ കാര്യങ്ങളോ ഒന്നും അദ്ദേഹം എന്നോട് ചര്‍ച്ച ചെയ്തിരുന്നില്ല. സ്വന്തം ജനതയുടെ നന്മയ്ക്ക് വേണ്ടി ഇത്രയേറെ ആഗ്രഹിക്കുന്ന ഒരു ജനനേതാവിനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. കൂടെ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും അദ്ദേഹം അളവറ്റ് സ്‌നേഹിച്ചിരുന്നു.
- എന്നിട്ടും ഷാജഹാനെപ്പോലെ നിഴലായി പ്രവര്‍ത്തിച്ചിരുന്നവര്‍ പോലും വിഎസിനെ തള്ളിപ്പറഞ്ഞ ചരിത്രമുണ്ടല്ലോ? എന്താണ് അതിന് പിന്നില്‍?
വിഎസ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന് എല്ലായ്‌പ്പോഴും ഏറ്റവും വലുത് പാര്‍ട്ടി തന്നെയാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അംഗീകരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. പാര്‍ട്ടി പലപ്പോഴും അദ്ദേഹത്തോട് ആവശ്യപ്പെടുന്നത് കൂടെ നില്‍ക്കുന്നവര്‍ക്ക് താത്പര്യമില്ലാത്ത കാര്യങ്ങളായിരിക്കാം. ഷാജഹാന്‍ വ്യക്തിപരമായി സത്യസന്ധനായ മനുഷ്യനാണ്. അദ്ദേഹം ഒരിക്കലും ഒരു അഴിമതിക്കാരനോ സ്വജനപക്ഷപാതിയോ അല്ല. എന്നാല്‍ അധികാരം എന്നത് ഷാജഹാനും ഒരു ലഹരിയായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്ത ആള്‍എന്ന പദവിയില്‍ ഇരുന്ന് ഷാജഹാന്‍ അധികാരത്തിന്റെ ലഹരിയില്‍ കുറച്ച് മതിമറന്നു. പാര്‍ട്ടി അത് തിരിച്ചറിഞ്ഞു. ഷാജഹാനെ പുറത്താക്കി. എങ്കിലും ഷാജഹാന്‍ എന്ന വ്യക്തിയെ വിഎസിന് വളരെ ഇഷ്ടമായിരുന്നു.
പലപ്പോഴും ഷാജഹാന്റെ കാര്യങ്ങള്‍ അദ്ദേഹം അനേ്വഷിക്കാറുണ്ടായിരുന്നു. വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറിയായി വരുന്നതിന് മുമ്പ് ഷാജഹാന്‍ സിഡിറ്റിലാണ് ജോലി ചെയ്തിരുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്തായപ്പോള്‍ രണ്ട് ജോലിയും നഷ്ടപ്പെട്ട് ഷാജഹാന്‍ സാമ്പത്തികമായി പ്രയാസപ്പെട്ടു. ആരും പറയാതെ തന്നെ വിഎസ് അത് തിരിച്ചറിഞ്ഞു. ഞാന്‍ സിഡിറ്റിന്റെ ഡയറക്ടറായിരിക്കുമ്പോഴാണ് ഷാജഹാനെ വീണ്ടും സിഡിറ്റില്‍ തിരിച്ചെടുക്കുന്നത്. വിഎസ് വ്യക്തിപരമായും വളരെയധികം താത്പര്യം ആ കാര്യത്തില്‍ എടുത്തിട്ടുണ്ട്. ഷാജഹാന്‍ വഴിയാധാരമായിപ്പോകരുതെന്ന് വിഎസിന് നിര്‍ബന്ധമുണ്ടായിരുന്നു. 'അവന് എന്തെങ്കിലും ഒരു ജോലി കൊടുത്തില്ലെങ്കില്‍ അവന്റെ കുടുംബം പട്ടിണിയാകുംന' എന്ന് വിഎസ് സങ്കടത്തോടെ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഷാജഹാനും അറിയാം. എന്നിട്ടും ഒന്നുമറിയാത്ത പോലെ ഏത് അവസരം കിട്ടിയാലും ഷാജഹാന്‍ യാതൊരു അടിസ്ഥാനവുമില്ലാതെ വിഎസിനെ കുറ്റം പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരി വരാറുണ്ട്.
- മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ വിഎസ് പിന്നെയും ശ്രമിച്ചല്ലോ? ആ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടത് എങ്ങനെയാണ്?
പുതിയ സ്‌പെഷ്യല്‍ ഓഫീസറായി രാമാനന്ദന്‍ ചാര്‍ജ്ജെടുത്തെങ്കിലും പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. റവന്യൂ മന്ത്രി കെപി രാജേന്ദ്രന്റെയും സിപിഐയുടേയും പൂര്‍ണ്ണ നിയന്ത്രണത്തിലായി മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍. സ്വന്തം പാര്‍ട്ടി ഓഫീസിന് പോറല്‍ പോലും പറ്റരുതെന്ന് കരുതുന്നതിനാല്‍ കയ്യേറ്റമൊഴിപ്പിക്കലില്‍ നിന്ന് അവര്‍ വളരെ പുറകോട്ട് പോയി. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് മൂന്നാറിന്റെ അധിക ചുമതല നല്‍കുക മാത്രമാണ് ചെയ്തിരുന്നത്. എനിക്ക് ശേഷം ആരും മൂന്നാറില്‍ വന്ന് ജോലി ചെയ്തിട്ടില്ല. മൂന്നാറില്‍ വീണ്ടും കയ്യേറ്റങ്ങള്‍ നടക്കുന്നു എന്നറിഞ്ഞ വിഎസ് മൂന്നാര്‍ സന്ദര്‍ശിച്ചു. ചിലയിടങ്ങളിലൊക്കെ അദ്ദേഹം പോയി. ജില്ലാകളക്ടറായിരുന്ന അശോക് കുമാറിന്റെ നടപടികളില്‍ വിഎസിന് അതൃപ്തിയുണ്ടായിരുന്നു. വിഎസ് ഇരുപതോളം നിര്‍ദ്ദേശങ്ങളടങ്ങിയ കത്ത് കളക്ടര്‍ക്ക് നല്‍കി. എന്നാല്‍ അതില്‍ ഒന്നുപോലും കളക്ടര്‍ നടപ്പാക്കിയില്ല. പത്രസമ്മേളനത്തില്‍ മൂന്നാറില്‍ കയ്യേറ്റമുണ്ടെന്നും രാമാനന്ദന് തിരുവനന്തപുരത്ത് ചുമതലകള്‍ ഉള്ളതിനാലാണ് കൂടുതല്‍ ശ്രദ്ധിക്കാന്‍ പറ്റാത്തതെന്നും ഇന്ന് മുതല്‍ ശ്രദ്ധിക്കുമെന്നും വിഎസ് പറഞ്ഞു. എന്നാല്‍ രാമാനന്ദനോ ജില്ലാകളക്ടര്‍ അശോക് കുമാറോ വിഎസ് പറഞ്ഞത് അനുസരിക്കാന്‍ തയ്യാറായിരുന്നില്ല. രണ്ടുപേരും റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥരായിരുന്നതിനാല്‍ കെപി രാജേന്ദ്രന്‍ പറയുന്നതിപ്പുറം പ്രവര്‍ത്തിച്ചില്ല.
രണ്ടാമതൊരിക്കല്‍ കൂടി വിഎസ് മൂന്നാര്‍ സന്ദര്‍ശിച്ചു. ആ സന്ദര്‍ശനവും പത്രപ്രവര്‍ത്തകന്‍ പി കെ പ്രകാശ് അട്ടിമറിച്ചു. വിഎസ് മൂന്നാറിലേക്ക് പോകുന്നതിന് മുമ്പേ ചാനലുകളില്‍ വാര്‍ത്തയുണ്ടായിരുന്നു. ഇന്ന് ടാറ്റയുടെ ചൊക്കനാട് എസ്റ്റേറ്റ് ഭൂമി തന്നെ പിടിച്ചെടുക്കുമെന്ന്. പത്രപ്രവര്‍ത്തകരെയടക്കം മാധ്യമം ലേഖകനായിരുന്ന പി കെ പ്രകാശ് തെറ്റിദ്ധരിപ്പിച്ചു. പ്രകാശ് ഒരു അജണ്ട നിര്‍ണ്ണയിച്ച് അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. ചൊക്കനാട് എസ്റ്റേറ്റ് ഉടന്‍ വിഎസ് തിരിച്ചുപിടിച്ച് കൊടിനാട്ടുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു. പത്രക്കാരും വിഎസും അടക്കം എല്ലാവരും പ്രകാശ് പറഞ്ഞതുകേട്ട് ചൊക്കനാട്ട് എത്തി. വിഎസ് അവിടെ വച്ച് ടാറ്റാ അനധികൃതമായി ഏതെങ്കിലും ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ അത് അളന്ന് തിട്ടപ്പെടുത്തി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു.
ഒരു സ്ഥലം ഏറ്റെടുക്കുന്നതിന്റെ യാതൊരു നിയമവശങ്ങളും അറിയാതെയാണ് എല്ലാവരും മുന്നോട്ട് പൊയ്‌ക്കോണ്ടിരുന്നത്. ഒരു സ്ഥലം ഏറ്റെടുക്കണമെങ്കില്‍ അത് അളന്ന് തിരിച്ച് അതിരിടണം. സര്‍ക്കാരിലേക്ക് നിക്ഷിപ്തമാകേണ്ട ഭൂമി നിര്‍ണ്ണയിക്കണം. ഇതൊന്നുമില്ലാതെ ചൊക്കനാട് എസ്റ്റേറ്റ് പിടിച്ചെടുക്കുമെന്ന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. മൂന്നാറില്‍ നടക്കുന്ന രൂക്ഷമായ കയ്യേറ്റങ്ങള്‍ കാണുന്നതിന് പകരം ടാറ്റയുടെ എസ്റ്റേറ്റ് മാത്രം കണ്ട് വിഎസിന് മടങ്ങേണ്ടി വന്നു. പ്രകാശ് പറഞ്ഞതുപോലെ ചൊക്കനാട് എസ്റ്റേറ്റ് ഉടന്‍ ഏറ്റെടുക്കാത്തതുകൊണ്ടാകാം അന്ന് മുതല്‍ വിഎസിന്റെ പ്രഖ്യാപിത ശത്രുവായി പ്രകാശ് മാറി. മാധ്യമത്തില്‍ തുടരെത്തുടരെ വിഎസ് വിരുദ്ധ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. മൂന്നാര്‍ ദൗത്യം അവിടെ അകാലചരമമടഞ്ഞു.
മുഖ്യമന്ത്രി ടാറ്റയുടെ കയ്യേറ്റമൊഴിപ്പിക്കാതെ ജലംമേനോന്‍ നൂര്‍ഗിരി എസ്‌റേറ്റ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് വാര്‍ത്ത വന്നു. അടിസ്ഥാന രഹിതമായ വാര്‍ത്തയായിരുന്നു അത്. കളക്ടര്‍ക്ക് വിഎസ് നല്‍കിയ കത്തിലെ 15 നിര്‍ദ്ദേശങ്ങളില്‍ ഒന്ന് ജലംമേനോന്റെ എസ്റ്റേറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടതായിരുന്നു. ജില്ലാകളക്ടര്‍ അശോക് കുമാറിന് വിഎസ് നല്‍കിയ കത്തില്‍ ജലംമേനോന്റെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന കാര്യം പ്രകാശ് മനപൂര്‍വ്വം മറച്ച് വച്ചു.
ടാറ്റയുടെ കൈവശമുള്ള ഭൂമിയില്‍ ഒരു ചെക്ക്ഡാം ഉണ്ടായിരുന്നു. പണ്ട് സായിപ്പിന്റെ കാലത്ത് പണിതത്. സ്വാഭാവികമായും അതിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍വ്വഹിക്കേണ്ടത് ടാറ്റയാണ്. എന്നാല്‍ ടാറ്റ പുതിയ ചെക്ക് ഡാം പണിതു, അനധികൃത നിര്‍മ്മാണം നടത്തി എന്നരീതിയിലുള്ള വാര്‍ത്തകളും പുറത്ത് വന്നു. ടാറ്റയുടെ ചെക്ക്ഡാം പൊളിക്കുമെന്നും വെള്ളം ഒഴുക്കിവിടുമെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. ടാറ്റ നടത്തിയ ഏറ്റവും വലിയ നിയമലംഘനം ഈ ചെക്ക് ഡാം നിര്‍മ്മിച്ചതാണെന്ന ധാരണ പരന്നു. ടാറ്റയുടെ യഥാര്‍ത്ഥ നിയമലംഘനങ്ങളില്‍ നിന്ന് എല്ലാവരുടേയും ശ്രദ്ധ തിരിഞ്ഞു. പ്രകാശ് ഇത്ര സത്യസന്ധനാണെങ്കില്‍ എന്തുകൊണ്ടാണ് 20000 ഏക്കറില്‍ ഏറ്റെടുക്കേണ്ട ബാക്കി ഭൂമിയെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുന്നത്.
ഇപ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ ഒരിഞ്ച് ഭൂമിക്ക് പോലും ടാറ്റയ്ക്ക് അര്‍ഹതയില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. അനാവശ്യ കാര്യങ്ങളില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്ന പ്രകാശ് എന്തുകൊണ്ടാണ് ടാറ്റായുടെ യഥാര്‍ത്ഥത്തിലുള്ള നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത്? എന്തിനു വേണ്ടി? 1250 ഏക്കര്‍ ഭൂമി മാത്രമേ ടാറ്റയുടെ പക്കല്‍ നിന്നും ഏറ്റെടുത്തിരുന്നുള്ളൂ. ബാക്കി ഭൂമി ഏറ്റെടുക്കുന്നതിനെപ്പറ്റി ആരും ചര്‍ച്ച പോലും ചെയ്തിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ടാറ്റയ്ക്ക് നല്‍കിയ പാട്ടക്കരാര്‍ അനുസരിച്ച് ചെക്ക്ഡാമില്‍ വെള്ളം ശേഖരിക്കാനും അതില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനും അവകാശം ഉണ്ടായിരുന്നു. സര്‍ക്കാര്‍ ടാറ്റായ്ക്ക് നോട്ടീസ് നല്‍കി. ടാറ്റ അതിനെതിരെ കോടതിയില്‍ പോയി. അതോടെ സര്‍ക്കാര്‍ മൂന്നാര്‍ കേസുകളില്‍ പ്രതിരോധത്തിലായി.
- സിപിഐയും കെപി രാജേന്ദ്രനും എങ്ങനെയാണ് വിഎസിനെ ഹൈജാക്ക് ചെയ്തത്?
സി ദിവാകരന്‍ യഥാര്‍ത്ഥത്തില്‍ ഉപസമിതി അംഗമായിരുന്നില്ല. എങ്കിലും എല്ലാ ഉപസമിതി മീറ്റിങ്ങുകളിലും സി ദിവാകരന്‍ ഉണ്ടാകും. വിഎസിന് അനുകൂലമായ നിലപാടാണ് താന്‍ എടുക്കുന്നതെന്ന് വിഎസിനെ ബോധ്യപ്പെടുത്തി സിപിഐയുടെ അജണ്ട നടപ്പാക്കും. എന്ത് പറഞ്ഞാലും നമുക്ക് ഒരു മാസത്തെ സമയം കൂടി അനുവദിക്കാം എന്നു പറയും. കെപി രാജേന്ദ്രനാണെങ്കില്‍ കൃത്യമായി ഒന്നും പറയാതെ അവിടെയും ഇവിടെയും തൊടാതെ എന്തൊക്കെയോ പറയും. ഉദ്യോഗസ്ഥര്‍ മുഴുവനും റവന്യൂ വകുപ്പിലുള്ളവരായതുകൊണ്ട് വിഎസിന് അവരെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ കഴിഞ്ഞിരുന്നില്ല. നടപടികളെടുക്കാനും കഴിഞ്ഞില്ല. വിഎസ് ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ നടപ്പാക്കിയിരുന്ന ഞാന്‍ അടക്കമുള്ള എല്ലാവരേയും ഒന്നൊന്നായി സിപിഐ പുറത്താക്കി. സിപിഐക്കാരനെ സര്‍ക്കാര്‍ വക്കീലാക്കി.
- രവീന്ദ്രന്‍ പട്ടയവുമായി ബന്ധപ്പെട്ട അഴിമതികളില്‍ എന്ത് നടപടിയാണുണ്ടായത്?
രവീന്ദ്രന്‍ പട്ടയങ്ങള്‍ തീര്‍ത്തും നിയമവിരുദ്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. സിപിഐ ഓഫീസിന് പട്ടയം കിട്ടാന്‍ വേണ്ടി 250 പട്ടയം രവീന്ദ്രനോട് ഉണ്ടാക്കാന്‍ പറഞ്ഞപ്പോള്‍ തനിക്കാവശ്യമുള്ള കൂടെ ചേര്‍ത്ത് രവീന്ദ്രന്‍ 500 പട്ടയങ്ങള്‍ ഉണ്ടാക്കി. എല്ലാം നിയമവിരുദ്ധം. എന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരും സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും ഇതിന്റെ ഗുണഭോക്താക്കളായിരുന്നത് കൊണ്ട് ആര്‍ക്കും പരാതിയുണ്ടായിരുന്നില്ല. എന്റെ നേതൃത്വത്തില്‍ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ രവീന്ദ്രനെതിരെ വിജിലന്‍സ് കേസുണ്ടായിരുന്നു. ഡിവൈഎസ്പി അലക്‌സ് എന്നോട് കൂടി ചര്‍ച്ച ചെയ്താണ് കുറ്റപത്രം തയ്യാറാക്കിയത്. എന്നാല്‍ ഇന്നുവരെ ആ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ആര്‍ക്കുവേണമെങ്കിലും അനേ്വഷിക്കാം. കഴിഞ്ഞ ആറു വര്‍ഷമായി ആ കുറ്റപത്രം എവിടെയാണെന്ന്.
- താങ്കള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണല്ലോ? എന്തൊക്കെ കാര്യങ്ങള്‍ തുറന്ന് പറയാന്‍ കഴിയും? സര്‍ക്കാരിനെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ടല്ലോ?
(ചിരിക്കുന്നു)മുഖ്യമന്ത്രിയെ ഒരു ഗൂഢസംഘം നിയന്ത്രിക്കുന്നു എന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടന്നെ്നും രാജേന്ദ്രനും ബാലഗോപാലും എന്നെ മാറ്റണമെന്നാവശ്യപ്പെട്ടെന്നും മറ്റും വാര്‍ത്തകള്‍ വന്നു. മുഖ്യമന്ത്രി അന്നത്തെ പാര്‍ട്ടി മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നില്ല. ഇന്ത്യാവിഷന്റെ എംപി ബഷീര്‍ വന്ന് എന്നോട് പ്രതികരണം ചോദിച്ചു. പറഞ്ഞ് പറഞ്ഞ് ഞാന്‍ കുറച്ച് അധികപ്രസംഗം പറഞ്ഞു. കാരണം രാജേന്ദ്രനും ബാലഗോപാലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെയ്യുന്ന കാര്യങ്ങള്‍ നേരിട്ട് കാണുന്ന ആളാണ് ഞാന്‍. അവര്‍ക്ക് യാതൊരു വിവരവും ഇല്ലെന്നും ഭരണപരിചയമില്ലെന്നും മുഖ്യമന്ത്രിക്കാരെയും വിശ്വാസമില്ലെന്നും എനിക്കറിയാമായിരുന്നു. അത് തുറന്ന് പറഞ്ഞതിന് എനിക്ക് സസ്‌പെന്‍ഷന്‍ കിട്ടി. ഞാന്‍ ഒരു കൊല്ലം വീട്ടിലിരുന്നു. കോടതിയില്‍ പോയി. കോടതി എന്നെ തിരിച്ചെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നയങ്ങളെ മാത്രമേ വിമര്‍ശിക്കുന്നതിന് തടസ്സമുള്ളൂ പ്രൈവറ്റ് സെക്രട്ടറിമാരെ വിമര്‍ശിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും കോടതി പറഞ്ഞു. കൂടാതെ ഒരു വര്‍ഷമായി തടഞ്ഞ് വച്ചിരുന്ന ശമ്പളമടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും എനിക്കുടന്‍ നല്‍കാനും വിധി വന്നു. അങ്ങനെ ആദ്യമായി ഞാന്‍ ഒരു കാറ് വാങ്ങിച്ചു. മൂന്നാര്‍ ദൗത്യം ഏറ്റെടുത്ത് സസ്‌പെന്‍ഷന്‍ വാങ്ങിയ എനിക്ക് ഉണ്ടായ നേട്ടമാണത്. (ചിരിക്കുന്നു).