കേരളത്തിൽ രണ്ടുതരം വ്യവസായികളാണുള്ളത്. മാദ്ധ്യമങ്ങൾക്കുമുന്നിൽ നല്ല ഇമേജുള്ള വ്യവസായികളും മോശം ഇമേജുള്ള വ്യവസായികളും. ഇതിൽ രണ്ടാമത്തെ കള്ളിയിൽ നിൽക്കുന്ന വിവാദവ്യവസായിയാണ് 'ചാക്ക് രാധാകൃഷ്ണൻ' എന്നു മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്ന സൂര്യഗ്രൂപ്പ് എംഡി വി. എം. രാധാകൃഷ്ണൻ. മലബാർ സിമന്റ്‌സിലെ അക്കൗണ്ടന്റ് ശശീന്ദ്രന്റെയും രണ്ടുമക്കളുടെയും കൊലപാതകമെന്നോ ആത്മഹത്യയെന്നോ നിശ്ചയമില്ലാത്ത മരണവുമായി ബന്ധപ്പെട്ട്, ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് അനേ്വഷണവിധേയമായി ഇടയ്ക്ക് സിബിഐയുടെ കസ്റ്റഡിയിലായിരുന്നു ഈ വ്യവസായി. മലബാർ സിമന്റ്‌സ് അഴിമതിക്കേസിലെ വിസിൽ ബ്ലോവറായിരുന്നു, ശശീന്ദ്രൻ. അടുത്തകാലത്ത് സിപിഐ(എം)ന്റെ സംസ്ഥാനപ്ലീനവുമായി ബന്ധപ്പെട്ട് ദേശാഭിമാനി ദിനപ്പത്രത്തിൽ വന്ന സൂര്യ ഗ്രൂപ്പിന്റെ ആശംസാപരസ്യം സംസ്ഥാനരാഷ്ട്രീയത്തിൽ വലിയ വിവാദമുയർത്തിയിരുന്നു. തൊട്ടുപിന്നാലെ തിരുവനന്തപുരത്തെ ദേശാഭിമാനി ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഒളിച്ചുകളിയും വാർത്തയായി. തുടർന്ന് കേരളത്തിലെ വിവിധ രാഷ്ട്രീയകക്ഷിനേതാക്കളുമായി ഈ വ്യവസായിക്കുള്ള ബന്ധങ്ങളും ചർച്ചയായി. ഈ പശ്ചാത്തലത്തിൽ വി. എം. രാധാകൃഷ്ണന്റെ രാഷ്ട്രീയബന്ധങ്ങളും വളർച്ചയുടെ കഥകളും അനേ്വഷിക്കേണ്ടത് ഒരു സ്വതന്ത്രമാദ്ധ്യമത്തിന്റെ ധർമ്മമാണെന്നു ഞങ്ങൾ കരുതുന്നു. ആരാണ് രാധാകൃഷ്ണൻ? എന്താണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം? എങ്ങനെയാണ് അദ്ദേഹത്തിന് ചാക്ക് രാധാകൃഷ്ണൻ എന്ന പേരുവീണത്? മറുനാടൻ മലയാളിയുടെ റിപ്പോർട്ടർ ശ്രീജിത് ശ്രീകുമാരൻ സൂര്യ ഗ്രൂപ്പിന്റെ പാലക്കാട് കുന്നത്തൂർമേടിലെ കോർപ്പറേറ്റ് ഓഫീസിൽ വച്ച് വി. എം. രാധാകൃഷ്ണനുമായി സംസാരിക്കുന്നു. അഭിമുഖത്തിലേക്ക്:

  • സൂര്യ ഗ്രൂപ്പിന്റെയും വി എം രാധാകൃഷ്ണന്റെയും വളർച്ച എങ്ങിനെയായിരുന്നു?

എന്റെ കരിയർ ആരംഭിക്കുന്നത് അദ്ധ്യാപകനായിട്ടായിരുന്നു. 21 വർഷം അദ്ധ്യാപക ജോലി ചെയ്തു. അതിന് ശേഷം ഗൾഫിൽ ഒന്ന്‌പോയി. മൂന്നു വർഷത്തോളം അവിടെയുണ്ടായിരുന്നു. പിന്നീട് മടങ്ങിവന്ന് ചിലരുടെ കൂടെ ബിസിനസ് ആരംഭിച്ചു. കുറേക്കൂടി കഴിഞ്ഞപ്പോൾ സ്വതന്ത്രമായി ചെയ്യാൻ തുടങ്ങി. ഗൾഫിൽ ഒരു സൂപ്പർമാർക്കറ്റിന്റെ മാനേജരായിരുന്നു. എന്റെ ഒരു സുഹൃത്ത് തന്നെയായിരുന്നു അങ്ങോട്ട് കൊണ്ടുപോയത്. പുതിയ ഒരു സൂപ്പർമാർക്കറ്റ് ആരംഭിച്ചപ്പോൾ പൂർണ്ണ ചുമതല എനിക്കായിരുന്നു. ആദ്യത്തെ കച്ചവട അനുഭവം അതാണെന്ന് വേണം പറയാൻ. എന്നെ കച്ചവടത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചതും അതിന്റെ ഉടമയാണ്.

  • താങ്കൾ മലപ്പുറം ജില്ലക്കാരനാണല്ലോ? കുടുംബത്തെക്കുറിച്ച്?

മലപ്പുറം ജില്ലയിലെ കോട്ടുക്കലിനടുത്താണ് ജനനം. എന്റെ അച്ഛന്റെയും അമ്മയുടേയും അഞ്ചു മക്കളിൽ മൂത്തയാളാണ് ഞാൻ. അച്ഛൻ ഒരു പോസ്റ്റൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ വർഷം മരിച്ചു. അമ്മയും വിദ്യാഭ്യാസമുള്ള ആളാണ്. എന്റെ താഴെയുള്ളവരിൽ ഒരാൾ പിഡബ്ല്യൂഡി കോൺട്രാക്ടറാണ്. ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമാണുള്ളത്. എല്ലാവരും ജോലി ചെയ്യുന്നു, ഞാനും എന്റെ ഭാര്യയും അദ്ധ്യാപകരായിരുന്നു. ഭാര്യ വർഷങ്ങളായി അവധിയിൽ ആയിരുന്നു. ഈയിടെ ജോലിയിൽ നിന്നും രാജിവച്ചു.

  • ബിസിനസിന്റെ തുടക്കം?

എന്റെ ജന്മദേശത്ത് നിന്നാണ് കച്ചവടത്തിന്റെ തുടക്കം. അവിടെ ഒരു ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ചത് ഞാനായിരുന്നു. ഞാൻ അന്ന് ഡിസൈൻ ചെയ്യിച്ച കാർഡ് ഈയിടെ എനിക്ക് കിട്ടി. അതിന്റെ ഇപ്പോഴത്തെ ഓണർ ആണ് തന്നത് (ഒരു കാർഡ് എന്നെ കാണിച്ചു). 1987ൽ ആയിരുന്നു ഞാൻ ആ സ്ഥാപനം നടത്തിക്കൊണ്ടിരുന്നത്. അന്ന് കെആർ ഗൗരിയമ്മയായിരുന്നു അത് ഉദ്ഘാടനം ചെയ്തത്. കുഞ്ഞാലിക്കുട്ടി സാറൊക്കെയായിട്ട് അടുക്കുന്നത് ആ ഒരു ഫങ്ഷനിൽ വച്ചാണ്. അന്ന് പാലോളി മുഹമ്മദ് കുട്ടി, ആര്യാടൻ മുഹമ്മദ്, കുഞ്ഞാലിക്കുട്ടി തുടങ്ങിയെല്ലാവരും ഉണ്ടായിരുന്നു. അതിന്റെ പുറകിലുള്ള ശക്തി ഞാനായിരുന്നു.

അത് കഴിഞ്ഞാണ് ഞാൻ സ്വതന്ത്രമായി ബിസിനസ് ആരംഭിക്കുന്നത്. പിന്നെ പലസ്ഥലങ്ങളിൽ നിന്നും പ്രോഡക്ട് എടുത്ത് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന ജോലി ആരംഭിച്ചു. കമ്മീഷൻ ഏജന്റ് എന്നോ റപ്രസന്റേറ്റീവ് എന്നോ എന്തുവേണമെങ്കിലും വിളിക്കാം. ഇവർക്ക് വേണ്ടി സാധനം എവിടെ നിന്നായാലും വാങ്ങി എത്തിച്ച് കൊടുക്കും. ഒരു ചെറിയ ലാഭം എനിക്ക്. ഞാൻ പഞ്ഞി വിതരണം ചെയ്തിട്ടുണ്ട്. വെഹിക്കിൾസ് ബോംബെയിൽ നിന്ന് കൊണ്ടുവന്ന് കൊടുക്കുക (ജീപ്പ് തുടങ്ങിയവ), സ്ഥലക്കച്ചവടം, അങ്ങിനെ ഞാൻ കൈവയ്ക്കാത്ത മേഖലകളില്ല എന്നു വേണമെങ്കിൽ പറയാം.

  • മലബാർ സിമന്റ്‌സിലേക്കുള്ള കടന്നുവരവ് എങ്ങിനെയായിരുന്നു?

സാധനങ്ങൾ എടുത്ത് വിൽക്കുന്ന കൂട്ടത്തിൽ ചാക്കുമുണ്ടായിരുന്നു. ആ ബാഗ് എടുത്ത് വിറ്റിരുന്ന സ്ഥാപനമാണ് എഫ്എസിടി, കോയിൻകോ മുതലായവ. ചാക്ക് വേണ്ടിടത്തെല്ലാം അത് സപ്ലൈ ചെയ്യും. ആ കൂട്ടത്തിൽ ചാക്ക് വാങ്ങാൻ തുടങ്ങിയ ഒരു സ്ഥാപനമാണ് മലബാർ സിമന്റ്‌സ്. ഞാൻ വരുമ്പോൾ പൊള്ളാച്ചി, രാജപാളയം എന്നിവിടങ്ങളിലെ കമ്പനികളാണ് സപ്ലൈ ചെയ്തിരുന്നത്. സ്വാഭാവികമായും ഞാനും അവിടേക്ക് 'എന്റർ!' ചെയ്തു.

  • ഏറ്റവും ഇഷ്ടമുള്ള ബിസിനസ്സ് എന്തായിരുന്നു?

അങ്ങിനെ ഒരു പർട്ടിക്കുലർ ബിസിനസ് എന്ന് ഒന്നും പറയാൻ കഴിയില്ല. കുറച്ച് ആദായം കിട്ടുന്ന ഏത് ബിസിനസ്സും എനിക്ക് ഇഷ്ടമാണ്. കുറേക്കാലം പഞ്ഞിക്കച്ചവടമായിരുന്നു. കോടിക്കണക്കിന് രൂപയുടെ പഞ്ഞി ഇവിടുത്തെ സ്പിന്നിങ് മില്ലുകളിലേക്ക് ഏജന്റ് ആയി നിന്ന് ഞാൻ എത്തിച്ച് കൊടുത്തിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂഷൻ എനിക്കുണ്ട്, റീട്ടെയിൽ മെഡിക്കൽ ഷോപ്പുണ്ട്, റസ്റ്റോറൻസ് ഉണ്ട്, ഹോട്ടൽ ഉണ്ട്, ബാറുകളുണ്ട്, ബിൽഡറാണ്, കോൺട്രാക്ടർ ആണ്, എല്ലാം ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരു തൊഴിൽ മാത്രമേ ചെയ്യു എന്ന പിടിവാശിയൊന്നും എനിക്കില്ല.

  • എന്തായിരിക്കും വിവാദങ്ങളോട് ചേർത്ത് വി എം രാധാകൃഷ്ണൻ എന്ന വ്യവസായിയുടെ പേര് എപ്പോഴും കേൾക്കാൻ കാരണം?

വിവാദങ്ങളുടെ ഒക്കെ പുറകിൽ ഒരു ബിസിനസ്സ് ടീമുണ്ട്. ഒരു റൈവൽടീമുണ്ട്. രാഷ്ട്രീയരംഗത്തും ബിസിനസ്സ് രംഗത്തുമുള്ള ഒരു ടീമിന്റെ അജണ്ടയുടെ ഭാഗമാണ് വിവാദങ്ങൾ എല്ലാം. ഏതെങ്കിലും കേസുകൾ ഉണ്ട് എന്ന കാരണം കൊണ്ട് ഇന്ത്യയിൽ തന്നെ മറ്റേതെങ്കിലും ഒരു കച്ചവടക്കാരനെ വേട്ടയാടിയ ചരിത്രമുണ്ടോ? മാദ്ധ്യമ മുതലാളിമാർക്കെതിരെ കേസുകൾ ഇല്ലേ? മാദ്ധ്യമങ്ങളെ സംബന്ധിച്ചിടത്തോളം എന്റെ കാഴ്ചപ്പാടിൽ എക്കാലത്തും അവർക്ക് ഒരു വില്ലൻ വേണം, ഒരു ഹീറോയും വേണം. എട്ടുപത്ത് ന്യൂസ് ചാനൽ ഇല്ലേ? ഇതൊക്കെ ഓടേണ്ടേ? അതിന് അവർക്ക് കിട്ടിയ ഒരിരയായി എന്നെ കണ്ടുകാണും എന്ന് ഞാനിപ്പോൾ സ്വയം സമാധാനിക്കുകയാണ്.

  • അതിൽ വിഷമമില്ലെന്നാണോ?

വിഷമിച്ചിട്ട് കാര്യമില്ല. സിബിഐ ഡയറക്ടർ പറഞ്ഞ് പിൻവലിച്ച ഒരു വാചകമുണ്ടല്ലോ: 'വെൻ റേപ്പ് ഈസ് ഇൻഎവിറ്റബിൾ, എൻജോയ് ഇറ്റ്,ന' എന്ന്. നമ്മൾ ബലാത്സംഗം ചെയ്യപ്പെടുകയാണ്, രക്ഷപ്പെടാൻ മാർഗമില്ല. അപ്പൊ പിന്നെ അത് ആസ്വദിക്കുക. മീഡിയയോട് സത്യം പറഞ്ഞാൽ പ്രസിദ്ധീകരിക്കാൻ തയ്യാറല്ലാത്തപ്പോൾ പിന്നെ കാണിക്കുന്നതൊക്കെ, അനുഭവിക്കുക, എൻജോയ് ചെയ്യുക. അതാണിപ്പോഴത്തെ അവസ്ഥ.

  • എന്ത് കൊണ്ടാണ് വി എം. രാധാകൃഷ്ണനെ മാത്രം ടാർഗറ്റ് ചെയ്യുന്നത്?

അതിനുള്ള മറുപടി തുടക്കത്തിൽ തന്നെ പറഞ്ഞല്ലോ മീഡിയയുടേത് സ്‌പോൺസേഡ് അജണ്ട ആണ്. അവർക്ക് എന്റെ പരസ്യത്തെക്കാൾ കൂടുതൽ ഓഫറുകളുണ്ടാവും. നിങ്ങൾ നോക്കു, വിജിലൻസ് കേസുകൾ ഒട്ടുമിക്ക സ്ഥാപനങ്ങൾക്കെതിരെയും ഉണ്ട്. മലബാർ സിമന്റിന്റെ മാത്രം വിവാദമാകാൻ കാരണം മലബാർ സിമന്റിനോടുള്ള വൈരാഗ്യമല്ല. എന്നോടുള്ള വിദ്വേഷമാണ്. കോടാനുകോടി രൂപയുടെ അഴിമതി നടത്തുന്ന മറ്റുസ്ഥാപനങ്ങളുടെ ഒന്നും വിവരങ്ങൾ വിവാദമായി പുറത്ത് വരുന്നില്ല. കോടതി പരാമർശങ്ങളോ വിധികളോ പോലും വാർത്തയാകുന്നില്ല. എന്തുകൊണ്ട്? കാരണം അത് മായ്ക്കാനും മറയ്ക്കാനുമുള്ള ശക്തികളുണ്ട്. ഇത് പെരുപ്പിക്കാനുള്ള ശക്തികളുണ്ട്, സ്വാധീനമുണ്ട്. പിന്നിൽ ഒരു വലിയ ഗ്രൂപ്പുണ്ട്.

  • രാഷ്ട്രീയമായൊരു ഇടപെടൽ ആണോ പറഞ്ഞ് വരുന്നത്? സിപിഎമ്മിന്റെ ഔദ്യോഗിക ചേരിയോട് ചേർത്ത് വായിക്കുന്ന ഒരു പേരാണ് താങ്കളുടേത്. കുഞ്ഞാലിക്കുട്ടിയുടെ അടുത്തയാളാണെന്നും പലപ്പോഴും വിലയിരുത്താറുണ്ട്. വി എസ് വിരുദ്ധ ചേരിയിൽ ആയത് കൊണ്ടാണോ താങ്കൾ വിവാദ നായകനായത്?

അതിൽ വസ്തുതയൊന്നുമില്ല. എന്നെ കാലാകാലങ്ങളായി ബ്രാൻഡ് ചെയ്യുകയായിരുന്നുവെന്നതാണ് സത്യം. മുസ്ലിം ലീഗ് മുതൽ ബിജെപിയിലെ ചിലരുടെ ഉൾപ്പെടെ അടുത്തയാളാണ് ഞാനെനെ്ന് പറഞ്ഞിട്ടുണ്ട്. കോൺഗ്രസ്സുകാരെ ചേർത്ത് പറഞ്ഞിട്ടുണ്ട്. സിപിഎമ്മിലെ ആളുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതാത് കാലത്ത് മീഡിയ കൽപിച്ച് തരികയാണ്, ഇയാളുടെ ആള് എന്ന് പറഞ്ഞ് മോഹിപ്പിക്കുക. എനിക്കിപ്പോൾ വാസ്തവത്തിൽ ഏതിലാ മെമ്പർഷിപ്പ്? ലീഗിലാണോ, സിപിഎമ്മിലാണോ, ബിജെപിയിലാണോ? ഞാൻ ഒരു പാർട്ടിയിലും മെമ്പർഷിപ്പ് എടുത്തിട്ടില്ല. ഇനിയങ്ങോട്ട് ഉദ്ദേശിക്കുന്നുമില്ല. ഞാൻ ആരുടെയും ആളല്ല. രാഷ്ട്രീയ രംഗത്ത് ഒരു വിധം ആളുകളുമായി ബന്ധമുണ്ട്. ആ ബന്ധം എന്റെ ഒരാവശ്യത്തിന് വേണ്ടി ഞാൻ ഈ നിമിഷം വരെ ഉപയോഗിച്ചിട്ടില്ല.

  • എന്തുകൊണ്ടാണ് വിഎസിന് താങ്കളോടിത്ര വൈരാഗ്യം?

അതൊക്കെ തെറ്റിദ്ധാരണയുടെ പുറത്താണ്. നിർഭാഗ്യവശാൽ കാര്യങ്ങൾ പ്രോപ്പറായി ധരിപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹം എപ്പോഴും മാദ്ധ്യമങ്ങളുണ്ടാക്കുന്ന ഓളത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരാളാണ്. പാർട്ടിയായിട്ട് ഇപ്പോഴത്തെ ശത്രുതക്ക് കാരണം തന്നെ മാദ്ധ്യമങ്ങളാണ്. വിവാദങ്ങൾ ഇഷ്ടപ്പെടുന്ന അദ്ദേഹം എന്നെപ്പറ്റിപ്പറഞ്ഞാൽ കൂടുതൽ കവറേജ് കിട്ടുമെന്നിരിക്കെ മൈക്കുമായി ചെല്ലുന്നവരോട് എനിക്കെതിരെ പറയുന്നതായിരിക്കും. എന്നോട് വ്യക്തി വിരോധം തോന്നേണ്ട ഒരു കാര്യവും വിഎസിനില്ല.

  • ഏതൊക്കെ രാഷ്ട്രീയ നേതാക്കളുമായാണ് കടുത്ത വ്യക്തിബന്ധം സൂക്ഷിക്കുന്നത്? ഇ. പി. ജയരാജനാണോ ഇപ്പോൾ താങ്കളുടെ അടുത്തയാള്?

എല്ലാ രാഷ്ട്രീയ പാർട്ടിയിലും അടുത്ത ബന്ധമുള്ളവരുണ്ട്, ഇല്ലാത്തവരുണ്ട്. അങ്ങനെ ഒരു വ്യക്തിയുടെയും പേര് പറയണ്ട. ഞാൻ ജനറലൈസ് ചെയ്ത് പറഞ്ഞിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും എനിക്ക് മിത്രങ്ങൾ ഉണ്ട്. ഞാൻ അറിയാതെ തന്നെ എന്നോട് ശത്രുത പുലർത്തുന്നവരുമുണ്ടാകാം.

  • ദേശാഭിമാനിയിൽ വന്ന പരസ്യത്തെ കുറിച്ച്?

ഞാൻ ഒരുപാട് തവണ വിശദീകരിച്ചതാണ്. ഞാൻ എല്ലാ പത്രങ്ങൾക്കും പരസ്യം നൽകാറുണ്ട് (എന്റെ മുൻപിലേക്ക് കുറെ പ്രൂഫുകൾ എടുത്തിട്ടു. അത് രമേശ് ചെന്നിത്തലയുടെ യാത്രക്ക് അഭിവാദ്യമർപ്പിച്ച് വീക്ഷണത്തിൽ വന്ന പരസ്യമായിരുന്നു, അതോടൊപ്പം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ നവ കേരള മാർച്ചിന് അഭിവാദ്യമർപ്പിച്ച് വന്ന പരസ്യത്തിന്റെ പ്രൂഫുമുണ്ടായിരുന്നു) ഇനിയെന്താണ് പറയാനുള്ളത്? ഇതിലെന്താ, എനിക്ക് വല്ല പ്രത്യേക താല്പര്യവുമുണ്ടോ? ഇല്ല. രമേശ് ചെന്നിത്തലയെയും എന്നെയും ചേർത്ത് വിവാദമുണ്ടാക്കാത്തതെന്താ? ഏതെങ്കിലും കേസിൽ പ്രതിയായാൽ പരസ്യം സ്വീകരിക്കില്ല എന്ന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടോ? ചാത്തൻ സേവ, മന്ത്രവാദം ഇവയ്‌ക്കൊക്കെ പരസ്യം കൊടുക്കുന്നില്ലേ? അത് ആരെങ്കിലും സ്വീകരിക്കാതെ ഇരിക്കുന്നുണ്ടോ? പിന്നെ എന്റെ പരസ്യത്തിൽ എന്ത് മാറ്റർ വരണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കില്ലേ? മാർക്‌സിസ്റ്റ് പാർട്ടിയുടെ പ്ലീനം തകർന്ന് പോകട്ടെയെന്ന് പരസ്യം കൊടുക്കാൻ കഴിയുമോ? എന്താ ഇപ്പോ ഇത്ര വലിയ വിവാദം? എനിക്ക് പിന്നീട് വേണ്ടിയിരുന്നില്ല എന്ന് തോന്നി. അത് വേറെ കാര്യം.

മറുനാടൻ മലയാളിക്ക് ഒരാൾ പരസ്യം തന്നാൽ അയാളുടെ ജാതകം നോക്കിയതിന് ശേഷമാണോ നിങ്ങൾ പ്രസിദ്ധീകരിക്കുക? രാജ്യദ്രോഹമാകരുത്, നിങ്ങളുടെ പ്രസ്ഥാനത്തിന് എതിരാകരുത്. നിങ്ങളുടെ ഒരു കോമ്പറ്റീറ്ററുടെ പരസ്യമാകരുത്. ഇതല്ലേ മാനദണ്ഡം? ആ പരസ്യം വിവാദമായി പോയല്ലോ എന്നതിൽ എനിക്ക് ഖേദമുണ്ട്.


  • പക്ഷെ, ആ പരസ്യം താങ്കൾക്ക് മൈലേജ് ഉണ്ടാക്കുകയാണ് ചെയ്തതെന്ന് വാദിക്കുന്നവരുമുണ്ട്? ഒരുപാട് തവണ വിവിധ മാദ്ധ്യമങ്ങൾ വി എം രാധാകൃഷ്ണന്റെയും സൂര്യ ഗ്രൂപ്പിന്റെയും പേര് പരാമർശിച്ചല്ലോ. പിന്നെ്ത് വേണം?


(ചിരിയോടെ) അതിപ്പോൾ എ പടത്തിന് ആളു കൂടുമെന്ന് കരുതി അത് നല്ലതാകണമെന്നില്ലല്ലോ? പൂർണ്ണ നഗ്നത കാണിച്ചാൽ കൂടുതൽ ആളുകൾ വരും എന്നുള്ളത് കൊണ്ട് അത് ശരിയാണെന്നില്ലല്ലോ... അങ്ങനെ ഒരു വിവാദമുണ്ടാക്കി ചുളുവിൽ പ്രസക്തി നേടുക എന്നൊരു ഉദ്ദേശമൊന്നും എനിക്കുണ്ടായിരുന്നില്ല. നിർഭാഗ്യവശാൽ അതാണ് സംഭവിച്ചത്. അതിൽ ദുഃഖമുണ്ട്.

രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ഫണ്ട് നൽകാറുണ്ടല്ലോ അതെല്ലാം നേതാക്കന്മാർ വിളിച്ച് പറഞ്ഞിട്ടുണ്ടോ?

ഞാനിവിടെ കച്ചവടം ചെയ്ത് ജീവിക്കുന്ന ഒരു വ്യക്തിയാണ്. ഒരാൾ സംഭാവന ചോദിച്ചാൽ കൊടുക്കുക എന്നത് ഒരു സാമാന്യ ധർമ്മമായി കാണുന്ന ആളാണ് ഞാൻ. ചോദിച്ചവർക്ക് കൊടുക്കും. ആവശ്യപ്പെടാത്തവർക്ക് കൊടുത്തിട്ടില്ല.

  • സംഭാവനകൾക്കെല്ലാം രസീത് സൂക്ഷിക്കാറുണ്ടോ?

ഞാനൊന്നും വാങ്ങിച്ച് വച്ചിട്ടില്ല. നമ്മൾ ഇഷ്ടമുണ്ടായിട്ടല്ലേ കൊടുക്കുന്നത്? പിന്നെ്തിന് രേഖകൾ സൂക്ഷിക്കണം.

  • ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട്?

അദ്ദേഹത്തിന്റെയും കുട്ടികളുടെയും മരണവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ സിബിഐയുടെ പരിഗണനയിൽ ആണ്. ഒരു കേസിൽ കുറ്റ പത്രം കോടതിയിൽ കൊടുത്തു. ആ അനേ്വഷണത്തിൽ കൂടുതൽ തെളിവ് വേണമെന്നോ മറ്റെന്തൊക്കയോ പറഞ്ഞ് ആ കുറ്റപത്രം മടക്കി. പത്ര വാർത്തകളിലൂടെ ഞാൻ മനസ്സിലാക്കുന്നു, സിബിഐ അത് വീണ്ടും അനേ്വഷിച്ചു കൊണ്ടിരിക്കുകയാണെന്ന്. ആ കേസിനെ കുറിച്ച് യാതൊരു അഭിപ്രായവും പറയുന്നില്ല. ഈ അഭിപ്രായത്തിന്റെ പേരിൽ വേറൊരു കേസ് ഞാൻ നേരിടേണ്ടി വരും. ഞാൻ കുറ്റവാളിയല്ല എന്നത് നീതിപീഠത്തിന്റെ മുൻപിലല്ലേ, എനിക്ക് സമർത്ഥിക്കാൻ പറ്റൂ. കോടതി ശിക്ഷിക്കുന്നത് വരെ എന്നെ നിരപരാധിയായി നിങ്ങൾ മാദ്ധ്യമങ്ങൾ കാണണം. അതാണ് മര്യാദ.

  • എന്ത് കൊണ്ടാണ് താങ്കൾക്കെതിരെ അപകീർത്തിപരമായി വാർത്തകൾ നൽകുന്ന മാദ്ധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തത്?

എന്തിന്? അങ്ങനെയെങ്കിൽ എനിക്കതിനല്ലേ സമയം കാണുകയുള്ളൂ. പിന്നെ എന്റെ ജോലി ചെയ്യാൻ എനിക്ക് കഴിയില്ല. ഈ മാദ്ധ്യങ്ങൾ മടിയിൽ വച്ചിട്ട പേരാണോ ചാക്ക് രാധാകൃഷ്ണൻ എന്ന്. ഇവരുടെ ഒക്കെ മുതലാളിമാർക്ക് പല പേരുമുണ്ടല്ലോ. അതെല്ലാം വിളിക്കാൻ പറ്റുമോ? അപ്പോ എന്നെ ടാർജറ്റ് ചെയ്യുകയാണെന്നതാണ് സത്യം. നിങ്ങൾ ഒരു 25 പേര് വാ, എന്നെ ചോദ്യം ചെയ്യ്, രേഖകൾ വച്ച്, മറുപടി പറയാൻ കഴിയുന്നില്ലെങ്കിൽ ഞാൻ രാജ്യം വിട്ടു പോകാം. അല്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാൻ ഞാൻ തയ്യാറാണ്...

വി എം. രാധാകൃഷ്ണൻ വികാരാധീനനായി. കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കാനെനെ്നോണം സമയം കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു. തൊടുക്കാൻ ബാക്കിവച്ച ചോദ്യങ്ങൾ ഇനിയൊരവസരമില്ലാതെ എന്റെ മനസ്സിൽ തന്നെ ഒടുങ്ങി. ദേശാഭിമാനി ഭൂമിയിടപാടിൽ ഒളിച്ചുകളിച്ചതെന്തിന്, അജിതയുടെ ഭർത്താവ് യാക്കൂബിനെ സ്പിരിറ്റ് കടത്തുകേസിൽ കുടുക്കിയതാര്, തുടങ്ങി സമയപരിമിതിയാൽ ചോദിക്കാനാവാഞ്ഞ ചോദ്യങ്ങൾ നാവിലിരുന്നു കൈയ്ച്ചു.

 

<