ലണ്ടൻ: ബീഫ് ഫെസ്റ്റിന്റെയും ഗോവധ നിരോധനതിന്റെയും ഒക്കെ പേരിൽ മലയാളി തമ്മിൽ തല്ലി മത വൈര്യത്തിനു പുതിയ മാനങ്ങൾ നൽകുന്ന കാഴ്ചയാണ് ഇപ്പോൾ പൊതു സമൂഹത്തിനു ലഭ്യമാകുന്നത്. കാളിന്ദിയിൽ നിറഞ്ഞ കാളിയ വിഷത്തെക്കാളും ഉഗ്രതയിൽ അത് മലയാളിയെ പരസ്പ്പരം കുറഞ്ഞ പക്ഷം സോഷ്യൽ മീഡിയയിൽ എങ്കിലും തമ്മിൽ തല്ലിക്കാൻ പര്യാപ്തം ആകും വിധം വേര് പിടിച്ചു കഴിഞ്ഞിരിക്കുന്നു. പരസ്പ്പരം സ്‌നേഹിച്ച, പേരും മതവും നോക്കാതെ ഒരു നാട്ടിലെ ആരുടെ എങ്കിലും ഒക്കെ വേദനകളും സങ്കടവും തിരിച്ചറിഞ്ഞ ജന സമൂഹം ആയിരുന്നു മലയാളി. ആ നന്മയുടെ കാലങ്ങൾ ഇനി തിരിച്ചു കിട്ടുക പ്രയാസം തന്നെ ആയിരിക്കും എന്ന് മതവും ആയി ബന്ധപ്പെട്ട ഓരോ വിവാദവും മലയാളിയെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ വിഷം തീണ്ടിയവരിൽ ആൺ പെൺ വ്യത്യാസമോ ചെറുപ്പക്കാരും മുതിർന്നവരും എന്ന വ്യത്യാസമോ എന്തിനു കൊച്ചു കുട്ടികളിൽ പോലും അന്യ മതക്കാരെ ഒരു കയ്യകലപ്പാടിൽ നിർത്തണം എന്ന് പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ് മലയാളി.

നഷ്ടമായി കൊണ്ടിരിക്കുന്ന നന്മകളെ തിരിച്ചു പിടിക്കാനോ അതിവേഗം പടരുന്ന മത വൈര്യത്തിനു തടയിടാനോ കെൽപ്പുള്ള ആരെങ്കിലും ഉണ്ടോ എന്ന് കേരളീയ സമൂഹം പ്രതീക്ഷയോടെയും അതിലേറെ പ്രത്യാശയോടെയും നോക്കുമ്പോൾ, കാര്യമായൊന്നും കണ്ടെത്താൻ കഴിയില്ല എന്ന സന്ദേഹം കൂടിയാണ് വരും തലമുറയെ വിറളി പിടിപ്പിക്കുവാൻ ബാക്കിയാകുന്നത്. ഇവിടെയാണ് സമൂഹ മനസ്സാക്ഷിക്കേറ്റ ആഴത്തിലുള്ള പരുക്കിന് മത നിരാസം എന്ന ആത്യന്തിക ഒറ്റമൂലിയുമായി നവജ്യോതി ശ്രീ കരുണാകര ഗുരുവിനെയും അദ്ദേഹം പടുത്തുയർത്തിയ ശാന്തിഗിരി എന്ന ആശ്രമവും മലയാളിക്ക് തുണയായി മാറുന്നത്. ഗുരു നിത്യതയിലേക്ക് യാത്ര ആയെങ്കിലും അദ്ദേഹം സൃഷ്ടിച്ച നവീന ചിന്തയുടെ അന്തർ ധാര അതിവേഗം മലയാള നാടിന്റെ അതിരുകളും പിന്നിട്ടു പടരുകയാണ്. അറിവ് സത്യമാണ്, സത്യം ഗുരുവാണ്, ആ ഗുരു തന്നെയാണ് ഈശ്വരൻ എന്ന അതുല്യവും സർവ്വ സൃഷ്ടാവും ആയ ഭാരതീയ ചിന്തയാണ് ശാന്തിഗിരിയുടെ അടിത്തറ. ഗുരുവിൽ ആകൃഷ്ടനായി പ്രശസ്ത സിനിമ സംവിധായകൻ രാജീവ് അഞ്ചൽ തയ്യാറാക്കിയ ചിത്രം ഓസ്‌കാർ അവാർഡ് വേദിയിലേക്ക് പോലും പരിഗണിക്കപ്പെട്ടിടത്ത്, കരുണാകര ഗുരു പടർത്തിയ ആശയത്തിന് വേര് പിടിക്കാൻ മതവും ഭാഷയും ദേശവും തടസ്സമല്ല എന്ന് കൂടിയാണ് തെളിഞ്ഞത്.

ഗുരുവിനെ കുറിച്ചു സമകാലിക രാഷ്ട്രീയത്തെ കുറിച്ചും ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌ന ജ്ഞാന തപസി മറുനാടൻ മലയാളിയോട് ആശയങ്ങൾ പങ്കുവച്ചു. ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ വീരേന്ദർ ശർമ്മ എംപി സംഘടിപ്പിക്കുന്ന കേരള കണക്ഷൻസ് എന്ന പരിപാടിയിലും പങ്കെടുക്കാൻ എത്തിയ അദ്ദേഹം മറുനാടൻ മലയാളി ലണ്ടൻ ലേഖകൻ കെ ആർ ഷൈജുമോന് നൽകിയ അഭിമുഖത്തിലേക്ക്.

  • ഫേസ്‌ബുക്കിലും മറ്റും സജീവ സാന്നിധ്യമായ അങ്ങനെ ഹൈ ടെക് സ്വാമി എന്ന് വിളിച്ചാൽ അപാകതയുണ്ടോ?

ഞാൻ ഹൈ ടെക് ആണോ എന്നെനിക്കു അറിഞ്ഞു കൂടാ. എന്നാൽ ആധുനിക സമൂഹത്തിൽ ജീവിക്കുന്ന ഒരാൾ സമൂഹത്തിലെ വിവിധ തരക്കാരുമായി ഏറ്റവും വേഗത്തിൽ സംവദിക്കാൻ കഴിയുന്ന മാദ്ധ്യമം എന്ന നിലയ്ക്കാണ് ഞാൻ ഫേസ്‌ബുക്കിനെയും വാട്‌സ് ആപ്പിനെയും ഒക്കെ കാണുന്നത്. സന്യാസിക്കു സാമൂഹിക ജീവിതം അന്യം എന്നില്ലല്ലോ. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ എളുപ്പത്തിൽ അറിയുവാൻ കഴിയുക എന്നതാണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ഏറ്റവും വലിയ ആനുകൂല്യം. തീർച്ചയായും ഇതിനു അതിന്റെതായ അപകട വശവും ഉണ്ട്. ആ അപകടത്തിൽ നിന്നും മാറി നടക്കുക എന്നതാണ് വിവേക മതിയായ മനുഷ്യന്റെ കടമ.

  • എങ്കിലും താടിയും ജടയും ഇല്ലാത്ത ആധുനിക സ്വാമി എന്നൊരു കളിയാക്കൽ കേൾക്കാൻ ഇട വന്നിട്ടുണ്ടോ?

അതെങ്ങനെ സന്യാസി ആകണം എങ്കിൽ താടിയും ജടയും വേണമെന്ന് നിർബന്ധം ഉണ്ടോ? അതൊക്കെ ഓരോ വിശ്വാസ ധാരയും തത്വ ചിന്തകളും ആയി ബന്ധപ്പെട്ടു വരുന്ന കാര്യങ്ങളാണ്. ഭാരതത്തിൽ നിന്നും ലോകം ഏറ്റവും കൂടുതൽ അറിഞ്ഞ സ്വാമി വിവേകാനന്ദൻ ജടാധാരി ആയിരുന്നില്ലല്ലോ, ക്ലീൻ ഷേവും ആയിരുന്നില്ലേ? ഇത്തരത്തിൽ മറ്റു പലരും ഉണ്ട്. ശിവഗിരി സന്ന്യാസിമാരിൽ മിക്കവർക്കും തന്നെ താടിയും ജടയും ഇല്ലല്ലോ. എന്ന് വച്ച് അവരുടെ മഹത്വത്തിന് വല്ല കുറവും ഉണ്ടോ? ഓരോ ആശയ സംഹിതയുമായി ബന്ധപ്പെട്ടാണ് ഇത്തരം കാര്യങ്ങൾ തീരുമാനിക്കപ്പെടുക.

  • ഇയ്യിടെയായി കേരളത്തിൽ സ്വാമിമാരും ബിഷപ്പുമാരും മൗലവിമാരും ഒക്കെ രാഷ്ട്രീത്തിൽ കൂടി പുറകിൽ നിന്നും കൈകടത്തുന്നു എന്ന ആശങ്ക ശക്തമാണ്. ഇതിൽ വാസ്തവം ഇല്ലേ?

ഓരോ താൽപ്പര്യങ്ങൾ വച്ച് കാര്യങ്ങളെ സമീപിക്കുമ്പോൾ ആണ് ഇത്തരം ആരോപണങ്ങൾ കേൾക്കേണ്ടി വരുന്നത്. അതിൽ സത്യം ഉണ്ടുതാനും. ആധ്യാത്മിക നേതാക്കൾക്കും അന്യം ആകേണ്ട ഒന്നല്ല രാഷ്ട്രീയം. പക്ഷെ അഭിപ്രായങ്ങൾ സ്വാതന്ത്രവും സത്യസന്ധവും ആയിരിക്കണം. നാം പ്രതിനിധീകരിക്കുന്ന സമുദായത്തിന് വേണ്ടി മാത്രം സംസാരിക്കുമ്പോൾ ആണ് അപകടം. ഒരു സമൂഹത്തിന് വേണ്ടി ഒന്നാകെ സംസാരിച്ചാൽ ഒരു കുഴപ്പവും ഇല്ല. എന്നാൽ കേരളത്തിൽ മതത്തെ മുൻനിർത്തി ആധ്യാത്മിക രംഗത്തുള്ളവർ നേട്ടം എടുക്കാൻ ശ്രമിക്കുന്നതാണ് എതിർപ്പിനു കാരണം.

  • രാഷ്ട്രീയ കേരളത്തിന് എന്താണ് സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ സമൂല നിരീക്ഷണം നടത്തുന്ന വ്യക്തി എന്ന നിലയിൽ ഒരു വിലയിരുത്തൽ നടത്താമോ?

തീർച്ചയായും. കേരള രാഷ്ട്രീയം സാമുദായിക രാഷ്ട്രീയത്തിന്റെ ശക്തമായ സാന്നിധ്യം തിരിച്ചറിയുന്ന സമയം ആണിത്. മുൻപും ഇതുണ്ടായിരുന്നു, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് സമയത്ത്. എന്നാൽ ഇപ്പോൾ ബിജെപി, എസ്എൻഡിപി ബന്ധത്തിലൂടെ ഒരു തുറന്ന സാമുദായിക രാഷ്ട്രീയം കേരളം ദർശിക്കുകയാണ്. ഇതിൽ തെറ്റും ശരിയും ഉണ്ടോ എന്നൊക്കെ സമൂഹം തീരുമാനിക്കും. ഒരു മുൻ വിധിയോടെ വിധി എഴുതുന്നത് ശരിയല്ല. എന്നാൽ തെറ്റിനെ തെറ്റായി ചൂണ്ടിക്കാട്ടുന്നവർ തെറ്റ് ചെയ്യാത്തവർ ആയിരിക്കണം. പക്ഷെ അതല്ല ഇപ്പോൾ കേരളത്തിൽ കാണുന്നത്.

  • വെള്ളാപ്പള്ളിയുടെ നീക്കം കേരള രാഷ്ട്രീയത്തിൽ ചലനം സൃഷ്ട്ടിക്കുമോ?

ഇടതും വലവും ഉഴുതു മറിച്ചിട്ട മണ്ണാണ് കേരളത്തിലേത്. ഒരു ബദൽ ശക്തി വളർന്നു വരണം എന്ന് സമൂഹത്തിൽ ഒരു ചിന്ത രൂപം കൊള്ളുന്നുണ്ട്. ആം ആദ്മി പോലുള്ള പ്രസ്ഥാനങ്ങൾ വന്നപ്പോൾ സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതൊരു സൂചനയാണ്. ഇപ്പോഴും സ്വാധീനിക്കാൻ കഴിയുന്ന ഒരു വേറിട്ട രാഷ്ട്രീയ മണ്ഡലം ഉണ്ടെന്ന് തന്നെയാണ് എന്റെ പക്ഷം. അത് ജാതി മത ശക്തികൾ പ്രയോജനപ്പെടുത്തിയാൽ അവരെയല്ല കുറ്റപ്പെടുത്തേണ്ടത്, നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളെ തന്നെയാണ്. അവർക്ക് പിഴച്ചപ്പോഴാണ് ബദൽ ആശയത്തിന് സ്വീകാര്യത നൽകാൻ ജനം തയ്യാറാകുന്നത്. വെള്ളാപ്പള്ളിയുടെ നീക്കം വിജയിക്കുമോ എന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞു മാത്രം പറയാൻ പറ്റുന്ന കാര്യമാണ്. പക്ഷെ ബിജെപിക്ക് ഒരു ലക്ഷ്യം ഉണ്ട്, അതിലേക്കുള്ള ടൂൾ ആണ് വെള്ളാപ്പള്ളിയും എസ്എൻഡിപിയും. ഭരണത്തിൽ സുതാര്യത ഉറപ്പാക്കാനും അഴിമതി ഇല്ലാതാക്കാനും ഒക്കെ ഒരു മൂന്നാം ശക്തി ആവശ്യമാണ്. ഭരിക്കുന്നവരെ കൂടുതൽ അലേർട്ട് ആക്കുക എന്നതായിരിക്കും ഈ മൂന്നാം കക്ഷിയുടെ റോൾ. പുതിയ സ്വാധീന ശക്തികൾ ഉണ്ടാവുക തന്നെ വേണം.

  • എസ്എൻഡിപി ഹൈജാക്ക് ചെയ്യപ്പെടുകയാണ് എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്?

എന്ന് പറയാൻ പറ്റില്ല. ഇന്ത്യയിൽ 85% ഹിന്ദുക്കളും ബാക്കി എല്ലാവരും ചേർന്ന് 15% പേരും ആണുള്ളത്. ഹിന്ദു ഭൂരിപക്ഷ സമുദായം അവഗണിക്കപ്പെടുന്നു എന്ന് ചിന്തിക്കുന്ന സാധാരണക്കാരായ ഒട്ടേറെ ആളുകൾ ഉണ്ട്, അവരിൽ അസഹിഷ്ണുതയും വളരുന്നുണ്ട്. ഇന്ന് ഭാരതത്തിലും കേരളത്തിലും രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ജാതിയും മതവും ആണെന്ന് പറഞ്ഞാൽ ആർക്ക് നിഷേധിക്കാൻ കഴിയും? ഈ സാധ്യതയിൽ കേരളത്തിൽ വേരുറപ്പിക്കാൻ ബിജെപി നടത്തുന്ന നീക്കമാണ് വെള്ളാപ്പള്ളി വഴി നാം കാണുന്നത്.

  • ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ ചിന്തയിൽ നിന്നും ഒരു രാഷ്ട്രീയം എന്ന് കൂടി ചേർക്കപ്പെടുകയാണോ?

ആയിരിക്കണം. പക്ഷെ എസ്എൻഡിപി രാഷ്ട്രീയ ശക്തി ആകുമ്പോൾ അതിൽ ശ്രീനാരായണ ഗുരുവിനെ വലിച്ചിഴക്കാൻ പാടില്ല എന്നാണ് എന്റെ പക്ഷം. ജാതി നിർമ്മാർജനത്തിനായി പോരാടിയ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും ഒക്കെ പേരുകൾ ദുരുപയോഗം ചെയ്യപ്പെട്ടു കൂടാ.

  • എസ്എൻഡിപിയുടെ സ്വാധീന ശക്തി എങ്ങനെയാണ് അങ്ങ് വിലയിരുത്തുന്നത്?

ഒരു പഠനത്തിന്റെ പിൻബലത്തിൽ ഉത്തരം പറയാൻ ബുദ്ധിമുട്ടുണ്ട്. എങ്കിലും സാമാന്യ ചിന്തയിൽ തിരുവിതാംകൂറിൽ ചലനം സൃഷ്ടിക്കാൻ അവർക്ക് കഴിയും. പ്രത്യേകിച്ച് എറണാകുളം, ഇടുക്കി, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ. തിരഞ്ഞെടുപ്പിൽ എൻഎസ്എസ് സമദൂര നിലപാടുകൾ എടുത്തിടുള്ളപ്പോഴും എസ്എൻഡിപി പ്രത്യക്ഷ നിലപാടുകൾ മുൻപും എടുത്തിട്ടുണ്ടെന്ന് നാം ഓർമ്മിക്കണം. സംഘടനയ്ക്ക് സമുദായ അടിത്തറയും രാഷ്ട്രീയം വ്യക്തിപരവും ആണ്. നാമെല്ലാം ഒരു ജാതിയിൽ ജനിക്കുന്നു, മറ്റൊരു ജാതിയിൽ പോയി ജനിക്കാൻ ആർക്കും കഴിയില്ല. മതം മാറ്റം ഒക്കെ എത്ര പേർക്ക് സാധിക്കുന്ന കാര്യമാണ്? അധസ്ഥിത ജാതിക്കാർ എന്ന് വിളിക്കപ്പെടുന്നവർ മരുപ്പച്ച തേടി മറ്റു മതങ്ങളിൽ പോയതൊക്കെ എല്ലാവർക്കും അറിയാം. അപ്പോൾ ജാതീയ ചിന്ത രൂപപെട്ടാൽ അതിൽ വിള്ളൽ സൃഷ്ടിക്കൽ എളുപ്പമല്ല. ഉത്തരേന്ത്യ അടക്കമുള്ള സ്ഥലങ്ങളിൽ ഉണ്ടായ രാഷ്ട്രീയ മാറ്റം സാവധാനം കേരളത്തിൽ എത്തുന്നു എന്നും പറയേണ്ടി വരും.

  • കേരള സമൂഹം ഗൗരവ ചർച്ചകൾ ഏറ്റെടുക്കിന്നില്ല എന്ന പരാതിയെ പറ്റി?

ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട്, അതതു ഇടങ്ങളിൽ ആണെന്ന് മാത്രം. മുൻപ് പ്രിന്റ് മീഡിയ വഴി ആയിരുന്നു പ്രധാന ചർച്ചകൾ എങ്കിൽ ഇപ്പോൾ ചാനലും ഓൺ ലൈൻ ആയും ചർച്ചകൾ ലൈവ് ആയി. ഒരു നിയന്ത്രണവും ഇല്ല എന്നതാണ് കൂടുതൽ ശ്രദ്ധേയം. പണ്ട് പത്രത്തിലേക്ക് എഴുതി അയച്ചിരുന്ന കത്തുകൾ പോലും പത്രാധിപർ എഡിറ്റ് ചെയ്തു, മോശം ഭാഷയും മറ്റുള്ളവരെ മുറിവേൽപ്പിക്കുന്ന പ്രയോഗവും ഒക്കെ എടുത്തു കളഞ്ഞായിരുന്നു പുറത്തു വന്നിരുന്നത്. ഇന്ന് സ്ഥിതി ആകെ മാറി, ആർക്കും എന്തും പറയാവുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു.

  • ഇതിനു ഒരു നിയന്ത്രണം വേണമെന്ന് തോന്നുന്നുണ്ടോ?

ഉണ്ടായാൽ നന്ന്. ഒരു ദിവസം കൊണ്ട് സോഷ്യൽ മീഡിയക്ക് ആരെയും തകർക്കാവുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ദിവസം മാമുക്കോയ മരിച്ചു എന്ന സംഭവം തന്നെ. ഞാൻ ലണ്ടൻ സന്ദർശനത്തിലാണ്. മാമുക്കോയ മരിച്ചോ എന്ന് ആരോട് അന്വേഷിക്കും. കൃത്യമായ് വിവരം ലഭിക്കാൻ മാർഗ്ഗം അടയുമ്പോൾ അസത്യ പ്രചരണം ആരംഭിക്കും. അറിഞ്ഞും അറിയാതെയും. മാമുക്കോയ മരിച്ച കാര്യം ഒരു മാദ്ധ്യമവും പബ്ലിഷ് ചെയ്തില്ലല്ലോ? അപ്പോൾ സോഷ്യൽ മീഡിയ അത് വൈറൽ ആക്കും മുന്നേ പത്രത്തിലോ ചാനലിലോ വാർത്ത വരാനായി കാത്തിരിക്കാൻ പോലും സമയം കളയാതെ പ്രതികരിക്കുകയാണ്. ഇത്തരം പ്രതികരണങ്ങൾ എല്ലായ്‌പ്പോഴും സംഭവിക്കുന്നു. ഇത് ഗുണത്തേക്കാൾ അധികം ദോഷം ചെയ്യും എന്ന് പറയേണ്ടല്ലോ.

  • ഇത്തരം പ്രതികരണം വഴി സമൂഹത്തിൽ അശാന്തി പരത്താനോ, അസ്വസ്ഥത സൃഷ്ടിക്കാനോ ഒക്കെ കഴിയും എന്നാണോ ഉദേശിച്ചേ?

ഞാൻ മനഃപൂർവം അത് പറയാതെ ഒഴിഞ്ഞു മാറിയതാണ്. താങ്കൾ അത് തന്നെ ചോദിച്ചതിനാൽ, ഉത്തരം പറയാതെ പറ്റില്ല. തീർച്ചയായും അങ്ങനെ ഒന്നും സംഭവിക്കരുതേ എന്ന് മാത്രമാണ് പ്രാർത്ഥന. മലയാളി ദൗർബല്യം കൂടുതൽ ഉള്ളവരാണ്. കൂടെ നെഗറ്റീവ് ചിന്താഗതിയും. സമൂഹം വഴി തെറ്റുന്നു എങ്കിൽ അതിനു നമ്മൾ തന്നെയാണ് കുറ്റക്കാർ.

  • പരിഹാരം നിർദ്ദേശിക്കാമോ?

മാദ്ധ്യമങ്ങൾ ആണ് സമൂഹത്തെ വഴി തെറ്റിക്കുന്നത് എന്ന് പറഞ്ഞു കേൾക്കുന്നു. ഞാൻ യോജിക്കുന്നില്ല. സോളാർ വിവാദം ഉണ്ടായപ്പോൾ അത് മാത്രമായിരുന്നു വാർത്ത. ചാനലുകളുടെ ടാം റേറ്റിങ് കുതിച്ചുയർന്നു എന്നൊക്കെ കേട്ടു. അതിനർത്ഥം കാണാൻ ആളുണ്ടായി എന്നല്ലേ. അപ്പോൾ ജനത്തിന്റെ മൈന്റ് സെറ്റ് മനസ്സിലാക്കി നിങ്ങൾ വാർത്തകൾ കൊടുക്കുന്നു. ജനം അത് അതേ പടി വിഴുങ്ങുന്നു. 1984 കളിൽ ദൂരദർശൻ വാർത്തകൾ കണ്ടു വളർന്നവരാണ് ഇപ്പോഴത്തെ തലമുറ. ഇപ്പോൾ 30 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇക്കാലം അത്രയും സമഗ്രവും വസ്തുതാപരവും വളച്ചു കേട്ടലുകൾ അനാവശ്യമായി ഇല്ലാതെയും ആണ് ദൂരദർശൻ വാർത്തകൾ നൽകുന്നത്. പക്ഷെ നമ്മൾ എത്ര പേർ ദൂരദർശൻ വാർത്തകൾ ഇപ്പോൾ കാണുന്നു? ഇതിൽ ഉണ്ട് ചോദ്യത്തിനു ഉത്തരം. മറ്റൊന്നുമല്ല, തെറ്റുകാർ നമ്മൾ തന്നെയാണ്. മലയാളിയുടെ മനസ്സ് പാടെ മാറിക്കഴിഞ്ഞിരിക്കുന്നു. തിരിച്ചു പിടിക്കൽ എളുപ്പമല്ല. ഒരു തരം എസ്ട്രീം ലെവലിലേക്ക് അത് എത്തുകയാണ്. പേടിപ്പിക്കുന്ന കാര്യമാണ്. ഈ പരക്കം പാച്ചിലുകളിൽ എന്നെ പോലെ ഉള്ളവർ ചില വൃഥാ ശ്രമങ്ങൾ നടത്തുന്നു. ഒരു തീപ്പൊരി വീണാൽ ആളിക്കത്താൻ പാകത്തിലാണ് ഇപ്പോൾ മലയാളി മനസ്സ്.

  • എല്ലാ കാര്യത്തിലും പാശ്ചാത്യരെ അനുകരിക്കുന്ന മലയാളി എന്തുകൊണ്ട് ഇത്തരം കാര്യങ്ങളിൽ അവരെ അനുകരിക്കുന്നില്ല?

അതാണ് രസകരം. അവർ അവസാനിപ്പിച്ചിടത്താണ് നമ്മൾ തുടങ്ങിയത്, അതും ലക്കും ലഗാനും ഇല്ലാത്ത സ്പീഡിൽ. ഒരു പക്ഷെ നിയമം ശക്തമായതിനാൽ ആളുകൾ പ്രതികരിക്കുന്നതിലും ശ്രദ്ധ നൽകുന്നതാകാം. അല്ലെങ്കിൽ അവരുടെ ഉയർന്ന മാനസിക പക്വതയും ആകാം. നമ്മുടെ നാട്ടിൽ ചുംബന സമരം നടന്നപ്പോൾ സമരക്കാർ വിരലിൽ എണ്ണാവുന്നവരും കാഴ്ചക്കാർ ആയിരങ്ങളും ആയിരുന്നു. എനിക്ക് തോന്നുന്നു നമ്മുടെ നാട്ടിൽ അഭിപ്രായ സ്വാതന്ത്ര്യം കൂടുതൽ ആണെന്നാണ്. അമിതമായി ലഭിച്ച ഈ സ്വാതന്ത്ര്യം നിയമ മൂലം ഇല്ലാതാകുമ്പോഴാണ് നമുക്ക് ലഭിച്ച സ്വാതന്ത്രത്തിന്റെ മൂല്യം തിരിച്ചറിയാൻ പറ്റൂ. ഇതു കേട്ട്, ഞാൻ അരാജക വാദി ആണെന്നൊന്നും വിലയിരുതണ്ട.

അജ്മൽ കസ്ബും യാക്കൂബ് മേമനും തൂക്കിലേറിയപ്പോൾ സുപ്രീം കോടതിയും മറ്റും വിമർശിച്ചവരാണ് നാം. ഒരു പക്ഷെ കേരളത്തില ആയിരുന്നിരിക്കാം ആ വിവാദം ഏറ്റവും രൂക്ഷം ആയിരുന്നത്. സുപ്രീം കോടതി ജഡ്ജിമാർ തല നാരിഴ കീറി പരിശോധിച്ച കേസിൽ അഭിപ്രായം പറയാൻ നമ്മളിൽ എത്ര പേര് യോഗ്യരാണ്? പക്ഷെ നമുക്ക് പറഞ്ഞേ പറ്റൂ. വധ ശിക്ഷയെ പറ്റിയുള്ള ചർച്ചയല്ല, രാജ്യത്തെ തകർക്കാൻ നോക്കിയവരുടെ പക്ഷം പിടിച്ചായി ചർച്ച. ഇതൊരുപക്ഷേ ബോധപൂർവ്വം നടക്കുന്നത് ആയിരിക്കില്ല, പക്ഷെ വിഘടന വാദികൾ നടത്തിയ വിധ്വംസക പ്രവർത്തനത്തിൽ നിന്നും ഒട്ടും അകലെയല്ല നമ്മൾ അഭിപ്രായ പ്രകടനത്തിലൂടെ നടത്തുന്ന വെള്ള പൂശലും.

  • ഇന്നത്തെ സമൂഹത്തിൽ ശാന്തിഗിരിയുടെ പ്രസക്തി?

സോഷ്യൽ ആൻഡ് സയന്റിഫിക് റിസർച്ച് സെന്റർ ആയി ഭാരത സർക്കാർ തിരഞ്ഞെടുത്ത വിജ്ഞാന കേന്ദ്രമാണ് ശാന്തിഗിരി. കൂടെ വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്നതാണ് മുഖ്യ പ്രവർത്തനത്തിൽ ഒന്ന്. മത നിരാസം എന്ന അമൂല്യമായ ആശയ സംഹിതയാണ് ആശ്രമത്തിന്റെ മൂലാധാരം. ഭാഗ്യവശാൽ അനാവശ്യ വിവാദങ്ങളിലും മറ്റും ചെന്ന് ചാടിയില്ല എന്ന് മാത്രമല്ല, ആശ്രമ സാരഥികളും ഇത്തരം വിഷയങ്ങളെ സൂക്ഷമതയോടെ കൈകാര്യം ചെയ്യുന്നു. ഒരു ചെറു സമൂഹമായി പരിമിതികൾക്കുള്ളിൽ നിന്ന് വിശാലമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് ശാന്തിഗിരി നടത്തുന്നത്.

  • വിദേശ മണ്ണിൽ ഒരു ഘടകം എന്ന നിലയിൽ ആശ്രമത്തിന്റെ പ്രവർത്തനം യുകെയിൽ ഉണ്ടാകുമോ?

ഈ വരവിൽ അത്തരം ലക്ഷ്യങ്ങൾ ഒന്നും ഇല്ല. എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഗുരുവിന്റെ അനുയായികളും എന്നെ വ്യക്തിപരമായി അറിയുന്നവരും ഒക്കെ ഇത്തരം ചില ആശയങ്ങൾ സംസാരിച്ചിരുന്നു. അത്തരം ഒരു സാഹചര്യം ഉണ്ടാകുമ്പോൾ തീർച്ചയായും പരിഗണിക്കപ്പെടും എന്നേ ഇപ്പോൾ പറയാനാകൂ.