ലണ്ടൻ: ഈഴവരുടെ സംഘടിത ശക്തിയുടെ ബ്രാൻഡ് ഇമേജ് ആയ എസ്എൻഡിപി എന്ന ശ്രീനാരായണ ധർമ്മ പരിപാലന യോഗവും ശ്രീനാരായണ ഗുരു സ്ഥാപിച്ച സന്ന്യാസ കൂട്ടായ്മയുടെ ആസ്ഥാനമായ ശ്രീനാരായണ ധർമ്മ സംഘവും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമുണ്ടോ? അനേകം ആളുകൾ കരുതുന്നത് രണ്ടും ഒന്ന് ചേർന്ന് പ്രവർത്തിക്കുന്ന കൂട്ടായ്മകൾ ആണെന്നതാണ്. എന്നാൽ പ്രത്യക്ഷത്തിൽ രണ്ടും തമ്മിൽ ഗുരു സ്ഥാപിച്ചു എന്നതിൽ കവിഞ്ഞു നേരിട്ട് യാതൊരു ബന്ധവും ഇല്ല എന്ന് മാത്രമല്ല പ്രവർത്തന പഥത്തിൽ വഴി തിരിഞ്ഞു രണ്ടായി ഏറെ മുന്നോട്ടു പോകുകയും ചെയ്തു. ഈ സഞ്ചാരത്തിനിടയിൽ രണ്ടു പക്ഷത്തു നിന്നും നേർക്ക് നേർ ഏറ്റുമുട്ടൽ ഉണ്ടായിട്ടുമുണ്ട്.

ഗുരു പറഞ്ഞ സദ് വചനങ്ങൾ ഒരു ചെറു പോറൽ പോലും തട്ടാതെ നോക്കുന്ന നിഷ്‌കാമ കർമ്മികൾ ആയ സന്ന്യാസി വര്യരുടെ പ്രതിനിധികൾ എന്ന നിലയിൽ ശിവഗിരി മഠത്തിൽ നിന്ന് ഉയരുന്ന ശബ്ദത്തിനു സമൂഹവും അധികാര കേന്ദ്രങ്ങളും ഒക്കെ അർഹിക്കുന്ന പരിഗണന നൽകുന്നുമുണ്ട്. ഇക്കാരണം കൊണ്ട് കൂടിയാകാം ശിവഗിരി മഠം രാഷ്ട്രീയ, ജാതി മത ഭേദമന്യേ സർവർക്കും സ്വീകാര്യം ആയി മാറുന്നതും. ശിവഗിരി മഠം പ്രചാരണ സഭ സെക്രട്ടറി കൂടിയായ ബ്രഹ്മശ്രീ സ്വാമി ഗുരുപ്രസാദ് ഇന്നലെ ഓക്‌സ്‌ഫോഡിൽ നടന്ന സേവനം യുകെയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മറുനാടൻ മലയാളിയുടെ പ്രതിനിധി
 കെ ആർ ഷൈജുമോന് നൽകിയ അഭിമുഖ സംഭാഷണത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:

(ഏറെ നാൾ ഹിമാലയ സാനുക്കളിൽ സന്യാസ ജീവിതം നയിച്ച്, മഞ്ഞു മലകളിലെ ഗുഹകളിൽ ഏകാന്ത ജീവിതം നയിച്ച ശേഷം ലോകത്തെ കൂടുതൽ അടുത്തറിയാൻ 33 രാജ്യങ്ങളിലൂടെ പര്യടനം നടത്തിയ സ്വാമി ഗുരുപ്രസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്ധ്യാത്മിക ഗുരു എന്നറിയപ്പെടുന്ന സ്വാമി ദയനന്ദ സരസ്വതിയുടെ കൂടെയും ഒന്നര വർഷത്തോളം കഴിഞ്ഞിട്ടുണ്ട്. സകല മതങ്ങളുമായി സഹവർത്തിത്വം പുലരണം എന്നാഗ്രഹിക്കുന്ന പോപ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചു വത്തിക്കാനിൽ എത്തിയും ഗുരുദേവ ദർശനം വിശദീകരിക്കാൻ ഇദ്ദേഹത്തിനു അവസരം ലഭിച്ചിട്ടുണ്ട്)

  • ഗുരുദേവ ദർശനം ഏറ്റവും പ്രസക്തമായ കാലഘട്ടത്തിൽ തന്നെ ശ്രീനാരയണീയർ ഗുരുവിന്റെ ദർശനങ്ങളിൽ നിന്ന് അകലുകയാണ് എന്ന സന്ദേഹത്തോട് അങ്ങ് യോജിക്കുന്നുവോ?

തീർച്ചയായും. ഗുരു എന്ത് പറഞ്ഞോ അതിനു നേർ വിപരീതമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജാതി പറയരുത് എന്ന് പറഞ്ഞതിന് പകരം ഇപ്പോൾ ജാതി മാത്രമേ നാം പറയുന്നുള്ളൂ. മദ്യം വിപത്താണ് എന്ന് പറഞ്ഞ ഗുരുവിന്റെ മുഖത്ത് നോക്കിയാണ് മദ്യ കച്ചവടം. പ്രസ്ഥാനങ്ങൾ തന്നെ പോരടിക്കുന്ന കാഴ്ചയും നമുക്ക് മുന്നിലുണ്ട്. എന്നാൽ ഈ സാഹചര്യങ്ങളിലും ഗുരുവിന്റെ വചനങ്ങളോട് 100 ശതമാനം നീതി പുലർത്താൻ ആണ് ശിവഗിരി മഠം ശ്രമിക്കുന്നത്. മറ്റു ശ്രീ നാരായണീയ പ്രസ്ഥാനങ്ങൾക്ക് മൂല്യച്യുതി ഉണ്ടായപ്പോഴും അതിൽ നിന്ന് വ്യത്യസ്തമായി നിലനിൽക്കാൻ മഠത്തിനു കഴിഞ്ഞിട്ടുണ്ട്. അതിൽ ഒരു സംശയവും വേണ്ട. സന്ന്യാസി പരമ്പരയ്ക്ക് പരിമിതികളുണ്ട്. ഭൗതിക ജീവിതം നയിക്കുന്നവരെ പോലെ എല്ലാം പൊതു സമൂഹത്തിനു മുൻപിൽ വിളിച്ചു പറയാൻ കഴിയില്ല. പല മത വിഭാഗങ്ങളിൽ നിന്നുള്ളവർക്കും ആശ്രയമാണ് ശിവഗിരി. എന്തിനേറെ സന്യാസ സമൂഹത്തിൽ പോലും മറ്റു മതങ്ങളിൽ നിന്നുള്ളവർ ഉണ്ട്, അവർക്കും തുല്ല്യ പ്രാധാന്യമാണ് മഠത്തിൽ.
ശരാശരി മലയാളികൾക്ക് മുന്നിൽ ഗുരുവിനെ പ്രതിനിധാനം ചെയ്യുന്നത് എസ്എൻഡിപിയാണ്.

  • അങ്ങയെ പോലെ ഉള്ളവർ പരസ്യമായും വെള്ളപ്പള്ളിയെ എതിർക്കുന്നു. സമുദായ അംഗങ്ങൾക്ക് ഇതിൽ ഒരു വൈരുധ്യം ഫീൽ ചെയ്യില്ലേ?

ഇതിൽ മഠവും എസ്എൻഡിപിയും തമ്മിൽ ഉള്ള വ്യത്യാസം അറിയാതെ പോകുന്നതിന്റെ കുഴപ്പം ഉണ്ട്. മഠം എസ്എൻഡിപിയുടെ ബ്രാഞ്ച് അല്ല. രണ്ടും ഗുരുദേവൻ സ്ഥാപിച്ച പ്രസ്ഥാനങ്ങൾ എന്നതിനപ്പുറം പ്രവർത്തനത്തിൽ ഒരു സാമ്യതയും ഇല്ല. രണ്ടിനും ഒരേ ലക്ഷ്യങ്ങൾ ആണ് ഉള്ളതെങ്കിലും മാർഗ്ഗം വ്യത്യസ്തമായി. മഠം ഒരിക്കലും യോഗത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ഓരോ കാലഘട്ടങ്ങളിലും പ്രസ്ഥാനങ്ങളിൽ വ്യക്തികളുടെ വികലതകൾ ഉണ്ടായിട്ടുണ്ട്. അതിനെ ചോദ്യം ചെയ്യുന്നത് പ്രസ്ഥാനത്തെ തള്ളി പറയലായി വ്യാഖ്യാനിക്കണ്ട. നിങ്ങൾ എന്നെ വ്യക്തിപരമായി കുറ്റപ്പെടുത്തുമ്പോൾ അത് മഠത്തെ കുറ്റം പറയുന്നതായി ഞാൻ കാണുന്നില്ല. ഓരോ കാലഘട്ടത്തിലും ഉണ്ടാകുന്ന മാറ്റം ആയും എസ്എൻഡിപിയുടെ ഇപ്പോഴത്തെ അവസ്ഥയെ കാണാം. മാദ്ധ്യമങ്ങൾക്ക് പോലും മൂല്യച്യുതി ഉണ്ടായില്ലേ. ടെലിവിഷൻ ഇല്ലാതിരുന്ന കേരളത്തിൽ 1520 ചാനലുകളായി. ഇവയുടെ ഇൻഫ്‌ളുവൻസും സാധാരണക്കാരെ ഏറെ ബാധിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയും രംഗത്ത് എത്തി. ഇതിന്റെ ഗുണവശമായി പണ്ടത്തെ കാൾ വേഗത്തിൽ ജനം കാര്യങ്ങൾ സത്യം തിരിച്ചറിയും എന്നതും കാണാതിരുന്നു കൂടാ.

  • സ്വന്തം നിലനിൽപ്പിനു വേണ്ടിയാണ് വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ ചങ്ങാത്തം എന്ന് കൂടി അങ്ങയുടെ വാക്കുകളിൽ നിന്ന് ഊഹിക്കാമോ?

മഠം രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ല. പക്ഷെ എസ്എൻഡിപി അതിന്റെ മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കുകയാണ്. ഗുരുദേവന്റെ സന്ദേശം ഇപ്പോൾ എസ്എൻഡിപിയുടെ നയങ്ങളിൽ പ്രതിഫലിക്കുന്നില്ല. ചാതുർ വർണ്യം ഒക്കെ മടങ്ങി വരുമോ എന്ന് ഭയക്കേണ്ട നാളുകളിൽ ആണ് നമ്മൾ ജീവിക്കുന്നത്. വെള്ളാപ്പള്ളി സ്വന്തം താൽപ്പര്യങ്ങൾക്കായി സംഘടനയെ ഉപയോഗിക്കുന്നു എന്ന് പറയാതിരിക്കാൻ ആകില്ല. ഇത് ഇപ്പോൾ അല്ല മുൻപും ഞാൻ പറഞ്ഞിട്ടുണ്ട്.

  • എങ്കിൽ എന്തുകൊണ്ട് ഇത് തുറന്നു കാട്ടാൻ പറ്റുന്നില്ല?

എല്ലാം മാദ്ധ്യമങ്ങൾ നിയന്ത്രിക്കുന്ന ഒരു കാലം ആണിപ്പോൾ. അവിടെയും മൂല്യത്തിനു വിലയില്ലാതാകുന്നു. പണം സകല കാര്യങ്ങളും ഏറ്റെടുക്കുന്നു. പണം വാങ്ങിയാണോ വാർത്തകൾ പോലും പുറത്തു വരുന്നത് എന്നെനിക്കു അറിയില്ല. സത്യത്തിനു വിലയില്ലാതാകുന്നു.

  • പ്രതീക്ഷ പോലും ഇനി വേണ്ടെന്നാണോ?

അങ്ങനെ പറയാൻ പറ്റില്ല . ഇതൊക്കെ പ്രകൃതി നിയമമാണ്. മാറ്റം തീർച്ചയായും ഉണ്ടാകും. ഭാരത ഋഷി പരമ്പര എത്രയോ ആയിരം വർഷങ്ങളായി നിലനിൽക്കുന്നതാണ്. ക്രിസ്തുവിനും നബിക്കും ബുദ്ധനും വ്യാസനും ശ്രീരാമഹംസനും ഒക്കെ ശേഷം ദാർശിനിക സന്ദേശം കിട്ടിയ ശ്രീനാരായണ ഗുരുവിന്റെ അമൂല്യ സന്ദേശങ്ങൾ ഒന്നും വൃഥാവിലാവില്ല. മരുത്വ മലയിൽ തപസ് ചെയ്തു നേടിയ ശ്രേഷ്ഠത ആണത്. ഭൗതിക ജിവിതം നയിക്കുന്ന ഒരാൾക്കൊന്നും അതൊന്നും തകർക്കാൻ പറ്റില്ല. തീർച്ചയായും പ്രതീക്ഷ മുറുകെ പിടിക്കുക തന്നെ വേണം.

  • കേരളത്തിൽ എസ്എൻഡിപി അടക്കം സൃഷ്ടിക്കുന്ന രാഷ്ട്രീയ മാറ്റം എങ്ങനെ വീക്ഷിക്കുന്നു?

ഞങ്ങൾ രാഷ്ട്രീയത്തെ അനുദിനം വിലയിരുത്താൻ ശ്രമിക്കാറില്ല. എങ്കിലും ജാതി രാഷ്ട്രീയം പ്രബലമാകുകയാണ് കേരളത്തിൽ. അതിൽ എല്ലാ വിഭാഗം രാഷ്ട്രീയക്കാർക്കും പങ്കുണ്ട്. ജാതി നോക്കി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ അവതരിക്കുന്ന നാട്ടിൽ ഇനി രാഷ്ട്രീയത്തിൽ ജാതി ഉണ്ടോ എന്ന് ചോദിക്കുന്നത് പോലും വ്യർഥമാണ്. രാഷ്ട്ര സേവനം മറന്നു നേതാക്കൾ അവരിൽ നിന്ന് പ്രതീക്ഷിക്കുന്ന അടിസ്ഥാന യോഗ്യതകൾക്കും താഴെ പോകുന്നു. മഠം നൽകുന്ന സന്ദേശം രാഷ്ട്രീയ ഇടപെടലിന് ഇല്ല എന്നതാണ്. മഠം സ്ഥിതി ചെയ്യുന്ന വർക്കല മണ്ഡലത്തിനു വോട്ടു തേടി ഇടതു, വലതു, ബിജെപി സഖ്യം എല്ലാം എത്താറുണ്ട്. എന്തിനു നോമിനേഷൻ നൽകാൻ പേപ്പറുകൾ പൂജിക്കാൻ പോലും ഇവരൊക്കെ എത്താറുണ്ട്.

  • ഹൈന്ദവർ രാഷ്ട്രീയമായി കേരളത്തിൽ വഞ്ചിക്കപ്പെട്ടുവോ?

ഇതേക്കുറിച്ച് വ്യക്തമായി പറയാൻ പറ്റില്ല. ശ്രീനാരായണ ഗുരു എന്തിനെ എതിർത്തുവോ അത് കൂടുതൽ ശക്തമായി തിരിച്ചു വരുന്നു. മത ചിന്ത ശക്തമായി ഇപ്പോഴും കേരള സമൂഹത്തിൽ നിലനിൽക്കുന്നു. ഇത് ഒരു ദുരന്തമായി പരിണമിക്കും. മതാധിപത്യം ഉണ്ടാകാൻ ഇനി കാലതാമസം വന്നേക്കില്ല. എല്ലാ മതങ്ങളും രാഷ്ട്രീയത്തെ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ജാതി മേൽക്കോയ്മയുടെ അതി പ്രസരം ആണിപ്പോൾ. പുതിയ തലമുറയിൽ ആണിപ്പോൾ ഇത് കൂടുതലും. അവർ വേഗത്തിൽ മദ്യത്തിനും വശം വദരാകുന്നു. അപ്പോൾ അവരെ നിക്ഷിപ്ത താൽപ്പര്യക്കാർക്ക് അനായാസം ഉപയോഗിക്കാം. ഗുരു വിശ്വാസികൾ ജാതി പറയരുത്. നാനാ ജാതി മതസ്ഥർ ശിവഗിരിയിൽ വന്നു പോകുന്നുണ്ട്. ഈഴവനായി ജനിച്ചാൽ ശ്രീനരയനീയർ ആകില്ല എന്നത് കൂടിയാണ് ഇപ്പോൾ മഠം പഠിപ്പിക്കുന്നത്.

  • ലോകം മതപരമായി കൂടുതൽ ശിഥിലമാകുകയാണ്. ഒരു പക്ഷെ ഗുരുദേവൻ ഇക്കാര്യം മുൻകൂട്ടി കണ്ടിരിക്കാം. ഈ ചിന്തയിൽ ഗുരു സന്ദേശം ലോകം ഒട്ടാകെ പ്രചരിക്കുന്നതിൽ കാലിക പ്രസക്തിയും ഉണ്ട്. ഇതിനായി എന്താണ് മഠത്തിന്റെ പദ്ധതികൾ?

ജാതിയില്ല എന്ന് ഗുരു പറഞ്ഞു പോയതിന്റെ ശതാബ്ദി വർഷമാണിപ്പോൾ. ഇതിനായി ശിവഗിരി മഠം ലോകം എങ്ങും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും ഭാരതത്തിലും ഒക്കെ ഈ പരിപാടികൾ സജീവമാണ്. 'പൊരുതു ജയിപ്പതു അസാധ്യം പരമത വാദിയിൽ ഓർത്തിടാതെ പാഴേ പൊരുതു പൊലിഞ്ഞിടും എന്ന ബുദ്ധി വേണം'' എന്ന ശ്ലോകത്തിൽ ഗുരുദേവൻ മതത്തിന്റെ പേരിൽ ഉള്ള കലഹത്തെ വ്യർത്ഥതയായി ചിത്രീകരിക്കുന്നു. ഒരു മതത്തിനും മറ്റൊന്നിന്റെ പേരിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ലെന്നിരിക്കെ എന്തിനു നാം വെറുതെ കലഹിക്കുന്നു എന്നാണ് ഗുരുവിന്റെ ചോദ്യം. മതം ആത്മനിഷ്ഠമാണ്. കലഹം ഭൗതികവും. ക്രിസ്തു ദേവൻ മതം സൃഷ്ടിച്ചില്ല, നബിയും. ഹിന്ദു മതവും അങ്ങനെ തന്നെ. ഗുരുക്കന്മാർ സത്യർതികൾ ആയിരുന്നു. പിന്നീട് പുറകെ എത്തിയവർ അതിൽ കലഹത്തിന്റെ വിത്ത് പാകി. ഉദാഹരണമായി നാട്ടിൽ നിന്നും ലണ്ടനിൽ എത്താൻ ആകാശ മാർഗ്ഗത്തിലും കടൽ മാർഗ്ഗത്തിലും കര മാർഗ്ഗത്തിലും കഴിയും. അത് ലക്ഷ്യമാണ്. അവിടെ എത്തിയാൽ പിന്നെ മാർഗ്ഗം പ്രധാനമല്ല. മതം സംബന്ധിച്ച കാര്യത്തിലും അതാണ് ഉണ്ടായത്. അതിനാൽ ഇതിനെതിരെ ലോക വ്യാപക സന്ദേശം ഉയർത്താൻ മഠം വിപുലമായ പദ്ധതികൾ നടപ്പാക്കുകയാണ്.

  • മദ്യത്തിനു എതിരെ പോരാട്ടം വേണമെന്ന് പറഞ്ഞ ഗുരുവിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ മഠത്തിനു എന്തെങ്കിലും പദ്ധതികൾ ഉണ്ടോ കേരളത്തിൽ?

ഇല്ല, രണ്ടു വർഷമായി നടക്കുന്ന ചർച്ച ആണിത്. സർക്കാർ മദ്യ നിരോധനം എന്ന ആശയത്തിലേക്ക് എത്തുന്നതിൽ വ്യക്തിപരമായി എനിക്കും സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ധാരണ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാതി രഹിത കേരളം, മദ്യ രഹിത സമൂഹം എന്ന സന്ദേശം ഉയർത്തി ഓരോ കവല തോറും പ്രസംഗിച്ചു ഞാൻ നടത്തിയ യാത്രയും സഫലമായിരുന്നു. ഗുരുദേവൻ 1903 ൽ എസ്എൻഡിപി രൂപീകരിക്കുമ്പോൾ കൃത്യമായ മാർഗ്ഗ നിർദ്ദേശം നൽകിയിരുന്നു. ജാതി മത പരിഗണന കൂടാതെ ആർക്കും അംഗങ്ങൾ ആകാമായിരുന്നു. പിന്നീട് എപ്പോഴോ ഈഴവർക്ക് മാത്രമായി പ്രാതിനിധ്യം ചുരുങ്ങി. ഇതേ കുറിച്ച് വ്യസനിച്ച ഗുരു ഡോ. പൽപ്പുവിനു കത്ത് എഴുതി. യോഗത്തോട് വിട, എന്റെ ഡോക്ടർ അവർകൾക്കും എന്നാണ് ആ കത്ത് ആരംഭിക്കുന്നത്. യോഗത്തിന് സംഭവിക്കുന്ന കാര്യം ഗുരു ദീർഘ ദർശനം ചെയ്തിരിക്കാം. ഇതേ തുടർന്ന് മറ്റെന്തു വഴി എന്ന ചിന്തയിലാണ് 1927 ൽ അദ്ദേഹം ധർമ്മ സംഘം രൂപീകരിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളണം എന്ന ചിന്തയോടെ. ഇക്കാര്യം ഒക്കെ അറിയാവുന്നവർ ആണ് ഇപ്പോൾ എന്തിനാണ് ശിവഗിരി എന്ന ചോദ്യം ഉന്നയിക്കുന്നത്.

  • എങ്കിലും മഠവും യോഗവും 2 വഴിക്ക് പോകുന്നത് ശരിയാണോ?

സാധാരാണ ജനത്തിനു അൽപ്പം സന്ദേഹം ഉണ്ടാക്കുന്ന കാര്യം ആണിത്. എന്നാൽ മഠവും യോഗവും രണ്ട് ആണെന്നതാണ് സത്യം. രണ്ടിനും പരസ്പ്പര ബന്ധം ഇല്ല. ഭൗതിക വാദികളോടൊപ്പം സന്ന്യസികൾക്ക് പ്രവർത്തിക്കാൻ കഴിയില്ല. എന്നാൽ രണ്ടു പ്രസ്ഥാനങ്ങളും ഉന്നയിക്കുന്ന ലക്ഷ്യം ഒന്നായതിനാൽ പരസ്പ്പര പൂരകമായി പ്രവർത്തിക്കാൻ കഴിഞ്ഞാൽ അത് തന്നെയാണ് നല്ലതും.

  • സ്വാമി ശ്വാശ്വതീകാനന്ദ സ്വാമികളുടെ മരണം ഇയ്യിടെ വീണ്ടും ചർച്ച ചെയ്യപ്പെട്ടു. പ്രകാശാനന്ദ സ്വാമികൾ പ്രധാന മന്ത്രിയെയും കണ്ടു. ഇക്കാര്യത്തിൽ നിഗൂഡത മാറാൻ ഇനിയും സമയം എടുക്കുമോ?

ഇക്കാര്യത്തിൽ ഇപ്പോൾ കൂടുതൽ വ്യക്തത ഒന്നും ഇല്ല. അടുത്ത കാലത്തും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മഠത്തിൽ എത്തി തെളിവ് എടുത്തിരുന്നു. അതിനു ശേഷം ഒരു അറിവും ഇല്ല. സംഭവത്തിൽ നിഗൂഡത ഉണ്ടെന്നത് സത്യമാണ്, അത് എത്രയും വേഗം മാറേണ്ടതും ആണ്. മരണം സംബന്ധിച്ച് സമൂഹത്തിനു ഉള്ള തെറ്റിദ്ധാരണ മാറേണ്ടത് തന്നെയാണ്.

  • ഇപ്പോൾ തിരഞ്ഞെടുപ്പ് കലാമാണ്. ശിവഗിരി മഠം അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയമായി ഹൈജാക്ക് ചെയ്യപ്പെടുമോ?

ഒരിക്കലുമില്ല. ഇക്കാര്യത്തിൽ ഒരിക്കലും തെറ്റ് പറ്റില്ല. മഠം എന്നും രാഷ്ട്രീയത്തിൽ നിന്നും അകലെയാണ്. രാഷ്ട്രീയക്കാർക്ക് അടിയറവു വയ്ക്കാൻ പറ്റിയ ആരും അവിടെ ഇല്ല?

കോട്ടയം ജില്ലയിലെ പൂഞ്ഞാറിലാണ് സ്വാമിയുടെ പൂർവ്വാശ്രമ ജീവിത കാലം. 1990 കളിലാണ് ശിവഗിരിയിൽ എത്തുന്നത്. ഏഴു വർഷത്തെ പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്‌സ് ചെയ്താണ് സന്ന്യാസ ദീക്ഷ സ്വീകരിക്കുന്നത്. തുടർന്ന് ഗംഗോത്രിയും ഋഷി കേശുമായി നിരന്തരം അലച്ചിൽ. യോഗ മാർഗ്ഗവും ആയി ബന്ധപ്പെട്ടും പ്രവർത്തിച്ചു. അക്കാലത്തെ അനുഭവ സമ്പത്ത് വിവരണാതീതമാണ്. ഹിമാലയ സാനുക്കളിൽ ഏകാന്ത വാസവും നടത്തി. കുറച്ചു കാലം അമേരിക്കയിലും ഗുരു ധർമ്മ സേവനം പൂർത്തിയാക്കി. ഇപ്പോൾ 4 വർഷമായി ഗുരു ധർമ്മ പ്രചാര സഭയുടെ സെക്രട്ടറിയും ശിവഗിരി മഠവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏറ്റവും അധികം പൊതു സംമ്പർക്കം നടത്തുന്ന സന്ന്യാസ വര്യനും എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.

നിരവധി ലേഖന പരമ്പരകൾ കൈകാര്യം ചെയ്യുന്ന ഇദ്ദേഹം പരവൂർ വെടിക്കെട്ട് ദുരന്ത ശേഷം ഗുരു വാക്യം ഉദ്ധരിച്ചു കരിമരുന്നും കരിവീരനും ആചാരത്തിന്റെ ഭാഗമല്ല എന്ന് നടത്തിയ നിരീക്ഷണം കേരളം ഒട്ടാകെ ശ്രദ്ധിച്ചിരുന്നു. ഗുരു ധർമ്മ പ്രചാര സഭയുടെ പ്രവർത്തനം ശക്തമാക്കുകയാണ് ഇപ്പോൾ ലക്ഷ്യം. മദ്യം തൊടാത്ത ആർക്കും ഇതിൽ അംഗം ആകാം. മുന്നിൽ വെല്ലുവിളികൾ ഏറെയാണ് എന്ന് ഈ സന്യാസ വര്യന് അറിയാം, പക്ഷെ ഭൗതിക വാദികളെ പോലെ അതൊന്നും അദ്ദേഹത്തെ ഭയപ്പെടുത്തുന്നില്ല.