മലപ്പുറം: മലപ്പുറം തെരഞ്ഞെടുപ്പിന്റെ ആവശത്തിന്റെ അറ്റത്താണ്. ഇന്നുവൈകിട്ട് അഞ്ചുവരെയേ പ്രചാരണമുള്ള. മറ്റന്നാൾ വോട്ടെടുപ്പ്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും കുഞ്ഞാലിക്കുട്ടിയുടെ കട്ടൗട്ടറുകളും ഫ്ളക്സ് ബോർഡുകളും നിറഞ്ഞിട്ടുണ്ട്. ഗ്രാമങ്ങളിൽ വരെ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ ഈരടികൾ മാത്രം... കുടുംബ യോഗങ്ങളും പൊതു പരിപാടികളും തകൃതിയായി നടക്കുന്നു. വീടുകൾ കയറി യു.ഡി.എഫ് പ്രവർത്തകർ വോട്ട്യർത്ഥിച്ചും ലഘുലേഖ വിതരണം നടത്തിയും ഐക്യത്തോടെയുള്ള പ്രവർത്തനം. കൊട്ടിക്കലാശത്തിലേക്കടുത്തതോടെ യു ഡി എഫ് ക്യാമ്പിലെ പ്രചരണ ചിത്രമാണിത്.

മുസ്ലിം ലീഗിന്റെ കോട്ട കാക്കാൻ മലപ്പുറത്ത് മത്സരിക്കുന്ന കുഞ്ഞാലിക്കുട്ടിയാണ് തെരഞ്ഞെടുപ്പിലെ താരം. യുഡിഎഫിലെ കക്ഷികളെല്ലാം ഐക്യത്തോടെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി ഇറങ്ങിയെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകത. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളെല്ലാം മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുകയാണ്. രാവിലെ എട്ട് മണിക്ക് പ്രചാരണ പരിപാടികൾ ആരംഭിക്കും. അപ്പോഴേക്കും വീടിനോട് ചേർന്ന സന്ദർശക മുറി നിറഞ്ഞിട്ടുണ്ടാകും. എല്ലാവരോടും സംവദിക്കാൻ സമയം കണ്ടെത്തി പിന്നെ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഞായറാഴ്ച ചർച്ചുകൾ കേന്ദ്രീകരിച്ചായിരുന്നു ഉച്ചവരെയുള്ള പര്യടനം. തുടർന്ന് മലപ്പുറം, മഞ്ചേരി മണ്ഡലങ്ങളിലായിരുന്നു സ്ഥാനാർത്ഥി പര്യടനം.

ഉറച്ച ആത്മവിശ്വാസമാണ് കുഞ്ഞാലിക്കുട്ടി മറുനാടൻ മലയാളിയോട് പങ്കുവെച്ചത്. പ്രതീക്ഷകൾ ഒരുപാടാണെന്നും റെക്കോഡ് ഭൂരിപക്ഷം തനിക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാൽ ബിജെപിയുടെ വർഗീയ പ്രചരണങ്ങളെ പാർലമെന്റിനകത്തും പുറത്തും തുറന്നു കാട്ടുമെന്നും മതേതര ഇന്ത്യക്കായി പ്രവർത്തിക്കുകയും ശബ്ദിക്കുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി മറുനാടന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. ഓരോ സംസ്ഥാനങ്ങളിലും പോയി മതേതര മുന്നണികളെ ശക്തിപ്പെടുത്തി ബിജെപിക്കെതിരെ ബദൽ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളത്തിന് മുൻഗണന നൽകി പ്രത്യേക പദ്ധതി നടപ്പിലാക്കും. യോഗിയുമായി പാണക്കാട് തങ്ങളെ താരതമ്യം ചെയ്യുന്നത് വികലമായ അഭിപ്രായമാണെന്നും കേരള ഭരണത്തിനെതിരെയുള്ള അസംതൃപ്തി വ്യക്തമാകുന്നതാകും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം വോട്ട് ഏകീകരിക്കുന്നുവെന്ന പ്രചാരണം ബിജെപിയുടെ ഏർപ്പാടാണെന്നും ഇത് കേരളത്തിൽ വിലപ്പോവില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിമുഖത്തിൽ പറഞ്ഞു. അഭിമുഖത്തിന്റെ പൂർണരൂപം:

  • പ്രചാരണം, ജനങ്ങളുടെ പ്രതികരണം

ഓരോ അസംബ്ലി മണ്ഡലത്തിലും നിശ്ചിത സമയം മാത്രമാണ് ഇപ്പോൾ ചിലവഴിക്കുന്നത്. സ്ഥാനാർത്ഥി പര്യടനം എല്ലാ മണ്ഡലത്തിലും പൂർത്തിയാക്കി. ഇന്ന് പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായതുകൊണ്ട് കൂടുതൽ പര്യടനങ്ങളില്ല. വളരെ വളരെ അനുകൂലമായ പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. യു.ഡി.എഫിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടായാണ് പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. അതിനു പുറമെ നിശ്പക്ഷ ജനങ്ങളുടെ പൂർണ പിന്തുണയും ലഭിക്കുന്നുണ്ട്. യു.ഡി.എഫ് പ്രചാരണത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് അനുകൂല ഘടകമാണ്.

  • തെരഞ്ഞെടുക്കപ്പെട്ടാൽ മുൻഗണന നൽകൽകുന്ന വികസന പദ്ധതികൾ

ഞാൻ ഇതുവരെ വേങ്ങര നിയോജക മണ്ഡലത്തെയാണല്ലോ പ്രതിനിധീകരിച്ചത്. അവിടെയൊക്കെ ചെയ്തതു പോലെ തന്നെ മലപ്പുറം ജില്ലയിൽ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങളെല്ലാം ഏറ്റെടുത്ത് പൂർത്തീകരിക്കും. റോഡ്, പാലം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെല്ലാം ഇതിൽപെടും. അതിനേക്കാൾ പ്രാധാന്യം കൊടുക്കുന്നത് കുടിവെള്ളത്തിനാണ്. കൂടിവെള്ളത്തിനായി കൂടുതൽ തടയണകൾ ഉണ്ടാക്കുകയും അത് വിതരണം ചെയ്യാനുള്ള പദ്ധതിയും ആവിഷ്‌കരിക്കും. ജനങ്ങളെ സംബന്ധിച്ച് കൂടുതൽ ആവശ്യഗത കുടിവെള്ളത്തിനായതു കൊണ്ട് ഇതിനായിരിക്കും മുൻഗണന.

  • ജനങ്ങളോടുള്ള വാഗ്ദാനം

ഇന്ത്യയിലെ മതേതരത്വം കാത്ത് സൂക്ഷിക്കാൻ വേണ്ടിയുള്ള സംഭാവന ഞങ്ങൾ അർപ്പിക്കും എന്നതാണ് പ്രധാനമായും പറയാനുള്ളത്. മറ്റൊന്ന് കേരളത്തിൽ യു.ഡി.എഫിന്റെ നയപരിപാടികൾ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകും. പാർലമെന്റിനകത്തും സംസ്ഥാന രാഷ്ട്രീയത്തിലുമൊക്കെ ഞങ്ങൾ ഭരണത്തെ വിമർശിച്ചും തിരുത്തിയും പ്രക്ഷോഭങ്ങൾ നടത്തിയും മുന്നോട്ടു പോകും. ജനങ്ങൾക്ക് വേണ്ടി ചെയ്യാവുന്ന കാര്യങ്ങളൊക്കെ ചെയ്യും. ഒരു സെക്ക്യുലർ ഇന്ത്യ അതിനു വേണ്ടി പ്രവർത്തിക്കുമെന്നാണ് ഞങ്ങൾക്ക് പ്രധാനമായും വാഗ്ദാനം ചെയ്യാനുള്ളത്.

  • സംസ്ഥാന, കേന്ദ്ര ഭരണങ്ങൾ ഉപതെരഞ്ഞെടുപ്പിൽ എങ്ങിനെയാണ് ചർച്ചയാകുന്നത്

ജനങ്ങൾ എങ്ങിനെ ചിന്തിക്കുന്നുവെന്ന് ഈ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അറിയാം. പൊലീസ് അതിക്രമങ്ങൾ അടക്കം ഇപ്പോൾ വന്നിരിക്കുന്ന എല്ലാ ഇഷ്യൂസിലും കേരള ഭരത്തിൽ ജനങ്ങളുടെ അസംതൃപ്തിയുണ്ട്. ഈ അസംതൃപ്തി തെരഞ്ഞെടുപ്പിൽ വ്യക്തമാവുക തന്നെ ചെയ്യും. കേന്ദ്രസർക്കാറിനെതിരെയുള്ള വിലയിരുത്തൽ കൂടിയാണ് ഈ തെരഞ്ഞൈടുപ്പ്. ബീഹാർ മോഡൽ ഒരു മതേതര ഐക്യം വരണം. അതിനുവേണ്ടി ബിജെപി നടത്തുന്ന ബീഫ് നരോധനം അടക്കമുള്ള വർഗീയ പ്രചാരണം ഞങ്ങൾ തുറന്നു കാണിക്കും. പാർലമെന്റിനകത്തും പുറത്തും ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായി നിലകൊള്ളും.

  • മുസ്ലിംലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി കൂടിയാണല്ലോ താങ്കൾ? ബിജെപിക്കെതിരെ ഏത് തരത്തിലുള്ള ബദൽ നീക്കങ്ങളാണ് നടത്താൻ ഉദ്ധേശിക്കുന്നത്.

ഓരോ സംസ്ഥാനങ്ങളിലും പോയി അവിടെയുള്ള മതേതര മുന്നണികളെ ശക്തിപ്പെടുത്താൻ എന്ത് ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യും. അതാണ് പാർട്ടി ചെയ്യുക. മതേതര നിലപാടിനോട് യോജിക്കാൻ കഴിയാവുന്നവരെയെല്ലാം യോജിപ്പിക്കും. തമിഴ്‌നാട്ടിൽ ഞങ്ങൾ ഡിഎംകെ മുന്നണിയിലാണ്. അതുപോലെ തന്നെ കോൺഗ്രസും മറ്റു സോഷ്യലിസ്റ്റ് കക്ഷികളും യോജിക്കുന്ന സ്ഥലത്ത് ഞങ്ങൾ അതിനെ ശക്തിപ്പെടുത്താൻ ശ്രമിക്കും. പിന്നെ, കേരളത്തിലെ കാര്യം വ്യത്യസ്തമാണ്. രണ്ട് മുന്നണികളും ബിജെപി വിരുദ്ധ മുന്നണികളാണ്. അത് കേരളത്തിലെ മാത്രം ഒരു കാര്യമാണ്. കേരളത്തിന് പുറത്ത് അതിന് പ്രസക്തിയില്ല.

  • പാണക്കാട് തങ്ങളെ യോഗിയുമായി താരതമ്യപ്പെടുത്തുന്ന തരത്തിലുള്ള കോടിയേരിയുടെ പ്രസ്താവനയെ എങ്ങിനെ കാണുന്നു

തങ്ങളെ ജനങ്ങൾക്കറിഞ്ഞൂടേ.., തങ്ങൾ കുടുംബം പൊതു ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നിറഞ്ഞു നിൽക്കുന്നവരല്ലേ. അവർ ഏതെങ്കിലും ഒരു സമുദായത്തിനെതിരെ പറയുമോ. പരമ്പരാഗതമായി സർവ്വമത മൈത്രിയുടെ ആളുകളല്ലേ തങ്ങന്മാർ. ഹിന്ദു മുസ്ലിം മൈത്രിയുടെ പ്രതീകങ്ങളാണ് തങ്ങന്മാരെല്ലാം. അവരും യോഗിയുമായി എങ്ങിനെയാണ് താരതമ്യം ചെയ്യുക. അത് വികലമായൊരു അഭിപ്രായമാണ്. 

  • താങ്കളുടെ നാമനിർദ്ദേശ പത്രികക്കെതിരെ ബിജെപി പരാതിയുമായി രംഗത്തു വന്നിരിക്കുകയാണല്ലോ. ഏത് രീതിയിലാണ് ഇതിനെ നേരിടുക?

അതിനെ നേരിടാൻ ഒന്നുമില്ല. അതിൽ ഒരു കാര്യവുമില്ല.റിട്ടേണിംങ് ഓഫീസർ പരിശോധിച്ച് തള്ളിക്കളഞ്ഞതാണ്. കേസ് കൊടുക്കാൻ ആർക്കും പറ്റുമല്ലോ. അതൊന്നും നിലനിൽക്കുന്ന കാര്യങ്ങളല്ല.

  • മുസ്ലിം വോട്ട് ഏകീകരിക്കുന്നുവെന്ന പ്രചരണത്തോട്

ഉമ്മൺചാണ്ടിയും രമേശ് ചെന്നിത്തലയും തുടങ്ങി സർവനേതാക്കന്മാരും യു.ഡി.എഫിനു വേണ്ടിയാണ് ഇവിടെ പ്രചാരണം നടത്തുന്നത്. ഈ പറയുന്നത് ഞങ്ങളുമായിട്ട് ബന്ധമില്ല. ഞങ്ങൾ കേരളത്തിലെ കേരളത്തിലേയും ഇന്ത്യയിലേയും പൊതു രാഷ്ട്രീയമാണ് പറയുന്നത്. അത് ബിജെപി നടത്തുന്ന ഒരു ഏർപ്പാടാണ്. ഇവിടെ അങ്ങിനെയൊരു ഏർപ്പാട് കേരളത്തിൽ വിലപ്പോവില്ല. അതിൽ ഒരു കാര്യവുമില്ല.

  • മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ചെറുപാർട്ടികൾ, വിവിധ മുസ്ലിം മത സംഘടനകൾ എന്നിവരുടെ പിന്തുണ തേടിയിരുന്നോ?

ഈ പാർട്ടികളെല്ലാം അവരുടെ നിലപാട് വ്യക്തമാക്കിയല്ലോ..പിന്നെ അതിൽ പ്രസക്തിയില്ല. സാമൂഹ്യ രാഷ്ട്രീയ മതകാര്യ സംഘടനകൾക്കൊക്കെ അവരുടേതായ നിലപാടുകളുണ്ട്. അതനുസരിച്ച് അവർ നീങ്ങട്ടേ, നിലപാടുകൾ പറയട്ടേ. വോട്ടർമാർ എന്ന നിലയിൽ എല്ലാ ജനങ്ങളോടും വോട്ടഭ്യർത്ഥിക്കും.

  • വോട്ടർമാരോട്

മതേതരത്തത്തിനും രാജ്യത്തെ നല്ലൊരു ശക്തിയാക്കുന്നതിനും എല്ലാവർക്കും പങ്കുള്ള ഒരു നല്ല ഭരണം ഉണ്ടാക്കുവാനും വോട്ട് ചെയ്യുക. കേരളത്തിലെ ഇപ്പോഴത്തെ ഗവൺമെന്റിന്റെ പോരായ്ക തിരുത്താൻ അവർക്കെതിരായി അസംതൃപ്തി പ്രകടിപ്പിക്കാൻ എല്ലാവരും കോണിയടയാളത്തിൽ വോട്ട് ചെയ്യുക എന്നതാണ് പറയാനുള്ളത്.

  • തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഈ നിമിഷത്തിലെ പ്രതീക്ഷകൾ എങ്ങിനെ, ഭൂരിപക്ഷത്തെ കുറിച്ച്.

ഒരുപാട് പ്രതീക്ഷയുണ്ട്. എന്തായാലും വലിയ ഭൂരിപക്ഷം ഉണ്ടാകും. എത്രയാണെന്നൊന്നും പറയുന്നില്ല, റെക്കോർഡ് ഭൂരിപക്ഷമുണ്ടാകും.