കൊച്ചി: വെള്ളാപ്പള്ളി നടേശൻ നേതൃതം നൽക്കുന്ന സമത്വമുന്നേറ്റ യാത്ര കാസർഗോഡു നിന്ന് ഇന്നാരംഭിക്കാനിരിക്കെ കേരള രാഷ്ട്രിയം വഴിമാറുമോ, വെള്ളാപ്പള്ളി ഉന്നയിക്കുന്ന ഹിന്ദു രാഷ്ട്രിയം പതറുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം. ഒരുപാടു പ്രതിസന്ധികളെല്ലാം തരണം ചെയ്തു തിരുവനന്തപുരത്തെത്താൻ തനിക്കും തന്റെ അനുയായികൾക്കും സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് വെള്ളാപ്പള്ളി നടേശൻ മറുനാടൻ മലയാളിയോട് മനസു തുറന്നത്.

ഇങ്ങനെ ഒരു രാഷ്ട്രിയപാർട്ടി പ്രഖ്യാപനത്തിനും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരു യാത്രക്കും പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെ ആയിരുന്നു?

ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ രണ്ടു വിഭാഗങ്ങളായി ജനങ്ങൾ നിലകൊള്ളുന്ന ഈ നാട്ടിൽ, ന്യുനപക്ഷത്തിനു കൊടുക്കുന്ന പരിഗണനയും പരിരക്ഷയും അവശത അനുഭവിക്കുന ഭുരിപക്ഷ വിഭാഗത്തിനും കൊടുക്കണമെന്ന ആശയമാണ്, നായാടി മുതൽ നമ്പൂതിരി വരെയുള്ളവരെ ഒരുമിപ്പിച്ചു മുന്നോട്ടു പോകാൻ ഒരുങ്ങുന്ന സമത്വ മുന്നണി മുന്നോട്ടു വയ്ക്കുന്നത്. ഈ സമത്വം സമൂഹത്തിനു വളരെ അനിവാര്യമായ കാലഘട്ടമാണിപ്പോൾ. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തോട് മാറി മാറി വരുന്ന ഇടതു വലതു സർക്കാരുകൾ നിരന്തരമായി കാണിച്ചത് അവഗണനയാണ്.

ഇതു ഹിന്ദുസമുദായം മാത്രമല്ല പറയുന്നത്. ഇതേ അഭിപ്രായം എ.കെ ആന്റണി പരസ്യമായി വർക്കലയിൽ വച്ചു പറഞ്ഞു. അതുപോലെ സി.പി ഐ യുടെ കാനം രാജേന്ദ്രനും ഇതേ അഭിപ്രായം പറയാൻ നിർബന്ധിതനായി. പക്ഷെ ഇതൊക്കെ പറച്ചിൽ മാത്രമാവുന്നു. സാമുഹികനിതി നടപ്പാക്കാനാണ് ഞങ്ങൾ പറയുന്നത്. സമൂഹ്യനിതി എന്നുവച്ചാൽ എല്ലാ സമുദായങ്ങൾക്കും തുല്യനിതി എന്നതാണ്. അതു കിട്ടണം. വിദ്യാഭാസ സാമ്പത്തിക മേഖലകളിൽ തുല്യപ്രാധാന്യം കിട്ടണം. ഇപ്പോഴത്തെ ബി.പി.എൽ കണക്കു നോക്കിയാൽ അറിയാൻ സാധിക്കും, മുസ്ലിം സമുദായം 12 ശതമാനവും ക്രിസ്ത്യൻ സമുദായം 9 ശതമാനവും ബി.പി.എൽ പട്ടികയിൽ വരുമ്പോൾ ഈഴവ സമുദായത്തിൽ ഏതാണ്ട് 52 ശതമാനവും പേർ ബി.പി എൽ ആണ് എന്നോർക്കണം ഇടതു- വലതു രാഷ്ട്രിയക്കാർ ഭരിച്ചുണ്ടാക്കിയതാണിത്. ഈ അസന്തുലിതാവസ്ഥ മാറാൻ ഒരു മുന്നണി ആവശ്യമാണ്.

യാത്രയും രാഷ്ട്രിയ രൂപീകരണവും പല വെല്ലുവിളികളും ഉയർത്തുന്നില്ലേ?

പല പാർട്ടികളും കേരളത്തിലുണ്ടായപ്പോൾ പലരും വെല്ലുവിളികളുയർത്തി അതിനെ നേരിടാൻ ശ്രമിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ഉണ്ടായപ്പോൾ പള്ളിയെ തള്ളി പറഞ്ഞാൽ ഞങ്ങൾ വരാം, നിങ്ങളെ കൂട്ടാമെന്നു പറഞ്ഞവരുണ്ട് . മുസ്ലിം ലീഗ് പാർട്ടി ഉണ്ടാക്കിയപ്പോൾ ചത്ത കുതിരയാണെന്നു പറഞ്ഞ കോൺഗ്രസ് നേതാക്കന്മാരുണ്ട് എന്നിട്ടും ഇവരെല്ലാം ഒരുപാടു പോരാടി ത്യാഗം ചെയ്ത് ആളുകളെ സംഘടിപ്പിച്ച് അധികാരത്തിലെത്തിയപ്പോൾ പല നേട്ടങ്ങൾ അവരുടെ സമുദായങ്ങൾക്ക് നേടിക്കൊടുക്കാൻ സാധിച്ചു. ഈയൊരു തിരിച്ചറിവാണു ഭുരിപക്ഷ സമുദായത്തിനു സ്വന്തമായി നിലനിൽക്കാൻ ഒരു രാഷ്ട്രിയ പാർട്ടി വേണമെന്ന തിരുമാനത്തിലെത്തിച്ചത്. അതുകൊണ്ട് വെല്ലുവിളികളെ ഞങ്ങൾ ഭയക്കുന്നില്ല.

ബിജെപി യുമായി സഹകരിച്ചു പോകാനാണോ സമത്വ മുന്നണി ലക്ഷ്യം വയ്ക്കുന്നത്?

ആരുമായും സഹകരിച്ചു പോവും , ഞങ്ങൾക്ക് ആരുമായും ഒരു വിരോധവുമില്ല, മറിച്ച് എല്ലാ പാർട്ടികളോടും സ്‌നേഹവും ബഹുമാനവുമുണ്ട്. അതുപോലെ തിരിച്ചു സ്‌നേഹം കിട്ടുന്ന ആരോടും ഞങ്ങൾക്കും സ്‌നേഹമായിരിക്കും.

എൻ.എസ്.എസുമായി വീണ്ടും ചർച്ചകളുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. സുകുമാരൻ നായരുമായി തുടർ ചർച്ചകൾ ഉണ്ടാകുമോ?

എൻ.എസ് എസും സുകുമാരൻ നായരും സഹകരിക്കാതെ പിൻതിരിഞ്ഞു നിൽക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ അനുയായികളും അണികളുമെല്ലാം മുഖ്യധാരയിൽ ഞങ്ങളോട് ഒത്തുചേർന്നു നില്ക്കുന്നുവെന്നുള്ളതാണ് സത്യം. സുകുമാരൻ നായർ എന്നു വരുന്നുവോ അന്നു ചർച്ചകളുമായി മുന്നോട്ടു പോകുകയും ചെയ്യും.

നായാടി മുതൽ നമ്പൂതിരി വരെയുള്ള സമുദായങ്ങൾ ഒന്നിക്കുന്നു എന്ന ഈ ആശയം മുന്നോട്ടു വച്ചപ്പോൾ തന്നെ തങ്ങൾക്കെതിരെ ഇതിനോടൊപ്പം പല ആരോപണങ്ങളും ഉയർന്നു വന്നിരുന്നു, അതിന്റെ കാരണമെന്താണ് ?

ഇടതുപക്ഷമാണ് വാളോങ്ങി മുന്നോട്ടുവന്നത്. അതു ചെയ്യാതെ അവർക്ക് തരമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി തുടങ്ങിയപ്പോൾ മുതൽ അവരുടെ ജനകിയ അടിത്തറ ഹിന്ദുക്കളാണ്. പ്രത്യേകിച്ചു പട്ടികജാതി, പട്ടികവർഗവിഭാഗക്കാരാണ്. ഇത് പൊഴിഞ്ഞു പോകുമെന്നു ഭയന്നാണ് ഈ കളികൾ. എന്നെ വേട്ടയാടാൻ പാർട്ടിയും അച്ചുതാനന്ദൻ സഖാവും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മൈക്രോ ഫിനാൻസ് അഴിമതിയാണെന്ന് അച്ചുതാനന്ദൻ പറഞ്ഞത് അദ്ദേഹത്തിന് ആ സംവിധാനത്തേക്കുറിച്ച് അറിയാത്തതു കൊണ്ടാണ്. ഈ സമുദായങ്ങൾ പട്ടിണി കിടന്നാൽ മാത്രമേ ഇവർക്കു വോട്ടു ചെയ്യാനും കീ ജയ് വിളിക്കാനും ആളെ കിട്ടു.

അടുത്ത ആരോപണം വിദ്യാഭ്യാസ മേഖലയാണ്. എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യുടെയും കണക്കുകൾ ചോദ്യം ചെയ്യാൻ അച്ചുതാനന്ദൻ ആവേശം കാണിക്കുമ്പോൾ എന്തുകൊണ്ട് എൻ.എസ്.എസിന്റെയോ മുസ്ലിം മാനേജ്‌മെന്റിന്റെയോ ക്രിസ്ത്യൻ സമുദായത്തിന്റെയോ കാര്യത്തിൽ ഇത്രകണ്ട് ആവേശം കാണിക്കുന്നില്ല. എസ്.എൻ ട്രസ്റ്റിന്റെ കിഴിലുള്ള എല്ലാ വിദ്യാഭാസസ്ഥാപനങ്ങളും പി.എസ് സിക്കു വിട്ടുകൊടുക്കാൻ ഞങ്ങൾ തയാറാണ്. ബാക്കിയുള്ളവർ തയാറാകുമോയെന്ന് ധൈര്യം ഉണ്ടെങ്കിൽ അച്ചുതാനന്ദൻ അന്വേഷിക്കട്ടെ. അത് പറയിപ്പിക്കാൻ അച്ചുതാനന്ദനോ ഇടതുപക്ഷത്തിനോ സാധിക്കുമോ? ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന നിലപാടാണ് ഇടതുപക്ഷം സ്വികരിക്കുന്നത്.

സമത്വ മുന്നേറ്റ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ പോസ്റ്ററിൽ പല സ്ഥലങ്ങളിലും എന്റെ തല വെട്ടിക്കളഞ്ഞു. എന്റെ തലക്ക് ഇത്രയും വിലയുണ്ടെന്ന് ഞാൻ ഇപ്പോഴാണ് മനസിലാക്കിയത് . ആശയത്തെ ആശയം കൊണ്ട് നേരിടണം. അല്ലാതെ ആയുധം ഉപയോഗിക്കുകയല്ല വേണ്ടതെന്നു കമ്മ്യൂണിസ്റ്റ് പാർട്ടി ഇനിയെങ്കിലും മനസിലാക്കണം. സമത്വ മുന്നണി യാത്രയിൽ ആളു വരാതിരിക്കാനും അതിനെ തടയാനും തകർക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സമത്വ യാത്രക്ക് ബദലായി തെക്കുനിന്നും വടക്കുനിന്നും മതേതര ജാഥയെന്നു പറഞ്ഞു സിപിഎമ്മും ജാഥ നടത്തുന്നുണ്ട്. പക്ഷേ, ഇതിൽ പ്രദർശിപ്പിക്കുന്ന ഫോട്ടോകൾ ഹിന്ദു ആചാര്യന്മാരുടെയും ഹിന്ദുസന്യാസിമാരുടെയുമാണെന്നതാണ് തമാശ.

ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി കല്ലെറിയുന്ന ശൈലിയാണ് ഇടതുപക്ഷം ഇപ്പോൾ എനിക്കെതിരെ സ്വികരിച്ചിരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും; പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല. ഈ യാത്ര തിരുവനന്തപുരത്തെത്തുന്നതു വരെ എന്തു പ്രതിബന്ധവും നേരിടാൻ ഞാനും ഹിന്ദുസമൂഹവും ഒരുക്കമാണ്.