തൃശൂർ:''ജീൻസ് ഇത്ര മോശം വേഷമാണെന്ന് എനിക്ക് ബോധ്യപ്പെട്ടത് ഇപ്പോഴാണ്. എന്താണതിന്റെ യുക്തിയെന്ന് പക്ഷെ ഇപ്പോഴും മനസിലാകുന്നില്ല.''ജീൻസ് ധരിക്കുന്നതിന്റെ പേരിൽ തങ്ങളുടെ കോളേജിലേക്ക് വരരുതെന്ന് ''സ്‌നേഹപൂർവ്വമുള്ള''വിലക്ക് നേരിട്ട വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സീമ സുരേഷ് സംഭവത്തെ കുറിച്ച് മറുനാടൻ മലയാളിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്. പെരുമ്പിലാവിൽ ജമാഅത്ത് ഇസ്ലാമിയുമായി ബന്ധമുള്ളവരുടെ നിയന്ത്രണത്തിലുള്ള അൻസാർ വനിതാ കോളേജിൽ നിന്നാണ് കേരളത്തിലെ തന്നെ പ്രശസ്തയായ വനിത ഫോട്ടോഗ്രാഫർക്ക് ഈ അപമാനം നേരിട്ടത്. ഫോട്ടോഗ്രാഫിയിലെ ആൺകോയ്മയെ മറികടന്ന് തന്റെ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച് സീമയ്ക്ക് തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നത് പോലുള്ള അനുഭവമായിരുന്നു അൻസാർ കോളേജിൽ നിന്നും ഉണ്ടായത്. 

'ഞങ്ങളുടെ കോളേജിൽ വരുമ്പോൾ വസ്ത്രധാരണത്തിൽ ചില മര്യാദകൾ ഒക്കെ പാലിക്കണമെന്നായിരുന്നു ക്ലാസെടുക്കാൻ ക്ഷണിച്ച ശേഷം കോളെജ് അധികൃതർ തന്നോട് പറഞ്ഞതെന്ന് സീമ വ്യക്തമാക്കുന്നു. അൻസാർ കോളെജിലുള്ള തന്റെ ഒരു സുഹൃത്താണ് ഫോട്ടോഗ്രഫിയെ പറ്റിയും, കാടിനെ പറ്റിയും ക്ലാസ്സ് എടുക്കാനായി പെരുമ്പിലാവിലെ കോളേജിലേക്ക് ക്ഷണിച്ചത്. ഇതിന് മുൻപും നിരവധി സ്‌കൂളുകളിലും കോളേജുകളിലും ഇത്തരത്തിലുള്ള ക്ലാസ്സ് എടുത്തിട്ടുള്ളതുകൊണ്ടാണ് വരാമെന്ന് ഏറ്റത്. കൂട്ടത്തിൽ അവിടുത്തെ കുട്ടികൾ എടുത്ത ഫോട്ടോയുടെ പ്രദർശനവും മാർക്കിടലും. ഒഴിവുള്ള ദിവസമായ ജൂലൈ 14 നായതുകൊണ്ട് കണ്ണും പൂട്ടി സമ്മതിക്കുകയാിരുന്നു. എന്നാൽ അൽപ സമയം കഴിഞ്ഞപ്പോഴാണ് കോളെജിലെ വൈസ് പ്രിൻസിപ്പൽ തന്നെ വിളിച്ച് ഏത് വസ്ത്രം ധരിച്ചാണ് കോളെജിൽ വരികയെന്ന് ചോദിച്ചത്.

സാധാരണ ക്ലാസ് എടുക്കാൻ പോകുമ്പോൾ ഐഡൻഡിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ജീൻസും ഫുൾ സ്ലീവ് ടീഷർട്ടും ഒവർകോട്ടും ധരിച്ചാണ് വരികയെന്ന് അവരോട് പറഞ്ഞു. എന്നാൽ തീർത്തും മതപരമായ ഒരു കോളേജ് ആയതിനാൽ ജീൻസ് ധരിക്കുന്നതിൽ നിന്ന് ഒഴിവാകണമെന്നായിരുന്നു അവരുടെ ആവശ്യം. ചുരിദാറോ സാരിയോ ധരിച്ച് കോളേജിൽ വരണമെന്ന വൈസ് പ്രിൻസിപ്പലിന്റെ നിർബന്ധത്തിന് വഴങ്ങാൻ എന്തായാലും താൻ തയ്യാറല്ലെന്ന് അവരോട് തന്നെ നേരിട്ട് പറഞ്ഞു. പിന്നേയും അവർ വിളിച്ച് എങ്ങിനെ എങ്കിലും എത്തണമെന്നും തങ്ങളുടെ കോളേജിന് ചേർന്ന വസ്ത്രം ധരിക്കണമെന്നും അഭ്യർത്ഥിച്ചു. അവർ അവരുടെ നിലപാടിൽ ഉറച്ച് നിന്നപോൾ താൻ തന്റെ നിലപാട് ആവർത്തിച്ചു. എനിക്ക് വ്യക്തിത്വം പണയം വച്ച് എവിടേയും വരേണ്ടെന്ന് പറഞ്ഞ് നിങ്ങളുടെ നിലപാടിനേ അംഗീകരിച്ച് തന്നെ പരിപാടി ക്യാൻസൽ ചെയ്യാൻ ആവശ്യപ്പെടുകയാണുണ്ടായതെന്ന് സീമ സുരേഷ് പറഞ്ഞു.

ജീൻസ് എങ്ങിനെയാണ് ഒരു മോശം വസ്ത്രമാകുന്നത്. ഞാൻ ശരീരഭാഗം ഭാഗീകമായി പുറത്ത് കാണിച്ചല്ലലോ അവിടെ പോകുന്നത്. ഒരു ജനപ്രതിനിധിയോ സെലിബ്രെറ്റിയോ ഇത്തരത്തിലുള്ള വേഷം ധരിച്ച് കോളേജിൽ വന്നാൽ അവരുടെ മുൻപിലും മാനേജ്‌മെന്റ് വാതിലടക്കുമോ എന്നും സീമ ചോദിക്കുന്നു. വിഷയം ഭർത്താവിനോട് പറഞ്ഞപ്പോൾ തികച്ചും സങ്കുചിതമായ വിഷയമായതിനാൽ പ്രശ്‌നം പുറത്തായാൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് അദ്ദേഹവും പറഞ്ഞത്. അതുകൊണ്ട് സുഹൃത്തുക്കളോട് പോലും ഇത്തരമൊരു വിഷയം നടന്ന കാര്യം പറഞ്ഞില്ല.

കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും ഒരു മാദ്ധ്യമപ്രവർത്തകൻ വിളിച്ച് ചോദിച്ചപ്പോഴാണ് സംഭവം പുറത്തായത് താനുമറിഞ്ഞത്. സത്യം പറയാൻ ബാധ്യതയുള്ളതുകൊണ്ട് തുറന്നുപറഞ്ഞു എന്ന് മാത്രം. അതുകൊണ്ട് ആ കോളേജിനോട് തനിക്ക് എന്തെങ്കിലും വൈരാഗ്യമുള്ളതായി കരുതരുതെന്നും സീമ സുരേഷ് വ്യക്തമാക്കി. അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഭരണഘടന നൽകിയ നാട്ടിൽ ഇത്തരം സംഭവങ്ങൾ നാണക്കേടാണെന്ന് തന്നെയാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ നിരവധി പുരസ്‌കാരങ്ങൾ ഉൾപ്പെടെ നേടിയ സീമയുടെ നിലപാട്. സംഭവത്തെക്കുറിച്ചുള്ള വിശദീകരിച്ച കോളേജ് പ്രിൻസപ്പൽ സീമയെ തങ്ങൾ ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നില്ല എന്നാണ് ഇന്നലെ പറഞ്ഞത്. എന്നാൽ സന്ദർശകരുടെയും വസ്ത്രധാരണം തങ്ങൾ കണക്കിലെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്തെ കാക്കനാടാണ് സീമ സുരേഷിന്റെ താമസം. ഫോട്ടോഗ്രാഫറായ സുരേഷാണ് ഭർത്താവ്. കർഷകനായ പിതാവ് മോഹനൻ കെ പണിക്കരും, മാതാവ് സിന്ധു മോഹനും തന്നെയാണ് സീമയുടെ ഫോട്ടോഗ്രാഫി കമ്പത്തിന് എല്ലാ പ്രോത്സാഹനവും നൽകിയതത്. ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ സീമ പോയത് മാദ്ധ്യമപ്രവർത്തകയാവാനാണ്. അവിടെനിന്നു ഫോട്ടോഗ്രഫിയിലേക്കു വന്നത് എൻ എ നസീർ സംഘടിപ്പിച്ച വൈൽഡ് ഫോട്ടോഗ്രഫി ക്യാമ്പിലൂടെയാണ്.

തന്റെ ഫോട്ടോഗ്രാഫി അനുഭവങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകാനായി കുസാറ്റ്, കോട്ടയം സിഎംഎസ് കോളജ് തുടങ്ങി ഒട്ടേറെ കലാലയങ്ങളിൽ ഫോട്ടോഗ്രാഫി വർക്ക് ഷോപ്പുകൾക്കു നേതൃത്വം നൽകിയിട്ടുണ്ട് ഇവർ. ഒട്ടേറെ വനിതകളെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലേക്ക് ആകർഷിക്കാനും സീമയ്ക്കായിട്ടുണ്ട്. കരിമ്പുലിയും പീലിവിടർത്തിയ മയിലും അടക്കമുള്ള കാനന ജീവികളുടെ ചിത്രങ്ങൾ കൂടാതെ കാടിന്റെ നിഗൂഢഭംഗിയുടെ ചിത്രങ്ങളും പകർത്താൻ സീമ സുരേഷിന് സാധിച്ചിട്ടുണ്ട്. വേറിട്ട വഴയിലൂടെയുള്ള സാഞ്ചാരത്തിന് ഇടയാണ് ഇവർ ജീൻസിന്റെ പേരിൽ വിവാദത്തിൽ ചാടിയിരിക്കുന്നതും.

സീമാ സുരേഷ് പകർത്തിയ ചിത്രങ്ങളിൽ ചിലത് ചുവടേ: