- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടവുകൾ സീരിയലിൽ ആദ്യമായി വൃദ്ധനായി അഭിനയിച്ചു ശേഷം വൃദ്ധകഥാപാത്രങ്ങളിൽ നിന്നും എനിക്കൊരു മോചനമുണ്ടായിട്ടില്ല; മമ്മൂട്ടി ഞാൻ കണ്ടതിൽ ഏറ്റവും ശുദ്ധനും മാതൃകയും; ശ്രീകുമാരൻതമ്പി തന്റെ പേര് കണ്ട് പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്; യവനികയ്ക്ക് പുറത്തെ ജീവിതം പറഞ്ഞ് യവനിക ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ദൂരദർശൻ കാലം മുതൽ മിനിസ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് യവനിക ഗോപാലകൃഷ്ണൻ. നാടകരംഗത്തിലൂടെ മിനിസ്‌ക്രീനിലും പിന്നെ വെള്ളിത്തിരയിലും സാന്നിദ്ധ്യമറിയിച്ച അദ്ദേഹത്തിന് ചെറുപ്പകാലം മുതൽ തന്നെ വൃദ്ധ വേഷങ്ങൾ അണിയേണ്ടിവന്നു. സാത്വികനായ മാഷും അച്ഛൻ വേഷങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം വേഷങ്ങൾ. എവിടെ സാത്വികനായ മാഷ് കഥാപാത്രം ഉണ്ടെങ്കിലും അത് തനിക്ക് വരുമായിരുന്നെന്ന് യവനിക ഗോപാലകൃഷ്ണൻ പറയുന്നു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതോടെ ഇനി മാഷിന്റെ വേഷം ചെയ്യില്ലെന്ന് തീരുമാനിച്ചെന്നും സിനിമാത്തെക്കിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
തന്റെ ആദ്യ സീരിയലുകളിലൊന്നായ പടവുകൾ മുതലാണ് വൃദ്ധൻവേഷങ്ങൾ ആരംഭിച്ചത്. ആദ്യം തനിക്ക് ലഭിച്ചത് മറ്റൊരു വേഷമായിരുന്നു. പക്ഷെ എംഎസ് തൃപ്പൂണിത്തുറ അവതരിപ്പിക്കാനിരുന്ന കഥാപാത്രം അവസാനനിമിഷം താൻ ചെയ്യേണ്ടി വരുകയായിരുന്നു. ആ വേഷം ഹിറ്റായതോടെ പിന്നെ അതേ വേഷങ്ങൾ തന്നെ തേടിവരാൻ തുടങ്ങി. അങ്ങനെയാണ് വളരെ ചെറിയപ്രായത്തിൽ തന്നെ തല നരപ്പിച്ച് പ്രായമായ അച്ഛൻ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത്.
സിനിമാ- സീരിയൽ രംഗങ്ങളിൽ സാമ്പത്തികകഷ്ടപ്പാടുകൾ അനുഭവിക്കുന്ന നിരവധി കലാകാരന്മാരുണ്ടെന്നും അവരെ പുറത്താരും അറിയാറില്ലെന്നും അദ്ദേഹം പറയുന്നു. അത്തരക്കാരെ അമ്മയും ആത്മയും സഹായിക്കാറുണ്ട്. ഇത്തരത്തിൽ ഒരുപാട് നന്മകൾ ഈ മേഖലയിൽ നടക്കുന്നുണ്ട്. എന്നാൽ ഇതാരും അറിയുന്നില്ല.
താൻ കണ്ടതില് ഏറ്റവും ശുദ്ധനായ മനുഷ്യൻ മമ്മൂട്ടിയാണെന്നും യവനിക ഗോപാലകൃഷ്ണൻ അഭിമുഖത്തിൽ പറയുന്നു. താൻ എല്ലാ ദിവസവും എഴുന്നേറ്റാൽ ആദ്യം ഗുഡ് മോർണിങ് അയയ്ക്കുന്നത് മമ്മൂട്ടിക്കാണ്. അതിനെല്ലാം അദ്ദേഹം മറുപടി നൽകാറുമുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു. സീരിയൽ വിട്ട് സിനിമ നോക്കാൻ മമ്മുക്ക പലപ്പോഴും തന്നെ ഉപദേശിച്ചിട്ടുണ്ട്. സിനിമാമേഖലയിലുള്ളവരെ ജീവിതത്തിൽ രക്ഷപ്പെടുത്താൻ അദ്ദേഹം പ്രത്യേകതാൽപര്യമെടുക്കുന്നത് താൻ കണ്ടിട്ടുണ്ട്. അദ്ദേഹം കാരണം രക്ഷപ്പെട്ട ഒരുപാട് ആർട്ടിസ്റ്റുകൾ ഇൻഡസ്ട്രിയിലുണ്ട്. സീരിയലുകൾ കണ്ട് അഭിപ്രായം പറയാൻ അദ്ദേഹം മടി കാണിക്കാറില്ല. ദൂരദർശനിലെ സീരിയലുകൾ വരെ അദ്ദേഹം കാണാറുണ്ടെന്നും യവനിക പറയുന്നു.
വിശേഷദിവസങ്ങളിൽ താൻ ആശംസകൾ അയയ്ക്കുന്നതിന് മുമ്പ് മമ്മുക്കയുടെ ആശംസമെസേജുകൾ തനിക്ക് വരാറുണ്ട്. ബന്ധങ്ങൾ നിലനിർത്തുന്നകാര്യത്തിൽ മമ്മൂട്ടി ഒരു മാതൃകയാണ് മമ്മൂട്ടിയുടെ മാനേജർ ജോർജും അങ്ങനെതന്നെയെന്നാണ് യവനിക ഗോപാലകൃഷ്ണന്റെ അഭിപ്രായം.
തന്നെകാണാൻ കെഎം മാണിയെ പോലുണ്ടെന്ന് ജയറാം പറഞ്ഞിട്ടുണ്ട്. കുറച്ചുകാലം മുമ്പ് 'ഇവർ' എന്ന സിനിമയിൽ ജുബ്ബയൊക്കെയിട്ട് ഒരു രാഷ്ട്രീയക്കാരനായി വന്നപ്പോഴാണത്. യവനിക ഗോപാലകൃഷ്ണൻ എന്ന പേര് കണ്ട് സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ചവരുമുണ്ട്. ദൂരദർശനിൽ ടൈറ്റിൽ കാർഡിൽ പേര് കാണുമ്പോൾ ഏതെങ്കിലും പെൺകുട്ടിയായിരിക്കുമെന്ന് കരുതിയിട്ടുണ്ടെന്ന് ശ്രീകുമാരൻ തമ്പിയും പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം സിനിമാത്തെക്കിനോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ