ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും കോൺഗ്രസിലെ പ്രശ്‌നങ്ങൾ തീർന്നിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടുകയും ചെയ്തു. എന്നാൽ കോൺഗ്രസിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്ന സീറ്റുകളെ ചൊല്ലിയുള്ള തർക്കങ്ങൾക്കും വിവാദങ്ങൾക്കും മാത്രം അറുതിയായിട്ടില്ല. തൃശ്ശൂർ, ചാലക്കുടി, ഇടുക്കി മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നതാണ് കോൺഗ്രസിൽ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. കസ്തൂരിരംഗൻ റിപ്പോർട്ട് സജീവമായി ചർച്ച ചെയ്യുകയും കത്തോലിക്കാ സഭയുടെ രോഷം ഭയന്ന് സിറ്റിങ് എംപി പി ടി തോമസിനെ മാറ്റി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിനെ മത്സരിപ്പിക്കുകയും ചെയ്ത മണ്ഡലമാണ് ഇടുക്കി.

ഈ മണ്ഡലത്തിൽ ഡീൻ കുര്യാക്കോസിന് ഇടതു സ്വതന്ത്രൻ ജോയിസ് ജോർജ്ജിൽ നിന്നും പരാജയം നേരിട്ടത് കോൺഗ്രസുകാർ തന്നെ കാലുവാരിയതു കൊണ്ടാണെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എന്നാൽ പരസ്യ പ്രതികരണത്തിന് നിൽക്കാതെ കെപിസിസി പ്രസിഡന്റിനോട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കയാണ് ഡീൻ കുര്യാക്കോസ്. പ്രചരണ വേളയിൽ തൃത്താല എംഎൽഎ വി ടി ബൽറാം നടത്തിയ നികൃഷ്ട ജീവി പ്രയോഗം ഏറെ വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ബൽറാമിന്റെ ഈ പ്രയോഗം തന്റെ തോൽവിയുടെ കാരണങ്ങളിൽ ഒന്നുമാത്രമാണെന്ന് ഡീൻ കുര്യക്കോസ് മറുനാടൻ മലയാളിയോട് പറഞ്ഞു. പി ടി തോമസ് പ്രചരണത്തിന് ഇടുക്കിയിൽ എത്താത്തത് തോൽവിക്ക് ഇടയാക്കിയെന്ന ആരോപണത്തിൽ അർത്ഥമില്ലെന്നും അദ്ദേഹം മറുനാടൻ ലേഖകൻ ബേസിൽ നെല്ലിമറ്റത്തോട് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ഡീൻ കൂര്യക്കോസ് മറുനാടന് നൽകിയ അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്ക്..

  • ഇടുക്കിയിൽ കോൺഗ്രസ് തോറ്റതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്നാണ് താങ്കളുടെ വിലയിരുത്തൽ?


ഇടുക്കിയിലെ തോൽവിയെ സംബന്ധിച്ച് പഠിക്കുവാൻ ഒരു അന്വേഷണ കമ്മീഷനെ കെപിസിസി നിയോഗിച്ചിട്ടുണ്ട്. അവരുടെ സിറ്റിംഗുകൾ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇതേക്കുറിച്ച് കാര്യമായ പ്രതികരണത്തിന് ഞാൻ ഇപ്പോൾ തയ്യാറാകുന്നില്ല. സിറ്റിംഗിന് ശേഷം മാത്രമേ തോൽവിയുടെ കാരണങ്ങളെ കുറിച്ച് പറയുവാൻ സാധിക്കുകയുള്ളൂ.

  • തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വേളയിൽ വി ടി ബൽറാം എംഎൽഎ നടത്തിയ 'നികൃഷ്ട ജീവിജീവി' പ്രയോഗം ഏറെ ചർച്ചയായിരുന്നല്ലോ? ഇത് തോൽവിക്ക് കാരണമായി കാണുവാൻ സാധിക്കുമോ?


ബൽറാമിന്റെ നികൃഷ്ടജീവി പ്രയോഗം തോൽവിയുടെ കാരണങ്ങളിൽ ഒന്നു മാത്രമാണ്. തിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന സമയത്ത് അങ്ങനെയൊരു പ്രസ്താവന ഉണ്ടായത് ദോഷകരമായി ബാധിച്ചു.

  • എന്തുകൊണ്ട് ബൽറാമിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പ്രയോഗം സംഭവിച്ചു?


കേരളത്തിൽ അറിയപ്പെടുന്ന ഒരു നേതാവ് എന്ന നിലക്ക് അദ്ദേഹം ഇതു പോലെ ഒരു വിവാദ പ്രസ്താവന നടത്തുമ്പോൾ രണ്ടുതവണ ആലോചിക്കേണ്ടാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനു മുമ്പാകെ ധാരാളം ആളുകൾ പരാതി ബോധിപ്പിച്ചിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.

  • കെപിസിസി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ അതിൽ പരാമർശിക്കുന്ന ആളുകൾക്കെതിരെ നടപടി ഉണ്ടാകുമോ? അതോ അതു വെറും പ്രസഹനമായി മാറുമോ?


അങ്ങനെ സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. കാരണം ഇതൊരു പാർലമെന്റ് തിരഞ്ഞെടുപ്പ് ആണ്. പാർട്ടിയെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പിന് വളരെ ഏറെ പ്രാധാന്യം ഉണ്ടായിരുന്നു. ദേശീയ തലത്തിൽ ഒരു മതേതര ജനാധിപത്യ ഗവന്മെന്റ് ഉണ്ടാവുന്നതിന് വേണ്ടി പാർട്ടി ഒറ്റക്കെട്ടായി നേരിട്ട ഒരു തിരഞ്ഞൈടുപ്പാണ് നടന്നത്. അങ്ങനെയൊരു തിരഞ്ഞെടുപ്പിൽ വീഴ്ച വന്നതിനെ ഗൗരവപൂർവ്വം ഹൈക്കമാന്റ് ഉൾപ്പെടെയുള്ളവർ കാണും. വിജയിക്കാവുന്നതിന്റെ സാഹചര്യങ്ങൾ അട്ടിമറിക്കപ്പെട്ടതിന്റെ കാരണങ്ങൾ കണ്ടെത്തുകയും അവർക്കെതിരെ നടപടി ഉണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. സംഘടനാ തലത്തിൽ താഴെത്തട്ടുമുതൽ പാളിച്ചകൾ ഉണ്ടായതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. വെറുമൊരു റിപ്പോർട്ടായി ഇതിനെ തള്ളിക്കളയാതെ കൃത്യമായി നടപടി എടുക്കേണ്ട സാഹചര്യത്തിൽ ഉണ്ടെങ്കിൽ അതുചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

  • ഇടുക്കിയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് വ്യത്യാസമെന്ന താങ്കൾക്കെതിരെ അണിനിരക്കുവാൻ ഉണ്ടായ കാരണം?

അതിനെക്കുറിച്ചൊന്നും ഞാൻ പ്രതികരിക്കുന്നില്ല. കാരണം എന്തുതന്നെ ആയാലും അത് അന്വേഷണ സമിതി കണ്ടെത്തും എന്ന പൂർണ്ണ പ്രതീക്ഷയിലാണ് ഞാൻ. ഒരുപാട് പരാതികളും പരിഭവങ്ങളും കമ്മീഷൻ മുമ്പാകെ വരുന്നുണ്ട്. പലതരത്തിൽ പ്രതീക്ഷിക്കാത്ത പ്രവർത്തനങ്ങൾ ഉണ്ടായതിനെ സംബന്ധിച്ച് പ്രത്യേകിച്ച് സാധാരണക്കാരായ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് പരാതികൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം അവർ അന്വേഷണ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

  • എന്തുകൊണ്ടാണ് പി ടി തോമസ് തോമസ് ഇലക്ഷൻ പ്രചരണരംഗത്ത് നിന്നും വിട്ടു നിന്നത്? പി ടി മാറി നിന്നത് തോൽവിക്ക് കാരണമായെന്ന ആരോപണമുണ്ടല്ലോ?


തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം പി ടി തോമസ് എംപിയാണെന്ന് ആക്ഷേപിക്കുന്നതിൽ അർത്ഥമില്ല. അദ്ദേഹം സിറ്റിങ് എംപി ആയിരുന്ന സ്ഥലമാണ് ഇടുക്കി. പി ടി തോമസിനെ മാറ്റി നിർത്തിയത് എന്തിനാണ് എന്നതിനെ കുറിച്ചൊന്നും ഞാൻ പറയുന്നില്ല. പി ടി യെ മാറ്റിയതാണ് തോൽവിക്ക് കാരണമെന്ന് ആരോപിക്കുന്നതിലും കാര്യമില്ല. സ്ഥാനാർത്ഥിയായത് പി.ടി.തോമസ് അല്ല ഞാനാണ്. ഒരാൾ സ്ഥനാർത്ഥിയായി കഴിഞ്ഞാൽ ആ സ്ഥാനാർത്ഥിക്കാണ് തിരഞ്ഞെടുപ്പിൽ പ്രാധാന്യം. യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുമ്പോൾ യുഡിഎഫിന്റെ നയങ്ങളും നിലപാടുകളും വിശദീകരിച്ചുകൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. കസ്തൂരിരംഗൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്തി. എനിക്ക് വോട്ട് ചെയ്യുന്ന ആളുകൾ അല്ലെങ്കിൽ ഞാൻ വിജയിക്കണമെന്ന് വിചാരിച്ച് എന്നോടൊപ്പം നിൽക്കുന്ന ആളുകളോടൊള്ള അവഹേളനമായിരിക്കും ഈ വിവാദം.

  • സോഷ്യൽ മീഡിയാസിലൂടെയുള്ള പ്രചരണം വിപരീത ഫലം ഉളവാക്കിയെന്ന് തോന്നുന്നുണ്ടോ?

ഒരിക്കലും ഇല്ല. സോഷ്യൽ മീഡിയയിലൂടെ എനിക്ക് തിരഞ്ഞെടുപ്പിന് മികച്ച പിൻതുണയാണ് ലഭിച്ചത്.

  • മികച്ച എംപി ഫ്രാൻസിസ് ജോർജ് ആണെന്നുള്ള പ്രസ്താവനയും ജോയിസ് ജോർജിന്റെ പ്രസ്താവനയും ജോസഫ് ഗ്രൂപ്പിൽ നിന്നുണ്ടായ വോട്ട് ചോർച്ചയും തമ്മിൽ താരതമ്യപ്പെടുത്താം?


ഒരുപാട് നെഗറ്റീവ് രാഷ്ട്രീയം വിജയിച്ചിട്ടുള്ള ഒരു പാർലമെന്റ് മണ്ഡലമാണ് ഇടുക്കി. ഹൈറെഞ്ച് സംരക്ഷണ സമിതിയും ഇടതുപക്ഷവും കൂട്ടുചേർന്നുള്ള ഒരു നെഗറ്റീവ് രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. ജോയിസ് ജോർജിന്റെ സ്ഥാനാർത്ഥിത്വം താൻ സ്വാതന്ത്ര്യ നിലപാടുള്ള ഹൈറെഞ്ച് സംരക്ഷണസമിതിയുടെ സ്ഥാനാർത്ഥിയാണെന്ന പറഞ്ഞു കൊണ്ടായിരുന്നു. ഇത് ജോയ്‌സിന് ഒരുപാട് യുഡിഎഫ് വോട്ട് അനുകൂലമാക്കി മാറ്റുവാൻ സാധിച്ചു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം പാർലമെന്റിലെത്തിയ ജോയ്‌സ് ഇപ്പോൾ ഇടതു പക്ഷത്തിന്റെ പാർലമെന്ററി പാർട്ടിയുടെ അംഗത്വത്തെപ്പോലെയാണ് പെരുമാറുന്നത്.

  • ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രവാസി വോട്ട് പ്രാബല്യത്തിൽ വരും. അതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ വോട്ട് ഏകോപിപ്പുക്കുവാൻ യൂത്ത് കോൺഗ്രസിന്റെ ഒരു യുവജനസംഘടന ഇന്ത്യക്ക് പുറത്ത് തുടങ്ങിക്കൂടെ?


ഇത് നല്ലൊരു ആശയമാണ് ചെറുപ്പക്കാരുടെ സംഘടനാ പ്രവർത്തനം അത് അനിവാര്യമാണ്. പ്രവാസികളെ സംബന്ധിച്ചടത്തോളം മറ്റ് നാട്ടിലാണ്. കേരളത്തിന്റെ മുഖ്യ വികസനത്തിന്റെ പ്രധാന സംഭാവനകൾ നൽകുന്നത് പ്രവാസികളെയാണ്. പ്രവാസികളായ യുവാക്കളെ സംഘടിപ്പിക്കുന്നത് നല്ലതാണെന്നാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലപാടിൽ എന്റെ അഭിപ്രായം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള ആലോചനയും തുടങ്ങിയിട്ടില്ല.

  • യൂത്ത് കോൺഗ്രസിന്റെ ഭാവി പരിപാടികൾ?


യൂത്ത്‌കോൺഗ്രസിന്റെ സംസ്ഥാ നേതൃത്വ ക്യാമ്പ് 24,25,26 തീയതികളിൽ തിരുവനന്തപുരം നെയ്യാർ ഡാമിൽ രാജീവ്ഗാന്ധി ഇൻസിറ്റിയൂട്ട് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ വച്ച് നടക്കുകയാണ്. അതിൽ വച്ച് യൂത്ത് കോൺഗ്രസിന്റെ ഒരു വർഷത്തേക്കുള്ള പ്രവർത്തന റിപ്പോർട്ട് തയ്യാറാക്കും.

  • ഫുട്‌ബോൾ ലോകക്കപ്പ് നടക്കുകയല്ലേ, ഏതാണ് ഇഷ്ടപ്പെട്ട ടീം. വേൾഡ് കപ്പിനെക്കുറിച്ച് രണ്ട് വാക്ക്.

ലോകകപ്പ് ഫുട്‌ബോൾ മറ്റ് ഏതൊരു ആഘോഷങ്ങൾക്കുമപ്പുറത്താണ്. ജാതി മത രാഷ്ട്രീയ വ്യത്യാസമെന്നെ എല്ലാവരും ഒറ്റക്കെട്ടായി ലോകകപ്പ് ഫുട്‌ബോളിന്റെ ഉത്സവലഹരിയിൽ അതൊരു ആഘോഷമാക്കി മാറ്റുന്നതിന് വേണ്ടി എല്ലാ മുക്കിലും മൂലയിലും ജാഗരൂകരായിരുക്കുകയാണ്. മെസ്സിയാണ് ഇഷ്ടതാരം. അർജന്റീന ടീമിന്റെ ആരാധകനാണ് ഞാൻ.