ൻഡിഎഫ് വോട്ട് കിട്ടിയാണ് സിപിഎം ഇപ്പോൾ പലയിടത്തും ജയിക്കുന്നതെന്നും ലീഗിനെ തളർത്താൻ എൻഡിഎഫുകാർ ഈ തന്ത്രമാണ് പയറ്റുന്നതെന്നും ലീഗ് നേതാവ് പികെ ഫിറോസ്. ഇവരുടെ രീതി തീവ്രവാദമാണ്. അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. സിപിഎം ആരോപിക്കുന്നതു പോലെ എൻഡിഎഫിനെ ഉപയോഗിച്ച് വെട്ടുകയാണെങ്കിൽ മലപ്പുറം ജില്ലയിൽ ലീഗ് വെട്ടാൻ തീരുമാനിച്ചാൽ സിപിഎം ബാക്കിയുണ്ടാകുമോയെന്നും ഫിറോസ് ചോദിക്കുന്നു. അടുത്ത ലോക്‌സഭയിൽ മുസ്ലീം ലീഗിന്റെ ഒരു പ്രതിനിധി കുറയുക എന്ന് പറഞ്ഞാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ലീഗിനെക്കാൾ കോൺഗ്രസിനാണ്. മതേതര ഭരണകൂടം വരണമെന്ന താത്പര്യമുള്ളവർ സങ്കുചിത താത്പര്യങ്ങൾക്കുവേണ്ടി യുഡിഎഫ് സ്ഥാനാർത്ഥികളെ തോൽപിക്കുമെന്ന് ഞാൻ കരുതുന്നില്ല. എപി വിഭാഗത്തിലെ നല്ലൊരു ശതമാനം വോട്ട് കിട്ടുക ലീഗിനാണെന്നും അടുത്തുവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഫിറോസ് വ്യക്തമാക്കുന്നു.

മുസ്ലീം യൂത്ത് ലീഗ് അഖിലേന്ത്യാ കൺവീനർ പി.കെ.ഫിറോസുമായി മറുനാടൻ മലയാളി ലേഖകൻ എം.പി.റാഫി നടത്തിയ അഭിമുഖം:

  • മുസ്ലീംലീഗിന് എസ്ഡിപിഐയുമായുള്ള നിലപാട് എന്താണ്? ഈയിടെ പഞ്ചായത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് എസ്ഡിപിഐ സ്ഥാനാർത്ഥികളെ നിർത്താതിരുന്നത്, ലീഗിന് അവരുടെ പിന്തുണ ലഭിച്ചു എന്നല്ലേ സൂചിപ്പിക്കുന്നത്?


ലീഗിന് എസ്ഡിപിഐയുടെ പിന്തുണ ലഭിച്ചിരുന്നെന് ആ പഞ്ചായത്തിലെ ആരും പറയില്ല. മംഗലത്തെ വെട്ടുകേസിലെ പ്രധാന പ്രതി മജീദ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിനെതിരെ മത്സരിച്ചയാളാണ്. ആ തിരഞ്ഞെടുപ്പിൽ ലീഗ് മത്സരിച്ച എല്ലാ വാർഡുകളിലും എൻ.ഡി.എഫ് സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടായിരുന്നു. അവിടെ ലീഗ് വിജയിച്ചു. ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എഫ് സ്ഥാനാർത്ഥിയെ നിർത്തിയില്ല അവിടെ ലീഗ് തോറ്റു. ഇവിടെ എന്താണ് മനസ്സിലാകുന്നത്, എൻ.ഡി.എഫിന്റെ വോട്ട് കിട്ടിയിരുന്നെങ്കിൽ കഴിഞ്ഞ തവണത്തെക്കാളും ഭൂരിപക്ഷത്തിൽ ലീഗ് ജയിക്കുമായിരുന്നു. എൻ.ഡി.എഫിന്റെ വോട്ട് ലഭിച്ചിട്ടുള്ളത്‌സിപിഎമ്മിനാണ്. ലീഗിനെ തോൽപിക്കുക എന്നതാണ് എൻഡിഎഫിന്റെ ലക്ഷ്യം. കാരണം ലീഗ് തകർന്നാലെ എൻഡിഎഫിന് വളരാൻ കഴിയൂ. ലീഗുള്ളിടത്ത് എൻഡിഎഫ് വളരില്ല അത് ഒരു യാഥാർത്ഥ്യമാണ്. ആർഎംപിയും സിപിഎമ്മും ധാരണ ഉണ്ടാക്കി എന്ന് പറഞ്ഞാൽ ജനങ്ങൾക്ക് വിശ്വസിക്കാൻ പറ്റുമോ? എന്താകാരണം? സിപിഎമ്മിന് എതിരായിട്ടുള്ള പാർട്ടിയാണ് ആർഎംപി. എൻഡിഎഫ് എന്തിന് ലീഗിനെ സഹായിണം? ഒന്നുകിൽ ആശയപരമായോ സംഘടനാപരമായോ യോജിപ്പുവേണം. അല്ലെങ്കിൽ ഒരേ അഭിപ്രായമാകണം. എന്തെങ്കിലും തരത്തിലുള്ള യോജിപ്പ് ലീഗ് എൻഡിഎഫുമായി ഉണ്ടാകണം. മംഗലത്തെ ദൃശ്യം പുറത്ത് വരുന്നത് വരെ ഒരു സിപിഎം നേതാവും ലീഗിന് ബന്ധമുണ്ടെന്ന് ആരോപിച്ചില്ല. ഈ വെട്ട് പുറത്ത് വന്നപ്പോൾ ക്രൂരമായിട്ടായിരുന്നു ഇത് ഉപയോഗപ്പെടുത്തിയത്. ലീഗിനെതിരെയുള്ള രാഷ്ട്രീയ ആയുധമായാണ് പിണറായിവരെ ഉന്നയിച്ചത്. അതേ സമയം എൻഡിഎഫിന് എതിരെയാണ് തിരിയേണ്ടത്.

ഇത്തരത്തിലുള്ള സംഘടനകൾ , ൻഡിഎഫോ ആർഎസ്എസോ ആകട്ടെ, ഏത് ഭരണത്തിലാണെങ്കിലും ഈ സംഘടനകൾക്ക് പൊലീസിൽ നല്ല പിടിപാടാണ്. ഇത് ആഭ്യന്തരമന്ത്രിയുടെ മാത്രം കഴിവല്ല, വെറും പണവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത്തരം തീവ്രവാദസംഘടനകൾ പലപ്പോഴും പൊലീസിനെ വിലക്കെടുക്കാറുണ്ട്. മുൻകാലങ്ങളിൽ പല കേസുകളിലും നമ്മൾ അത് കണ്ടതാണ്. അത് ഏതെങ്കിലും ഭരണകൂടം സഹായിച്ചതു കൊണ്ടല്ല. ലീഗിന് എൻഡിഎഫുമായി ബന്ധമുണ്ടെന്ന് കേൾക്കാൻ താൽപര്യമുള്ള പലരും കേരളത്തിലുണ്ട്. അല്ലെങ്കിൽ അങ്ങിനെ വരുത്തിത്തീർക്കുന്ന ആളുകളുമുണ്ട്. ഞങ്ങളുടെ പ്രവർത്തനങ്ങളിൽ നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നത് എൻഡിഎഫിന് എതിരെയാണ്. ഇവരുടെ രീതി തീവ്രവാദമാണ്. അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. സിപിഎം ആരോപിക്കുന്നതു പോലെ എൻഡിഎഫിനെ ഉപയോഗിച്ച് വെട്ടുകയാണെങ്കിൽ മലപ്പുറം ജില്ലയിൽ ലീഗ് വെട്ടാൻ തീരുമാനിച്ചാൽ സിപിഎം ബാക്കിയുണ്ടാകുമോ? കണ്ണൂർ ജില്ല പോലെ സിപിഎമ്മിന്റെ അക്രമം മലപ്പുറം ജില്ലയിൽ ലീഗ് നടത്താൻ തീരുമാനിച്ചാൽ എൻഡിഎഫ് വേണോ ലീഗിന്? മലപ്പുറം ജില്ല ലീഗിന് ഭൂരിപക്ഷമുള്ള ജില്ലയാണ്. എല്ലാവരും സമ്മതിക്കുമല്ലോ. എന്നാൽ കണ്ണൂർ ജില്ലയിൽ മറ്റു പാർട്ടികൾക്ക് പ്രവർത്തിക്കാൻ പറ്റാത്തതരത്തിലുള്ള സ്വാതന്ത്ര്യമില്ലായ്മ മലപ്പുറത്ത് സിപിഎമ്മിനോ മറ്റേതെങ്കിലും പാർട്ടിക്കോ ഉണ്ടെന്ന് പറയാൻ കഴിയുമോ? ആർഎസ്എസിനു പോലും ആ പരാതിയുണ്ടാവില്ല.

  • ഈയിടെ കോൺഗ്രസ് പ്രവർത്തകർ ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ പലയിടത്തും രംഗത്ത് വന്നിരുന്നല്ലോ ഇത് തിരഞ്ഞെടുപ്പിൽ വോട്ട് ഭിന്നതക്ക് കാരണമാവില്ലേ?

കോൺഗ്രസിനു അങ്ങിനെ തീരുമാനമെടുക്കാൻ കഴിയില്ല. കാരണം അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. മുൻകാലങ്ങളിലേതുപോലെയല്ല, കോൺഗ്രസിനെ സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ്. അടുത്ത ലോക്‌സഭയിൽ മുസ്ലീം ലീഗിന്റെ ഒരു പ്രതിനിധി കുറയുക എന്ന് പറഞ്ഞാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ലീഗിനെക്കാൾ കോൺഗ്രസിനാണ്. മതേതര ഭരണകൂടം വരണമെന്ന താത്പര്യമുള്ളവർ സങ്കുചിത താത്പര്യങ്ങൾക്കുവേണ്ടി യുഡിഎഫ് സ്ഥാനാർത്ഥികളെ തോൽപിക്കുമെന്ന് ഞാൻ കരുതുന്നില്ല.

പാർട്ടിക്കകത്തും മുന്നണിക്കകത്തുമുള്ള ചെറിയ അഭിപ്രായ ഭിന്നതകളെല്ലാം തിരഞ്ഞെടുപ്പിന് മുമ്പായി പരിഹരിക്കും. യാതൊരു സംശയവുമില്ല. തിരഞ്ഞെടുപ്പ് വരാനിരിക്കുന്നെ്ന് കരുതി അച്ചടക്കലംഘനം കാണിച്ചാൽ നടപടിയെടുക്കാതിരിക്കാൻ പറ്റില്ല. കേഡർ പാർട്ടിയായ സിപിഎം പോലും വിഎസ്സിനെതിരെ നടപടി സ്വീകരിക്കാതെ നിലനിർത്തി പോവുകയാണ്. അവരുടെ പ്രശ്‌നം അധികാരവും തിരഞ്ഞെടുപ്പുമാണ്. അങ്ങിനെ പാർട്ടിയെ മുന്നോട്ട് കൊണ്ടു പോവാൻ പറ്റില്ല.

  • മുസ്ലീം സമുദായത്തിലെ വലിയൊരു വോട്ട് ബാങ്കായ എപി വിഭാഗം സുന്നികളുടെ വോട്ട് ഇത്തവണ ലീഗിന് എത്രമാത്രം അനുകൂലമാകും?

മുസ്ലീം വിഭാഗത്തിന്റെ മാത്രമല്ല എല്ലാ പൊതു സമൂഹത്തിന്റെയും വോട്ട് കിട്ടണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. കേരളത്തിൽ മുസ്ലീം സമുദായത്തിൽ ഏറ്റവും വലിയ വിഭാഗം സമസ്തയാണ്. അതിൽ ഇ.കെ വിഭാഗം അടിസ്ഥാനപരമായി മുസ്ലിം ലീഗിന്റെ കൂടെ നിൽക്കുന്നവരാണ്. പിന്നെ എപി വിഭാഗത്തിൽ നല്ല വിഭാഗവും കൃത്യമായി രാഷ്ട്രീയം ഉള്ളവരാണ്. സിപിഎമ്മുകാരുണ്ട്, കോൺഗ്രസുകാരുണ്ട്, നിഷ്പക്ഷരായ ആളുകളുണ്ട്. ഈ നിഷ്പക്ഷരായ ആളുകൾ പലപ്പോഴും ഭരണത്തിൽ ചെയ്ത പ്രവർത്തനങ്ങൾ നോക്കി വോട്ട് ചെയ്യുന്നവരാണ്. ലീഗിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വിമോചനമോ ശത്രുതാമനോഭാവമോ ഭരണതലത്തിൽ ലീഗ് കാണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ നിഷ്പക്ഷരായവരുടെ വോട്ട് കഴിഞ്ഞ കാലങ്ങളിലും ലീഗിന് കിട്ടിയിട്ടുണ്ട്. ഈ കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും കിട്ടിയിട്ടുണ്ട്. എന്നാൽ മറിച്ചും അഭിപ്രായമുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇ.ടി സാഹിബിനെതിരെ എപി വിഭാഗം പരസ്യമായി രംഗത്തെത്തി എന്ന ആക്ഷേപവുമുണ്ട്. എങ്കിൽ പോലും നിഷ്പക്ഷരായ എപി വിഭാഗത്തിലെ നല്ലൊരു ശതമാനം ആളുകളും ലീഗിന് വോട്ട് ചെയ്തിട്ടുണ്ട്.

  • പാർലമെന്റിൽ ഇടതുപക്ഷത്തെ പോലെ കെട്ടുറപ്പുള്ള പ്രതിപക്ഷവും വേണ്ടേ എന്ന് കാന്തപുരം ഒരഭിമുഖത്തിൽ പറഞ്ഞത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പിന്തുണ നൽകുമെന്നുള്ള സൂചനയല്ലേ?

വരുന്ന തെരഞ്ഞെടുപ്പിൽ എപി വിഭാഗം ഇടതുപക്ഷത്തിനു വോട്ട് ചെയ്യുക എന്ന് പറഞ്ഞാൽ അത് സ്വയം കുഴിതോണ്ടലായിരിക്കും. ഇടതുപക്ഷം അധികാരത്തിൽ വരില്ല എന്നത് ഇടതുപക്ഷത്തിനു പോലും അറിയാവുന്നതാണ്. കാരണം ഇടതുപക്ഷത്തിന്റെ കൂടെ മൂന്നാം മുന്നണിയിലുണ്ടായിരുന്ന പലരും ഇപ്പോൾ കൂടെ ഇല്ല. രണ്ട് മുന്നണിക്കേ സാധ്യതയുള്ളു. ഒന്ന് നരേന്ദ്രമോഡി നേതൃത്വം കൊടുക്കുന്ന മുന്നണിയും, രണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയും. ഈ മുന്നണികളിൽ ആര് അധികാരത്തിൽ വരണമെന്ന് ഇന്ത്യയിലെ മതേതരത്വം ആഗ്രഹിക്കുന്ന ഒരു മതന്യൂനപക്ഷവും താൽപര്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ മോഡിക്ക് അധികാരത്തിൽ വരുന്നതിനുള്ള വഴി ഒരുക്കിക്കൊടുക്കാനും ആരും ആഗ്രഹിക്കില്ല. ഇടതുപക്ഷത്തിന് അവർ മത്സരിക്കുന്ന മുഴുവൻ സീറ്റും കിട്ടിയാലും അവർക്ക് പാർലമെന്റിൽ മോഡിക്കെതിരെ വരാൻ ആവശ്യമായ അംഗബലമുണ്ടാകില്ല. അതുകൊണ്ട് മോഡി അധികാരത്തിൽ വരുന്നത് തടയണമെങ്കിൽ കോൺഗ്രസിനും യുഡിഎഫിനും മുഴുവൻ സീറ്റും ലഭിക്കണം. മോഡിയെ പോലൊരാൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വരുമ്പോൾ ബലപരീക്ഷണത്തിന് മുതിരേണ്ട അവസ്ഥയില്ല.

  • എന്തുകൊണ്ടാണ് പലപ്പോഴും ലീഗ് എപി സമസ്തയുമായി വേദി പങ്കിടുമ്പോൾ ഇ.കെ വിഭാഗം അതിനെതിരെ രംഗത്ത് വരുന്നത്?

അത് അവരാണ് പറയേണ്ടത്. ഞാൻ മനസിലാക്കുന്നത് കഴിഞ്ഞ ഇടതുപക്ഷം ഭരിക്കുന്നതിനു മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിൽ വരാൻ വേണ്ടി എപി വിഭാഗം പരസ്യമായി തന്നെ പ്രവർത്തിച്ചവരാണ്. എന്നിട്ട് എൽഡിഎഫ് അവർക്ക് നന്ദി കാണിച്ചില്ല എന്ന് മാത്രമല്ല നന്ദികേട് കാണിക്കുകയും ചെയ്തു. അതവർ പിന്നീട് വ്യക്തമാക്കിയതാണ്. യുഡിഎഫ് അധികാരത്തിൽ വന്നതിനുശേഷം അങ്ങനെ ഏതെങ്കിലും തരത്തിലുള്ള പരാതി അവർ പറഞ്ഞിട്ടില്ല. ഞാൻ മനസ്സിലാക്കുന്നത് ഭരണരംഗത്ത് മാന്യമായ പരിഗണന അവർക്ക് നൽകിയിട്ടുണ്ട്. പിന്നെ ലീഗ് എപി വിഭാഗത്തിന്റെ വേദി പങ്കിടുമ്പോൾ ഇകെ വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന എതിർപ്പുകൾ സ്വാഭാവികമാണ്. അത് ചരിത്രപരമായി പല വിഷയങ്ങളിലും ബന്ധമുള്ളതാണ് സമസ്തയുടെ പിളർപ്പിന്, അഭിപ്രായവ്യത്യാസത്തിന് അതിനൊക്കെ വലിയ കാരണങ്ങളുണ്ടായിട്ടുണ്ട്. പിന്നീട് ലീഗും ഇകെ സമസ്തയും ഒരു പക്ഷത്തും എപി വിഭാഗം മറുഭാഗത്തുമായി വലിയ പ്രശ്‌നങ്ങളൊക്കെ ഉണ്ടാവുകയും ആളുകൾ മരിക്കുകയുമൊക്കെ ഉണ്ടായി. ഇതൊക്കെ വലിയ അകൽച്ച ഉണ്ടാക്കി എന്നത് വസ്തുതയാണ്. ഈ അകൽച്ച ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കാൻ പറ്റില്ല. എങ്കിലും അത് കുറയണമെന്നും സമുദായത്തിനകത്തുള്ള ഭിന്നതകൾ അവസാനിപ്പിക്കണമെന്നുമാണ് മുസ്ലീംലീഗിന്റെ അഭിപ്രായം. ഇത് പെട്ടന്ന് അവസാനിപ്പക്കണമെന്ന് പറഞ്ഞാൽ എല്ലാവരും വിചാരിക്കണമെന്നില്ല. ഇനിയുള്ള കാലത്ത് ഭിന്നതകൾ അവസാനിപ്പിച്ച് സമുദായം ഐക്യപ്പെടാൻ മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്നു മുൻകൈ എടുക്കും. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളൊക്കെ മരിക്കുന്നതിന് മുമ്പായി ഐക്യത്തിന്റെ ഒരു ഘട്ടം വരെ വന്നിരുന്നു. യോജിപ്പിന്റെ മേഖലയിൽ മാത്രമല്ല, വിയോജിപ്പിന്റെ മേഖലയിലും നമ്മൾ യോജിക്കണമെന്നാണ് എന്റെ അഭിപ്രായം. സമുദായ ഐക്യം എന്ന് പറയുന്നത് ലീഗിന് എന്തെങ്കിലും ഗുണം കിട്ടാൻ വേണ്ടിയല്ല. ലീഗിന്റെ അടിസ്ഥാനം തന്നെ സമുദായ ഐക്യമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന കേവലം അധികാരപരമായ വിഷയമല്ല, ഒരു വിശ്വാസി എന്ന നിലയിലുള്ള ബാധ്യതയും ഖുർആന്റെ ആഹ്വാനവുമാണിത്.
എപി വിഭാഗത്തിന്റെ മർക്കസിൽ പോയതുമുതൽ ഇങ്ങോട്ട് ഫിറോസിന്റെ പേരെടുത്ത് തന്നെ

  • ഇകെ സമസ്ത നേതാക്കൾ വിമർശനം ഉന്നയിക്കുന്നു. എങ്ങനെ കാണുന്നു ഇതിനെ?

ഇതൊന്നും പോസിറ്റീവായി എടുക്കാൻ ആരും തയ്യാറാകുന്നില്ല. ഞാൻ മർക്കസ് സമ്മേളനത്തിൽ പോയത് മുസ്ലീം ലീഗിന്റെ അനുമതിയോടുകൂടിയാണ്. മുസ്ലീംലീഗിന്റെ സംസ്ഥാന കമ്മറ്റി ആരൊക്കെ അവിടെ പങ്കെടുക്കണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവിടെ പോയത്. ഞാനവിടെ പോവുമ്പോ സ്വാഭാവികമായും അവരെ കുറ്റം പറയലല്ലല്ലോ വേണ്ടത്. മുൻകാലങ്ങളിൽ ലീഗ് മർക്കസ് സമ്മേളനങ്ങളിൽ പങ്കെടുക്കാറേയില്ല. സമുദായം ഐക്യപ്പെടണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് പങ്കെടുത്തത്. എന്നാൽ അകൽച്ച കുറഞ്ഞുവരുന്നുണ്ട്. അകൽച്ച കൂടുതൽ കുറയണമെന്നത് മരിച്ചുപോയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞാനും മുനീർ സാഹിബും സമദാനി സാഹിബും ഇബ്രാഹിം കുഞ്ഞും പങ്കെടുക്കുന്നത്. മന്ത്രിമാരും എംഎൽഎമാരും നേതാക്കളും മുൻകാലങ്ങളിലില്ലാത്തതുപോലെ പങ്കെടുക്കുമ്പോൾ അകൽച്ച കുറഞ്ഞു വരുമെന്നത് ഉറപ്പല്ലേ.. മുൻകാലങ്ങളിലെ പ്രയാസങ്ങളെല്ലാം മറന്നുകൊണ്ട് സമുദായ ഐക്യത്തിന് വേണ്ടി ഞങ്ങളെല്ലാം അവിടെ സംസാരിച്ചു.

പക്ഷേ, ഇതിലൊക്കെ ഒരു വിഭാഗം ആളുകളുണ്ട്: വിഷയങ്ങളും പ്രശ്‌നങ്ങളും നിലനിന്നാൽ മാത്രമേ തങ്ങളുടെ സ്വാർത്ഥതയും അധികാരമോഹങ്ങളും സംഘടനാതാത്പര്യങ്ങളും നിലനിർത്താൻ കഴിയുള്ളൂ എന്ന് ആഗ്രഹിക്കുന്നവർ. അത് രണ്ട് വിഭാഗത്തിലുമുണ്ട്. ഞാൻ മർക്കസ് സമ്മേളനത്തിൽ പോയാൽ എന്റെ പ്രസംഗം എടുത്ത് എല്ലാ സ്ഥലത്തും പോയി ക്ലിപ്പിങ് കാണിക്കുന്നത് എപി വിഭാഗമാണ്. സ്വാഭാവികമായും ഞാൻ മർക്കസിൽ പോയാൽ നല്ലതല്ലെ പറയേണ്ടത്. നിങ്ങൾ ഇവിടെ വളരെ മോശമാണ് പറയുന്നത്. നിങ്ങളീ പരിപാടി നിർത്തിക്കൂടെ എന്നല്ലല്ലോ അവരോട് പറയേണ്ടത്. അങ്ങിനെ ചെയ്യാൻ പാടില്ല. സാമാന്യ ബുദ്ധിയുള്ളവർ ചെയ്യില്ല. നിങ്ങൾ നല്ലതാണ്, നല്ലവരാണ് എന്നുള്ള രൂപത്തിൽ ഞാനവിടെ പ്രസംഗിച്ചു. അത് ഒരു സർട്ടിഫിക്കറ്റായി എടുത്ത് കേരളം മുഴുവൻ പ്രദർശിപ്പിക്കുക എന്നത് നല്ല ഉദ്ദേശമല്ല. ഈ ഉദ്ദേശം എതിർവിഭാഗത്തെ പ്രകോപിപ്പിക്കുക എന്നുള്ളതാണ്. അപ്പോൾ സ്വാഭാവികമായും എതിർവിഭാഗം പ്രകോപിക്കും. ആ പ്രകോപനം മർക്കസിനെതിരെയല്ല വരുന്നത്. പറഞ്ഞ എനിക്കെതിരെയാണ്. ഇതൊക്കെ എല്ലാവരും മനസ്സിലാക്കേണ്ടതാണ്.

ഇങ്ങനെയൊക്കെ എന്ത് എതിർപ്പുകൾ എനിക്കുണ്ടായാലും ഒരു പഞ്ചായത്ത് മെമ്പറായോ എംഎൽഎയായോ ഒന്നും ഞാൻ വരാൻ പോകുന്നില്ല. ഞാൻ ഒരു പഞ്ചായത്തിലേക്ക് പോലും മത്സരിക്കാത്ത ആളാണ്. എനിക്ക് അതിന് ആഗ്രഹവുമില്ല. ഭാവിയിലും പാർട്ടിയുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്ന അതിയായ ആഗ്രഹമുള്ളയാളാണ