- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വർഗ്ഗീയ ശക്തികൾക്ക് മുതലെടുക്കാൻ അവസരമൊരുക്കും; യത്തീംഖാനകളിലേക്ക് കുട്ടികളെ എത്തിച്ചത് മനുഷ്യക്കടത്തല്ല; യൂത്ത്ലീഗ് അധ്യക്ഷൻ സാദിഖലി മറുനാടൻ മലയാളിയോട്
കോഴിക്കോട്ടെ മുക്കം യത്തീംഖാനയിലേക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ എത്തിച്ച സംഭവം കേരളത്തിൽ വിവാദ വിഷയമായി മാറിക്കഴിഞ്ഞു. കുട്ടികളെ കടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ജാർഖണ്ഡ് സർക്കാർ ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വാർത്തകൾ. പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്താണെന്ന് വിശദീകരി
കോഴിക്കോട്ടെ മുക്കം യത്തീംഖാനയിലേക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ എത്തിച്ച സംഭവം കേരളത്തിൽ വിവാദ വിഷയമായി മാറിക്കഴിഞ്ഞു. കുട്ടികളെ കടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ജാർഖണ്ഡ് സർക്കാർ ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വാർത്തകൾ. പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്താണെന്ന് വിശദീകരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുസ്ലീംസംഘടനകൾ ഒന്നടങ്കം രംഗത്തെത്തുകയും ചെയ്തു. മതപരിവർത്തനം നടത്താനുള്ള മനുഷ്യക്കടത്തെന്ന ആരോപണവുമായി ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.
മുസ്ലീംസംഘടനകളുടെ എതിർപ്പ് നേരിടേണ്ടി വന്ന രമേശിനെ പിന്തുണച്ച് മന്ത്രി ആര്യാടൻ മുഹമ്മദും രംഗത്തെത്തിയിരുന്നു. മാദ്ധ്യമ വാർത്തകൾ യത്തീംഖാനകളെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനിടെ കേരളത്തിലെ യത്തീംഖാനകളുടെ ചരിത്രം ഓർമ്മപ്പെടുത്തി ഇ ടി മുഹമ്മദ് ബഷീറിനെ പോലുള്ള മുസ്ലീംലീഗ് നേതാക്കളും രംഗത്തെത്തുകയുണ്ടായി. മാതാ അമൃതാന്ദമയി മഠത്തിനെതിരെ തെളിവുകൾ നിരത്തി ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടും ലോക്കൽ പൊലീസിന്റെ അന്വേഷണം പോലും പ്രഖ്യാപിക്കാൻ തയ്യാറാകാത്ത സർക്കാർ എന്തുകൊണ്ടാണ് യത്തീംഖാനകൾക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നതെന്നാണ് ഫേസ്‌ബുക്കിലൂടെ ചിലർ ചോദിക്കുന്നത്. ഹൈദരലി ശിഹാബ് തങ്ങളും ഭരണ നേതൃത്വത്തിലുള്ള മുക്കം യത്തീംഖാനയാണ് ആരോപണങ്ങളുടെ നിഴലിൽ നിൽക്കുന്നത് എന്നതിനാൽ മുസ്ലീംലീഗിനൊപ്പം യൂത്ത് ലീഗും വിഷയത്തിൽ സജീവ ഇടപെടലുമായി രംഗത്തുണ്ട്. മനുഷ്യക്കടത്താണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന മുസ്ലീം സമുദായത്തിന് നാണക്കേടുണ്ടാക്കിയെന്നാണ് യൂത്ത് ലീഗ് അധ്യക്ഷന്റെ അഭിപ്രായം. ചെന്നിത്തലയുടെ അഭിപ്രായം തെറ്റാണെന്നും സാദിഖലി അഭിപ്രായപ്പെടുന്നു.
വിഷയത്തിൽ യൂത്ത് ലീഗിന്റെ നിലപാട് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി മറുനാടൻ മലയാളിയുമായി പങ്കുവച്ചു. സാദിഖലിയുമായി മറുനാടൻ ലേഖകൻ എം പി റാഫി നടത്തിയ അഭിമുഖത്തിലേക്ക്..
- മുക്കം യത്തീംഖാനയിലേക്ക് കൊണ്ടുവന്ന കുട്ടികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഏതെങ്കിലും വിധത്തിൽ മുതലെടുപ്പ് ശ്രമമുണ്ടെന്ന വിലയിരുത്തൽ യൂത്ത് ലീഗിനുണ്ടോ?
ഈ സംഭവത്തെ വീണു കിട്ടിയ ഒരു അവസരത്തെ മുതലെടുക്കാനാണ് എല്ലാവരും ഇപ്പോൾ ശ്രമിക്കുന്നത്. ഈ വിഷയത്തെ ഈ രീതിയിലായിരുന്നില്ല കൈകാര്യം ചെയ്യേണ്ടത്. കുട്ടികളെ എത്തിച്ചത് മതിയായ രേഖകളില്ലാതെയായിരുന്നു എന്നാണല്ലോ പറഞ്ഞിരുന്നത്. അങ്ങിനെ നിയമത്തിന്റെ ഏതെങ്കിലും രീതിയിലുള്ള പോരായ്മകളോ കുട്ടികൾക്കും ലഭിക്കേണ്ട ഏതെങ്കിലും പരിരക്ഷ ലഭിക്കാതെ പോയിട്ടുണ്ടെങ്കിൽ അതിനെ ആ രീതിയിൽ തന്നെ കൈകാര്യം ചെയ്യണം.
- മനുഷ്യക്കടത്തും മത പരിവർത്തനവുമാണെന്ന് പറഞ്ഞ് ബിജെപി കേന്ദ്ര സർക്കാറിനെ സമീപിച്ച് സംസ്ഥാനത്തെ യതീംഖാനകൾക്കെതിരെ നിയമനടപടി എടുക്കണമെന്ന് ആവശ്യപ്പട്ടിരിക്കുകയാണല്ലോ.. ഇതിനെ എങ്ങനെ കാണുന്നു.
ഇതിനെ മനുഷ്യക്കടത്തെന്ന് പറയുന്ന പ്രയോഗം തന്നെ ശരിയല്ല. മനുഷ്യനൊരു ചരക്കോ കമ്പോള വസ്തുവോ ആയി നോക്കിക്കാണുന്നവരുണ്ടാകും. അവരുടെ കൂടി അനുമതിയില്ലാതെയെങ്ങനെയാണ് മനുഷ്യക്കടത്ത് നടക്കുക. അതൊക്കെ പുതിയ പ്രയോഗങ്ങളായി വ്യാപകമായി വെറുതെ ഉപയോഗിക്കുകയാണ്. ഇവിടെ സംഭവിച്ചത് ഉത്തരേന്ത്യയിൽ നിന്നും കുട്ടികളെ കൊണ്ടു വന്നു എന്നുള്ളതാണ്. അതിന്റെ മറവിൽ മത പരിവർത്തനം നടക്കുന്നു അതല്ലെങ്കിൽ രാജ്യദ്രോഹ പ്രവർത്തനത്തിന് കുട്ടികളെ ട്രെയിൻ ചെയ്യുന്നു, തീവ്രവാദ ഭീകരവാദപ്രവർത്തനങ്ങൾ നടത്തുന്നു എന്നത് ബിജെപിയുടെ കുപ്രചരണം മാത്രമാണ്. ബിജെപി എന്നും ശത്രു പക്ഷത്തു നിർത്തിയിട്ടുള്ള മത സമൂഹമാണ് ഇന്ത്യയിലെ മുസ്ലിംസമൂഹം. ഇവിടെ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബിജെപിയുടെ ശ്രമം.
ഇവിടെ വ്യവസ്ഥാപിതമായ മത സ്ഥാപനങ്ങളുണ്ട്. മത സംഘടനകളുടെ കീഴിൽ യതീംഖാനകളുണ്ട്. ഇതിനെ കുറിച്ച് വീണു കിട്ടിയ ഒരു അവസരമായാണ് ശോഭാ സുരേന്ദ്രനെ പോലുള്ളവർ കാണുന്നത്. പക്ഷെ ഇതിനെ ശക്തിയുക്തം എതിർക്കാനും ഇതിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരാനും മുസ്ലിം ലീഗിനെ പോലെയുള്ള സംഘടനകൾ ഇതിന്റെ മുൻപന്തിയിലുണ്ടാകും. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ നരകതുല്യം ജീവിക്കുന്ന ഒരു നേരം ഉണ്ണാൻ കവിയാതെ ജീവിക്കുന്ന നിരാലംബരായജനങ്ങൾ അവരുടെ കുട്ടികൾ അവരെ നയിക്കുന്ന ദുരിത ജീവിതം അവരുടെ തെരുവ് ബാല്യം, അവർക്ക് സ്‌കൂളുകളില്ല, വൈദ്യൂതിയില്ല,വെള്ളമില്ല ഇതൊന്നുമില്ലാത്ത ലോകത്ത് പേരിന് ഒരു നിശാ സ്‌കൂളുകളാണുള്ളത് ഏകാധ്യാപക വിദ്യാലയങ്ങളൊക്കെയാണുള്ളത്. അവിടേക്ക് പറഞ്ഞു വിടാൻ രക്ഷിതാക്കൾക്കും കവിയുന്നില്ല പോകാൻ കുട്ടികൾക്കും താൽപര്യമില്ല. അങ്ങനത്തെ കുട്ടികളെ ഇവിടെ കൊണ്ടു വന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസവും അവർക്ക ലഭ്യമായിട്ടുള്ളതിനേക്കാൽ ജീവിത സൗകര്യവും നൽകി രാജ്യത്തിന്റെ ഉത്തമ പൗരന്മാരാക്കി വളർത്തിക്കൊണ്ടു വരുന്നതിനുള്ളകാര്യങ്ങൾ ഒരു ദൗത്യമായെടുത്ത് പ്രവർത്തിക്കുന്ന യതീംഖാനകൾ അതിനെ അഭിന്ദിക്കണം കാരണം ഒരു തരത്തിൽ അത് രാജ്യത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടിയാണ്. അതിനെ എതിർക്കുന്നതാണ് യഥാർത്ഥത്തിൽ രാജ്യ ദ്രോഹം.
കേരളത്തിലെ യത്തീംഖാനകൾക്ക് ത്യാഗോജ്ജ്വലമായ ചരിത്രമുള്ളവരാണ്. അതിനെ ബഹുമാനിക്കണം. അല്ലാതെ മോശമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ശരിയല്ല. യതീംഖാനകൾ എന്ന് പറയുന്നത് എല്ലാം പൂർണ്ണാർത്ഥത്തിൽ നടക്കുന്നു എന്ന അഭിപ്രായമൊന്നുമില്ല. പ്രവാചകൻ തന്നെ പറഞ്ഞിട്ടുള്ളത് രണ്ടു വിരലുകൾ ചേർത്തു വച്ചിട്ട് അനാഥാലയങ്ങളെ സംരക്ഷിക്കുന്നവും ഞാനും ഇവ്വിതം ആയിരിക്കും സ്വർഗ്ഗത്തിൽ എന്നുള്ളതാണ്. ഇത് ആരീതിയിൽ വിശ്വാസത്തിന്റെ ഭാഗമായി കണ്ടു കൊണ്ടാണ് മുസ്ലിംങ്ങൾ ഇതുപോലുള്ള സ്ഥാപനങ്ങൾ നടത്തുന്നത്. പക്ഷേ പ്രവാചകൻ പറഞ്ഞ രീതിയിലേക്ക് സ്വന്തം കുഞ്ഞുങ്ങളെ പോലെ അനാഥകളെ സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്.
ഇത് എത്രത്തോളം ചെയ്യുന്നുണ്ട് എന്ന് പരിശോധിക്കേണ്ടതാണ്. അല്ലെങ്കിൽ ആ അർത്ഥത്തിൽ യതീംഖാനകളെ കുറിച്ച് സംരക്ഷിക്കുന്നതിനുള്ള സംരംഭങ്ങളും ആനുകൂല്യങ്ങളും വേണം. പക്ഷേ ഉത്തരേന്ത്യയിൽനിന്നും കൊണ്ടുവരുന്നു എന്ന് പറഞ്ഞു കൊണ്ട് കേരളം ഒരു പ്രദേശിക വാദം ഉന്നയിക്കുന്നത് ശരിയല്ല. രാജ്യത്തിന്റെ എല്ലാകാര്യത്തിലും ദേശാഭിമാനവും വിശാലമായ ദേശീയതയും പറയുന്ന ആളുകൾ എങ്ങനെയാണ് സങ്കുചിതത്വം പറയുക. കാരണം മലയാളികളായ ആളുകൾ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസികളായി കവിയുന്ന സമൂഹമാണ്. ദേശാടനവും മൈഗ്രേഷനുമൊക്കെ ജീവിതത്തിന്റെ ഭാഗമാക്കിയ മലയാളികൾക്ക് ഇതിന് കഴിയില്ല. മറ്റൊന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ ബി-ഇ പറയുന്നത് രാജ്യത്തുടനീളം ഉള്ള ഏതൊരു പൗരനും ഇന്ത്യയിലുടനീളം സഞ്ചരിക്കുന്നതിനും ഇന്ത്യയിലുടനീളം വസിക്കുന്നതും മൗലീകാവകാശമാണ്. കുട്ടികൾ അതിന്റെ പരിതിയിൽ വരുമോ ഇല്ലയോ എന്നത് വേറെ കാര്യം.
പക്ഷെ പ്രാദേശിക വാദം പറയുമ്പോഴാണ് പ്രശ്‌നം. അന്യ സംസ്ഥാനത്തെ ആളുകൾ ഇങ്ങോട്ട് വരാൻ പാടില്ല എന്നത് ബോംബയിലും മറ്റും മറാഠികൾ ദേശീയത പറയുന്ന ശിവസേനയുടെ ചെവിയാണ്. ബോംബൈക്കാരെല്ലാത്തവരെല്ലാം അവിടെനിന്നും പോണം എന്ന് പറഞ്ഞു കൊണ്ട് ഉത്തരേന്ത്യയിലുള്ള ആളുകളെയും മലയാളികളെയുമെല്ലാം ക്രൂരമായി ആട്ടിപ്പായിക്കുന്ന ശിവസേനയുടെ രീതിയിലേക്ക് ഒരിക്കലും മലയാളികൾക്ക് പോകാൻ കഴിയില്ല. മലയാളികളുടെ ഒരു സംസ്‌കാരമുണ്ട്. മാത്രമല്ല ഇത്തരം ദുരിദങ്ങളിൽ കഴിയുന്ന കുട്ടികളെ കേരളത്തിലെ ഒരു അനാഥാലയത്തിലേക്ക് കൊണ്ടുവന്ന് പഠിപ്പിക്കുമ്പോൾ കേരളത്തിന്റെ യശസും അന്തസും ഉയരുകയാണ്. കേരളം കൂടുതൽ മഹത്വ വൽക്കരിക്കപ്പെടുകയാണ്. ഉത്തരേന്ത്യയിൽ കേരളത്തെ മാതൃകയാക്കാനും കേരളത്തെകുറിച്ച് അറിയാനും ഉള്ള ഒരു രീതി അവിടത്തെ സാധാരണ ജനങ്ങളിൽ ഉണ്ടാവുകയാണ് ചെയ്യുന്നത്.
- കേരളത്തിലെ യതീംഖാനകളിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നതിന് എന്ത് ഉറപ്പാണുള്ളത്?
കുട്ടികളുടെ മൗലികാവകാശം പറഞ്ഞു കൊണ്ടാണ് ഇതിനെ ഇപ്പോൾ എതിർക്കുന്നത്. യഥാർത്ഥത്തിൽ ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ മെച്ചപ്പട്ട സൗകര്യവും വിദ്യാഭ്യാസവും നൽകുന്നുണ്ട്. അവരെ നല്ല പൗരന്മാരാക്കുന്നുണ്ട്. പക്ഷെ നമ്മുടെ കേരളത്തിൽ തന്നെ കുട്ടികളെ അന്യസംസ്ഥാനങ്ങളിൽ പോയിപ്പഠിപ്പിക്കുന്ന സ്ഥിതിയുണ്ട്. ഊട്ടിയിലെ ഡ്യൂൺ സ്‌കൂൾ അതല്ലെങ്കിൽ ഗുഡ്ഷപ്പേഡ് സ്‌കൂൾ അതല്ലെങ്കിൽ ബാംഗ്‌ളൂരിലെ സ്‌കൂളുകളിൽ ചെറുപ്രായത്തിൽ തന്നെ സമ്പന്നർ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനെ്നും പറഞ്ഞ് സ്റ്റാറ്റസ് സിമ്പലായി അവിടെ കൊണ്ടുപോയി തള്ളുന്നത് കുട്ടികളുടെ അവകാശ ലംങ്കനത്തിന്റെ പരിതിയിൽ വരികയില്ലേ എന്ന ചോദ്യം വളരെ പ്രാധാന്യമുള്ളതാണ്. അവിടെ താമസിക്കുന്ന, പഠിക്കുന്ന കുട്ടികളുടെ മാനസിക നിലയെന്ത് ഇവരുടെ മനോനില ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ.. പൊതുവായും രക്ഷിതാക്കലുടെ സാമീപ്യത്തിൽ നിന്നും വിട്ടുനിൽക്കുന്ന കുട്ടികൾക്ക് ഒരു നിഷേധാത്മക മൈന്റാണ് വളർന്നു വരിക. സെക്കണ്ടറി തലം വരെയെങ്കിലും പിതാവിന്റെ ചൂടും ചൂരും അറിഞ്ഞ് വളരണം. ആ സംരക്ഷണത്തിൽ നിന്നും രക്ഷിതാക്കൾ ഒഴിഞ്ഞുമാറി തങ്ങളുടെ മക്കളെ ഏതെങ്കിലും പ്രിൻസിപ്പലിനെയോ വാർഡനെയോ ഏൽപ്പക്കുന്നത് അനീതിയാണ്. അത് കുട്ടികളുടെ അവകാശ ലംഘനമല്ലേ.?..സമ്പന്നർ ചെയ്യുന്ന ഇതുപോലുള്ളതിനെ കുറിച്ച് പറയാതെ ഈ മാതാപിതാക്കളില്ലാത്ത ബന്ധുക്കളില്ലാത്ത അതല്ലെങ്കിൽ അഗതികളായി കഴിയുന്ന കുട്ടികളെ നല്ല രീതിയിൽ വിദ്യാഭ്യാസം നൽകുന്നതിനെ എതിർക്കുന്നത് ഒരു അർത്ഥത്തിലും ശരിയല്ല.
- യത്തീംഖാനകളിൽ മതാപിതാക്കളും ബന്ധുക്കളുമെല്ലാം ഉള്ള കുട്ടികളാണ് പഠിക്കുന്നത് എന്ന ആരോപണമുണ്ടല്ലോ..?
ഇവിടെ പ്രവർത്തിക്കുന്നതിലധികവും അനാഥ അഗതികൾക്കുള്ള സ്ഥാപനമാണെന്നുള്ളത് ഇവർ മറന്നു പോകുന്നത് കൊണ്ടാണ്. സനാഥരായ കുട്ടികൾ തന്നെ തെരുവിൽ അലയുന്ന കുട്ടികൾ എത്രയുണ്ട്. അതുകൊണ്ട് കുട്ടികളുടെ ബാല്യം തെരുവിലല്ല അവർക്കും അവകാശങ്ങളുണ്ട് ഇത് സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇതുപോലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. മറ്റൊന്ന് ആർട്ടിക്കിൾ 21-എ പ്രകാരം വിദ്യാഭ്യാസമെന്നത് ജന്മാവകാശമാണ്. ഉത്തരേന്ത്യയിൽ ഇതു എത്രമാത്രം നിലനിൽക്കുന്നുണ്ട്. അവിടെ മുഴുവൻ കുട്ടികൾക്കുമായുള്ള പഠന സൗകര്യങ്ങളുണ്ടോ സർക്കാർ ഇത് അന്വേഷിക്കുന്നുണ്ടോ? പട്ടികജാതി വിഭാഗത്തേക്കാളും ഏറ്റവും പരിതാപകരമായ അവസ്ഥയാണ് ഇന്ത്യയിലെ മുസ്ലിംങ്ങളുടേതെന്ന് സച്ചാർ കമ്മീഷൻ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്.
ഉത്തരേന്ത്യയിലെ ഈ മുസ്ലിംങ്ങളെ ഉയർത്തിക്കൊണ്ടു വരുന്നതിന് മെച്ചപ്പെട്ട ബൗധികവും മതപരവുമായ വിദ്യാഭ്യാസം നൽകി വളർത്തി കൊണ്ടു വരികയെന്നത് രാജ്യത്തിന്റെ ആവശ്യമാണ്. രാജ്യത്തിന്റെ മുഖമുദ്രയാകേണ്ടതും എല്ലാ ജന വിഭാഗങ്ങളുടെയും ഒരുപോലെയുള്ള വളർച്ചയാണ്. കേരളത്തിനു പുറത്ത് മുസ്ലിംങ്ങൾ സംഘടിതരല്ല ആരും അവരെ നയിക്കാനില്ല. അത്തരം ആളുകളെ തികച്ചും ശത്രു പക്ഷത്തുനർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നത് അത്യന്തം ക്രൂരമാണ്. ഇതിനെതിരെ എല്ലാ മതേതര വിശ്വാസികളും എല്ലാ രാഷ്ട്രീയപാർട്ടികളും ബി.ജെ.പിക്കു ചില അജണ്ടകളുണ്ടായിരിക്കാം .മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ പരാജയം നേരിട്ട ഈസാഹചര്യത്തിലെങ്കിലും ഭാവി ഇന്ത്യയിലെ മതേതരമൂല്യങ്ങളും കാഴ്ചപ്പാടുകളും ഉയർത്തിപ്പിടിക്കാൻ മറ്റു എല്ലാ പാർട്ടികളും ഇത് ഗൗരവമായി ചിന്തിക്കണം.
- കുട്ടികളെ എത്തിക്കുന്നത് മനുഷ്യക്കടത്തായു പണമുണ്ടാക്കാനുള്ള ഉപാധിയാണെന്നുമുള്ള രമേശ് ചെന്നിത്തലയുടെയും ആര്യാടൻ മുഹമ്മദിന്റേയും പ്രസ്താവനയെ എങ്ങനെ കാണുന്നു?
ഞാൻ ഇതുവരെ പറഞ്ഞതിൽ ഇതിനുള്ള മറുപടിയുണ്ട്. ഇത് ആരു പറഞ്ഞാലും യഥാർത്ഥ വസ്തുത എന്നത് ഇവിടത്തെ ദരിദ്രരും നിരാലംബരുമായ കുട്ടികളെ മെച്ചപ്പെട്ട രീതിയിൽ വളർത്തി വലുതാക്കി കൊണ്ടു വരിക എന്നുള്ളതാണ്. ആ ഉദ്ദേശ്യശുദ്ധിയെ മറ്റൊരർത്ഥത്തിൽ കാണാതെ തീ പിടിപ്പിക്കാൻ ആര് ശ്രമിച്ചാലും ശരി അത് വർഗ്ഗീയ ശക്തികൾക്ക് മുതലെടുക്കാൻ അവസരമുണ്ടാക്കിക്കൊടുക്കാണ്. അത് രമേശ് ചെന്നിത്തല ആയാലും ശരി ആര്യാടനായാലും ശരി ഇത്തരം വിഷയങ്ങൽ കാര്യഗൗരവത്തോടെ ചിന്തിക്കണം. രാജ്യമാകെ ബി.ജെ.പിയുടെ കൂടെ പോയപ്പോഴും മതേതര പാരമ്പര്യം കാത്തു സൂക്ഷിച്ച സംസ്ഥാനമാണ് കേരളം. ആ മതേതര കേരളത്തെ തകർക്കുന്നതിന് അല്ലെങ്കിൽ ഇവിടത്തെ വികാര വിചാരങ്ങൾ തകർക്കുന്നതിനുള്ള ശ്രമമായെ ഇതിനെ കാണാൻ കഴിയുകയുള്ളൂ. യഥാർത്ഥത്തിൽ ഇതിന്റെ ഗുണപോക്താക്കളാകാൻ പോകുന്നത്.
- യത്തീംഖാനകൾക്കെതിരെ ഉയർന്ന ആരോപണങ്ങളെ മുസ്ലിംലീഗ് എങ്ങനെയായിരിക്കും പ്രതിരോധിക്കുക?
തീർച്ചയായും ഈ അനാഥാലയങ്ങൾ കാര്യക്ഷമമായിപ്രവർത്തിക്കാനും അതിനെതിരെയുള്ള വെല്ലുവിളികളെ നേരിടാനും മുസ്ലിംലീഗ് തന്നെയാണ് മുൻപന്തിയിലുണ്ടാവുക. ഇവിടെയുള്ളത് വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന മത സംഘടനകളാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, നദ്വത്തുൽ നുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെല്ലാം ഈ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. അവർക്കു വേണ്ടിനിലകൊള്ളും മുസ്ലീംലീഗ്. യാതൊരു സംശയവുമില്ല. ഇത് നടത്തുമ്പോൾ അതത് മാനേജ്‌മെന്റ് നിയമത്തിനുള്ളിൽ നിന്നുകൊണ്ട് വേണ്ടവിധത്തിലുള്ള കാര്യക്ഷമത മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടാകണം. അതുപോലെ അനാഥാലയങ്ങളിലെ കുട്ടികളെ ദുർഗുണ പാഠശാലയിലെ കുട്ടികളെ പോലെ കാണാതെ അപകർഷതാ ബോധം അവരെ വളർത്താതെ ഞങ്ങളും സനാഥരാണ് എന്ന ബോധ്യം അവരിലുണ്ടാക്കുന്ന വിധത്തിൽ അനാധാലയ നടത്തിപ്പ് മാറേണ്ടതുണ്ട്.