- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസ് പാർട്ടിയുടെ സ്വത്ത്, പ്രതിപക്ഷ നേതാവ് പാർട്ടി വിരുദ്ധനാണെന്ന് കരുതുന്നില്ല; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി തീരുമാനിക്കുന്ന പതിവ് പാർട്ടിക്കില്ല; ഇടതു മതേതര മനസ്സുള്ളവർ ഒന്നിക്കണം: പാർട്ടിവിട്ടവർ തിരിച്ചുവരണമെന്ന അഭിപ്രായവും മറുനാടനോട് പങ്കുവച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി
ന്യൂഡൽഹി: ചിരിച്ചുകൊണ്ട് പ്രത്യയശാസ്ത്രം പറയുന്ന അപൂർവ്വം കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. തന്റെ ചുമലിൽവന്ന ഭാരിച്ച ഉത്തരവാദിത്വത്തിന്റെ കനമൊന്നും ആ മുഖത്തില്ല. ചിരിച്ച് ഉല്ലസിച്ച് നടക്കുന്ന ഒരു കോളേജ് കുട്ടിയുടെ കൗതുകത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. യെച്ചുരിയുമായുള്ള സൗഹൃദ ഭാഷ
ന്യൂഡൽഹി: ചിരിച്ചുകൊണ്ട് പ്രത്യയശാസ്ത്രം പറയുന്ന അപൂർവ്വം കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. തന്റെ ചുമലിൽവന്ന ഭാരിച്ച ഉത്തരവാദിത്വത്തിന്റെ കനമൊന്നും ആ മുഖത്തില്ല. ചിരിച്ച് ഉല്ലസിച്ച് നടക്കുന്ന ഒരു കോളേജ് കുട്ടിയുടെ കൗതുകത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. യെച്ചുരിയുമായുള്ള സൗഹൃദ ഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ.
സിപിഐ(എം) ജനറൽ സെക്രട്ടറിയെന്ന നിലയിൽ താങ്കളുടെ പ്രഥമ പരിഗണന എന്തിനായിരിക്കും?
മോദി സർക്കാറിനെതിരെ ഇടതുപക്ഷ മതേതരത ബദൽ കെട്ടിപ്പടുക്കുക എന്നതുതന്നെ. യോജിക്കാവുന്ന എല്ലാ പാർട്ടികളുമായി ഞങ്ങൾ ഇക്കാര്യം ചർച്ചചെയ്തുവരികയാണ്. അതോടൊപ്പം ഇടതുപക്ഷ ഐക്യവും ശക്തിപ്പെടണം. മോദിയുടെ ഭൂമിയേറ്റടുക്കൽ ബിൽ തൊട്ട് കോർപ്പറേറ്റ് പ്രീണനംവരെയുള്ളവക്കെതിരായ ശക്തമായ പ്രക്ഷോഭം രാജ്യത്തുണ്ടാവണം. അതിനായുള്ള വിശാലമായ മുന്നണിക്കാണ് സിപിഐ( എം) ശ്രമിക്കുന്നത്.
കേരളത്തിൽ പാർട്ടിവിട്ടവരെയും സ്വാഗതം ചെയ്യുന്നുണ്ടോ?
സംശയമെന്ത്. ഫാസിസം പടിവാതിലിൽ എത്തിനിൽക്കുമ്പോൾ അതും ഇതും പറഞ്ഞ് തർക്കിച്ചു നിൽക്കാൻ സമയമില്ല. വ്യക്തിപരമായ പ്രശ്‌നങ്ങളുടെപേരിൽ പാർട്ടിവിട്ടുപോയ മുഴുവൻപേരും തിരച്ചുവരണം. കേരളത്തിൽ സോഷ്യലിസ്റ്റ് ജനതയും, ആർ.എസ്‌പിയുമൊക്കെ മുന്നണിവിട്ടുപോയത് എന്തെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രശ്‌നംകൊണ്ടല്ല. അവരൊക്കെ തിരിച്ചുവന്ന് ഇടതുമുന്നണി വിപുലപ്പെടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
കോൺഗ്രസുമായുള്ള സഖ്യം ഇപ്പോൾ അജണ്ടയിൽ ഉണ്ടോ. ഒന്നാം യു.പി.എ സർക്കാറിന്റെ ഹൃദ്യമായ അനുഭവം നമ്മുടെ മുന്നിലുണ്ടല്ലോ?
ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്തേതുപോലല്ല ഇപ്പോൾ. അഴിമതിയിൽ മുങ്ങിക്കുളിച്ച കോൺഗ്രസിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ദേശീയ തലത്തിൽ അവരുമായുള്ള സഖ്യം അജണ്ടയിൽ ഇല്ല. എന്നാൽ ചിലയിടത്തൊക്കെ പ്രാദേശിക സഖ്യങ്ങളും വിട്ടുവീഴ്ചകളും ആവാമെന്നാണ് ഞങ്ങളുടെ നിലപാട്.
കേരളത്തിലെ രൂക്ഷമായ വിഭാഗീയതയിൽ കേന്ദ്രനേതൃത്വം നോക്കുകുത്തിയായിരുന്നു എന്ന വിമർശനം ഉണ്ട്. കേരളത്തിലെ പ്രശ്‌നങ്ങളിലുള്ള താങ്കളുടെ സമീപനം എങ്ങനെയായിരിക്കും?
പാർട്ടിക്ക് എറ്റവും സ്വാധീനവും അംഗബലവുമുള്ള ഘടകമാണ് കേരളത്തിലേത്. അവിടുത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആ ഘടകത്തിന് തന്നെ കഴിയും. വേണ്ട സമയത്ത് കേന്ദ്രനേതൃത്വവും ഇടപെട്ടിട്ടുണ്ട്. പിന്നെ, കേരളത്തിൽ വിഭാഗീയത ഏറ്റവും കുറഞ്ഞ കാലമാണിത്. മുൻപുണ്ടായിരുന്നപോലുള്ള പ്രശ്‌നങ്ങളൊന്നും ഇപ്പോൾ പാർട്ടിയിൽ ഇല്ല.
സംസ്ഥാന സമ്മേളനത്തിന് തൊട്ടുതലേന്നാണ് വി.എസിന് എതിരായ പ്രമേയം സംസ്ഥാന സെക്രട്ടറി പരസ്യമാക്കുന്നത്. അതിൽ പാർട്ടി വിരുദ്ധനാണെന്നാണ് അദ്ദേഹത്തെ പറഞ്ഞിരിക്കുന്നത്?
സംസ്ഥാന കമ്മറ്റിക്ക് അങ്ങനെയൊരു പ്രമേയം പാസാക്കാനും അത് പരസ്യപ്പെടുത്താനുമുള്ള അധികാരമുണ്ട്. അതിൽ തെറ്റില്ല. സംസ്ഥാന സമ്മേളനത്തെക്കുറിച്ച് വ്യാപകമായ കുപ്രചാരണങ്ങൾ ഉണ്ടായപ്പോൾ ചില കാര്യങ്ങൾ പരസ്യപ്പെടുത്തണമെന്ന് സംസ്ഥാനനേതൃത്വത്തിന് തോന്നിക്കാണും. പക്ഷേ വി എസ് പാർട്ടിവിരുദ്ധനാണെന്ന് പ്രമേയത്തിൽ പറയുന്നില്ല. പാർട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് അദ്ദേഹം തരംതാണുവെന്നാണ് പറയുന്നത്. ഒരു പ്രത്യേക വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് ആ പ്രമേയം. അതുകൊണ്ടുതന്നെ അത് ഒരു പൊതുഅഭിപ്രായമായി എടുക്കാൻ കഴിയില്ല.
യെച്ചൂരി പൊതുവെ വി എസ് അനുകൂലിയാണെന്നാണ് അറിയപ്പെടുന്നത്. താങ്കൾക്ക് മുൻകൂട്ടി ആശംസ നേർന്ന ആളാണ് അദ്ദേഹം. മാത്രമല്ല വിശാഖപട്ടണം സമ്മേളനത്തിൽ നിന്ന് പുറത്തുപോയ വി എസ്, യെച്ചൂരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു എന്ന് അറിഞ്ഞശേഷമാണ് തിരച്ചുവരുന്നതും?
ഇവയെല്ലാം മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാട്ടിയാതാണ്. വി.എസിന്റെ എല്ലാ നിലപാടുകളോടും യോജിപ്പുള്ള ആളല്ല ഞാൻ. പക്ഷേ വി എസ് നടത്തിയ പോരാട്ടങ്ങൾ എക്കാലവും ഞങ്ങളുടെയാക്കെ മനസ്സിലുണ്ട്. ആ ആശയപരമായ ഐക്യദാർഢ്യമാണ് അദ്ദേഹത്തോടുള്ളത്. മുൻകൂർ ആശംസയൊക്കെ ആ ഒരു സ്പരിറ്റിൽ കണ്ടാൽ മതി. പിന്നെ വി എസ് വിശാഖപട്ടണത്തുനിന്ന് പോയതും തിരിച്ചുവന്നതും സെക്രട്ടറി തെരഞ്ഞെടുപ്പ് സംബന്ധിച്ചും ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ വിമാനം വൈകിയതുകൊണ്ടാണ് തരിച്ചുവന്നത്.
ഇനി ഈ പാർട്ടിയിൽ വി.എസിന്റെ ഭാവിയെന്തായിരക്കും?
നിങ്ങൾ കേരളത്തിലെ മാദ്ധ്യമ പ്രവർത്തകരുടെ ഒരു കുഴപ്പം ഇതാണ്. (ചിരിക്കുന്നു) വി എസ്, വി എസ് എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. പാർട്ടിയുടെ എക്കാലത്തെയും വലിയ സ്വത്താണ് വി എസ് എന്ന് ആർക്കാണ് അറിയാത്തത്. കേന്ദ്ര കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് എന്ന പദവി അദ്ദേഹത്തിന് ലഭിച്ചതും അതുകൊണ്ടുതന്നെയാണ്. പാർട്ടിയെ വിട്ട് വി.എസിന് ഒരു ജീവിതമില്ല. ഇനി ഈ 91ാമത്തെ വയസ്സിന്റെ അദ്ദേഹത്തിന്റെ ഭാവി അന്വേഷിക്കുന്ന നിങ്ങൾക്കാണ് എന്തോ കുഴപ്പമുള്ളത്. (ചിരിക്കുന്നു)
കേരളത്തിൽ നിന്നുള്ള കേന്ദ്രകമ്മറ്റി അംഗങ്ങൾ ഒറ്റക്കെട്ടായി എസ്.ആർ.പിക്കുവേണ്ടി നിലകൊണ്ടുവെന്നും സെക്രട്ടറിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വലിയ ഭിന്നതയുണ്ടായി എന്നുമാണല്ലോ, വിശാഖപട്ടണം സമ്മേളനത്തെ മുൻനിർത്തി മാദ്ധ്യമങ്ങൾ എഴുതിയത്. അതെല്ലാം അടിസ്ഥാന രഹിതമാണ്. ഐക്യകണ്‌ഠേനെയാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തത്. എന്റെ പേര് പിന്താങ്ങിയത് സഖാവ് എസ്.ആർ.പിയാണ്. പിന്നെ ഞങ്ങളുടെ പാർട്ടിയിൽ ആർക്കും ആരെയും മുഖംനോക്കാതെ വിമർശിക്കാം, അഭിപ്രായം പറയാം. വ്യത്യസ്ത കാഴ്ചപ്പാടുള്ളവർക്ക് വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടാവാം എന്നല്ലാതെ അത് ഒരിക്കലും വിഭാഗീയതയിലേക്ക് പോയിട്ടില്ല.
പക്ഷേ താങ്കളും കാരാട്ടും, എസ്.ആർ.പിയും തമ്മിലൊക്കെ കടുത്ത അഭിപ്രായവ്യത്യാസമായിരുന്നെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ?
(ചരിച്ചുകൊണ്ട്) അതുതന്നെയാണ് ഇവിടുത്തെ പ്രശ്‌നവും. എന്നും ബന്ധപ്പെടുന്ന നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ. എത്രകാലമായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. മറ്റ് ബൂർഷ്വാ പാർട്ടികളുടെ സ്വഭാവംവച്ച് നിങ്ങൾ ഞങ്ങളെ വിലയിരുത്തരുത്.
പക്ഷേ കാരാട്ടിന്റെ കാലത്താണ് പാർട്ടി ഏറ്റവും ദുർബലമായത്?
പക്ഷേ അത് കാരാട്ടിന്റെ എന്തെങ്കിലും വ്യക്തിപരമായ ദൗർബല്യമായി പാർട്ടി വിലയിരുത്തിയിട്ടില്ല. ഒന്നാം യു.പി.എ സർക്കാർ ഉണ്ടായ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മഞ്ചേരിയടക്കം ഒരിക്കലും വിജയിക്കാത്ത സീറ്റുകളിൽ വിജയിച്ച് സിപിഐ(എം) വൻ നേട്ടം കൊയ്തു. അന്നും കാരാട്ട് ആയിരുന്നല്ലോ ജനറൽ സെക്രട്ടറി. അന്ന് വിജയത്തിന്റെ ക്രഡിറ്റ് ഒരിക്കലും നിങ്ങൾ കാരാട്ടിന് കൊടുത്തിട്ടില്ലല്ലോ? കൂട്ടായ നേതൃത്വത്തിലൂടെ പ്രവർത്തിക്കുന്ന പാർട്ടിയാണ്് ഞങ്ങൾ. അതിനാൽ വിജയത്തിലും പരാജയത്തിലുമുള്ള ഉത്തരവാദിത്വം എല്ലാവർക്കും ഒരുപോലെയാണ്.
പിണറായി വിജയനാണ് സിപിഎമ്മിന്റെ കേരളത്തിലെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന രീതിയിലുള്ള പ്രചാരണം പാർട്ടിക്കകത്ത് സജീവമാണല്ലോ? മുതിർന്ന നേതാക്കളായ എ.കെ ബാലനും, ഇ.പി ജയരാജനും ആ രീതിയിൽ അഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞു?
നിങ്ങൾക്കറിയാമല്ലോ, ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി നിശ്ചയിക്കുന്ന രീതി ഞങ്ങൾക്കില്ല. തിരഞ്ഞെടുപ്പിന് ശേഷമാണ് അക്കാര്യം തീരുമാനിക്കുക. എന്നുവച്ച് പിണറായി മുഖ്യമന്ത്രി ആവില്ല എന്നുമില്ല. അത് ഇപ്പോൾ തീരുമാനിക്കേണ്ട കാര്യമല്ല. സഖാവ് പിണറായി എന്ത് ചുമതല വഹിക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കുക. ഒറ്റപ്പെട്ട അഭിപ്രായങ്ങൾ അവരവരുടെ ആഗ്രഹങ്ങൾ എന്ന നിലക്ക് കണ്ടാൽ മതി.
അപ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ വി.എസിന്റെ അവസ്ഥയെന്താവും. പ്രായം പറഞ്ഞ് അദ്ദേഹത്തെ മാറ്റിനിർത്തുമോ?
അക്കാര്യങ്ങളെല്ലാം ഉചിതമായ സമയത്ത് പാർട്ടി തീരുമാനിക്കും. പിന്നെ പ്രായമല്ല, അനോരോഗ്യമാണ് പ്രശ്‌നം. എന്നുവച്ച് വി എസ് ഒരിക്കൽകൂടി മൽസരിക്കുമെന്നും ഇപ്പറഞ്ഞതിന് അർഥമില്ല. കാര്യങ്ങൾ സുതാര്യമായ ചർച്ചയിലുടെ തീരുമാനിക്കുന്ന പാർട്ടിയാണ് സിപിഐ(എം).
ബംഗാളിലെ സ്ഥിതി ഇപ്പോഴും മാറ്റമില്ലല്ലോ?
ആരു പറഞ്ഞു. ബംഗാളിൽ മമതയുടെ അഴിമതിയിൽ മനം മടുത്ത് ജനം തിരിയുകയാണ്. ഈ ട്രെൻഡ് വൈകാതെമാറുമെന്നാണ് ഞങ്ങൾ കരുതുന്നത്. അവിടെ നടന്ന പാർട്ടി സമ്മേളനങ്ങളിലൊക്കെ വമ്പിച്ച ജന പങ്കാളിത്തമായിരുന്നു. നൂറുകണക്കിന് പ്രവർത്തകരെ തൃണമൂൽ ഗുണ്ടകളും പൊലീസും കൊന്നൊടുക്കയിട്ടും സിപിഐ (എം) അവിടെ പോരാടുകയാണ്.
ആം ആദ്മിയും, ജനതാ പരിവാറുമെക്കെ ചേർത്ത് പഴയതുപോലെ ഒരു മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടോ?
വരട്ടെ, രാഷ്ട്രീയത്തിൽ ഒരു സാധ്യതയും തള്ളിക്കളായൻ ആവില്ലല്ലോ. മതേതര കക്ഷികളുടെ വിശാല സഖ്യം എന്നത് ഇന്ത്യയിൽ നടപ്പില്ലാത്ത ആശയമൊന്നുമല്ല.