- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്ന് വെറും സ്മിതയായിരുന്നു, പിന്നല്ലേ സിൽക്കൊക്കെ ചേർത്ത് വിളിച്ചത്; വളരെയേറെ കഴിവുകളുള്ള ഒരു കലാകാരിയെ വേറൊരു തലത്തിലേക്ക് മാറ്റിയെടുക്കുകയായിരുന്നു; പ്രേംനസീർ അടക്കം സെറ്റിൽ ഉണ്ടായിരുന്നിട്ടും വിജയശ്രീയുടെ മരണത്തിൽ പങ്കെടുക്കാൻ പോയത് ഞാൻ മാത്രം'; സിനിമാ ലോകത്തെ പല അണിയറ രഹസ്യങ്ങളും തുറന്ന് പറഞ്ഞ് രാഘവൻ
അവസരങ്ങൾ ലഭിച്ചതൊക്കെയും നിമിത്തങ്ങളുടെ പേരിലാണെന്ന് പറഞ്ഞ രാഘവൻ വെള്ളിത്തിരയിലെ തന്റെ പ്രതിഭയുടെ നിറഞ്ഞാട്ടം കൊണ്ട് ചലച്ചിത്ര മേഖലയിലെ ഒഴിവാക്കപ്പെടാനാവാത്ത താരമായി മാറുന്ന കാഴ്ചയാണ് അഭയം എന്ന സിനിമക്ക് ശേഷം കണ്ടത്. പ്രേം നസീറും, മധുവും, അടൂർ ഭാസിയുമടക്കം നിറഞ്ഞുനിൽക്കുന്ന അഭ്രപാളികളിലെ നിത്യ സാന്നിധ്യമായി മാറിയ കാലം. ജയഭാരതിയും ശ്രീവിദ്യയും വിജയശ്രീയുമടക്കമുള്ള മുൻനിര നായികമാരുടെ ജോഡിയായുള്ള എത്രയോ മനോഹരമായ ഗാനരംഗങ്ങൾ. താരത്തിളക്കത്തിന്റെ ഉയർച്ചയിലും രാഘവനെന്ന നടൻ ഉയർത്തിപ്പിടിച്ച മാനുഷിക മൂല്യങ്ങളുടെ തോതറിയണമെങ്കിൽ വിജയശ്രീയുടെ അകാല വിയോഗത്തിനെ തുടർന്ന് അദ്ദേഹമെടുത്ത നിലപാട് ഒന്നുമാത്രം മതിയാവും(നടൻ രാഘവനുമായുള്ള അഭിമുഖം അവസാന ഭാഗം)
അഭയത്തിലേക്കുള്ള വരവ് ?
പലതവണ മദ്രാസിലെത്തിയിട്ടും രാമു കാര്യാട്ടിനെ കാണണമെന്ന് അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ പറഞ്ഞിരുന്നത് എന്റെ ഓർമ്മയിലേക്ക് വന്നിരുന്നില്ല. എന്നാൽ ഒരു ദിവസം അതേ കുറിച്ച് ഓർക്കുകയും ഇത്രയും പ്രതിഭാശാലിയായ ഒരു സംവിധായകനെ കാണാൻ അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളപ്പോഴും എന്തുകൊണ്ട് അതിന് സാധിച്ചില്ല എന്ന ചിന്ത മനസ്സിൽ നിറയുകയും ചെയ്തു. പിന്നീട് ഒന്നും ആലോചിക്കാതെ അദ്ദേഹത്തെ കാണാം എന്ന് ഉറപ്പിച്ചു. അതിനായി രാമു കാര്യാട്ടിന്റെ ടെലിഫോൺ നമ്പർ സംഘടിപ്പിച്ച് അദ്ദേഹത്തെ വിളിച്ചപ്പോൾ മദ്രാസിലെ ചെമ്മീന്റെ ഓഫീസെന്ന് പറഞ്ഞാൽ ആർക്കും അറിയാൻ സാധിക്കും, രാഘവൻ ഒരു ടാക്സി വിളിച്ച് അങ്ങോട്ടേക്ക് പോരൂ എന്ന മറുപടിയാണ് ലഭിച്ചത്.
ഉടൻ തന്നെ അദ്ദേഹത്തിന്റെ താമസസ്ഥലമായിരുന്ന വുഡ്ലാൻഡ്സ് ഹോട്ടലിലെ മുറിയിലേക്കെത്തി. അവിടെയെത്തിയപ്പോൾ ഡൈനിങ് ടേബിളിൽ നിരത്തിയിട്ടിരുന്ന സ്‌ക്രിപ്റ്റും അതിന്റെ ഓരത്തായുള്ള രാമു കാര്യാട്ടുമാണ് എന്നെ വരവേറ്റത്. ഇരിക്കാൻ പറഞ്ഞ അദ്ദേഹം പിന്നീട് എന്നോട് സംസാരിച്ചത് മുഴുവൻ മുന്നിൽ നിരത്തിയിട്ടിരുന്ന പേപ്പർ കഷ്ണങ്ങളിലുള്ള കഥയേയും അതിലെ കഥാപാത്രങ്ങളേയും കുറിച്ചായിരുന്നു. വളരെ ഗൗരവ സ്വഭാവമുള്ള ഒരു നായക കഥാപാത്രമാണ് തന്റെ കഥയിൽ ഉള്ളതെന്നും അതിന് അനുയോജ്യനായ നായകൻ ആരായിരിക്കുമെന്നുമായിരുന്നു അദ്ദേഹം എന്നോട് ചോദിച്ചത്. രാമു കാര്യാട്ടിന്റെ ചോദ്യം. പരിചയസമ്പന്നനായ ഒരു നടനെ അല്ലേ ഇതുപോലൊരു ക്യാരക്ടർ ഏൽപ്പിക്കേണ്ടതെന്നായിരുന്നു എന്റെ മറുചോദ്യം.
ഞാൻ പലരുടേയും പേര് പറഞ്ഞെങ്കിലും അദ്ദേഹം അപ്പോൾ പറഞ്ഞ മറുപടി എന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. രാഘവൻ ആ റോൾ ചെയ്യുമോ എന്നായിരുന്നു എന്നെ ഞെട്ടിച്ചുകൊണ്ട് രാമു കാര്യാട്ട് ചോദിച്ചത്. ഞെട്ടലോടെയാണ് ഞാനത് കേട്ടിരുന്നതെങ്കിലും ധൈര്യത്തോടെ തന്നെ ചെയ്യാം എന്ന മറുപടിയാണ് നൽകിയത്. ഉടൻ തന്നെ അസിസ്റ്റന്റായ ഗൗതമനെ വിളിപ്പിച്ച അദ്ദേഹം പറഞ്ഞത് ഇത് രാഘവൻ, ഇക്കഥയിലെ മുരളിയെ അവതരിപ്പിക്കാൻ പോകുന്നത് ഇദ്ദേഹമാണെന്നും രാമു കാര്യാട്ട് പറഞ്ഞതോടെ എന്റെ അഭിനയ ജീവിതത്തിലെ വഴിത്തരിവായ അഭയത്തിലെ മുരളിയിലേക്കുള്ള രംഗപ്രവേശമാണ് നടന്നത്. മുരളിയെന്ന ആ കഥാപാത്രത്തിലൂടെ എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് അഭയത്തിൽ എനിക്ക് ചെയ്യാൻ സാധിച്ചത്.
പി.എൻ മേനോനുമൊത്തുള്ള സിനിമകൾ ?
അഭയത്തിലെ എന്റെ കഥാപാത്രം കണ്ടതിന് ശേഷമാണ് പി.എൻ മേനോൻ എന്നെ അദ്ദേഹത്തിന്റെ ചിത്രമായ ചെമ്പരത്തിയിലേക്ക് വിളിക്കുന്നത്. മലയാറ്റൂരിന്റെ കഥാഗതിയിലൂടെ സഞ്ചരിച്ച ചെമ്പരത്തി പി.എൻ മേനോന്റെ സംവിധായക മികവിന്റേയും ഉദാഹരണമായി മാറിയ സിനിമയായിരുന്നു. ഒപ്പം തന്നെ മലയാളത്തിലെ ഏറ്റവും മികച്ച ഒരു നിർമ്മാതാവിന്റെ കരസ്പർശവും ആ സിനിമയുടെ വിജയത്തിൽ നിർണ്ണായകമായി മാറി.എസ്.കെ നായർ ചെമ്പരത്തിയുടെ പ്രമോഷനായി നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ആ സിനിമയുടെ പ്രചാരണത്തിനായി അദ്ദേഹം മലയാളനാടെന്ന പത്രം വരെ ആരംഭിച്ചു.
മലയാറ്റൂരിന്റെ തന്നെ കഥയിൽ പിറന്ന ഗായത്രി എന്ന ചിത്രവും എന്റെ അഭിനയ ജീവിത്തിലെ മറക്കാനാവാത്ത് ഒരു സിനിമാ അനുഭവമായിരുന്നു.ജാതി വേർതിരിവുകൾക്കിടയിലെ പ്രണയം പ്രമേയമാക്കിയ ഗായത്രിയിലൂടെ സോമനെന്ന നടന്റെ സിനിമാ അരങ്ങേറ്റവും നടന്നു. അതും ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന സംഭവങ്ങളാണ്. അഗ്രഹാരങ്ങളുടെ പശ്ചാത്തലവും മനോഹരമായ ഗാനങ്ങളും ഗായത്രിയെ വേറിട്ട ഒരു ചലച്ചിത്രാനുഭവമായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.
താരസങ്കൽപ്പങ്ങളെ മാറ്റിമറിച്ച ഐ.വി ശശിയുടെ ഉത്സവം ?
ഉയരങ്ങളിലേക്ക് എത്തണമെന്ന പിടിവാശിയുടെ പ്രതിഭാ സമ്പന്നമായ രൂപമാണ് ഐ.വി ശശി. താൻ ഉദ്ദേശിക്കുന്ന തലത്തിലേക്ക് എത്തിച്ചേരാൻ എത്രമാത്രം കഠിനാദ്ധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. കലാ സംവിധായകൻ, സഹ സംവിധായകൻ എന്നീ നിലകളിൽ പല സിനിമകളിലും പ്രവർത്തിക്കുമ്പോഴും മികച്ച ഒരു സംവിധായകൻ എന്ന നിലയിലേക്കെത്താനുള്ള ശശിയുടെ പരിശ്രമമാണ് അദ്ദേഹത്തിന്റെ വിജയത്തിന് കരുത്തേകിയത്. ഓരോ സിനിമയേയും കാണുകയും അതിനെ ആഴത്തിൽ തന്നെ വിലയിരുത്തുകയും ചെയ്യുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.
അത്തരത്തിലുള്ള പ്രതിഭാ വിളയാട്ടങ്ങളെല്ലാം തെളിഞ്ഞു നിന്ന ചിത്രമായിരുന്നു ഉത്സവം. വ്യത്യസ്തമായ പ്രമേയം, മനോഹരമായ ഗാനങ്ങൾ ഒപ്പം വലിയ താരനിരയുടെ സാന്നിധ്യവും കൊണ്ട് ഏറ്റവും മികച്ചതാക്കി ഉത്സവമെന്ന ചിത്രത്തെ വെള്ളിത്തിരയിലെത്തിക്കാൻ ഐ.വി ശശിക്ക് കഴിഞ്ഞു. അതിൽ പ്രാധാന്യമുള്ള വേഷം തന്നെ കൈകാര്യം ചെയ്യാൻ സാധിച്ചത് വലിയ അനുഗ്രഹം തന്നെയായിരുന്നു. പിന്നീടും അങ്ങാടി, വാടകക്കൊരു ഹൃദയം തുടങ്ങിയ ചിത്രങ്ങളിലും ഐ.വി ശശി എനിക്ക് മികച്ച അവസരങ്ങൾ തന്നെ തന്നു. അങ്ങാടിയിൽ ജയൻ അവിസ്മരണീയമാക്കിയ ഡയലോഗുള്ള രംഗത്തിൽ എത്താനായതും വലിയ നേട്ടമായി മാറി.
പ്രേം നസീറുമായുള്ള അടുപ്പം ?
നസീർ കാലഘട്ടത്തിൽ സിനിമയുടെ ഭാഗമാകാൻ തന്നെ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. വലിയ രീതിയിലുള്ള അടുപ്പമാണ് അദ്ദേഹവുമായി ഞാൻ കാത്തുസൂക്ഷിച്ചിരുന്നത്. എന്നാൽ ഏറ്റവുമധികം അടുപ്പം അല്ലെങ്കിൽ സൗഹൃദം ഞാൻ കാത്തുസൂക്ഷിച്ചിരുന്നത് മധുവുമായി തന്നെയായിരുന്നു. പഠിച്ച സ്ഥാപനം ഒന്നായതുകൊണ്ടും അഭയം മുതലുള്ള പരിചയവും മെരിലാൻഡിലെ ഷൂട്ടിങ് വേളകളിൽ പങ്കുവെച്ച സൗഹ്യദവുമെല്ലാം മധുവുമായി ഒരു സഹോദര ബന്ധമാണ് വളർത്തിയത്.
വിജയശ്രീയുടെ വിയോഗം ?
ഒട്ടേറെ സിനിമകളിൽ നായികയായും ഗാനരംഗകളിലും ഒന്നിച്ചഭിനയിച്ച ബന്ധമായിരുന്നു വിജയശ്രീയുമായി ഉണ്ടായിരുന്നത്. തീർത്തും അപ്രതീക്ഷിതമായ വിയോഗമായിരുന്നു അവരുടേത്. അതിന്റെ കാരണങ്ങളെക്കുറിച്ച് അന്നും ഇന്നും ആർക്കുമൊരു വ്യക്തതയില്ല. അന്ന് അവരുടെ മരണ വാർത്ത അറിയുമ്പോൾ മലയാളത്തിലെ ഒട്ടുമിക്ക നടീ നടന്മാരും അയലത്തെ സുന്ദരി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ബാഗ്ലൂരിലാണ് ഉണ്ടായിരുന്നത്. പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ, അടൂർ ഭാസി, ശ്രീലത തുടങ്ങി പ്രശസ്തരായ താരനിരയായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്.
മരണവാർത്ത അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിയെങ്കിലും ഷൂട്ടിങ് തുടരാനായിരുന്നു തീരുമാനം. എന്നാൽ ഒപ്പം അഭിനയിച്ച കലാകാരിയായതിനാൽ തന്നെ ലൊക്കേഷനിൽ തുടരാൻ കഴിയില്ലെന്നും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോവുകയാണെന്നും അറിയിച്ച് ഞാൻ സെറ്റ് വിട്ടു. പിന്നാലെ തന്നെ വിമാനത്തിൽ മദ്രാസിലെത്തി വിജയശ്രീയുടെ സംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.
സ്മിത സിൽക്ക് സ്മിതയാവുന്നതിന് മുൻപ് ഒരുമിച്ചുള്ള അഭിനയത്തെ കുറിച്ച് ?
എനിക്കൊപ്പം അഭിനയിച്ച ചിത്രത്തിൽ എത്തുമ്പോൾ സ്മിത എന്ന തെലുങ്ക് കലാകാരി എന്ന പേരിലായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. വളരെ പ്രതിഭയുള്ള കലാകാരി. ചെയ്യുന്ന വേഷത്തോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തുന്ന വ്യക്തി. അതായിരുന്നു ഞാൻ കണ്ട സ്മിത. അവരെ പിന്നീട് വേറൊരു തലത്തിലേക്ക് എത്തിക്കുകയാണ് ചെയ്തതെന്നാണ് ഞാനിന്നും വിശ്വസിക്കുന്നത്.
മദ്രാസ് ജീവിത കാലത്തെ എം.ജി.ആറുമായുള്ള അടുപ്പം ?
ദീർഘകാലം മദ്രാസിൽ ഉണ്ടായിരുന്നെങ്കിലും എം.ജി.ആറുമായി അത്ര വലിയ ഒരടുപ്പം സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. എന്നാൽ അഡയാറിലെ അദ്ദേഹത്തിന്റെ സത്യ സ്റ്റുഡിയോയിൽ വെച്ചുള്ള ഒരനുഭവം ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന് ഒന്നാണ്. ഷൂട്ടിംഗിനിടയിലെ വിശ്രമ സമയത്ത് ഗാർഡനിൽ ഇരിക്കുകയായിരുന്ന എന്റെ തോളിലേക്ക് അപ്രതീക്ഷിതമായെത്തിയ ഒരു കൈ..തൊട്ടുപിന്നാലെ തിരിഞ്ഞുനോക്കിയ എനിക്കൊപ്പം ചേർന്ന് നിന്നിരുന്നത് സാക്ഷാൽ എം.ജി.ആറായിരുന്നു.
ആ കാഴ്‌ച്ചയേക്കാളും എന്നെ ഞെട്ടിച്ചത് അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു. മലയാളത്തിൽ സുഖമാണോ അല്ലേ..ജോലിയൊക്കെ എങ്ങനെ പോകുന്നു എന്ന് അദ്ദേഹം ചോദിച്ചപ്പോൾ തീർത്തും ഒരു ഞെട്ടലായിരുന്നു. ഏറെ അഭിമാനത്തോടെയാണ് ഞാനതിന്നും ഓർമ്മയിൽ സൂക്ഷിക്കുന്നത്. ഒരാളോട് പോലും മലയാളത്തിൽ സംസാരിക്കാത്ത എം.ജി.ആർ തന്നോട് മലയാളം പറഞ്ഞത് മറക്കാനാവാത്ത അനുഭവമായിരുന്നു.
കിളിപ്പാട്ടിലൂടെ സംവിധാന രംഗത്തേക്ക് ?
യഥാർത്ഥത്തിൽ എനിക്ക് സിനിമയെന്നാൽ സംവിധാനമായിരുന്നു ലക്ഷ്യം. പക്ഷേ കാലം എന്നെ എത്തിച്ചത് ഒരു നടനെന്ന രൂപത്തിലേക്കായിരുന്നു. എന്റെ ജീവിതത്തിലെ എല്ലാ വേഷങ്ങളും എന്നെ ഇങ്ങോട്ടേക്ക് തേടി വന്നവയായിരുന്നു. അതിനാൽ തന്നെ സിനിമാ ജീവിതത്തിൽ ഒരിക്കലും ആരോടും ചാൻസ് തേടി അങ്ങോട്ട് പോയിട്ടില്ല.
ഇടയ്ക്ക് സിനിമയിൽ നിന്നുമുള്ള അവസരങ്ങൾ കുറഞ്ഞപ്പോഴും ആരെയും അങ്ങോട്ടേക്ക് തേടി പോവാൻ ഞാൻ ഒരുക്കമായിരുന്നില്ല. ആ സന്ദർഭത്തിലാണ് കുടുംബ സുഹൃത്തുക്കളുടെ കൂടി സഹകരണത്തോടെ ഞാൻ തന്നെ നിർമ്മിച്ച കിളിപ്പാട്ട് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. പിന്നീട് ഒരു കന്നഡ സിനിമയും സംവിധാനം ചെയ്യാൻ കഴിഞ്ഞു. ചലച്ചിത്ര മേഖലയിലേക്ക് കടന്നെത്തുമ്പോൾ തുണച്ച നിമിത്തങ്ങളും ഭാഗ്യങ്ങളും അങ്ങനെ എന്നെ ഒരു സംവിധായകനായും മാറ്റുകയായിരുന്നു.
(അവസാനിച്ചു)
മറുനാടന് മലയാളി ബ്യൂറോ