മാഞ്ചസ്റ്റര്‍: സോഷ്യല്‍ മീഡിയ ഇല്ലെങ്കില്‍ താരങ്ങള്‍ ഇല്ലെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ മാറുന്നത്. താരങ്ങളുടെ വിദേശ സഞ്ചാരം മുതല്‍ പുതിയൊരു ഡ്രസ് വാങ്ങിയാല്‍ പോലും സോഷ്യല്‍ മീഡിയയില്‍ എത്തിച്ചു പണം വാരാനും നെഗറ്റീവ് കമന്റുകള്‍ വഴി പോലും താരമൂല്യം കൂട്ടാനും കെല്‍പ്പുള്ളവരാണ് ഇന്നത്തെ മലയാളി ചെറുപ്പക്കാരായ താരങ്ങള്‍. ഇക്കാര്യത്തില്‍ പഴയ തലമുറ താരങ്ങള്‍ അല്‍പം പിന്നില്‍ തന്നെയാണ്. അഥവാ മാര്‍ക്കറ്റ് വാല്യൂ ന്യൂ ജെന്‍ താരങ്ങള്‍ക്ക് തന്നെയാണ്.

ഒരു സിനിമയോ ചാനല്‍ പരിപാടിയോ അവതരിപ്പിക്കാതെ പോലും താരപദവിയില്‍ എത്താന്‍ സോഷ്യല്‍ മീഡിയ വഴി കഴിഞ്ഞവരുടെ എണ്ണവും കുറവല്ല. ലോറി ഓടിച്ചു വീഡിയോ ഷെയര്‍ ചെയ്യുന്ന പുത്തേട്ട് മുതല്‍ നാടന്‍ കറികള്‍ തയ്യാറാക്കി ഹിറ്റായ അന്നമ്മച്ചേട്ടത്തി വരെ പുത്തന്‍ താരോദയ പട്ടികയിലുണ്ട്. അതിനാല്‍ സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിക്കാന്‍ പഠിച്ചാല്‍ ആര്‍ക്കും താരം ആകാമെന്ന നിലയാണ്. ഈ സാഹചര്യത്തിലാണ് ന്യു ജെന്‍ മലയാളികളുടെ പ്രിയ താരമായ ലക്ഷ്മി നക്ഷത്രയെ പോലെ ഉള്ളവരുടെ പ്രസക്തി കൂടുന്നത്.

ഒരു പ്രധാന മലയാളം ടിവി ചാനല്‍ കോമഡി പരിപാടിയുടെ അവതാരകയായാണ് ലക്ഷ്മി ശ്രദ്ധ നേടുന്നത്. പിന്നീട് സ്വാഭാവികമായും തന്റെ വിശേഷങ്ങളും വര്‍ത്തമാനങ്ങളുമായി ലക്ഷ്മിയും കളം നിറഞ്ഞു. മറ്റുള്ളവരെ പോലെ വിവാദ വിഷയങ്ങളില്‍ നിന്നും ലക്ഷ്മിക്കും ഒഴിഞ്ഞുമാറാനായില്ല. അഥവാ ചില വിവാദങ്ങള്‍ അവരുടെ വിപണി മൂല്യം കൂട്ടാനും കാരണമാക്കി.

അടുത്തിടെ അന്തരിച്ച സുധി എന്ന മിമിക്രി കലാകാരന്റെ മരണത്തില്‍ വരെ ലക്ഷ്മി വീഡിയോ ചെയ്തു പണം സമ്പാദിച്ചെന്ന ആരോപണമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തിയത്. അടുത്തിടെ ഒരു പുത്തന്‍ കാര്‍ വാങ്ങിയപ്പോഴും സോഷ്യല്‍ മീഡിയ ഈ ആരോപണവുമായി എത്തി. ഇത്തരം കാര്യങ്ങള്‍ക്കുള്ള മറുപടിയാണ് മറുനാടന്‍ മലയാളി പ്രതിനിധി സാബു ചുണ്ടക്കാട്ടിലുമായുള്ള വര്‍ത്തമാനത്തില്‍ ലക്ഷ്മി നക്ഷത്ര പങ്കുവയ്ക്കുന്നത്. ഓണക്കാലത്തെ സ്റ്റേജ് ഷോ പരിപാടിയുമായി ബന്ധപ്പെട്ടാണ് ലക്ഷ്മി ഇപ്പോള്‍ യുകെയില്‍ എത്തിയിരിക്കുന്നത്.

ഒഐസിസി നാഷണല്‍ പ്രസിഡണ്ടും ബിഎം ടീം അംഗവുമായ ഷൈനു ക്ലയര്‍ മാത്യൂസും ഒപ്പമുണ്ടായിരുന്നു. ഷൈനുവിന്റെ ബോള്‍ട്ടണിലെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും സിനിമ മോഹങ്ങളും അടക്കം പറഞ്ഞുകൊണ്ട് ലക്ഷ്മി മനസ് തുറക്കുകയാണ്.

യുകെ യാത്രയുടെ ഉദ്ദേശം? എവിടൊക്കെ പോയി?

ഇക്കുറി ഓണം യുകെയില്‍ ആയിരുന്നു. ഓണത്തോടനുബന്ധിച്ചു ഒരുപാട് ഓണപ്രോഗ്രാമുകള്‍ ഉണ്ടായിരുന്നു. ആദ്യം ബോള്‍ട്ടണില്‍, പിന്നീട് നോട്ടിങ്ഹാം. ഇനി കവന്‍ട്രിയില്‍ ഉണ്ട്. അതുപോലെ ബ്രിട്ടീഷ് മലയാളി ചാരിറ്റിക്കുവേണ്ടിയുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കുവാന്‍ സാധിച്ചു. പിന്നെ കുറെ നല്ല യാത്രകള്‍, ക്ലൈമറ്റ് എല്ലാം അനുകൂലമായിരുന്നു. ഇന്നലെയാണ് സ്‌കോട്‌ലന്‍ഡില്‍ നിന്നും മടങ്ങിയെത്തിയത്. ഒരുപാട് ആളുകളെ കണ്ടുമുട്ടി. ഈ ഓണം അതിമനോഹരമായി കഴിഞ്ഞു. പിന്നെ എന്തിനും കൂട്ടായി ഷൈനു മമ്മി കൂടെയുണ്ടല്ലോ.


പുതിയ പ്രോജക്ടുകള്‍?

ഞാന്‍ ഒരു പുതിയ ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. ഗുലാബി ബൈ ലക്ഷ്മി നക്ഷത്ര എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ ആണ്. അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം സ്റ്റാര്‍ മാജിക്കും ആയി മുന്നോട്ടുപോകുന്നു. അതില്‍ അവരുമായി കോണ്‍ട്രാക്ട് ഉണ്ട്. ഫ്‌ളവേഴ്‌സില്‍ സ്റ്റാര്‍ മാജിക് ഉള്ളടത്തോളം കാലം അതുമായി ചേര്‍ന്ന് മുന്നോട്ട് പോകണം. ഒപ്പം അത്യാവശ്യം ഇനാഗുറേഷന്‍സ്, ഒപ്പം സ്റ്റേജ് ഷോസ് ഒക്കെയായി ജീവിതം അടിപൊളിയായിട്ട് മുന്നോട്ടുപോകുന്നു. യുകെ, അമേരിക്ക, കാനഡ തുടങ്ങീ എല്ലായിടത്തേക്കും സാരികള്‍ ഉള്‍പ്പെടെ കയറ്റി അയക്കുന്നു. ബജറ്റ് ഫ്രണ്ട്ലി ആയ രീതിയില്‍ സെലിബ്രിറ്റി ഡിസൈന്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നു.

കുടുംബം?

അച്ഛന്‍ 33 വര്‍ഷമായി ഖത്തറില്‍ ആയിരുന്നു. അവിടെ സിവില്‍ റിലേറ്റഡ് ആയിട്ടുള്ള ഒരു പ്രൊഫഷന്‍ ആയിരുന്നു. ഇപ്പോള്‍ റിട്ടയേര്‍ഡ് ലൈഫ് ആയിട്ട് നാട്ടില്‍ ഉണ്ട്. ഞാന്‍ ഒറ്റ കുട്ടിയാണ്. അമ്മയുണ്ട്, അമ്മയാണ് എന്റെ പിഎ. ഞാന്‍ എവിടെപ്പോയാലും അമ്മ കൂടെയുണ്ടാകും. നാട്ടില്‍ തൃശൂര്‍ കുറുക്കഞ്ചേരിയാണ് സ്ഥലം.

അവതാരകയുടെ റോളില്‍ ഉള്ള തുടക്കം?

പത്താംക്ലാസ് പഠന ശേഷമാണ് ഒരു ഐസ് ബ്രെക്കിങ് പോലുള്ള ചേഞ്ച് ജീവിതത്തില്‍ ഉണ്ടായത്. ഒരു ലോക്കല്‍ ചാനലില്‍ അവതാരക ആകുവാന്‍ താല്‍പര്യമുള്ളവര്‍ ബയോഡാറ്റ നല്‍കുക എന്ന പേരില്‍ ഒരു സ്‌ക്രോള്‍ പോകുന്നത് കണ്ട് നല്‍കുകയും, തുടര്‍ന്ന് ഇതേ ലോക്കല്‍ ചാനലില്‍ ജില്ലാ തലത്തില്‍ വരെ അവതാരക ആയി എത്തുവാനും അവസരം ലഭിച്ചു. എന്റെ ആദ്യ പ്രതിഫലം 100 രൂപ ആയിരുന്നു. എല്ലാ ഞായറാഴ്ചകളിലും പാട്ടുകള്‍ പാടി ചോദ്യം ചോദിക്കുക ആയിരുന്നു ആദ്യ പരിപാടി. ആദ്യം ഒരു പാട്ടുകാരി ആയിരുന്നു. ആദ്യം തന്നെ ലൈവ് ആയിട്ടായിരുന്നു പരിപാടിയുടെ തുടക്കം.

പിന്നീട് കൈരളി വി ചാനലിലും പിന്നീട് പട്ടുറുമാല്‍ എന്ന പേരില്‍ മാപ്പിളപ്പാട്ടുകളുടെ അവതാരകയായി കൈരളി ടി വിയിലും എത്തി. ഇതിനു സ്റ്റേറ്റ് അവാര്‍ഡും കിട്ടി. അതിനുശേഷം മൈലാഞ്ചി എന്ന പേരില്‍ ഒരു പരിപാടിയുമായി ഏഷ്യാനെറ്റില്‍ എത്തി. അതിനു ശേഷമാണ് ഫ്‌ളവേഴ്‌സില്‍ ടമാര്‍ പടാര്‍ എന്ന പരി പാടിയിലൂടെയിപ്പോള്‍ സ്റ്റാര്‍ മാജിക്കില്‍ എത്തിനില്‍ക്കുന്നത്. പല അവതാരകര്‍ മാറിയെത്തിയ ഈ പരിപാടിയില്‍ പതിനെട്ടാമത്തെ അവതാരകയാണ് ഞാന്‍ എത്തിയത്. അത് ഇന്നും തുടരുന്നു.

ഒരു ചെറിയ തമാശ പോലും പറയാന്‍ അറിയാത്ത ഞാന്‍ ദൈവാനുഗ്രഹം കൊണ്ടാണ് ഇവിടെയെത്തി നില്‍ക്കുന്നത്. ചെറുപ്പം മുതല്‍ പാട്ടുകള്‍ പാടുമായിരുന്നു. കലാതിലകം വരെ ആയിട്ടുണ്ട്.

ടിവിയിലേക്കുള്ള എന്‍ട്രി?

തോപ്പില്‍ ജോപ്പന്‍ എന്ന ഒരു സിനിമയുമായി ബന്ധപ്പെട്ടു മമ്മൂക്കയുമായുള്ള ഒരു ഇന്റര്‍വ്യൂ എടുത്തായിരുന്നു തുടക്കം. അതിനുശേഷം ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ എന്ന ഒരു അവാര്‍ഡ് നൈറ്റ് അവതാരകയായി എത്തി, അതിനുശേഷം ആണ് ചാനലില്‍ ടമാര്‍ പടാര്‍ എന്ന പരിപാടിയില്‍ എത്തിയത്. ആദ്യം വിളിച്ചപ്പോള്‍ ഖത്തറില്‍ ഒരു പരിപാടിയില്‍ ആയിരുന്നു. രണ്ടാമത് വിളിക്കുമ്പോള്‍ ഏഷ്യാനെറ്റുമായി ഒരു കോണ്‍ട്രാക്ടറില്‍ ആയിരുന്നു. മൂന്നാമത് വിളിക്കുമ്പോള്‍ ഞാന്‍ ജോണ്ടിസ് വന്ന് ഐസിയുവില്‍ ആയിരുന്നു. പിന്നെ ദൈവാനുഗ്രഹം കൊണ്ട് അവര്‍ നാലാമത് വിളിച്ചപ്പോള്‍ ആണ് അവസരമൊത്തുവന്നത്. ഇപ്പോള്‍ ചാനല്‍ ഫാമിലി അംഗം പോലെയാണ്.

ലക്ഷ്മി സുധിയെ വിറ്റു കാശാക്കുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ടോ?

സത്യം പറഞ്ഞാല്‍ ഒരു വിഷമവും ഇല്ല. കാരണം നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന് നമ്മുടെ ഫാമിലിക്കും അതുപോലെ സുധിച്ചേട്ടന്റെ ഭാര്യക്കും കുട്ടികള്‍ക്കും അറിഞ്ഞാല്‍ മതിയല്ലോ. ഞാന്‍ എന്താണെന്നുള്ളത് ഇത്ര കാലമായിട്ടും അവര്‍ക്കറിയാം.അവരു തന്നെയാണ് പല ഇന്റര്‍വ്യൂകളിലും ഞാന്‍ എന്താണ് അവര്‍ക്കെന്ന് അവര്‍ പല തവണ പറഞ്ഞിട്ടുണ്ട്. ഞാനും സുധിച്ചേട്ടനുമാണ് ടമാര്‍ പാടാറില്‍ ഫുള്‍ അറ്റന്‍ഡന്‍സ് ഉള്ള രണ്ടുപേര്‍.

ബാക്കി എല്ലാവരും ഇടക്ക് ലീവ് എടുത്തിട്ടുണ്ട്. ഞങ്ങള്‍ രണ്ടുപേരും ആ സ്‌കൂള്‍ മുടക്കിയിട്ടില്ല. ഇന്ന് അദ്ദേഹം ഇല്ല. ഞാന്‍ മാത്രമേയുള്ളൂ. എന്നെ ഫ്‌ലോറില്‍ ചിന്നു എന്ന് വിളിച്ചിരുന്ന ഏക വ്യക്തി സുധിച്ചേട്ടനാണ്. ആ ബന്ധം അന്നു മുതല്‍ എങ്ങനെയായിരുന്നോ, ഇന്നും അതില്‍ കൂടുതല്‍ ഞാന്‍ ആ കുടുംബത്തെ ചേര്‍ത്തുപിടിച്ചിട്ടേയുള്ളൂ. പിന്നെ പറയുന്നവര്‍ക്ക് എന്തുവേണമെങ്കിലും പറയാം. അവര്‍ എന്ത് വേണമെങ്കിലും പറയട്ടെ, അല്ലെങ്കില്‍ ചെയ്തു കാണിക്കട്ടെ.


അടുത്തിടെ പുതിയ കാര്‍ വാങ്ങി, അത് സുധിയെ വിട്ടിട്ടാണെന്ന് കേക്കുമ്പോള്‍?

ആളുകള്‍ക്ക് ഒരു വിചാരം ഉണ്ട് നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കണ്ടന്റ് ഇട്ടാല്‍ കോടികള്‍ നമുക്ക് കിട്ടും എന്നാണ്. അത്യാവശ്യം സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ക്കറിയാം എത്ര കിട്ടുമെന്ന്. ഇന്ന് സുധി ചേട്ടനെ വിറ്റു കഞ്ഞി കുടിക്കേണ്ട സാഹചര്യം എനിക്കില്ല. നാളെ എന്താവുമെന്ന് എനിക്കറിയില്ല. പിന്നെ ഇന്നത്തെ കാലത്തു നല്ല കാര്യങ്ങള്‍ ചെയ്താല്‍ നമ്മുക്ക് എയറിലേക്ക് പോകാം. മോശമായതെങ്കില്‍ അടിപൊളി എന്നാവും.

കാര്‍ ഇന്ന് ബുക്ക് ചെയ്താല്‍ ഒരിക്കലും അടുത്ത ദിവസം കിട്ടില്ല. എന്തൊക്കെ ആയാലും സുധിച്ചേട്ടന്‍ ഹാപ്പിയാണ്. ഞാന്‍ അന്നുമുതല്‍ ഇന്നുവരെ ആ കുടുംബത്തെ ചേര്‍ത്തു പിടിച്ചിട്ടുണ്ട്. സുധിച്ചേട്ടന്റെ സന്തോഷം മാത്രം മതിയെനിക്ക്. അവരുടെ ചിന്നുക്കുട്ടിയായി ഞാന്‍ ഇപ്പോഴും അവര്‍ക്കൊപ്പമുണ്ട്.

സുധിച്ചേട്ടന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍?

അമ്മയുടെ വീട് കൊടുങ്ങല്ലൂരാണ്. ഞാന്‍ രാവിലെ കിടന്നുറങ്ങുമ്പോള്‍ അതിരാവിലെ അമ്മക്ക് ഒരു ഫോണ്‍ കാള്‍ എത്തുകയാണ്. അവിടെയൊരു ആക്‌സിഡന്റ് ഉണ്ടായതായും കൊല്ലം സുധി, ബിനു അടിമാലി ഇവരൊക്കെ ഉണ്ടായിരുന്നെന്നും അതില്‍ സുധിയുടെ നില അപകടകരമെന്നുമൊക്കെ.

പിന്നെ സുധിച്ചേട്ടന്റെ മരണവര്‍ത്തയും എത്തി. അപ്പോഴും എനിക്ക് ആശുപത്രില്‍ എത്തി സുധിച്ചേട്ടനെ കാണാന്‍ പറ്റി, കൊടുങ്ങല്ലൂരില്‍ നിന്നും പോസ്റ്റുമോര്‍ട്ടം പറ്റാതെ തൃശൂരില്‍ എത്തി. അവര്‍ അടക്കുന്നതിന് മുന്‍പ് എനിക്ക് ആശുപത്രിയില്‍ എത്തി സുധിച്ചേട്ടനെ വീണ്ടും കാണുവാന്‍ സാധിച്ചു. ഡോക്ടര്‍ എനിക്കുവേണ്ടി വെയിറ്റ് ചെയ്തു. സുധിച്ചേട്ടനെ അവസാനമായി കണ്ടപ്പോള്‍ ഇപ്പോഴും കാണുന്നപോലെ സുധിച്ചേട്ടന്‍ ചിരിച്ചു കിടക്കുന്നതാണ് കണ്ടത്. അവസാനം കാലുതൊട്ട് അനുഗ്രഹം വാങ്ങിയിട്ടാണ് ഞാന്‍ അവിടെനിന്നും ഇറങ്ങിയത്. നമുക്കൊക്കെ പല മുഖങ്ങള്‍ ഉണ്ടാവും എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഞാന്‍ സുധിച്ചേട്ടന്റെ ചിരിച്ച മുഖം മാത്രമേ കണ്ടിട്ടുള്ളൂ.

സോഷ്യല്‍ മീഡിയ പണം ഉണ്ടാക്കാനുള്ള ഒരു മേഖലയാണോ? സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെപ്പറ്റിയുള്ള അഭിപ്രായം?

ഇന്നത്തെ കാലത്തു സെല്‍ഫ് ബൂസ്റ്റിങ് അനിവാര്യമാണ്. മുന്‍പ് ഒരുപാടു തവണ സ്റ്റേജ് ഷോസ് ചെയ്തിട്ടുണ്ടെങ്കിലും തന്നെ ആര്‍ക്കും അറിയത്തില്ലായിരുന്നു. ഇപ്പോള്‍ ചെയ്യുന്നതിന്റെ നാലിരട്ടി ഷോസ് ചെയ്തെങ്കിലും എനിക്ക് എന്നെ പ്രൊമോട്ട് ചെയ്യുവാന്‍ അറിയത്തില്ലായിരുന്നു.

ഇപ്പോള്‍ ആണ് ചെയ്യുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയെ അറിയിക്കണം, അതിനെ ഫീഡ് ചെയ്തുകൊണ്ടിരിക്കണം എന്ന് മനസിലായത്. സോഷ്യല്‍ മീഡിയക്ക് രണ്ടു ആസ്‌പെക്റ്റ് ഉണ്ട്. നമ്മളെ ഉയര്‍ത്താനും താഴ്ത്താനും സോഷ്യല്‍ മീഡിയക്കാവും. നമ്മള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. സോഷ്യല്‍ മീഡിയ വഴി പണം ഉണ്ടാകാമെങ്കിലും നമ്മള്‍ നല്ല ബ്രാന്‍ഡുകള്‍ക്കായി മാത്രം അതിനെ ഉപയോഗിക്കുക.

യുകെയിലെ ജനങ്ങള്‍ പൊതുവെ സ്വകാര്യത ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ പുതുതായി എത്തിയവര്‍ക്കും സെലിബ്രിറ്റികള്‍ക്കും നിയന്ത്രണം വേണമെന്ന് തോന്നിയിട്ടുണ്ടോ?

അത് എന്നെയും കൂടി കൊള്ളിച്ചുകൊണ്ടുള്ള ഒരു ചോദ്യം ആണ്. ഞാന്‍ ഇപ്പോഴും മറ്റുള്ളവരുടെ ഒരു സ്‌പേസിന് പ്രാധാന്യം കൊടുക്കുന്നയാളാണ്. നമ്മള്‍ കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. യുകെയിലേക്ക് ട്രിപ്പ് വരുന്നവരാണെങ്കിലും ഒരുപാടു സ്വപ്നങ്ങളുമായിട്ടാവും എത്തുന്നത്. ഒരു പാട് റീല്‍സ് എടുക്കണം എന്നൊക്കെ ആഗഹിച്ചു കൈയില്‍നിന്നും പണം ചിലവാക്കി എത്തുന്നത്. മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറാതെ എക്‌സ്‌പ്ലോര്‍ ചെയ്യുവാന്‍ ശ്രമിക്കുക.

പൊതുസ്ഥലത്തെങ്കില്‍ ആദ്യം അവരുടെ പെര്‍മിഷന്‍ എടുത്തശേഷം ചെയ്യക. ഇന്നലെ സ്‌കോട്‌ലന്‍ഡില്‍ പോയപ്പോള്‍ ഒരാളുടെ പെറ്റായ പട്ടികുട്ടിയെ കാണുകയും അവരുടെ അനുവാദത്തോടെ പട്ടി കുട്ടിയുമായി കൂട്ടായ കാര്യവും ലക്ഷ്മി ഓര്‍മിപ്പിച്ചു.

സോഷ്യല്‍ മീഡിയ സമൂഹ ജീവിതത്തെ മലിനപ്പെടുത്തുണ്ടോ?

അതിനു വളരെ പെട്ടെന്നൊരു ഉത്തരം പറയാന്‍ സാധിക്കില്ല. അതിനു പോസിറ്റിവും നെഗറ്റിവും ഉണ്ടാവും.നമ്മള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. തമ്പ് നെയിലില്‍ രണ്ടര്‍ത്ഥം തോന്നിക്കുന്ന രീതിയില്‍ ഉള്ള തലക്കെട്ടും മറ്റും ആളുകളെ പലവിധത്തില്‍ കണ്‍ഫ്യൂസ് ചെയ്യിക്കുന്ന തരത്തില്‍ ഉള്ള കാര്യങ്ങള്‍ നമ്മുടെ ചുറ്റിലും ഉണ്ട്. ഓരോ ലിങ്കിലും ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് രണ്ടുവശങ്ങളും നോക്കുന്നത് നന്നാവും.

ഭാവി പരിപാടികള്‍?

വലിയ പ്രോജക്റ്റില്‍ ഒന്നു രണ്ടു സിനിമാ അവസരങ്ങള്‍ വന്നു നിക്കുന്നുണ്ട്. പക്ഷെ അത് കണ്‍ഫേം ആകാതെ പറയാനാവില്ല. എനിക്ക് ഒരു സിനിമ ചെയ്യണമെന്നുണ്ട്. പക്ഷെ അത് ചെയ്യുമ്പോള്‍ നല്ലൊരു ബാനറില്‍ നല്ലൊരു ടീമിന്റെ കൂടെയാവണം. എന്നെ എല്ലാവരും വീട്ടിലെ കുട്ടിയായിട്ടാണ് കരുതുന്നത്. ബിഗ് സ്‌ക്രീനും വീട്ടിലെ കുട്ടിയും എന്ന വ്യത്യാസം ഉണ്ടാവും.

അതുകൊണ്ട് എല്ലാം ഒത്തുവന്നാല്‍ ഒരു സിനിമയും ഉണ്ടാവും. പിന്നെ ഇടയ്ക്കിടെ എയറില്‍ കയറുന്നതു തനിക്ക് ഇഷ്ടമാണെന്ന് ലക്ഷ്മി പറഞ്ഞുവെക്കുന്നു. ആളുകള്‍ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നതിന്റെ തെളിവാണല്ലോ അത്. ഒപ്പം എന്റെ ബ്രാന്‍ഡ് വളര്‍ത്തണം. ഞാന്‍ റെഡ് എഫ് എം വര്‍ക്ക് ചെയ്തിരുന്ന ഒരു ആര്‍ ജെ കൂടി ആയിരുന്നെന്നും ലക്ഷ്മി പറഞ്ഞുവെച്ചു. മുപ്പതിന് നാട്ടിലേക്ക് മടങ്ങും, ഒന്നാം തിയതി മുതല്‍ ഷൂട്ട് ഉണ്ട്.