കൊച്ചി: ഒരൊറ്റ സിനിമയിലൂടെയോ കഥാപാത്രത്തിലൂടെയോ പ്രേക്ഷക മനസ്സിൽ ഇടംനേടുക എന്നത് എല്ലാ താരങ്ങൾക്കും സാധിക്കുന്ന കാര്യമല്ല.വളരെ അപൂർവ്വം ചിലർക്ക് മാത്രമാണ് ഇത്തരം ഭാഗ്യങ്ങൾ ലഭിക്കുന്നത്.അങ്ങിനെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് മഞ്ജുവാണി.ഈ പേരിൽ അത്ര പെട്ടന്ന് ആളെ മനസ്സിലാവണം എന്നില്ല..പക്ഷെ ആക്ഷൻ ഹീറോ ബിജുവിലെ ഷേർളി എന്നു പറഞ്ഞാൽ പെട്ടന്ന് തന്നെ ആളെ തിരിച്ചറയും.. ഓട്ടോറിക്ഷക്കാരൻ പ്രണയിക്കുന്നുവെന്ന പരാതിയുമായി എത്തിയ ഷേർളിയെ അത്ര എളുപ്പത്തിലാണ് മലയാളിയെ ചിരിപ്പിച്ച് മനസിലേക്ക് കയറിയത്.

തന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സിനിമയിലെ ആഗ്രഹങ്ങളെക്കുറിച്ചും സിനിമത്തിക്ക് പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് മഞ്ജുവാണി. യുട്യൂബ് ചാനലിലെ പാട്ടുകൾ വൈറലായതിന് പിന്നാലെയാണ് തന്റെ വിശേഷങ്ങൾ മഞ്ജു പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.

എങ്ങിനെയാണ് സിനിമയിലേക്ക് എത്തിയത്.. സിനിമയെന്ന മോഹം ഉണ്ടായിരുന്നോ?

സിനിമയെന്ന മോഹം പണ്ടെ ഉണ്ടായിരുന്നു.പക്ഷെ അതൊരിക്കലും അഭിനേത്രിയായിട്ടല്ലായിരുന്നു.പിന്നണി ഗായികയായിട്ട് സിനിമയിലെത്താനായിരുന്നു ആഗ്രഹം.സത്യം പറഞ്ഞാൽ സിനിമയിലേക്കുള്ള തന്റെ വരവും പാട്ടുകാരിയായിട്ട് തന്നെയായിരുന്നു.പക്ഷെ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയത കൊണ്ട് പാട്ടുകളും വേണ്ടവിധത്തിൽ ആസ്വാദകരിലേക്കെത്തിയില്ല.പിന്നെ ആക്ഷൻ ഹീറോ ബിജുവിലേക്കെത്തിയത് തീർത്തും അപ്രതീക്ഷിതമായാണ്.

സംവിധായകൻ എബ്രിഡ് ഷൈനുമായി നേരത്തെ പരിചയമുണ്ട്.നമ്മുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അദ്ദേഹം.പക്ഷെ ഞാൻ കുറേക്കാലമായി പുറത്തായിരുന്നു.അതുകൊണ്ട് തന്നെ ഇവരൊക്കെയായി കോണ്ടാക്ട് ഉണ്ടായിരുന്നില്ല.നാട്ടിലെത്തിയപ്പോഴാണ് ഒരിക്കൽ ഷൈനിനെ കാണുന്നത്.അപ്പോൾ തന്റെ രണ്ടാം ചിത്രം ആരംഭിക്കാൻ പോകുന്നതിനെക്കുറിച്ചൊക്കെ ഷൈൻ സംസാരിച്ചു.

പിന്നെ വെറുതെ അദ്ദേഹം ഒരു പൊലീസുകാരനെപ്പോലെ പെരുമാറി എന്നോട് കുറച്ച് ചോദ്യങ്ങൾ ചോദിച്ചു.എനിക്ക് തോന്നുന്ന രീതിയിൽ മറുപടി പറയാൻ പറഞ്ഞു.അങ്ങിനെ ചെയ്ത് കുറച്ച് കഴിഞ്ഞപ്പോൾ ഷൈൻ പറഞ്ഞു നമ്മുടെ പടത്തിലെ ആദ്യത്തെ സ്ത്രീ കഥാപാത്രത്തെ കണ്ടെത്തി എന്നാണ്.അങ്ങിനെയാണ് ആക്ഷൻ ഹീറോ ബിജുവിന്റെ ഭാഗമാകുന്നത്. അതല്ലാതെ അഭിനയത്തോട് തനിക്ക് അത്ര താൽപ്പര്യമില്ലായിരുന്നു.

ഇതിനപ്പുറം അത്ഭുതപ്പെടുത്തിയ ഒരു സംഭവം.. സിനിമയിൽ അഭിനയിച്ചെങ്കിലും അത്ര വലിയ റക്കഗനിഷനൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.നമ്മൾ കേട്ടിരുന്നത് നായകനോ.. നായികയോ പ്രധാന ക്യാരക്ടറോ ഒക്കെ മാത്രമാണ് പോസ്റ്ററിൽ വരു എന്ന് മാത്രമാണ്.പക്ഷെ ഷൂട്ടൊക്കെ കഴിഞ്ഞതോടെ ഞാൻ പിന്നെ ഈ കാര്യം വിട്ടു.സിനിമ ഇറങ്ങിയിട്ട് കാണാം എന്നതായിരുന്നു ചിന്ത.അങ്ങിനെയിരിക്കെ ഒരു ദിവസം യാത്ര ചെയ്യുമ്പോൾ മതിലിലെ പോസ്റ്ററിൽ ഞാൻ..എന്നെ സംബന്ധിച്ച് ശരിക്കും ഞെട്ടലായിരുന്നു.എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അന്ന്.

മാത്രമല്ല സിനിമയിൽ എത്തിയതുകൊണ്ട് തന്നെ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.ഇപ്പോഴും സാധാരണ ജീവിതം നയിക്കുന്നയാളാണ് ഞാൻ.മാർക്കറ്റിലൊ മറ്റ് പൊതുഇടങ്ങളിലോ എന്നെക്കണ്ടാൽ അത്ഭുതപ്പെടാനും ഇല്ല.

ചേച്ചി തന്നെ പറഞ്ഞു പാട്ടിൽ നിന്നാണ് ചേച്ചിക്ക് സിനിമ എന്ന ആഗ്രഹം വരുന്നത് എന്ന്.. എത്ര വയസ്സുമുതലാണ് പാട്ട് പഠിക്കാൻ തുടങ്ങിയത്?

പറയുമ്പോൾ അതിശയോക്തി തോന്നാം..പക്ഷെ സത്യമാണ്.. എന്റെ മൂന്നാമത്തെ വയസ്സ് മുതലാണ് ഞാൻ പാട്ട് പഠിക്കാൻ തുടങ്ങിയത്.ചേട്ടന് പാട്ട് പഠിക്കാൻ ഒരു സാറിനെ ഏർപ്പാടാക്കിയിരുന്നു.അദ്ദേഹം വീട്ടിൽ വന്നാണ് പാട്ട് പഠിപ്പിച്ചിരുന്നത്.അക്കാലത്ത് ഞാൻ ഭയങ്കര വികൃതിയായിരുന്നു.അപ്പൊ എന്റെ വികൃതിക്ക് പരിഹാരമായി അമ്മ കണ്ടെത്തിയത് എട്ടൻ പാട്ട് പഠിക്കുമ്പോ എന്നെ അരികത്ത് ഇരുത്താനായിരുന്നു.അങ്ങിനെ മാഷിന്റെ അനുമതിയോടെ എന്നെ ഇരുത്തി.കുഞ്ഞിലെ എനിക്ക് പാട്ട് കേൾക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു.

കുറച്ച് നാൾ കഴിഞ്ഞപ്പോ മാഷ് അമ്മയോട് പറഞ്ഞു നിങ്ങൾ ഫീസിന്റെ കാര്യമൊന്നും നോക്കണ്ട..മകളെ പാട്ട് പഠിപ്പിക്കണം.ഒരു പത്ത് പതിമമൂന്ന് വയസ്സൊക്കെ ആകുമ്പോഴേക്കും അവളുടെ വഴി പാട്ടിൽ നിന്ന് അവൾ കണ്ടെത്തുമെന്ന്.അങ്ങിനെയാണ് എന്നെ സീരിയസായി പാട്ടിലേക്ക് വരുന്നത്.പിന്നെ മാഷ് പറഞ്ഞപോലെ 13 വയസ്സ് മുതൽ നാഷണൽ സ്‌കോളർഷിപ്പിലാണ് പാട്ട് പഠിച്ചത്.ഇപ്പൊ എന്റെ കുട്ടികളും പാട്ടിൽ താൽപ്പര്യമുണ്ട് എന്നത് വളരെ സന്തോഷം നൽകുന്ന കാര്യം.

സോഷ്യൽ മീഡിയയുടെ വരവ് കലകാരന്മാർ സാധ്യതകൾ തുറന്ന് കൊടുക്കുന്നതായി തോന്നിയിട്ടുണ്ടോ?

തീർച്ചയായും.. പലപ്പോഴും തോന്നിയിട്ടുണ്ട് ഞാനൊക്കെ കുറച്ച് കൂടി കഴിഞ്ഞ് ഇ കാലഘട്ടത്തിനോട് ചേർന്ന് ജനിച്ചാൽ മതിയായിരുന്നുവെന്ന്.അങ്ങിനെ ആയിരുന്നെങ്കിൽ എനിക്ക് എന്റെ പാട്ടും ഇഷ്ടങ്ങളും ഒന്നും ഉപേക്ഷിച്ച് പോകേണ്ടി വരില്ലായിരുന്നു.ജോലി തേടി പുറത്തേക്ക് പോയ ആ വർഷങ്ങൾ ശരിക്ക് പറഞ്ഞാൽ ഞാൻ ഞാനല്ലാതെ ജീവിച്ച വർഷങ്ങളാണ്.നമ്മൾക്കൊന്നും സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കാൻ സാധ്യതകളില്ലായിരുന്നു.പക്ഷെ ഇന്ന് അതല്ല സ്ഥിതി.. ഒരുപാട് അവസരങ്ങളുണ്ട്.

പക്ഷെ എന്റെ ജീവിതം തന്നെ നോക്കുമ്പോൾ എനിക്ക് തോന്നും അങ്ങിനെ ചില നഷ്ടപ്പെടൽ ഉണ്ടായെങ്കിലും ഇന്ന് സന്തോഷിക്കാൻ വക വേറെയുണ്ട്.അതിനാൽ അ നഷ്ടങ്ങളെ ഇപ്പോൾ പോസറ്റീവായി കാണാൻ ശ്രമിക്കുന്നു.ആളുകൾ നമ്മളെ ചെറുതെങ്കിലും ഒരു കലാകാരിയായി അംഗീകരിക്കണം അത് മാത്രമായിരുന്നു ആഗ്രഹം.അതിപ്പോൾ സാധിച്ചിട്ടുണ്ട്.ഇതിലപ്പുറം എന്താണ് വേണ്ടത്.

സംസാരത്തിലൊക്കെ ചേച്ചി സീരിയസ് ആണ്.. പിന്നെ എങ്ങിനെ ഇത്ര കോമഡിയുള്ള ഒരു വേഷം ചെയ്തു?

ഒരു ഹിമാലയൻ ടാസ്‌കായിരുന്നു.ലൊക്കെഷനിലെത്തി ഷൈൻ എനിക്ക് കഥാപാത്രത്തെ വിശദീകരിച്ച് തന്നെങ്കിലും എന്തൊ എനിക്കത് ഉൾക്കൊള്ളാനെ പറ്റിയില്ല.എന്നെക്കൊണ്ട് പറ്റുന്ന പണിയല്ല ഇതെന്നായിരുന്നു ചിന്ത.പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഷൈൻ പരാജയപ്പെട്ടു. അങ്ങിനെയാണ് ഞാൻ മുരളിയെ കോണ്ടാക്ട് ചെയ്യുന്നത്.ഇത്ര ചെറിയ വേഷത്തിന് പരിശീലനമൊന്നും വേണ്ടന്നായിരുന്നു മുരളിയുടെ ആദ്യനിലപാട് പക്ഷെ അവസ്ഥ പറഞ്ഞപ്പോ മുരളി സഹായിച്ചു.പിന്നെ ലൊക്കേഷനിൽ ഷൈൻ തന്ന സപ്പോർട്ടും.ഇതൊക്കെയാണ് എന്നെ കഥാപാത്രത്തിലേക്ക് എത്തിച്ചത്.

പാ്ട്ടുകളെ ഒരുപാട് സ്‌നേഹിക്കുന്ന മഞ്ജുവിന് ഇപ്പോൾ പാട്ടിനൊപ്പം അഭിനയത്തിലും ശ്രദ്ധചെലുത്താനാണ് താൽപ്പര്യം.എന്നാൽ ഓടിനടന്ന് അഭിനയിക്കാനല്ല മറിച്ച് തനിക്ക് ചേരുന്ന വേഷങ്ങൾ ലഭിച്ചാൽ ഒരു കൈ നോക്കാമെന്നും മഞ്ജു വാണി പറയുന്നു.