- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ സിനിമകളെല്ലാം സ്വന്തം കാശുമുടക്കി ടിക്കറ്റെടുത്ത് കണ്ടു; വേദിയിൽ കണ്ണുനനയിച്ച സമ്മാനം നാലായിരം രൂപയും നിലവിളക്കും; മലയാള സിനിമയിൽ ഒരു മോഹൻലാലും മമ്മൂട്ടിയും; നാടകവേദിയിൽ ഒരുപാട് മോഹൻലാലും മമ്മൂട്ടിയും; നാടകത്തിന് വേണ്ടത് കൂടുതൽ വേദികൾ; ചെയ്യാനിഷ്ടം വില്ലൻ കഥാപാത്രങ്ങൾ; ഇഷ്ടങ്ങൾ തുറന്നു പറഞ്ഞ് പ്രമോദ് വെളിയനാട്
തിരുവനന്തപുരം: ജീവിതത്തേയും നാടകത്തേയും പിന്നാലെ സിനിമയിലേക്കുള്ള വരവിനെത്തുറിച്ചുമാണ് അഭിമുഖത്തിന്റെ ഒന്നാം ഭാഗത്തിൽ പ്രമോദ് വെളിയനാട് പ്രേക്ഷകരുമായി പങ്കുവെച്ചത്.നാടകത്തിൽ നിന്ന് സിനിമയിലേക്ക് വരുമ്പോഴുള്ള മാറ്റവും പുതിയ ലോകത്തെ അനുഭവത്തെക്കുറിച്ചും പുതിയ ജീവിതത്തെക്കുറിച്ചുമാണ് അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ പറയുന്നത്.മലയാള സിനിമയിൽ ഒരു മമ്മൂട്ടിയും മോഹൻലാലും മാത്രമാണുള്ളതെങ്കിൽ നാടകത്തിൽ ഒട്ടേറെ മോഹൻലാലും മമ്മൂട്ടിയും ഉണ്ടെന്ന് പ്രമോദ് പറയുന്നു.മൾട്ടി പ്ലക്സിലെ ഒൻപത് പത്തോ ഷോകളുടെ ആളുകളാണ് ഉത്സവപ്പറമ്പിൽ നാടകത്തിനായി എത്തുന്നതെന്നും നാടകാഭിനയം വെല്ലുവിളിയാകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു.. അഭിമുഖത്തിന്റെ അവസാനഭാഗം
ഒരു കാര്യം ചോദിക്കട്ടെ..തേര് സിനിമയുടെ പ്രസ്സ് മീറ്റിൽ കണ്ട ചേട്ടൻ അല്ല ഇപ്പോൾ..അന്ന് ചേട്ടൻ വളരെ സൈലന്റായിരുന്നു ഇപ്പോൾ നല്ല വൈബാണല്ലോ?
മദം പൊട്ടാൻ നിൽക്കുന്ന ആന ഏപ്പോഴും അങ്ങിനെയാ.. ആദ്യം ശാന്തമായിരിക്കും( ചിരിക്കുന്നു). ഞാൻ ആദ്യമായി പങ്കെടുക്കുന്ന പ്രസ്മീറ്റ് മഹാവീര്യറിന്റെതായിരുന്നു.അന്ന് പക്ഷെ കുറെ ആളുകൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ സംസാരിക്കേണ്ടി വന്നില്ല.പക്ഷെ തേരിന്റെ കാര്യത്തിൽ അതല്ല..വീട്ടിലെ ഒരു ബന്ധുവിന്റെ മരണവും കഴിഞ്ഞാണ് ഞാൻ പ്രസ്മീറ്റിന് വരുന്നത്.അതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു.അതിനൊപ്പം ഒരിക്കലും സംസാരിക്കേണ്ടി വരില്ല എന്നുവച്ചു വന്ന എന്നെത്തന്നെ സംസാരിക്കാൻ വിളിച്ചു.
ആദ്യമായി ഇത്തരം വേദികളിൽ സംസാരിക്കുന്നതുകൊണ്ട് തന്നെ എങ്ങിനെ സംസാരിക്കണം എത്രത്തോളം സംസാരിക്കണം എന്നതിനെക്കുറിച്ചൊന്നും വലിയ ധാരണ ഇല്ലായിരുന്നു
ഇപ്പോൾ എത്രത്തോളം സിനിമകൾ ആയി?
35 ഓളം സിനിമകളിൽ അഭിനയിച്ചു.14 എണ്ണം ഇറങ്ങാനുണ്ട്.തേരാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങിയത്.പിന്നെ ഒരു കലാകാരനായതിൽ ഏപ്പോഴും അഭിമാനമേയുള്ളു.മനുഷ്യന്റെ വിഷമത്തെ അൽപ്പമെങ്കിലും കുറയ്ക്കാനുള്ള ഉപാധിയായാണ് ദൈവം കലാകാരനെ സൃഷ്ടിക്കുന്നത്.അഭിപ്രായങ്ങൾ ആർക്കും പറയാം.പക്ഷെ അത് സന്ദർഭത്തിനും പറയുന്ന വിഷയത്തിനും അനുസരിച്ചായിരിക്കണം.പാട്ടിനെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ പാട്ടുപാടിയ ഗായികയ്ക്ക് നീളം പോര എന്ന തരത്തിലെ അഭിപ്രായത്തോട് യോജിപ്പില്ല.
പ്രേക്ഷകനെ ഒരിക്കലും കുറ്റപ്പെടുത്തുന്നതല്ല.ഒരു നല്ല പാട്ടുകേൾക്കുമ്പോൾ സിനിമ കാണുമ്പോൾ പ്രേക്ഷകൻ കൈയടിക്കുന്നത് നമ്മൾ പറഞ്ഞിട്ടല്ല ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രമാണ്.അപ്പൊ ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂവാനും അധികാരം ഉണ്ട്.വിമർശനങ്ങൾ ഉണ്ടാവേണ്ടതുണ്ട്.നല്ലവിമർശനങ്ങൾക്കെ ഒരാളെ വളർത്താനാകു.പക്ഷെ വിമർശനം ഒരിക്കലും ഒരു കലാകാരന്റെ വളർച്ചയെ ഇല്ലാതാക്കുന്നതാകരുത്.
നാടകത്തിന് കാലാനുസൃതമായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് തോന്നിയിട്ടുണ്ടോ?
നാടകത്തിന് മാറ്റം വരുത്തണമെങ്കിൽ സർക്കാരു കൂടി പിന്തുണയ്ക്കണം.പക്ഷെ ഇവിടെ അത് മാത്രമല്ല വിഷയം.കേരളത്തിൽ നാടകങ്ങൾക്ക് മിക്കതിലും വേദിയാകുന്നത് അമ്പലപ്പറമ്പും പള്ളിപ്പറമ്പും ഒക്കെയാണ്.ഈ സ്ഥലങ്ങളിലെയൊക്കെ തിരക്ക് കണ്ടിട്ടുണ്ടോ..മൾട്ടിപ്ലക്സിൽ ഒരു ഒൻപത് ഷോ ഓടിക്കണ്ട ആളാ ഇവിടെ വന്നിരിക്കുന്നത്.ഞെട്ടിപ്പോകും.അപ്പോ നാടകത്തിന് കൂടുതൽ വേദി ഒരുക്കനാണ് സർക്കാർ ഇടപെടേണ്ടത്.ഒരുപാട് ടൗൺ ഹാൾ ഒക്കെ ഇല്ലെ അവിടെ ആഴ്‌ച്ചയിൽ ഒരിക്കൽ ഒരു നാടകം എന്ന രീതിയിൽ ചെയ്യുന്നുണ്ടെങ്കിൽ അത് വലിയ ആശ്വാസമാകും
ജനങ്ങൾക്കിപ്പോഴും നാടകം വേണം..പക്ഷെ വേദികൾ ഉണ്ടാകുന്നില്ല എന്നതാണ് സത്യം.അവിടെയാണ് സർക്കാർ ഇടപെടൽ വേണ്ടത്.പിന്നെ നാടകത്തിന്റെ റേറ്റ് ഇപ്പോഴും കാലാനുസൃതമായി പരിഷ്‌കരിച്ചിട്ടില്ല.അതാണ് സിനിമ ഒരുപക്ഷെ നടന് കൊടുക്കുന്ന പ്രശസ്തിയും സാമ്പത്തിക ഭദ്രതയൊന്നും നാടകം കൊടുക്കണമെന്നില്ല.. പക്ഷെ ഒരു അഭിനേതാവിനെ സംബന്ധിച്ച് നാടകം കൊടുക്കുന്ന സംപൃപ്തി സിനിമ കൊടുക്കണമെന്നുമില്ല.ഒട്ടനവധി ഉദാഹരണങ്ങളുണ്ട് അതിന്.നളിനാക്ഷന്റെ വിശേഷങ്ങൾ ഒരു അവതരണം കഴിഞ്ഞ് ഇറങ്ങുമ്പോ അടുത്തുവന്ന് കെട്ടിപ്പിടിച്ച് ഒരാൾ കുറച്ച് നോട്ട് കൈയിൽ വച്ച് തന്നു.അപ്പോൾ ഞാനത് എണ്ണിയില്ല. മടിയിൽ വച്ച നോട്ടിന് കനം തോന്നി നോക്കിയപ്പോഴാണ് 4000 രൂപയാണെന്ന് കണ്ടത്.മൂവായിരം രൂപയ്ക്ക് നാടകം കഴിച്ച എനിക്ക് അതൊക്കെ വല്ലാത്ത അനുഭവമാണ്.
മറ്റൊരനുഭവം ഒരു സ്റ്റേജ് കഴിഞ്ഞപ്പോ ഇതേപോലെ ഒരാൾ വന്ന് ചോദിച്ചു പെട്ടെന്ന് പോകുമോ എന്നു,, ഇല്ല ചേട്ട എല്ലാം പെറുക്കി കെട്ടി വെക്കുമ്പോ വൈകും എന്നു പറഞ്ഞപ്പോൾ ഞാൻ ഇപ്പോൾ വരാം എന്നു പറഞ്ഞ് അയാൾ പോയി .. തിരിതെ വന്നത് മദ്ദളം പോലെയുള്ള ഒരു ചക്കയുമായിട്ടാണ്.. എനിക്കിതല്ലാതെ ഒന്നും തരാനില്ലെന്ന് പറഞ്ഞു. ഇങ്ങനെ നമ്മുടെ കണ്ണും മനസ്സും നിറച്ച അനുഭവങ്ങൾ ഒത്തിരിയാണ്.ഒരുസെറ്റ് ഗ്ലാസും പ്ലേറ്റും തന്നരൊൾ മറ്റൊരു അനുഭവം.
ഇടയ്ക്ക് വിഷയം ഒന്ന് മാറ്റിപ്പിടിക്കാം...ചേട്ടന് പ്രണയം ഉണ്ടായിട്ടുണ്ടോ?
പ്രണയം ഇല്ലാത്തവരുണ്ടോ.. കോളേജിലും സ്‌കുളിലും ഒക്കെ ഉണ്ടായിട്ടുണ്ട്.പക്ഷെ ഒരാശ്വാസം ഇതൊക്കെയും എന്റെ ഭാര്യക്കറിയാം.പിന്നെ മേസ്തിരിപ്പണിയായത് എന്നെയും ആൾക്കാർ തേച്ചിട്ടുണ്ട്.ഞാനും തേച്ചിട്ടുണ്ട്.(ചിരിക്കുന്നു).പണ്ടത്തെ പ്രണയവും ഇന്നത്തെ പ്രണയവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.. പണ്ട് മൊബൈൽ ഇല്ല .. ഇന്നുണ്ട്.. അത് വരുത്തിയ മാറ്റങ്ങളെ ഉള്ളൂ എന്നാണ് തോന്നിയിട്ടുള്ളത്.അല്ലാതെ ഇപ്പോഴത്തെപ്പോലത്തെ എല്ലാ പരിപാടികളും പണ്ടും ഉണ്ടായിട്ടുണ്ട്.സത്യസന്ധമാണെങ്കിൽ ലോകത്തിലെ ഏറ്റവും നല്ല വികാരം പ്രണയമാണെന്ന് ചിന്തിക്കുന്നവനാ ഞാൻ.
പൃഥിരാജ്,ദുൽഖർ,ടോവിനോ,നിവിൻ തുടങ്ങി മലയാളത്തിലെ യുവതാരങ്ങൾക്കൊപ്പം ഇപ്പോൾ അഭിനയിച്ചല്ലോ..എങ്ങിനെ ഉണ്ടായിരുന്നു അനുഭവം?
നല്ല അനുഭവം മാത്രമെ ഉള്ളു.പാവങ്ങളാ എല്ലാരും.ഈ കാണുന്ന പോലെ ഒന്നുമല്ല..കിങ്ങ് ഓഫ് കൊത്തയുടെ ലൊക്കേഷനിൽ വച്ച് ചെമ്പൻ ചേട്ടനാണ് ദുൽഖറിന് എന്നെ പരിചയപ്പെടുത്തുന്നത്.ഒരു ബോണറ്റിൽ കയറി ഇരിക്കുകയായിരുന്നു ദുൽഖർ.പരിചയപ്പെടുത്തുമ്പോൾ തന്നെ താഴെ വന്നാണ് ദുൽഖർ പരിചയപ്പെട്ടത്.എന്നോടൊന്നും അങ്ങിനെ ചെയ്യേണ്ട ആവശ്യം ഇല്ല.. എന്നിട്ടും ദുൽഖർ അതല്ല ചെയ്യതത്.പൃഥ്വിരാജും അതേപോലെ തന്നെ നന്നായി സംസാരിച്ചു.
പിന്നെ അധികം ഇവരുടെ അടുത്തേക്ക് പോകാറില്ല..നമ്മളായിട്ട് ബുദ്ധിമുട്ടിക്കണ്ടല്ലോ.ഒരിക്കൽ ഇവരൊക്കെ നമ്മളെ ചേർത്തുപിടിക്കും എന്നാണ് പ്രതീക്ഷയും വിശ്വാസവും.പിന്നെ ഫോണിൽ വിളിച്ചിട്ടുള്ളത് ടോവിനോ തോമസിനെയാണ്.മണിയാശാനെ എന്നാണ് ടോവിനോ വിളിക്കുക.വലിയ സന്തോഷമാണ് ആ വിളി.പിന്നെ മമ്മൂക്ക ലാലേട്ടൻ എന്നിവർക്കൊപ്പം ഒരു സീൻ അതാണ് വലിയ ആഗ്രഹം.
ഏത് ടൈപ്പ് കഥാപാത്രങ്ങൾ ചെയ്യാനാണ് ഇഷ്ടം?
എല്ലാം ഇഷ്ടമാണെങ്കിലും നെഗറ്റീവ് കഥാപാത്രങ്ങളോടാണ് താൽപ്പര്യം.അതാകുമ്പോ ചെയ്യാൻ കുറച്ചുകൂടി ഉണ്ടാകുമല്ലോ.നാടകത്തിൽ ഒന്നോ രണ്ടോ നാടകത്തിലെ അത്തരം കഥാപാത്രങ്ങൾ ലഭിച്ചിട്ടുള്ളു.
ചാനൽ പരിപാടികളിലൊക്കെ അതിഥിയായെത്തിയത് എങ്ങിനെയായിരുന്നു?
അതിന് പിന്നിലൊരു കഥയുണ്ട്.ഞാൻ പറയാൻ വിട്ടു..തുടക്കകാലത്ത് ഞാൻ മിമിക്രിയും ചെയ്തിരുന്നു.അതിന് കാരണം നാടകത്തിലേക്ക് ശ്രമങ്ങൾ നടത്തുമ്പോ എത്തിപ്പെടാൻ കഴിയില്ല എന്നൊരു ചിന്ത വന്നു.അക്കാലത്ത് അത്രയ്ക്കും അസാധ്യ നടന്മാരായിരുന്നു കേരളത്തിലെ നാടകവേദികളിൽ.. മലയാള സിനിമയ്ക്ക് ഒരു മമ്മൂട്ടിയും മോഹൻലാലുമാണെങ്കിൽ നാടകവേദിക്ക് ഒരുപാട് മമ്മൂട്ടിയും ഒരുപാട് മോഹൻലാലും ഉണ്ട്. അവരെ അനുകരിക്കുന്നുവെന്നല്ല പറഞ്ഞതിനർത്ഥം മറിച്ച് അത്രയും ടാലന്റഡായ നടന്മാർ ഉണ്ടെന്നാണ്.
അങ്ങിനെ അവർക്കൊന്നും ഇടയിൽ തനിക്ക് അവസരം ലഭിക്കുമെന്ന് തോന്നിയില്ല.. പോരാഞ്ഞ് സമിതിയും കുറവ്.അങ്ങിനെ വന്നപ്പോൾ എന്റെ കഴിവുകളെ പ്രദർശിപ്പിക്കാൻ ഞാൻ തെരഞ്ഞെടുത്ത മാർഗ്ഗമായിരുന്നു മിമിക്രി.അങ്ങിനെ ചെറിയ വേദികളിലൊക്കെ മിമിക്രി ചെയ്തു.അത് വഴിയാണ് നാടകത്തിലേക്ക് ശരിക്കും എത്തുന്നത്.
ഒത്തിരി അവാർഡുകൾ കിട്ടിയിട്ടില്ലെ.. അതിൽ ഹൃദയസ്പർശിയായി തോന്നിയത് എന്താ?
അത്..വെഞ്ഞാറമൂട് കുറച്ച് ഉള്ളിലോട്ട് മാറി ഒരു ക്ഷേത്രമുണ്ട്.. അവിടെ നളിനാക്ഷന്റെ വിശേഷങ്ങൾ നാടകം കഴിഞ്ഞപ്പോൾ കമ്മിറ്റിക്കാർ ഒരു സംഘം ചേർന്ന് വന്ന് എന്നോട് പുറത്തേക്ക് വരാൻ പറഞ്ഞു.മേക്കപ്പ് മാറ്റിയിട്ട് വരാം എന്നു പറഞ്ഞപ്പോൾ സമ്മതിച്ചില്ല. കയ്യോടെ പിടിച്ച് ക്ഷേത്രത്തിന്റെ നടയിലേക്ക് കൊണ്ടുപോയി.എന്താണെന്ന് മനസില്ലായില്ല.
അപ്പോഴാണ് അവിടെ നിന്നും ഒരു നിലവിളക്ക് എടുത്ത് എനിക്ക് ഇത് ഞങ്ങളുടെ സ്നേഹമാണെന്ന് പറഞ്ഞ് സമ്മാനിച്ചത്.എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലപ്പെട്ട അവാർഡായി ഞാൻ കാണുന്നത് അതാണ്.അന്ന് ഞാനവരോട് പറഞ്ഞിരുന്നു.എന്നെങ്കിലും ഞാൻ അറിയപ്പെടുന്ന ഒരു നടനായാൽ അന്ന് ഞാൻ വരും എന്ന്.. അത് മറന്നിട്ടില്ല..
പിന്നെ മിക്കസ്ഥലത്തും അവാർഡുകൾ വാങ്ങിയിരുന്നത് എന്റെ അച്ഛനാണ്.എനിക്ക് വേദികൾ ഉള്ളതിനാൽ മത്സരങ്ങളിൽ അവാർഡ് വാങ്ങാൻ പോകാൻ പറ്റാറില്ല.എന്നെ നാടകത്തിലേക്ക് വിട്ടതിന് എനിക്കവർക്ക് നൽകാനുണ്ടായത് അത് മാത്രമാണ്.അതും മറക്കാൻ പറ്റാത്ത അനുഭവമാണ്.പിന്നെ എന്റെ അമ്മ ഞാൻ ചെയ്ത ഒരുനാടവും അങ്ങിനെ കർട്ടൻ ഉയരുന്നത് മുതൽ കണ്ടിട്ടില്ല.മുന്നാമത്തെ ബെല്ലിന് മുൻപ് നാടകത്തിൽ ഞങ്ങൾക്കൊരു പ്രാർത്ഥനയുണ്ട്.ഞങ്ങൾ പ്രാർത്ഥിക്കാൻ തുടങ്ങുമ്പോ സ്റ്റേജിന് മുന്നിലിരുന്ന് അമ്മയും പ്രാർത്ഥിക്കും.പിന്നെ കർട്ടൻ ഉയർന്ന് ഒരു സംഭാഷണം കേട്ടാൽ മാത്രമെ അമ്മ സ്റ്റേജിലേക്ക് നോക്കു
സിനിമയിൽ അങ്ങിനെ വല്ലതും? അമ്മ ചേട്ടന്റെ സിനിമ തിയേറ്ററിൽ വന്ന് കണ്ടോ?
ഇഷ എന്ന എന്റെ ആദ്യത്തെ പടം.. അത് അടുത്തുള്ള തിയേറ്ററിൽ ഞാൻ അമ്മയെ കൂട്ടി പോകാം എന്നു വച്ചു.അമ്മയോട് പറഞ്ഞപ്പോൾ അച്ഛനില്ലാതെ ഞാൻ വരുന്നില്ല എന്നായിരുന്നു മറുപടി.കാരണം ഞാൻ സിനിമയിലെത്തി കാണണം എന്നാഗ്രഹിച്ച ഒരാൾ അച്ഛനായിരുന്നു.ഒടുവിൽ അമ്മയോട് നിർബന്ധിച്ചു പറഞ്ഞപ്പോൾ വരാമെന്നായി. പക്ഷെ തിയേറ്ററിലേക്ക് വിളിച്ചപ്പോ ആളില്ലാത്തതിനാൽ ഷോ ഇല്ലെന്ന് പറഞ്ഞു.പിന്നെ ഞാൻ എന്റെ കൂട്ടുകാരെയൊക്കെ വിളിച്ച് ഒരു 35 പേരെ ഒപ്പിച്ചാണ് അമ്മയെ സിനിമ കാണിച്ചത്.
മറ്റൊരു അനുഭവം.. ഇഷയുടെ തന്നെ ആദ്യ ദിവസം.. സിനിമ കാണാൻ വരണമെന്ന് കൂട്ടുകാർക്കൊക്കെ മെസേജ് അയച്ചു.ഞാനും ഭാര്യയും മകനും ഓട്ടോറിക്ഷയിലാണ് തിയേറ്ററിൽ വന്നിറങ്ങിയത് നോക്കിയപ്പോൾ വിളിച്ച സുഹൃത്തുക്കൾ എല്ലാവരും പുറത്ത് നിൽക്കുന്നു.എന്താ കയറിയില്ലേ ചോദിച്ചപ്പോൾ പറഞ്ഞു ടിക്കറ്റ് എടുക്കണമല്ലോയെന്ന് അങ്ങിനെ എല്ലാവർക്കും ടിക്കറ്റെടുത്ത് നൽകിയാണ് അന്ന് സിനിമ കാണിച്ചത്.
പിന്നെ എന്റെ ഒരു സിനിമയും ഞാനിന്നുവരെ സ്വയം കാശുമുടക്കി ടിക്കറ്റെടുക്കാതെ കണ്ടിട്ടില്ല.ചേട്ടന് ടിക്കറ്റ് സൗജന്യമായി കിട്ടില്ലേ എന്നു ചോദിക്കാറുണ്ട്.പക്ഷെ എന്റെ മറുപടി ആ സിനിമയിൽ ഞാൻ അഭിനയിച്ചതിന് അവർ എനിക്ക് കാശു തന്നു.അഭിനയ സമയത്ത് വേണ്ട സൗകര്യമൊക്കെ തന്നു.പിന്നെയും ഞാൻ ടിക്കറ്റിന്റെ കാശുമുടക്കാൻ അവരോട് ചോദിക്കുന്നത് ശരിയാണോ..
ഒരു അനുഭവം കൂടി പറഞ്ഞ് നമുക്ക് അവസാനിപ്പിക്കാം.. ഒരു നടന് ലോകത്ത് എവിടെ വേണമെങ്കിലും നാടകം അവതരിപ്പിക്കാം. പക്ഷെ സ്വന്തം നാട്ടുകാരുടെ മുൻപിൽ അവതരിപ്പിക്കുമ്പോൾ അത് വലിയ ടെൻഷനും സന്തോഷവുമാണ്.അങ്ങിനെ ഒരു ദിവസം നാടകം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോ നാട്ടിൽ ഒരു പോസ്റ്റർ ഒട്ടിച്ചിരിക്കുന്നു.അത് കണ്ട സന്തോഷത്തിലാണ് വീട്ടിലേക്ക് വന്നത്..വീട്ടിലെത്തി കുറച്ച് സമയം കഴിഞ്ഞപ്പോ അനിയൻ വന്ന് പറഞ്ഞു പോസ്റ്റർ ആരോ കീറി എന്നു.
പക്ഷെ വലിയ സങ്കടം വന്നത് പോസ്റ്റർ മുഴുവനായും കീറിയില്ല.. എന്റെ ഫോട്ടോ മാത്രമാണ് കീറിയത്.ഞാൻ അനിയനോട് പറഞ്ഞു നീ ഒന്നുകൂടി ഒട്ടിക്കു എന്നു.വീണ്ടും ഒട്ടിച്ചു..അതും കീറി.. പിന്നെ ഞാൻ അ സംഭവം വിട്ടു.അതിന് ശേഷം കുറെ നാളുകഴിഞ്ഞാണ് എനിക്ക് സംസ്ഥാന അവാർഡ് കിട്ടുന്നത്.അന്ന് നാട്ടിൽ എനിക്കൊരു സ്വീകരണം തന്നു.അ യോഗത്തിൽ വച്ച് ഈ അനുഭവം വിവരിച്ചു.എന്നിട്ട് ഞാൻ പറഞ്ഞു ഞാൻ ഈ പറയുന്നത് കേൾക്കുന്ന ആരോ ആണ് പോസ്റ്റർ കീറിയത്.. എന്റെ പൊന്നുചേട്ട റെഡിയായിക്കോ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഞാൻ നിങ്ങളെക്കൊണ്ട് എന്റെ പോസ്റ്റർ കീറിക്കുമെന്ന്..കളയിലെ പോസ്റ്റർ കണ്ടപ്പോ ഓർമ്മ വന്നത് ഈ കഥയാണ്..
ഇതാണ് ഞാൻ നേരത്തെ പറഞ്ഞത് നമ്മൾ എന്തെങ്കിലുമൊക്കെ ആകാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് പ്രേക്ഷകൻ തന്ന കരുത്ത് ഒന്നുകൊണ്ട് മാത്രമാണ്.
മറുനാടന്‍ മലയാളി ബ്യൂറോ