- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
തിരുവനന്തപുരം: മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് ശ്രീനിവാസൻ. നടൻ, സംവിധായകൻ, തിരക്കഥകൃത്ത് തുടങ്ങി എല്ലാ മേഖലയിലും വിജയം നേടിയ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അദ്ദേഹം. തന്റെ സിനിമാ അനുഭവങ്ങൾ അദ്ദേഹം മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുമായി പങ്കുവെച്ചത് മലയാള സിനിമാ ലോകത്തും ചർച്ചയായിരുന്നു. താൻ സിനിമയിൽ എത്താൻ ഇടയാക്കിയ കാര്യങ്ങളെ കുറിച്ചും അഭിനയം പഠിക്കാൻ പോയപ്പോൾ സാക്ഷാൽ രജനീകാന്തിനെ പരിചയപ്പെട്ടതിനെ കുറിച്ചെല്ലാം അദ്ദേഹം നേരത്തെ തന്നെ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.
സന്ദേശം സിനിമയിലെ രസകരമായ രംഗങ്ങൾ തന്റെ വീട്ടിലെ അനുഭവങ്ങൾ തന്നെയായിരുന്നു എന്നാണ് ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. ഇപ്പോൾ തന്റെ അസുഖത്തെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള വിശേഷങ്ങൾ പങ്ക് വക്കുന്നതിനൊപ്പം മോഹൻലാൽ മമ്മൂട്ടി, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയ താരങ്ങളോടുള്ള അടുപ്പവും അവർക്കൊപ്പമുള്ള അനുഭവങ്ങളും നടൻ ഓർത്തെടുക്കുകയാണ്.
മമ്മൂട്ടിയും മോഹൻലാലുമായും ഉണ്ടാകാറുള്ള പിണക്കത്തെക്കുറിച്ച് മനസ് തുറു. മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ച് പലപ്പോഴും ശ്രീനിവാസൻ തുറന്നു പറച്ചിലുകൾ നടത്തിയിട്ടുണ്ട്. എന്നാൽ അതിലൊന്നും അവർക്ക് യാതൊരു നീരസവും തോന്നാറില്ലെന്നാണ് ശ്രീനിവാസൻ പറയുന്നത്. മോഹൻലാലിന് നീരസം അശ്ശേഷമില്ല എന്നാണ് ശ്രീനിവാസൻ പറയുന്നത്. അതേസമയം, മമ്മൂട്ടിയായി പലപ്പോഴും ഏറ്റുമുട്ടുമെന്നാണ് ശ്രീനിവാസൻ പറയുന്നത്. പിന്നാലെ കഥ പറയുമ്പോൾ എന്ന സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ പ്രശ്‌നത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്.
കഥ പറയുമ്പോൾ എന്ന സിനിമയുടെ സമയത്ത് ഞങ്ങൾ ഭയങ്കരമായി ഏറ്റുമുട്ടി. ഞാനും മുകേഷും കൂടെ നിർമ്മിച്ച സിനിമയായിരുന്നു അത്. കഥ നേരത്തെ മമ്മൂട്ടിയോട് പറഞ്ഞത്. പിന്നീട് അഡ്വാൻസ് നൽകാൻ ഞാനും മുകേഷും അദ്ദേഹത്തിന്റെ വീട്ടിൽ പോയി. നിങ്ങളുടെ കയ്യിൽ നിന്നും ഞാൻ അഡ്വാൻസ് വാങ്ങാനോ! അത് വേണ്ട. ആ കാശ് വേറെ ആർക്കെങ്കിലും കൊടുത്തോളൂവെന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശ്രീനിവാസൻ പറയുന്നത്.
നിങ്ങൾ പൈസ വാങ്ങിയിട്ടല്ലേ അഭിനയിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. അത് ഞാൻ വാങ്ങേണ്ടവരുടെ കയ്യിൽ നിന്നും വാങ്ങിക്കോളാം, നിങ്ങൾ എനിക്ക് തരണ്ട, നിങ്ങളുടെ കയ്യിൽ നിന്നും ഞാൻ വാങ്ങില്ല എന്ന് മമ്മൂട്ടി പറഞ്ഞു. എന്നാൽ ഓവർസീസ് റൈറ്റ്‌സ് എഴുതട്ടെ എന്ന് ചോദിച്ചു. അത് നിങ്ങൾക്ക് ഞാൻ കുൽഷന് നല്ല വിലയ്ക്ക് വിറ്റു തരാം, പക്ഷെ നിങ്ങളുടെ ഒരു പൈസയും എനിക്ക് വേണ്ട. അങ്ങനെ മമ്മൂട്ടി ഒരു പൈസയും വാങ്ങിയില്ലെന്ന് ശ്രീനിവാസൻ പറയുന്നു.
പിന്നീട് തെടുപുഴയിൽ ഷൂട്ടിങ് നടക്കുകയാണ്. മേക്കപ്പ് മാൻ ജോർജിനെ വിളിച്ചപ്പോൾ മറ്റു കാര്യങ്ങളൊന്നും തീരുമാനിച്ചില്ല എന്നാണല്ലോ സാർ പറഞ്ഞത് എന്ന് ചോദിച്ചു. മറ്റു കാര്യങ്ങൾ എന്താണെന്ന് നമുക്ക് അറിയില്ലല്ലോ. ഷൂട്ടിങ് തുടങ്ങിപ്പോയി. പുള്ളിയുടെ ഏഴ് ദിവസം വേണം.
ഞാൻ മുകേഷിനെ വിളിച്ചു. ഒന്ന് നേരിട്ട് പോയി ചോദിക്കാൻ പറഞ്ഞു. അങ്ങനെ മുകേഷ് പോയി. നിങ്ങൾ ഏഴല്ലല്ലോ മൂന്ന് ദിവസം മതി എന്നാണല്ലോ പറഞ്ഞതെന്ന് മമ്മൂട്ടി ചോദിച്ചു. കള്ളം പറയുകയാണ്. ഉഡായിപ്പ് ആണെന്ന് അതോടെ മനസിലായെന്ന് ശ്രീനിവാസൻ പറയുന്നു.
"ഏഴ് ദിവസം തന്നെയാണെന്ന് മുകേഷ് പറഞ്ഞു. ഏഴ് ദിവസം ആണെങ്കിൽ ടേംസ് ആൻഡ് കണ്ടീഷൻസ് മാറുമെന്ന് പറഞ്ഞു. മൊത്തം തട്ടിപ്പാണെന്ന് മനസിലായി. ഞാൻ ഇക്കാര്യം ഇന്നസെന്റിനോട് പറഞ്ഞു. അവനോട് പോകാൻ പറ, മോഹൻലാലിനെ വിളിക്കു എന്ന് ഇന്നസെന്റ് പറഞ്ഞു. എന്റെ കുഴപ്പം അതല്ല. ഇങ്ങനെ ഒരു അഹങ്കാരിയായി മമ്മൂട്ടി തന്നെ വേണം. എന്നാലേ ആളുകൾക്ക് ഫീൽ ചെയ്യൂ. ജാഡയും അഹങ്കാരവുമൊക്കെയുള്ള ആളു തന്നെയായിരിക്കണം. എന്നാലേ വിശ്വസിക്കൂ" ശ്രീനിവാസൻ പറയുന്നു. ഷൂട്ട് നിർത്തിവെക്കാൻ തീരുമാനിച്ചു. തുടർന്ന് താൻ മമ്മൂട്ടിയെ വിളിച്ചു.
നിങ്ങൾ ഇതുവരെ നമുക്കൊക്കെ പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. പക്ഷെ ഈ പടത്തിലേക്ക് അഭിനയിക്കാൻ വേണ്ടി ബുദ്ധിമുട്ടുകയോ അതിനായി ഇങ്ങോട്ട് വരികയോ വേണ്ട എന്ന് മമ്മൂട്ടിയോട് പറഞ്ഞു. ഈ പടത്തിന്റെ ഷൂട്ട് നടക്കുമ്പോൾ ആ ജില്ലയിൽ നിങ്ങൾ ഉണ്ടാകരുത്! എന്ന് പറഞ്ഞ് താൻ ഫോൺ വിളിച്ചു. മമ്മൂട്ടി തിരികെ വിളിച്ചതിന് കണക്കില്ല. നാട്ടിൽ പാട്ടായാൽ ഇമേജിനെ ബാധിക്കുമോ എന്ന് കരുതിയാണ് വിളിക്കുന്നതെന്നും ശ്രീനിവാസൻ പറയുന്നത്. ഒടുവിൽ മമ്മൂട്ടി മുകേഷിനെ വിളിച്ച് തനിക്ക് പൈസ വേണ്ട, എത്ര ദിവസം വേണമെങ്കിലും വന്ന് അഭിനയിക്കാമെന്ന് പറഞ്ഞുവെന്നാണ് ശ്രീനിവാസൻ പറയുന്നത്.
സരോജ് കുമാർ എന്ന കഥാപാത്രത്തെക്കുറിച്ചും ആ സിനിമ മോഹൻലാലിനെ കളിയാക്കാനായി ചെയ്തതാണോ എന്ന ചോദ്യത്തിനും ശ്രീനിവാസൻ മറുപടി നല്കി.
മോഹൻലാലിനെ മാത്രമല്ല സരോജ് കുമാർ എന്ന കഥാപാത്രം കളിയാക്കുന്നതെന്ന് ശ്രീനിവാസൻ പറയുന്നു. കപിൽദേവിന് കേണൽ പദവി ലഭിച്ച സമയത്ത് മോഹൻലാൽ രാജീവ് നാഥിനെ വിളിച്ച് തനിക്ക് കേണൽ പദവി ലഭിക്കുമോ എന്ന് ചോദിച്ചിരുന്നെന്നും അത് വിചിത്രമായി തോന്നിയിരുന്നെന്നും ശ്രീനിവാസൻ പറയുന്നു.അതാണ് സരോജ് കുമാർ എന്ന ചിത്രത്തിനുള്ള ഇൻസ്പിരേഷനെന്നും ശ്രീനിവാസൻ പറഞ്ഞു. 'ഇതൊക്കെ ഇങ്ങനെ കിട്ടേണ്ട സാധനം ആണോ? നമുക്ക് ആത് ആസ്വദിക്കാൻ പറ്റുമോ? എനിക്ക് പറ്റില്ല, അതാണ് തുടക്കം.
രാജീവ് നാഥ് സൈനിക് സ്‌കൂളിൽ പഠിച്ചതാണ്, തിരുവനന്തപുരം കഴക്കൂട്ടത്ത്. ആ ബന്ധമൊക്കെ വച്ചാണ് മോഹൻലാലിന് കേണൽ പദവി കിട്ടുന്നതെന്ന്, രാജീവ് നാഥ് പറയുന്നത് ഞാൻ ടിവിയിൽ കണ്ടിട്ടുണ്ട്. ആ സിനിമയുടെ തുടക്കം അതൊക്കെയായിരുന്നു,' ശ്രീനിവാസൻ പറഞ്ഞു. താരത്തിന്റെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സരോജ് കുമാറിൽ അധികവും മമ്മൂട്ടിയാണെന്നും ശ്രീനിവാസൻ പറയുന്നു. സിനിമ ഇറങ്ങിയ സമയത്ത് തന്നെ സിനിമയിലെ കൂളിങ് ഗ്ലാസ് സംഗതിയെല്ലാം മമ്മൂട്ടിയാണെന്ന് അന്ന് തന്നെ ചർച്ചയായിരുന്നു. സിനിമയിലെ എന്റെ തല എന്റെ ഫുൾ ഫിഗർ സംഭവവും മമ്മൂട്ടിയാണെന്നും ശ്രീനി പറയുന്നു. മഴയെത്തും മുൻപെ എന്ന സിനിമ ഇറങ്ങിയ സമയം. അതേദിവസം തന്നെയാണ് മോഹൻലാലിന്റെ സ്ഫടികവും റിലീസ് ചെയ്യുന്നത്. രണ്ടും ഓടിയ സിനിമകളാണ്. അന്ന് ഞാനും മമ്മൂട്ടിയും കൊച്ചിൻ ഹനീഫയും ഒരു മീറ്റിംഗിന് പോവുകയായിരുന്നു. വണ്ടി ഓടിക്കുന്നത് മമ്മൂട്ടിയാണ്. റോഡ് സൈഡിൽ സ്ഫടികത്തിന്റെയും മഴയെത്തും മുൻപെയുടെയും പോസ്റ്ററുകളുണ്ട്.
ഇതുകണ്ട് മമ്മൂട്ടി പറഞ്ഞു. സ്ഫടികത്തിന്റെ പോസ്റ്റർ കണ്ടോ? മോഹൻലാൽ മാത്രം. നമ്മുടെ പോസ്റ്ററിൽ ശോഭനയും പിന്നെയും ആരൊക്കെയോ ഉണ്ട്. നീ ആ മാധവൻ നായരെ വിളിച്ച് എന്റെ മാത്രം പോസ്റ്റർ വെയ്ക്കാൻ പറ. അപ്പോൾ ഞാൻ പറഞ്ഞു. ഞാൻ വിളിച്ചാൽ ഒരു പ്രശ്‌നമുണ്ട്. എന്റെ മുഖം വെച്ച് പോസ്റ്ററടിക്കാൻ പറയും. അതിന് ശേഷം മമ്മൂട്ടി അധികം പ്രോത്സാഹിപ്പിക്കാൻ വന്നിട്ടില്ല. ശ്രീനിവാസൻ പറയുന്നു.
തുടർന്ന് മീറ്റിങ് സ്ഥലത്ത് എത്തിയപ്പോൾ മാധവൻ നായർ അവിടെയുണ്ട്. മമ്മൂട്ടി കാർ പാർക്ക് ചെയ്യാൻ പോയപ്പോൾ ഞാൻ ഓടി മാധവൻ നായരുടെ അടുത്ത് പോയി. ഇങ്ങനൊരു പ്രശ്നം വരുന്നുണ്ട്, എന്തെങ്കിലും മറുപടി കണ്ടുവച്ചോ എന്ന് പറഞ്ഞു. പുള്ളീട മുഖം മാത്രമായിട്ടുള്ള ഫ്ലക്സ് വേണമെന്ന് പറയുമെന്ന് പറഞ്ഞു. മീറ്റിങ് കഴിഞ്ഞ് പോകാനിറങ്ങിയപ്പോൾ അദ്ദേഹത്തെ വീണ്ടും കണ്ടു. പറഞ്ഞതു പോലെ തന്നെ മമ്മൂട്ടി വന്നു. പക്ഷെ തൽക്കാലത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെ എന്ന് ഞാൻ ചോദിച്ചപ്പോൾ, മോഹൻലാലിന്റെ കഴിഞ്ഞ രണ്ടുമൂന്ന് സിനിമകൾ വീക്കായിരുന്നു. അതുകൊണ്ട് മോഹൻലാലിന് അതിന്റെ ആവശ്യമുണ്ട്, നിങ്ങൾക്ക് അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചതോടെ തീർന്നു..., ഉദയനാണ് താരത്തിൽ ഞാൻ പറയുന്നില്ലേ 'എന്റെ തല, എന്റെ ഫുൾ ഫിഗർ' അത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ ആഗ്രഹമാണ് ഞാൻ ആ സിനിമയിൽ പറഞ്ഞത്' ശ്രീനിവാസൻ പറഞ്ഞു.
മമ്മൂട്ടിക്ക് മൂന്നാമതും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച 1998 ൽ ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് പുരസ്‌കാരം വാങ്ങാൻ പോയപ്പോഴുണ്ടായ രസകരമായ സംഭവും ശ്രീനിവാസൻ പറയുന്നുണ്ട്്. ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് അവാർഡ് ലഭിച്ചപ്പോൾ ഞെട്ടിയത് ലെനിൻ രാജേന്ദ്രനെപ്പോലുള്ള ബുദ്ധിജീവികളായിരുന്നു ഞെട്ടിച്ചത്. ഞാൻ അവാർഡ് പ്രതീക്ഷിച്ചിരുന്നൊന്നുമില്ല. ആ വർഷം മമ്മൂട്ടിയും അജയ് ദേവഗണും കൂടി അവാർഡ് പങ്കിടുകയായിരുന്നു. ഞങ്ങൾ രണ്ടുപേരും അവാർഡ് സ്വീകരിക്കാനായി സദസ്സിൽ ഇരിക്കുകയാണ്. അന്ന് പ്രസിഡന്റ് കെആർ നാരായണനാണ്.
വേദിയിൽ ആങ്കറിങ് നടത്തുന്നയാൾ മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോൾ രണ്ടാം തവണയാണ് അദ്ദേഹം ദേശീയ അവാർഡ് നേരിടുന്നതെന്ന് പറഞ്ഞു. ഇതുകേട്ടതും സദസ്സിലിരുന്ന മമ്മൂട്ടി 'നോ' എന്നും പറഞ്ഞ് ഒറ്റ അലർച്ചയായിരുന്നു. കെ ആർ നാരായണൻ ഞെട്ടിപ്പോയി. പിന്നീട് മരിക്കുന്നത് അവരെ അദ്ദേഹം ആ ഞെട്ടൽ മറന്നിട്ടില്ല. അയാൾ പേടിച്ചുപോയി. എന്തോ വെടിവെപ്പോ മറ്റോ വരുന്നുണ്ടെന്ന് അദ്ദേഹം കരുതിക്കാണും. പിന്നീട് അവർ തിരുത്തുകയും ചെയ്തെന്നും ശ്രീനിവാസൻ പറയുന്നു.
അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ടായെങ്കിലും അത്ഭുതമൊന്നും ഉണ്ടായിരുന്നില്ല. പുരസ്‌കാരം കിട്ടുമെന്നും ഇല്ലെന്നുമൊക്കെയുള്ള അവസ്ഥയായിരുന്നതിനാൽ ഒരു നിസംഗതയായിരുന്നുവെന്നും നടൻ പങ്ക് വച്ചു. ആ സമയത്ത്് അതിനേക്കാൾ വലിയ പ്രതിസന്ധിയിലുമായിരുന്നു ഞാൻ. പാവം പാവം രാജകുമാരന്റെ എഴുത്തിൽപ്പെട്ട് ഉരുകുകയായിരുന്നു. ആ സമയത്ത് അധികം സന്തോഷിക്കാനൊന്നും പറ്റിയിരുന്നില്ല. ആ സമയം വരെ ബുദ്ധിജീവി സിനിമകൾക്ക് മാത്രമായിരുന്നു അവാർഡ് ലഭിച്ചുകൊണ്ടിരുന്നത്. ദേശീയ അവാർഡ് ആർക്കൊക്കെയായിരിക്കുമെന്ന് തലേദിവസം അറിഞ്ഞിരുന്നു. പിറ്റേ ദിവസത്തെ പത്രത്തിൽ അജയ് ദേവഗൺ, മമ്മൂട്ടി എന്നിവരുടെ ഫോട്ടോയ്ക്കൊപ്പം എന്റെ ഫോട്ടോയുമുണ്ടായിരുന്നു. അന്ന് ഞാൻ കൂത്തുപറമ്പിലെ വീട്ടിലാണ്. ഉച്ചയായപ്പോൾ മമ്മൂട്ടിയുടെ ഒരു ഫോൺ. അദ്ദേഹം അങ്ങനെ എന്നെ വിളിക്കുന്ന ആളൊന്നുമില്ല.
ദേശീയ അവാർഡ് കിട്ടിയിട്ടും അങ്ങോട്ട് വിളിച്ച് അഭിനന്ദിച്ചില്ല എന്നതുകൊണ്ട് വിളിക്കുകയാണ്. പിടികൊടുക്കില്ലെന്ന് ഞാനും തീരുമാനിച്ചു. നിരവധി കാര്യങ്ങൾ സംസാരിച്ചെങ്കിലും അവാർഡ് വിഷയത്തിലേക്ക് വന്നില്ല. വേറെ എന്തൊക്കെയുണ്ട് വിശേഷം എന്ന് ചോദിച്ചു. എന്നിട്ടും ഞാൻ വീഴാതാഴപ്പോൾ എന്നെ കുറേ തെറി പറഞ്ഞുകൊണ്ട് പേപ്പർ ഒന്നും കണ്ടില്ലേയെന്ന് ചോദിച്ചു. അപ്പോൾ ഞാൻ ഉടനെ 'സോറി, പേപ്പർ കണ്ട ഉടനെ നിങ്ങളെ വിളിക്കണമെന്ന് കരുതിയാണ്. പക്ഷെ അജയ് ദേവ്ഗണിന്റെ നമ്പർ കിട്ടിയില്ല. രണ്ടുപേരേയും ഒരുമിച്ചല്ലേ വിളിക്കാൻ പറ്റൂ' എന്ന് ചോദിച്ചു. അപ്പോൾ വീണ്ടും എന്നെ കുറെ തെറി പറഞ്ഞു. എന്തായാലും ആ തമാശ പുള്ളിക്ക് ഇഷ്ടപ്പെട്ടു. അദ്ദേഹം അത് മറ്റുള്ളവരോട് പറഞ്ഞെന്നും ശ്രീനിവാസൻ പറയുന്നു.
ആശുപത്രിയിലായ നാളുകളെ കുറിച്ചും നടൻ പങ്ക് വച്ചത് ഇങ്ങനെയാണ്. രണത്തെ കുറിച്ച് തനിക്ക് ഇപ്പോൾ പേടിയില്ല. താൻ അഞ്ചാറ് തവണ മരിച്ചു കഴിഞ്ഞു എന്നാണ് ശ്രീനിവാസൻ പറയുന്നത്.
'മരണം എനിക്കിപ്പോൾ ഒരു വിഷയം അല്ല, കാരണം ഞാൻ അഞ്ചാറ് പ്രാവശ്യം മരിച്ചു. ശ്വാസംമുട്ടൽ വന്ന് ബോധം പോയപ്പോൾ അതൊക്കെ മരണം ആയിരുന്നു. വേദന കൊണ്ട് ഞാൻ പുളഞ്ഞിട്ടുണ്ട്. ഹോസ്പിറ്റൽ വരെ എത്തില്ലെന്ന് ഞാൻ പേടിച്ചിട്ടുണ്ട്. വേദന സഹിക്കാൻ പറ്റില്ല. അതിനേക്കാൾ നല്ലത് മരണമാണെന്ന് തോന്നും."
"അപ്പോൾ പിന്നെ മരണത്തെ പേടിയില്ല. ബോധം പോയി ആദ്യം എത്തുന്നത് എറണാകുളം മെഡിക്കൽ സെന്ററിലാണ്. 24 മണിക്കൂർ കഴിഞ്ഞാണ് ബോധം വരുന്നത്. സിപിആർ കഴിഞ്ഞു എന്ന് അതിന് ശേഷമാണ് ആൾക്കാർ പറയുന്നത്. അതിനിടയിൽ മരിച്ചാൽ താൻ പോലും അറിയില്ല" എന്നാണ് ശ്രീനിവാസൻ പറഞ്ഞത്.