തിരുവനന്തപുരം: കുമ്പളങ്ങി സ്വദേശിയായ മധ്യവയസ്‌കൻ അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചതിന് പിന്നാലെ അയാളെ തന്ത്രപൂർവ്വം വിളിച്ച് വരുത്തി പൊലീസിനെ ഏൽപ്പിച്ച അനുഭവത്തെക്കുറിച്ചാണ് ഹനാൻ മറുനാടൻ പ്രേക്ഷകരുമായി പങ്കുവെച്ചത്.എന്നാൽ പൊലീസ് ജീപ്പിൽ കയറുന്നതിന് മുൻപ് ഹനാൻ ആ വ്യക്തിയെ മർദ്ദിച്ചതും അയാളോട് ഇടപെട്ട രീതിയെക്കുറിച്ചും ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയിരുന്നു.അവർക്കുള്ള മറുപടിയും ട്രെയിനിൽ വച്ച് തനിക്ക് നേരെ ഉണ്ടായ അനുഭവത്തെക്കുറിച്ചുമാണ് അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ ഹനാൻ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.

താൻ അയാളെ മർദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയും താൻ അദ്ദേഹത്തോട് ഇടപെട്ട രീതിയെക്കുറിച്ചും നിരവധി പേർ തന്നെ വിമർശിച്ചിരുന്നു.പക്ഷെ അവരൊന്നും തന്നെ അയാൾ എനിക്കയച്ച മുഴുവൻ മെസേജും കണ്ടിട്ടില്ല.അങ്ങിനെ കണ്ടിട്ടുണ്ടെങ്കിൽ ജയിലിൽ കയറി നിങ്ങൾ അയാളെ തല്ലും. അതെനിക്ക് ഉറപ്പാണ്.ഒരു അമ്പത് പേജോളം വരും ആ മെസേജുകൾ.ഒരു പെൺകുട്ടി പ്രതികരിച്ചതാണോ എല്ലാവരുടെയും പ്രശ്‌നമെന്നും ഹനാൻ ചോദിക്കുന്നു.

നമ്മുടെ പാർടണർ പോലും ഇത്തരത്തിലൊന്നും സംസാരിക്കുന്നത് നമുക്ക് ഉൾക്കൊള്ളാൻ ആകില്ല.പിന്നല്ലെ ഒരു പരിചയവും ഇല്ലാത്ത ആൾക്കാർ ഇത്തരത്തിൽ സംസാരിക്കുന്നതെന്നും ഹനാൻ ചോദിക്കുന്നു.ട്രെയിനിലെ വിഷയത്തിലും ഇപ്പോൾ ഈ ആശ്ലീല മെസേജ് വിഷയത്തിലും.എന്റെ ജീവിതത്തിൽ ഞാൻ ആകെ പ്രതികരിച്ച രണ്ട് വിഷയങ്ങളാണിത്. പക്ഷെ ഇപ്പോൾ ആൾക്കാർ പറഞ്ഞുപരത്തുന്നത് ഞാൻ പ്രശസ്തിക്കുവേണ്ടി എല്ലാ കാര്യത്തിലും പ്രതികരിക്കുന്നുവെന്നാണ്.സോഷ്യൽമീഡിയയിലൂടെ ആണ് ട്രെയ്‌നിൽ താൻ നേരിട്ട പ്രശ്‌നം ഹനാൻ പറഞ്ഞത്.

ട്രെയിൻ യാത്രക്കിടയിൽ മദ്യലഹരിയിലുള്ള ആൾ ശരീരത്ത് കടന്നുപിടിച്ചെന്നും യാത്രക്കാർ അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു ഹനാൻ പറഞ്ഞത്. ഒരാൾ യാത്രയ്ക്കിടെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും തുടർന്ന് സ്വയരക്ഷയ്ക്കായി സംഘം പരസ്യമായി മദ്യപിച്ചതു വിഡിയോയിൽ പകർത്തിയതായും ഹനാൻ അന്ന് വെളിപ്പെടുത്തിയിരുന്നു.ജലന്തറിൽ ഒരു പരീക്ഷ എഴുതാൻ പോകുന്ന വഴിക്കാണ് ഹനാന് ദുരനുഭവം ഉണ്ടായത്.

ഹനാന്റെ വിഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് സ്ഥലത്ത് എത്തി. എന്നാൽ, അക്രമികളെ കസ്റ്റഡിയിൽ എടുക്കാതെ പകരം തന്നോട് ട്രെയിനിൽ നിന്ന് ഇറങ്ങാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്ന വീഡിയോയിൽ ഹനാൻ ആരോപിച്ചിരുന്നു.ഈ സംഭവത്തിന് ശേഷമാണ് ഇപ്പോൾ അശ്ലീല മെസേജ് അയച്ചവ്യക്തിക്കെതിരെയും താൻ പ്രതികരിച്ചത്.ഈ രണ്ട് കാര്യങ്ങൾ അല്ലാതെ വേറെ ഏതിലാണ് താൻ പ്രതികരിച്ചതെന്നും ഹനാൻ ചോദിക്കുന്നു.പിന്നെ കുറേപ്പേർ കുറ്റപ്പെടുത്തുന്നത് എന്റെ വസ്ത്രധാരണത്തെക്കുറിച്ചാണ്.പക്ഷെ ഞരമ്പന്മാർക്ക് ഒരു പെൺകുട്ടി വസ്ത്രമിട്ടാലും ഇല്ലേലും ഒക്കെ ഒരുപോലെയാണ്.

വയസ്സായ സ്ത്രീകളോടും പിഞ്ചുകുഞ്ഞുങ്ങളോടും മോശമായി പെരുമാറുന്നില്ലെ..അതൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹനാൻ പറഞ്ഞുവെക്കുന്നു.പ്രതികരിക്കുന്ന കുട്ടികളുടെ ധൈര്യം ഒരിക്കലും ഇല്ലാതാക്കാൻ ശ്രമിക്കരുത്.കാരണം അത് മോശമായി ബാധിക്കുക ഇത്തരം സന്ദർഭങ്ങൾ ഫേസ് ചെയ്യാൻ പോകുന്ന മറ്റുകുട്ടികളുടെ സുരക്ഷയെയാണെന്നും ഹനാൻ തന്റെ അനുഭവത്തിലൂടെ പറയുന്നു.പെൺകുട്ടികളെ നിങ്ങൾക്ക് സഹായിക്കാൻ പറ്റുന്നില്ലെങ്കിൽ വേണ്ട..പക്ഷെ ഒരിക്കലും ഉപദ്രവിക്കരുത്.ഒരു പെൺകുട്ടിയോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ദ്രോഹമാണ് അവളുടെ ധൈര്യത്തെ ഇല്ലാതാക്കുന്നതെന്നും ഹനാൻ വിശദീകരിക്കുന്നു

അഭിമുഖത്തിന്റെ രണ്ടാം ഭാഗം