- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് ഹരിജനങ്ങൾക്ക് മുറ്റത്ത് കടക്കാൻ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല; ജനം ഭയപ്പെട്ടിരുന്നത് പൊലീസിനെയും പട്ടാളത്തേയുമല്ല ജന്മിയുടെ ഗുണ്ടകൾ; അവരോടെക്കെ ഏറ്റമുട്ടി പാവങ്ങൾക്ക് ഒപ്പം ഉറച്ചുനിന്നാണ് കമ്യൂണിസ്റ്റ് പാർട്ടി വളർന്നത്; ഞാൻ കമ്യൂണിസ്റ്റായതിന്റെ പേരിൽ പെങ്ങളുടെ കല്യാണം പോലും മുടങ്ങി; രണ്ടുവട്ടം മന്ത്രിയായിട്ടും ഉന്നത സ്ഥാനങ്ങളിലെത്തിയിട്ടും യാതൊരു സമ്പാദ്യവുമില്ലാത്ത ഒരു രാഷ്ട്രീയ നേതാവ്; രാഷ്ട്രീയ ശുദ്ധതയുടെ ആൾരൂപമായ പാലോളി മുഹമ്മദ് കുട്ടി മറുനാടനോട്
പാലോളി: ആ പേര് രാഷ്ട്രീയ ശുദ്ധതയുടെ വെള്ളി വെളിച്ചം കൂടിയാണ്.നിസ്വാർഥനും നിഷ്‌ക്കളങ്കനുമായ ഈ കമ്മ്യൂണിസ്റ്റ് നേതാവ് കേരള രാഷ്ട്രീയത്തിന് സമ്മാനിച്ചത് വേറിട്ടൊരു രാഷ്ട്രീയ സംസ്‌കാരവും ജീവിത ശൈലിയുമായിരുന്നു. മുന്മന്ത്രി, മുൻ എൽഡിഎഫ് കൺവീനർ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എന്നീ വിശേഷണങ്ങൾക്കും അപ്പുറത്താണ് അദ്ദേഹം. കറകളഞ്ഞ ഒരു രാഷ്ട്രീയക്കാരന്റെയും മനുഷ്യസ്നേഹിയുടെയും പേരാണ് സഖാവ് പാലോളി മുഹമ്മദ്കുട്ടി. അധികാര മോഹമില്ലാത്ത യഥാർത്ഥ കമ്മ്യൂണിസ്റ്റ്. പ്രതിസന്ധിയിലൂടെ പാർട്ടിയെ നയിച്ച നേതാവ്. ഉള്ളതെല്ലാം പാർട്ടിക്കും സമൂഹത്തിനുമായി മാറ്റിവെച്ച് സ്വന്തം വീടുപോലും വിറ്റുപോവേണ്ടി വന്നപ്പോളും അദ്ദേഹത്തിന് ഒരു പരാതിയുമില്ല. മക്കളോടൊപ്പം ജീവിതം നയിക്കുമ്പോഴും സഖാവ് സംതൃപ്തനാണിന്നും. എംഎൽഎയായും മന്ത്രിയായും പാർട്ടി ഉത്തരവാദിത്വങ്ങൾ വഹിച്ചും കഴിഞ്ഞ എട്ട് പതിറ്റാണ്ടിലധികമായി ഈ മനുഷ്യൻ സാധാരണക്കാർക്കിടയിൽ ജീവിക്കുന്നു. ജീവിതം തന്നെയാണ് സന്ദേശമെന്ന് തെളിയിക്കുകയാണ് സഖാവ് പാലോളി. അദ്ദേഹത്തിന്റെ ജീവിതയാത്ര
പാലോളി: ആ പേര് രാഷ്ട്രീയ ശുദ്ധതയുടെ വെള്ളി വെളിച്ചം കൂടിയാണ്.നിസ്വാർഥനും നിഷ്‌ക്കളങ്കനുമായ ഈ കമ്മ്യൂണിസ്റ്റ് നേതാവ് കേരള രാഷ്ട്രീയത്തിന് സമ്മാനിച്ചത് വേറിട്ടൊരു രാഷ്ട്രീയ സംസ്‌കാരവും ജീവിത ശൈലിയുമായിരുന്നു. മുന്മന്ത്രി, മുൻ എൽഡിഎഫ് കൺവീനർ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എന്നീ വിശേഷണങ്ങൾക്കും അപ്പുറത്താണ് അദ്ദേഹം. കറകളഞ്ഞ ഒരു രാഷ്ട്രീയക്കാരന്റെയും മനുഷ്യസ്നേഹിയുടെയും പേരാണ് സഖാവ് പാലോളി മുഹമ്മദ്കുട്ടി. അധികാര മോഹമില്ലാത്ത യഥാർത്ഥ കമ്മ്യൂണിസ്റ്റ്. പ്രതിസന്ധിയിലൂടെ പാർട്ടിയെ നയിച്ച നേതാവ്. ഉള്ളതെല്ലാം പാർട്ടിക്കും സമൂഹത്തിനുമായി മാറ്റിവെച്ച് സ്വന്തം വീടുപോലും വിറ്റുപോവേണ്ടി വന്നപ്പോളും അദ്ദേഹത്തിന് ഒരു പരാതിയുമില്ല. മക്കളോടൊപ്പം ജീവിതം നയിക്കുമ്പോഴും സഖാവ് സംതൃപ്തനാണിന്നും.
എംഎൽഎയായും മന്ത്രിയായും പാർട്ടി ഉത്തരവാദിത്വങ്ങൾ വഹിച്ചും കഴിഞ്ഞ എട്ട് പതിറ്റാണ്ടിലധികമായി ഈ മനുഷ്യൻ സാധാരണക്കാർക്കിടയിൽ ജീവിക്കുന്നു. ജീവിതം തന്നെയാണ് സന്ദേശമെന്ന് തെളിയിക്കുകയാണ് സഖാവ് പാലോളി. അദ്ദേഹത്തിന്റെ ജീവിതയാത്രകളിലൂടെ സഞ്ചരിക്കുകയാണ് മറുനാടൻ മലയാളി ലേഖകൻ എംപി റാഫി. രാഷട്രീയക്കാർ സംശുദ്ധരായിരിക്കണമെന്നും ഇന്ന് രാഷ്ട്രീയത്തിൽ സത്യസന്ധതയ്ക്ക് സ്ഥാനം പിറകിലാണെന്നും പറയുമ്പോഴും ഇതെല്ലാം പറയാൻ തനിക്ക് യോഗ്യതയുണ്ടോയെന്ന എളിമയുടെ മറുചോദ്യമാണ് തിരിച്ച്.
ജനനം മുതൽ നടന്ന നാൾവഴികൾ വരെയുള്ള ജീവിത പോരാട്ടങ്ങളെ വരച്ചിടുകയാണ് മറുനാടൻ മലയാളി ലേഖകൻ എംപി റാഫി സഖാവ് പാലോളിയുമായി നടത്തിയ ദീർഘ നേരത്തെ അഭിമുഖത്തിൽ. സ്വാർത്ഥതയില്ലാതെ മനുഷ്യർക്ക് വേണ്ടി ജീവിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ഓർമ്മകളും അനുഭവങ്ങളും നമുക്ക് മുന്നിൽ തുറന്നു വെയ്ക്കുകയാണിവിടെ.
ഫസ്റ്റ് ഫോമിൽ പഠിക്കുന്ന കാലം മുതൽ ആരംഭിച്ച രാഷ്ട്രീയ ജീവിതം
1931 നവംബർ 11ന് മലപ്പുറം കോഡൂരിലെ ഇടത്തരം കർഷക കുടുംബമായ പാലോളി തറവാട്ടിലാണ് സഖാവിന്റെ ജനനം. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച കമ്മ്യൂണിസ്റ്റ് നേരിടേണ്ടി വന്ന പ്രതിസന്ധികളും ആ കാലഘട്ടത്തിലെ ജാതി വ്യവസ്ഥക്കും ജന്മി വ്യവസ്ഥക്കുമെതിരെ മുട്ടുമടക്കാതെ പൊരുതിയ ജീവിത സാഹചര്യങ്ങളായിരുന്നു പിന്നീട്. സഖാവ് പാലോളിയുടെ വ്യക്തിജീവിതത്തോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ് അദ്ദേഹം പങ്കുവെച്ചത്.
1946ൽ ഫസ്റ്റ് ഫോമിൽ പഠിക്കുന്ന കാലം മുതൽ ആരംഭിച്ചതായിരുന്നു സഖാവിന്റെ രാഷ്ട്രീയ ജീവിതം. മർദനങ്ങളുടെയും പട്ടിണിയുടെയും കയ്‌പ്പേറിയ ജീവിതാനുഭവങ്ങൾ. കമ്മ്യൂണിസ്റ്റായതിന്റെ പേരിൽ സഹോദരിയുടെ വിവാഹം മുടങ്ങിയ സംഭവം. പഠനകാലത്ത് സുഹൃത്തിനോടൊപ്പം നാടുവിടേണ്ടി വന്ന് ഹൈദ്രാബാദിൽ നൈസാമിന്റെ സൈന്യത്തിൽ ചേരേണ്ടി വന്ന കഥയും, നാടകകൃത്തും അഭിനേതാവുമായ സഖാവിന്റെ ജീവിതാനുഭവങ്ങളും അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.
അടിയന്തിരാവസ്ഥാ കാലത്തെ ഓർമ്മകളും ഒളിവുജീവിതവും ചർച്ചയാവുന്നുണ്ട്. എ.കെ.ജിയും ഇ.എം.എസും നായനാരും അടക്കമുള്ള നേതാക്കളോടൊപ്പമുള്ള അനുഭവങ്ങളും പങ്കുവെക്കുന്നു. ജനപ്രതിനിധി എന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും പുലർത്തേണ്ട ഉത്തരവാദിത്വങ്ങളും സംശുദ്ധ രാഷ്ട്രീയത്തിന്റെ സൂക്ഷ്മതയും പുതുതലമുറയ്ക്കായി സഖാവ് ആവർത്തിച്ചോർമപ്പെടുത്തുന്നു.
1996ലെ ഇ.കെ നായനാർ മന്ത്രിസഭയിലും 2006ലെ വി എസ് മന്ത്രിസഭയിലും കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു പാലോളി മുഹമ്മദ് കുട്ടി. ചെറുപ്പം തൊട്ടേ കർഷക പ്രസ്ഥാനത്തിൽ സജീവമായിരുന്നു. 15 വർഷക്കാലം കർഷക സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ദേശാഭിമാനി പത്രം അച്ചടി -പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന പാലോളി മലബാർ സാഹിത്യ പ്രസ്ഥാനത്തിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1965ൽ മങ്കടയിൽ നിന്നും 1967ൽ പെരിന്തൽമണ്ണയിൽ നിന്നും 1996ൽ പൊന്നാനിയിൽ നിന്നും കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ.എം സംസ്ഥാന കമ്മിറ്റി അംഗമാണിപ്പോൾ.
മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തീരേ താൽപര്യമില്ലാത്ത അപൂർവം രാഷ്ട്രീയ നേതാവായിരുന്നു പാലോളി മുഹമ്മദ്കുട്ടി. അഭിമുഖങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. മറുനാടൻ മലയാളിക്കു അനുവദിച്ച അഭിമുഖം തുടങ്ങും മുമ്പേ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു:
'ജനങ്ങൾക്ക് മനസിലാക്കാനും പഠിക്കാനും അവരുടെ തുടർന്നുള്ള ജീവിതത്തിൽ ശരിയായ പാതയിലേക്ക് സഞ്ചരിക്കാനുമൊക്കെ വളരെ വലിയ സംഭാവനകളായിരുന്നു മുൻഗാമികളായ രാഷ്ട്രീയ നേതാക്കളുടെ ജീവിത ചരിത്രം. അതുമായി യാതൊരു വിധത്തിലും താരതമ്യപ്പെടുത്താവുന്നതല്ല ഞാനും എന്നെ പോലുള്ള ധാരാളം പ്രവർത്തകന്മാരും. ആ കാലഘട്ടത്തിൽ ഇവരുടെ പിന്നാലെ നടന്ന് ആവേശം കൊണ്ട് യാത്ര ചെയ്തു എന്നുള്ളതല്ലാതെ, അവരുടെ ത്യാഗത്തെ സംബന്ധിച്ചും സേവനത്തെ സംബന്ധിച്ചും കണക്കാക്കുമ്പോൾ നമ്മളൊന്നുമല്ല എന്നതാണ് വസ്തുത.'
ജനനം, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവർത്തനം
എന്റെ രാഷ്ടീയ പ്രവർത്തനത്തെ സംബന്ധിച്ച് തുടങ്ങാം. ഞാൻ 1931 ജൂലൈ മാസം പതിനൊന്നിനാണ് ജനിക്കുന്നത്. ഇന്നത്തെ കോഡൂർ പഞ്ചായത്തിലാണ് ജനനം. രണ്ട് ദേശങ്ങൾ കൂടിച്ചേർന്നതാണ് കോഡൂർ. അതിൽ പഴമള്ളൂർ ദേശത്ത് ചെമ്മങ്കടവ് പ്രദേശത്താണ് ബാപ്പയുടെ തറവാട്.
എന്റെ ആദ്യ വിദ്യാഭ്യാസം ആരംഭിക്കുന്നത് ചെമ്മങ്കടവ് സ്‌കൂളിലാണ്. അഞ്ചാം തരം വരെ അവിടെ പഠിച്ച് ആറാം തരത്തിലേക്ക് അതേ കോഡൂർ പഞ്ചായത്തിൽ വെസ്റ്റ് കോഡൂർ എന്ന സ്ഥലത്ത് മാനേജ്മെന്റ് സ്‌കൂളിലേക്ക് പോയി. അവിടെ ഒരു കൊല്ലം കഴിഞ്ഞതിനു ശേഷം മലപ്പുറം ഗവ.ഹൈസ്‌കൂളിൽ പോയി. അന്ന് വളരെ പ്രസിദ്ധമായ സ്‌കൂളായിരുന്നു മലപ്പുറം ഗവ.സ്‌കൂൾ. അവിടെ ഫസ്റ്റ് ഫോമിൽ പഠനം തുടർന്നു. ഈ കാലഘട്ടത്തിലായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവ്.
ഇടത്തരം കർഷക കുടുംബത്തിലാണ് ഞാൻ ജനിച്ചത്. നെൽകൃഷി ഉണ്ടായിരുന്നില്ല. നാളികേരം, അടക്ക, കശുവണ്ടി തുടങ്ങിയ വിളകളായിരുന്നു കൃഷി ചെയ്തിരുന്നത്. സാമാന്യം അക്കാലത്തെ സ്ഥിതി വച്ചുകൊണ്ട് നല്ല രീതിയിൽ ജീവിക്കാനുള്ള സമ്പത്തുണ്ടായിരുന്നു. അങ്ങനെ ജീവിച്ചു പോന്ന് 1950ൽ ബാപ്പ മരണപ്പെട്ടു. കുടുംബത്തിൽ ഞങ്ങൾ ഏഴു മക്കളിൽ മൂത്തയാളാണ് ഞാൻ. അതിനാൽ കുടുംബ ബാധ്യത ഏറ്റെടുത്തു. സഹോദരിമാരുടെ വിവാഹ ബാധ്യതകളെല്ലാം ഏറ്റെടുത്ത് മുന്നോട്ടു പോകുന്ന സമയത്താണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. അന്നത്തെ പൊതു അവസ്ഥ വിശദീകരിക്കുമ്പോൾ ഇന്നത്തെ ആളുകൾക്ക് അത് മനസിലാക്കാൻ തന്നെ പ്രയാസകരമാണ്. നൂറ് വീടുകളെടുത്താൽ നാലോ അഞ്ചോ വീടുകൾ മാത്രമാണ് പട്ടിണി കൂടാതെ ജീവിച്ചിരുന്നത്.
വിശപ്പടക്കാൻ വല്ലപ്പോഴും എന്തെങ്കിലും കിട്ടുമെന്നല്ലാതെ അത്രയേറെ പ്രയാസത്തിൽ അവഗണക്കപ്പെട്ട് അവഹേളിക്കപ്പെട്ട് പാവപ്പെട്ട ആളുകൾ ജീവിക്കുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. ഹരിജനങ്ങൾ എന്ന് പറയുന്ന വിഭാഗത്തിന് മുറ്റത്ത് കടക്കാൻ പോലുമുള്ള സ്വാതന്ത്ര്യം അന്നുണ്ടായിരുന്നില്ല. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സ്ഥിതിയും സമാനമാണ്. അന്ന് ജനങ്ങൾ ഭയപ്പെട്ടിരുന്നത് പൊലീസിനെയും പട്ടാളത്തേയുമല്ല. ജന്മിയുടെ കാര്യസ്ഥന്മാരെയാണ്. ജന്മിയുടെ കാര്യസ്ഥന്മാർക്ക് ഏതു പ്രദേശത്തും ഒരു ഗുണ്ടാ സെറ്റുണ്ടാകും. ജന്മിയുടെ ഭൂമി ആരെങ്കിലും വാങ്ങി കൃഷി ഇറക്കിയാൽ, അധിക പാട്ടം ഓഫർ മറ്റൊരാൾ നൽകിയാൽ ഇവരെ ഒഴിപ്പിച്ച് ആ ഭൂമി കൊടുക്കും. അതിനെതിരായി വല്ല ശബ്ദവും പുറത്തു വന്നാൽ അവനെ ഗുണ്ടകളെ വിട്ട് മർദിക്കുന്ന കാലഘട്ടമാണ്. പൊലീസ് ജന്മികളെയും അവരുടെ കാര്യസ്ഥരേയും പൂർണമായും അനുസരിക്കുന്ന കാലഘട്ടമാണ് അന്ന്. നാട്ടിലുള്ള പ്രമാണിമാരുടെ തേർവാഴ്ചയാണ് അന്നുണ്ടായതെന്നു വേണമെങ്കിൽ പറയാം.
പരീക്ഷയെഴുതാത്ത പേടിയിൽ നാടുവിട്ട് നൈസാമിന്റെ സൈന്യത്തിലെത്തിയ കഥ
തേർഡ് ഫോമിൽ പഠിക്കുന്ന കാലത്ത് ഒരു സംഭവം ഓർക്കുകയാണ്. അന്ന് രാഷ്ട്രീയത്തിൽ വന്നിട്ടുള്ള ആവേശത്തിന്റെ അതിരുവിട്ട ഭ്രമം കൊണ്ട് പരീക്ഷ പോലും എഴുതാൻ വിട്ടു പോയിരുന്നു. രണ്ട് സബ്ജക്റ്റ് പരീക്ഷ എഴുതാതിരുന്നത് തോൽക്കുമെന്ന് കാലേകൂട്ടി മനസിലാക്കി പരീക്ഷയുടെ റിസൾട്ട് വരുന്നതിന് മുമ്പ് രാജ്യം വിട്ടുപോകാൻ തീരുമാനമെടുത്തു. അതെല്ലാം തെറ്റായ തീരുമാനങ്ങളാണ് എടുത്തതെങ്കിലും സംഭവം അങ്ങനെ നടന്നു. പരീക്ഷയിൽ തോൽക്കുകയും ചെയ്തു, ഞാൻ രാജ്യം വിടുകയും ചെയ്തു. ഇതോടെ പഠനം നിർത്തി. ഇതാണ് എന്റെ പഠനത്തിന്റെ സ്ഥിതി.
എന്റെ സഹപാഠിയും കൂട്ടുകാരനുമായ മുഹമ്മദിനോടൊപ്പമാണ് ഞാൻ ഹൈദ്രാബാദിലേക്ക് നാടു വിട്ടത്. പോകുന്ന സമയത്ത് വീട്ടിൽ നിന്ന് മോഷണം നടത്തിയാണ് രണ്ട് പേരും പോയത്. ഉമ്മയുടെ പെട്ടിയിൽ നിന്ന് മോഷണം നടത്തിയ 126 രൂപയാണ് എന്റെ കൈവശം ഉണ്ടായിരുന്നത്. ഇതുപോലുള്ളൊരു തുക അവന്റെ കൈയിലുമുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ മൈസൂരിലെത്തി. അവിടെ തലശേരിക്കാരൻ അബൂബക്കർ ഹാജി എന്ന് പറയുന്ന ആളുടെ ഹോട്ടലിലാണ് തങ്ങിയത്. രണ്ട് ബെഡ്ഡുള്ള ഒരു മുറിക്ക് ഒരു രൂപയാണ്. അതെടുത്ത് ഒരാഴ്ച ഇവിടെ തങ്ങി. അടുത്തുള്ള പട്ടണങ്ങളെല്ലാം കണ്ടു ഞങ്ങൾ. കാക്ക ബീഡി കമ്പനി നടത്തിയിരുന്ന മലപ്പുറത്തുകാരനായ ഒരാളുണ്ടായിരുന്നു അവിടെ. അബൂബക്കർ ഹാജിയുടെ സുഹൃത്താണ് അദ്ദേഹം. പര്യടനം കഴിഞ്ഞ് ഞങ്ങൾ തിരിച്ചു വന്നപ്പോൾ ഇവരുടെ മുന്നിലൂടെയാണ് പോയത്. നീൽക്കീ കുട്ടികളേ.. എന്ന് വിളിച്ച് ഞങ്ങളോട് അയാൾ കാര്യങ്ങളൊക്കെ തിരക്കി. പേടിക്കേണ്ടന്നും മറ്റന്നാൽ ഞാൻ നാട്ടിൽ പോകുന്നുണ്ടെന്നും അപ്പോൾ ഒരുമിച്ചു പോകാമെന്നും പറഞ്ഞു.
വീട്ടുകാരോട് താൻ പറയാമെന്നും ഒന്നും ചെയ്യില്ലെന്നും പറഞ്ഞ് സമാധാനിപ്പിച്ചു. വീട്ടുപേരും വീട്ടുകാരുടെ പേരുമെല്ലാം ചോദിച്ചറിഞ്ഞപ്പോൾ എന്റെ വല്യുപ്പയെ അറിയുന്ന ആളായിരുന്നു അദ്ദേഹം. അതോടെ ഞങ്ങൾ ആകെ ഭയപ്പെട്ടു. അടുത്ത ദിവസം തന്നെ ഞങ്ങൾ ഇവിടെനിന്നും വിട്ട് റെയിൽവേ സ്റ്റേഷനിൽ പോയി. എവിടേക്കെന്നു പറയാൻ ഞങ്ങൾക്ക് സ്ഥലങ്ങളൊന്നും അറിയില്ലായിരുന്നു. അടുത്ത പ്രധാനപ്പെട്ട സ്ഥലം ചോദിച്ചപ്പോൾ ബാംഗ്ലൂരാണെന്ന് പറഞ്ഞു. ഇവിടേക്ക് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ, അവിടെ ഹിന്ദു മുസ്ലിം ലഹള നടക്കുകയാണെന്നു പറഞ്ഞു. അടുത്തുള്ള സ്ഥലം ചോദിച്ചപ്പോൾ ഹൈദ്രാബാദ് ആണെന്നു പറഞ്ഞു. അങ്ങിനെ രണ്ടു പേരും അവിടേക്ക് ടിക്കറ്റെടുത്തു.ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ തുടങ്ങിയിട്ടില്ല ഇടക്ക് മലയാളവും വരുന്നുണ്ട്. അങ്ങിനെ ഹൈദ്രാബാദ് എത്തി അവിടെ എട്ട് പത്ത് ദിവസം ചുറ്റിക്കറങ്ങി സ്ഥലങ്ങളെല്ലാം കണ്ടു. ഈ സമയം ഞങ്ങളുടെ കൈയിലെ ബഡ്ജറ്റ് നോക്കിയപ്പോൾ 26 രൂപയാണ് ബാക്കിയുണ്ടായിരുന്നത്. എന്ത് ചെയ്യണമെന്ന് ആലോചിച്ച് ബേജാറിലായി. അപ്പോൾ ആരോ പറഞ്ഞു പൊലീസിലേക്ക് ആളെ എടുക്കുന്നുണ്ടെന്ന്.
അങ്ങനെ പൊലീസിൽ ചേരാൻ വേണ്ടി പോയി. ഞങ്ങളെ രണ്ടു പേരേയും നിർത്തി അവർ പറഞ്ഞു തിന്ന് തടിയൊക്കെയുണ്ടാക്കി രണ്ട് വർഷം കഴിഞ്ഞു വരൂയെന്ന്. അങ്ങിനെ നിരാശപ്പെട്ട് തിരിച്ചു വരുന്ന സമയത്ത് ഞങ്ങളുടെ മുമ്പിൽ യാത്ര ചെയ്തിരുന്ന ഒരു ഹൈദ്രാബാദി ഞങ്ങളോട് ഓരോ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഹൈദ്രാബാദിൽ നൈസാമിന്റെ മാപ്പിള ബെറ്റാലിയനിൽ കാമാന്റൻഡ് ആയിരുന്നു ഇയാൾ. നന്നായി മലയാളം അറിയാവുന്നതുകൊണ്ടു തന്നെ ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇയാളോടു പറഞ്ഞു. സ്‌കൂളിൽ പഠിക്കുന്ന പ്രായമല്ലേ നാട്ടിൽ പോയി പഠിക്കുന്നതല്ലേ നല്ലതെന്ന് അയാൾ ചോദിച്ചു. ഞങ്ങൾ ഇവിടെ നിൽക്കുകയാണെന്നു പറഞ്ഞു. നിങ്ങൾക്ക് പട്ടാളത്തിൽ ചേരണോയെന്നു ചോദിച്ചു. പൊലീസിൽ ചേർക്കാത്ത ഞങ്ങളെ പട്ടാളത്തിൽ എടുക്കുമൊയെന്ന ചോദ്യം മനസിൽ ഉയർന്നെങ്കിലും ഞങ്ങൾ ചേരണമെന്നു പറഞ്ഞു.
ഈ സമയം പോക്കറ്റിൽ നിന്നും ഒരു കടലാസെടുത്ത് ഉറുദുവിൽ അദ്ദേഹം ഒരു കുറിപ്പെഴുത് ഗോൽഗൊണ്ടയിലെ പൊലീസ് സെലക്ഷൻ ക്യാമ്പിനു തൊട്ടടുത്ത പട്ടാള ക്യാമ്പിലേക്കു വിട്ടു. കുറിപ്പ് അവിടെ കൊടുത്തതും മറിച്ചൊന്നും പറയാതെ പരിശോധനയൊന്നുമില്ലാതെ ഓകെ പറഞ്ഞ് ഞങ്ങളെ പട്ടാളത്തിൽ എടുത്തു. അങ്ങനെ ഒരു വർഷം നൈസാമിന്റെ സൈന്യത്തിൽ അവിടെ നിന്നു. ഈ സമയത്താണ് ഹൈദ്രാബാദ് നൈസാമിനെ ഇന്ത്യൻ പട്ടാളം കീഴടക്കുന്നത്. അപ്പോൾ ഇഷ്ടമുള്ളവർക്കൊക്കെ നാട്ടിൽ പോകാമെന്ന കൽപ്പന വന്നതിന്റെ അടിസ്ഥാനത്തിലാണ് നാട്ടിൽ വരുന്നത്.
മനസിനെ വേദനിപ്പിച്ച പെങ്ങളുടെ വിവാഹം മുടക്ക്; പിന്മാറ്റം സഹോദരൻ കമ്മ്യൂണിസ്റ്റായതിന്റെ പേരിൽ
ഞാൻ ഹൈദ്രാബാദിൽ നിന്ന് തിരിച്ചെത്തിയപ്പോൾ പിതാവ് ടിബി രോഗം പിടിച്ച് വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നു. പിന്നീട് മൂന്ന് മാസമാണ് പിതാവ് ജീവിച്ചിരുന്നത്. അതു കഴിഞ്ഞു മരണപ്പെട്ടു. അങ്ങനെയിരിക്കുമ്പോൾ കുടുംബനാഥനായി എല്ലാ ഉത്തരവാദിത്വങ്ങളും എന്റെ ചുമലിലായി. നേരത്തേ ഞാൻ പറഞ്ഞത് ശരീരത്തിന്റെ വേദനയായിരുന്നെങ്കിൽ മനസിനെ വേദനിപ്പിച്ച സംഭവമായിരുന്നു പിന്നീടുണ്ടായിരുന്നത്. ഞങ്ങൾ നാല് ആണും മൂന്ന് പെണ്ണുമായിരുന്നു സഹോദരങ്ങൾ. അതിൽ പെൺമക്കളിൽ മൂത്തവൾക്ക് ഒരു വിവാഹാലോചന വന്നു.
അങ്ങനെ ഞങ്ങൾ അവിടെ പോകുകയും അവർ ഇങ്ങോട്ടു വരികയും ചെയ്തു. നിശ്ചയത്തിനുള്ള സാധനങ്ങളൊക്കെ ഒരുക്കി ആളുകളെയൊക്കെ ക്ഷണിച്ചിരുന്നു. മറ്റന്നാൾ ആണ് തീയതിയെങ്കിൽ അതിന്റെ തലേദിവസം സാധനങ്ങളുമായി ഞാൻ വീട്ടിലേക്കു വരുമ്പോൾ വീടാകെ മൂകത. ഒറ്റകുട്ടിയും സംസാരിക്കുന്നില്ല. എല്ലാവരും ദുഃഖത്തോടെ നിൽക്കുന്ന കാഴ്ചയാണ്. ഞാൻ കാര്യം തിരക്കിയപ്പോഴാണ് ഉമ്മ വളരെ സങ്കടത്തോടെ ക്ഷോഭത്തോടെ പൊട്ടിക്കരഞ്ഞുകൊണ്ട് നീ ഉള്ളിടത്തോളം ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പറഞ്ഞത്. ഞാൻ കമ്മ്യൂണിസ്റ്റായതുകൊണ്ടാണ് അവർ വിവാഹത്തിൽ നിന്ന് പിന്മാറിയത്. പിന്നീട് സഹോദരിക്ക് മറ്റൊരു ആലോചന വന്നു കല്യാണം കഴിഞ്ഞു
(തുടരും)