കൊച്ചി:''അവർ എന്തിനാണ് ഞങ്ങളെ അറസ്റ്റ് ചെയ്തത്. എന്തു കുറ്റമാണു ഞങ്ങൾ ചെയ്തത്? '' മാവോയിസ്റ്റ് ബന്ധമാരോപിച്ചും കളമശേരിയിലെ ദേശീയപാത അഥോറിറ്റിയുടെ ഓഫീസ് അക്രമിച്ചെന്നും പറഞ്ഞ് രണ്ടു മാസക്കാലം യു എ പി എ എന്ന കരിനിയമം ചുമത്തി ജയിലലടച്ച മനുഷ്യാവകാശ പ്രവർത്തകരായ തുഷാർ നിർമൽ സാരഥിയും സർക്കാർ ജീവനക്കാരൻ കൂടിയായ ജയ്‌സൺ കൂപ്പറും ജയിലിൽനിന്നിറങ്ങിയ ശേഷം ചോദിക്കുന്നു.

കളമശേരി ദേശീയപാതാ അഥോറിറ്റിയുടെ ഓഫീസ് മാവോയിസ്റ്റുകളെന്നു പൊലീസ് പറയുന്ന ഒരു സംഘമാളുകൾ അടിച്ചുതകർത്ത സംഭവമുണ്ടായതോടെയാണ് കൊച്ചിയിൽ ഏറെ നാളായി ഭരണകൂടത്തിന്റെ കണ്ണിലെ കരടായ തുഷാറും ജയ്‌സൺ കൂപറും പിടിക്കപ്പെട്ടത്. ഒരിക്കൽ പോലും പൊലീസ് തങ്ങളെ തല്ലുകയോ ദേഹോപദ്രവം ഏല്പിക്കുകയോ ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ തങ്ങളോട് വളരെ നന്നായാണു പെരുമാറിയതെന്നുമാണ് അഡ്വ. തുഷാർ നിർമൽ സാരഥി മറുനാടൻ മലയാളിയോടു പറഞ്ഞത്. ഇപ്പോഴും ഞങ്ങൾ ചെയ്ത കുറ്റമെന്താണെന്നു പറയുന്നില്ല. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചുവെന്നാണ് പൊലീസ് ഭാഷ്യം. ഒരു നോട്ടീസ് കൈവശം വച്ചാൽ ഇത്ര പീഡനമോ?

പുറത്ത് ആളുകൾ പറയുന്നതും വിശ്വസിക്കുന്നതും പോലെ തങ്ങൾ മനുഷ്യാവകാശ ധ്വംസകരൊന്നുമല്ല എന്നു തെളിയിക്കാനായിരിക്കും അവർ ചിലപ്പോൾ ശ്രമിച്ചത്. അല്ലെങ്കിൽ ഞങ്ങളെ കുറച്ചുകാലം ഇരുമ്പഴിക്കുള്ളിലാക്കണമെന്നു മാത്രമായിരിക്കും അവരുടെ ആവശ്യം. അതു നടത്താൻ എന്തായാലും തല്ലിന്റെ ആവശ്യമില്ലല്ലോ? തങ്ങളോടു ചോദിച്ച ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ(അറിയാവുന്ന) മറുപടി കൊടുത്തിട്ടുണ്ട്. ചിലപ്പോൾ അതിൽ പൊലീസ് ഉദ്യോഗസ്ഥർ തൃപ്തരായിരിക്കാം. കളമശേരി ഓഫീസ് അക്രമവുമായി ഒരു ബന്ധവും തങ്ങൾക്കില്ല. പിടിക്കപ്പെട്ട സമയം മുതൽ ഇതുതന്നെയാണ് പൊലീസിനോട് ആവർത്തിക്കുന്നത്. തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഞങ്ങൾ സത്യത്തിൽ ഉറച്ചുനിന്നതേയുള്ളൂ.

മാവോയിസത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്നുവെന്നു പറയപ്പെടുന്ന ഒരു അക്രമസംഭവവുമായി ജയ്‌സണോ തനിക്കോ യാതൊരു ബന്ധവുമില്ലെന്നും തുഷാർ പറയുന്നു. യു എ പി എ ചുമത്തപ്പെട്ട ഇരുവരേയും കാക്കനാട് ജില്ലാ ജയിലിലാണ് അടച്ചത്. അവിടെയും മറ്റ് ദുരന്താനുഭവങ്ങൾ ഒന്നും തങ്ങൾക്കുനേരെ ജയിൽ വാർഡന്മാർ കാണിച്ചില്ല. അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായതിനാലായിരിക്കാം അത്. എന്നാൽ മറ്റു തടവുകാരോട് ക്രൂരമായിത്തന്നെയാണ് ജയിൽ ഉദ്യോഗസ്ഥരും പൊലീസുകാരും പെരുമാറിയിരുന്നത്. നമ്മുടെ ജയിലുകളിൽ നിന്ന് എടുത്തുമാറ്റപ്പെട്ടുവെന്നു ഭരണകൂടം അവകാശപ്പെടുന്ന നടയടി ഉൾപ്പെടെയുള്ള പീഡനമുറകൾ കക്കനാട് ജില്ലാ ജയിലിൽ കാണാനായി. തങ്ങളെ ഉപദ്രവിച്ചില്ലെങ്കിലും പുതുതായി വരുന്ന പ്രതികളെ നടയടി നൽകിത്തന്നെയാണ് ജയിലിലേക്ക് സ്വീകരിക്കുക അതിൽ ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല-തുഷാർ വെളിപ്പെടുത്തുന്നു.

ചെറിയ കുറ്റം മാത്രം ആരോപിക്കപ്പെട്ട് ജയിലിലെത്തുന്നവരെ ഉൾപ്പെടെ പലപ്പോഴും വാർഡർമാർ തെറിയഭിഷേകം നടത്തുന്നത് കണ്ടു. കുറ്റവാളിയാണെങ്കിലും അവർക്ക് ലഭിക്കേണ്ട സ്വാഭാവികമായ മനുഷ്യാവകാശങ്ങൾ പോലും അവിടെ കവർന്നെടുക്കുകയാണ്. ഭക്ഷണ കാര്യത്തിൽ പോലും വലിയ വിവേചനമുണ്ട്. സർക്കാർ ഒരു പ്രതിക്ക് അനുവദിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ പോലും അവിടെ തിരിമറി നടക്കുന്നുണ്ട് .ചോറ് എത്ര വേണമെങ്കിലും കിട്ടും .അതിനൊപ്പമുള്ള കറികൾ പലതും പേരിനുമാത്രം. ഭക്ഷണത്തിന്റെ നിലവാരവും അത്ര നല്ലതൊന്നുമല്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങളെ കാണാൻ സന്ദർശകരെ അനുവദിക്കുന്നതിലൊന്നും കാര്യമായ വിവേചനം കാണിച്ചിട്ടില്ലെന്നും തുഷാർ പറഞ്ഞു.

താൻ മനസിലാക്കിയിടത്തോളം അക്രമങ്ങളുമായി ബന്ധപ്പെട്ട ചെറിയൊരുരു ആരോപണം പോലും തങ്ങൾക്കെതിരെ ചുമത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാവോയിസ്റ്റ് അനുഭാവികൾ മാത്രമാണ് തങ്ങളെന്നാണ് പൊലീസ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ അതു തെളിയിക്കാൻ ആവശ്യമായ ഒരു തെളിവും പൊലീസിന്റെ പക്കലുണ്ടെന്ന് തോന്നുന്നില്ല . ഇതാക്കെയായിരിക്കാം ഒടുവിൽ തങ്ങളുടെ ജാമ്യാപേക്ഷ മൂന്നാമതും പരിഗണിച്ചപ്പോൾ ജാമ്യം നല്കുന്നതിൽ എതിർപ്പൊന്നുമില്ലെന്നു പൊലീസ് കോടതിയെ അറിയിക്കാൻ കാരണമായത്്. ഒരു പക്ഷേ തങ്ങൾ അകത്തുകിടക്കുമ്പോൾ പുറത്തു സജീവമായ ജനകീയ പ്രക്ഷോഭം വേരുറപ്പിക്കുന്നത് ഭരണകൂടം അറിഞ്ഞിട്ടുണ്ടാകാം. അതുമല്ലെങ്കിൽ പുറത്തിറങ്ങിയാൽ തങ്ങൾ ആരുമായെല്ലാം ബന്ധപ്പെടുന്നുവെന്നു നിരീക്ഷിക്കാനാകാം, തുഷാർ വ്യക്തമാക്കി.

തന്റെ ഫേയ്‌സ്ബുക്കും മൊബൈൽ ഫോണും ഇപ്പോഴും പൊലീസ് നിയന്ത്രണത്തിൽ തന്നെയാണ്. അവർ എങ്ങനെ വേണമെങ്കിലും അന്വേഷിക്കട്ടെ തങ്ങൾക്ക് ഒരുപ്രശ്‌നവുമില്ലെന്നും ജനകീയ മനുഷ്യാവകാശ പോരാട്ടങ്ങളിൽ ഇനിയും സജീവമായിത്തന്നെയുണ്ടാവുമെന്ന്് തുഷാർ നിർമൽ സാരഥി വ്യക്തമാക്കി. കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെയാണ് കോടതി ജയ്‌സൺ കൂപ്പറേയും തുഷാറിനേയും വിട്ടയച്ചത്. ജില്ല വിട്ടു പോകരുത്, എല്ലാ തിങ്കളാഴ്‌ച്ചയും എ സി പി മുൻപാകെ ഹാജരായി ഒപ്പുവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളാണ് കോടതി നിഷ്‌കർഷിച്ചിരിക്കുന്നത്.

എന്നാൽ ഇതുവരെ ഇത്രയും കാലം കസ്റ്റഡിയിൽ വച്ചിട്ടും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നരേഖകളൊന്നും തന്നെ പൊലീസിനു പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ജയ്‌സണെ കൊച്ചിയിലെ വീട്ടിൽനിന്നും തുഷാറിനെ കോഴിക്കോട് പത്രസമ്മേളനം കഴിഞ്ഞിറങ്ങും വഴിയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.