ആലപ്പുഴ : സംസ്ഥാന പൊലീസിൽ കുറ്റകൃത്യങ്ങൾ തേച്ചുമായ്ക്കാൻ പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് സംഘം പ്രവർത്തിക്കുന്നതായി ബാർ ഹോട്ടൽ ഉടമാ നേതാവ് ബിജു രമേശ് മറുനാടന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ഏതൊക്കെ തരത്തിലുള്ള അഴിമതി നടന്നാലും തെളിവുകൾ അട്ടിമറിക്കാനുള്ള പരിശീലനം സിദ്ധിച്ചവരാണ് ഇവർ. പണം കൊണ്ടുകൊടുത്തവൻ നേരിട്ടു ഹാജരായി മൊഴി കൊടുത്തിട്ടും രേഖപ്പെടുത്താൻ തയ്യാറാകാത്ത ഉദ്യോഗസ്ഥന്മാരാണ് സംഘത്തിലുള്ളത്. ഇവരുടെ സർവീസ് ചരിത്രവും ക്രിമിനൽ പശ്ചാത്തലമുള്ളതാണെന്ന് അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കൈക്കൂലി കൊടുക്കുന്നത് കുറ്റമാണെന്ന് അറിയാം. പക്ഷെ സഹികെട്ട് വിളിച്ചു പറഞ്ഞത് രണ്ടും കൽപ്പിച്ചാണ്. ബാർ കോഴ കേസിൽ കൈക്കൂലി നൽകിയതിന്റെ പേരിൽ താൻ ജയിലിൽ പോകാനും തയ്യാറാണെന്നു ബിജു രമേശ് പറഞ്ഞു.

യാദൃച്ഛികമായി കണ്ടുമുട്ടിയാൽ പോലും പാർട്ടി ഫണ്ട് ചോദിക്കുന്നവരാണ് ഈ മന്ത്രിമാർ. പണം കൈയിലുള്ളവരുടെ പേരുപോലും അറിയാത്ത മന്ത്രിമാർ തൊട്ടരികിലുള്ള എഡിസിമാരോട് പേര് ചോദിച്ചു മനസിലാക്കി പാർട്ടി പേരു ചൊല്ലി വിളിച്ച് ഫണ്ട് ചോദിക്കാറുണ്ട്. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട പണം കൈക്കൂലി ഇനത്തിൽ കൊടുത്ത് നശിച്ചതിനാലാണ് ഇവരെ കുടുക്കാൻ തീരുമാനിച്ച് ഇറങ്ങിത്തിരിച്ചത്. ഇനിയെങ്കിലും ഇതിന് അറുതി വരണം. പക്ഷെ അധികാരവും സ്വാധീനവും ഇവർക്കൊപ്പമുള്ളതുകൊണ്ട് ഇങ്ങനെയൊക്കെ നടക്കുകയുള്ളുവെന്നറിയാം.

മന്ത്രി ബാബു ഹോട്ടൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെ അരമണിക്കൂറാണ് ഫോണിൽ തെറിവിളിച്ചത്. മന്ത്രിക്കെതിരെ പറഞ്ഞതിന്റെ പേരിലാണ് സുധീഷിനെ തെറിവിളിച്ചത്. പിന്നീട് ബാർ അസോസിയേഷൻ പ്രസിഡന്റ് ഉണ്ണി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് സുധീഷിന്റെ ഫോർ സ്്റ്റാർ ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തു.

എറണാകുളം കേന്ദ്രീകരിച്ചാണ് സംസ്ഥാനത്തെ അഴിമതി അന്വേഷണ പൊലീസ് സംഘം വിലസുന്നത്. ഇവരുടെ സർവീസ് കാലയളവ് പരിശോധിച്ചാൽ ചെയ്തു തീർക്കാത്ത കുറ്റങ്ങളില്ല. വീണ്ടും സർക്കാരിനെയും മന്ത്രിമാരെയും രക്ഷിക്കാൻ അവർ അരയും തലയും മുറുക്കി പോരാടുന്നു. ഇന്നലെ കോടതി നടത്തിയ പരാമർശം മാത്രം മതി ധനമന്ത്രി മാണിയെ കുടുക്കാൻ. പക്ഷെ ഒന്നും സംഭവിക്കില്ലെന്ന് അറിയാം. മന്ത്രി കെ ബാബുവിന് രണ്ടുതവണയായി 50 ലക്ഷം രൂപവീതം നൽകിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി രമേശിനോട് താൻ മൊഴി നൽകിയിട്ട് രേഖപ്പെടുത്താതെ വൈമനസ്യം കാട്ടുകയായിരുന്നു.

ഒടുവിൽ മൊഴി പകർപ്പിൽ താൻ ഒപ്പിടില്ലെന്ന് പറഞ്ഞപ്പോഴാണ് അയാൾ പണം കൈമാറി വിവരം എഴുതി ചേർത്തത്. ഇത്തരം മൊഴികൾ രേഖപ്പെടുത്തേണ്ടെന്ന് വിൻസെന്റ് എം പോൾ പറഞ്ഞതായി ഡി വൈ എസ് പി തന്നോട് പറഞ്ഞതായി ബിജു രമേശ് പറഞ്ഞു. മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് താൻ വളരെ നേരത്തെ അറിയിച്ചിട്ടുള്ളാണ്്. കോടതിയുടെ ശക്തമായി ഇടപെടലുണ്ടായിട്ടും കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണ്.