- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീഷണികൾക്ക് പിന്നിൽ ഒറ്റപ്പെട്ട വ്യക്തികൾ; വീട്ടുകാരുടെ വിളിക്കായി അൻഷിദ കാത്തിരിക്കുന്നു; ഗൗതം ഭാര്യയ്ക്ക് നൽകിയ ആദ്യസമ്മാനം വിശുദ്ധ ഖുർആൻ; പ്രണയ വിവാഹത്തിന്റെ പേരിൽ മൗലികവാദികളുടെ എതിർപ്പിന് ഇരയായ ദമ്പതികൾ മറുനാടനോട് മനസു തുറക്കുന്നു
കോഴിക്കോട്: മതത്തിന്റെ ചരടുകളെ പൊട്ടിച്ച വിവാഹത്തെ അംഗീകരിക്കുന്നതിൽ വിശാല മനസ്‌ക്കരെന്ന് പറയുന്ന കേരളം ഇപ്പോഴും പിന്നിലാണ്. കോഴിക്കോട് പേരാമ്പ്രയിൽ പ്രണയ വിവാഹിതരായ ഗൗതം - അൻഷിദ ദമ്പതികൾക്ക് നേരെ ഭീഷണികളുടെ പെരുമഴയെത്തിയ വാർത്ത ദേശീയ മാദ്ധ്യമങ്ങളിൽ പോലും ഇടംപിടിച്ചിരുന്നു. ഇവരുടെ പ്രണയം മതങ്ങളുടെ അതിർവരമ്പുകൾ കടന്ന് വിവാഹ
കോഴിക്കോട്: മതത്തിന്റെ ചരടുകളെ പൊട്ടിച്ച വിവാഹത്തെ അംഗീകരിക്കുന്നതിൽ വിശാല മനസ്‌ക്കരെന്ന് പറയുന്ന കേരളം ഇപ്പോഴും പിന്നിലാണ്. കോഴിക്കോട് പേരാമ്പ്രയിൽ പ്രണയ വിവാഹിതരായ ഗൗതം - അൻഷിദ ദമ്പതികൾക്ക് നേരെ ഭീഷണികളുടെ പെരുമഴയെത്തിയ വാർത്ത ദേശീയ മാദ്ധ്യമങ്ങളിൽ പോലും ഇടംപിടിച്ചിരുന്നു. ഇവരുടെ പ്രണയം മതങ്ങളുടെ അതിർവരമ്പുകൾ കടന്ന് വിവാഹത്തിലെത്തിയപ്പോൾ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ ചെറുതൊന്നുമായിരുന്നില്ല. ഇസ്ലാമിന്റെ പേരിൽ ഒരു കൂട്ടം ആളുകൾ ഇന്നും ഭീഷണിയെന്ന ആയുധമുയർത്തി നിൽക്കുകയാണ് ഇവർക്കെതിരായ നിലപാടെടുത്ത്. മകളുടെ താൽപര്യപ്രകാരവും ഇഷ്ടത്തോടുമാണല്ലോ അവൾ പോയതെന്ന് സ്വന്തം വീട്ടുകാർ ആശ്വസിക്കുമ്പോഴും മതം മറയാക്കുകയാണ് ഒരുകൂട്ടം ആളുകൾ. പന്തിരിക്കര സ്വദേശിനിയായ അൻഷിദയും പേരാമ്പ്ര പാലേരി സുധാകരന്റെ മകൻ ഗൗതമും തങ്ങളുടെ ദുരിത കഥകൾ മറുനാടൻ ലേഖകനു മുന്നിൽ വിവരിക്കുന്നതിങ്ങനെ:
ഞാൻ പത്താം ക്ലാസ് പഠിക്കുമ്പോൾ തൊട്ട് പരിചയള്ളതാണ് അൻഷിതയെ. ഞങ്ങൾ ഒരേ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. പേരാമ്പ്രയിലെ ഹോളി ഫാമിലി ഹൈസ്‌കൂളിൽ എന്റെ ജൂനിയറായിട്ടായിരുന്നു അവൾ പഠിച്ചത്. മൂന്ന് വർഷം മുമ്പാണ് ഞങ്ങൾ പ്രണയത്തിലാകുന്നത്. പിന്നീട് അവൾക്ക് വേറെ വിവാഹാലോചന വരാൻ തുടങ്ങിയപ്പോഴാണ് ഞങ്ങൾ ഈ തീരുമാനത്തിലേക്ക് എത്തുന്നത്. സ്വാഭാവികമായും വേറെ ആലോചന വരുമ്പോൾ മനസിനുള്ളിൽ ആവലാതി ഉണ്ടാകുമല്ലോ...വിവാഹത്തെ പറ്റി തീരുമാനമെടുക്കുന്നതിനു മുമ്പേ അപ്പോഴുണ്ടാകാൻ സാധ്യതയുള്ള പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നു. കാരണം നമ്മുടെ നാടിന്റെ അവസ്ഥ അങ്ങിനെയാണല്ലോ. ഞങ്ങളുടെ വിവാഹത്തെപറ്റി തീരുമാനമെടുത്തപ്പോൾ മുന്നൊരുക്കത്തോടെ യാതൊരു പ്ലാനിംങും എടുത്തിരുന്നില്ല. അപ്പപ്പോൾ എടുത്ത തീരുമാനത്തോടെയാണ് ഞങ്ങൾ ഓരോ കടമ്പയും കഴിഞ്ഞത്. എന്തായാലും നാട്ടിൽ നിന്ന് അഞ്ചോ അറോ മാസം മാറി നിൽക്കാമെന്ന് തീരുമാനിച്ചിരുന്നു. എന്റെ വീട്ടിൽ ജാതി തിരിച്ചുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഏട്ടനൊക്കെ ഞങ്ങളുടെ ബന്ധം അറിഞ്ഞിരുന്നു. എന്റെ അച്ഛൻ പഴയ കാലം തൊട്ടേ ഒരു കമ്മ്യൂണിസ്റ്റായിരുന്നു പക്ഷെ, പാർട്ടിക്കാരനോ പാർട്ടിയിൽ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. 1986 വരെ കോൺഗ്രസിൽ ഉണ്ടായിരുന്നു കുറച്ച് കാലം. എന്നാലും കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. ഞാൻ അച്ഛനെ കണ്ട് പഠിച്ച് വളർന്ന ആളാണ്. എന്നോട് അച്ഛൻ ഇതുവരെ അമ്പലത്തിൽ പോകാനോ പോകേണ്ടെന്നോ പറഞ്ഞിട്ടില്ല.
ഞങ്ങൾ വിവാഹ തീരുമാനമെടുത്ത് ഇവിടെ നിന്നും മാറി നിൽക്കുകയാണ് ചെയ്തത്. കാരണം വിവാഹം രജിസ്റ്റർ ചെയ്യാൻ ജില്ലയിൽ തന്നെ പ്രവേശിക്കാൻ പറ്റുന്ന ഒരു സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത്. ഇപ്പോൾ പുതിയ നിയമമനുസരിച്ച് സ്വന്തം ജില്ലയിലേ വിവാഹം രജിസ്റ്റർ ചെയ്യാൻ പറ്റൂ. ഇവളെ കാണാതായതോടെയാണ് ഈ വിഷയം പുറത്തറിയുന്നത്. ഞങ്ങളാദ്യം വീടുവിട്ടിറങ്ങി പോകുന്നത് ബാംഗ്ലൂരിലേക്കായിരുന്നു. ആദ്യം കാസർകോഡ് പിന്നെ അവിടെ നിന്നും ബസ് മുഖേന ബാംഗ്ലൂരിലേക്കും പോയി. പോകുന്നതിന് മുമ്പായി രണ്ടു വീട്ടുകാരെയും ഞങ്ങൾ വിളിച്ചിരുന്നു. ഒളിച്ചോട്ടമാകേണ്ടെന്ന് കരുതിയാണ് വിളിച്ചത്. ഇരു വീട്ടുകാരെയും പോകുന്ന കാര്യം ഫോണിലൂടെ അറിയിച്ചു. ആദ്യം ഞങ്ങൾ ബാംഗ്ലൂരിലേക്കാണ് പോയത്. അപ്പോഴൊക്കെ ഞങ്ങളെ അവർ പിന്തുടരുന്നുണ്ടായിരുന്നു. എന്റെ പക്വതകുറവ് ആണെന്ന് കരുതി എന്റെ വീട്ടുകാരും ആദ്യമൊക്കെ അവർക്കൊപ്പം തിരച്ചിലിനുണ്ടായിരുന്നു.
വലിയ പ്രശ്‌നമില്ലാതാക്കാൻ ഇരുവീട്ടുകാരുടെയും ഒന്നിക്കൽ ആ സമയത്ത് സഹായിച്ചിരുന്നു. ഞങ്ങളെ കണ്ടു പിടിച്ച് ഒരു കൗൺസിലിംങ് നൽകി വേർപിരിക്കാമെന്നായിരുന്നു അവർ കരുതിയിരുന്നത്. ഞാൻ കരുതിയത് എന്റെ വീട്ടുകാർ വരുന്നത് ഞങ്ങളെ സപ്പോർട്ട് ചെയ്യാനായിരിക്കുമെന്നാണ്. പക്ഷെ എന്റെ സുഹൃത്തുക്കൾ മുഖേനയാണ് ഞാനറിഞ്ഞത് ഇവർ ഒരുമിച്ചാണെന്നുള്ളതെന്ന്. ഇവർ പൊലീസിലൊന്നും ഈ സമയത്ത് പരാതിപ്പെട്ടിരുന്നില്ല. ഞങ്ങളെ തേടി അവരുടെ ഹോൾഡ് വച്ച് ബാംഗ്ലൂരിലേക്ക് വരികയാണ് ചെയ്തത്. ഇതറിഞ്ഞതോടെ ഞങ്ങൾ ബാംഗ്ലൂരിൽ നിന്നും പോയി. സേലം കോയമ്പത്തൂര് വഴി ഞങ്ങൾ പാലക്കാടെത്തി. പാലക്കാട് വരെ ഇവർ എന്നെ പിന്തുടർന്നിരുന്നു. പാലക്കാട് വച്ച് എന്റെ ഒരു സുഹൃത്തിനെ കണ്ടു. ഈ സമയത്ത് ഞങ്ങളുടെ ഫോൺ കോളുകളും എന്റെ സുഹൃത്തുക്കളുടെ നമ്പറുമെല്ലാം ഇവർ പരിശോധിക്കുന്നുണ്ടായിരുന്നു. പാലക്കാട് എന്റെ സുഹൃത്തിന്റെയടുത്ത് നിൽക്കുമ്പോഴാണ് അവന് കോൾ വരുന്നത്. ഇവൻ അബന്ധത്തിൽ ഞങ്ങളെ കണ്ടെന്ന് പറയുകയും ചെയ്തു. കോഴിക്കോട്ടേക്ക് ബസ് കയറി പോയെന്നും ഇവൻ പറഞ്ഞിരുന്നു. അപ്പോൾ ഇവർ കോയമ്പത്തൂരും ഞാൻ പാലക്കാടുമായിരുന്നു ഉണ്ടായിരുന്നത്. ഇവർ പാലക്കാട്ടേക്ക് വരുന്ന സമയത്തിനുള്ളിൽ ഞങ്ങൾ കോയമ്പത്തൂരിലേക്ക് ക്രോസ് ചെയ്ത് പോകുകയാണ് ചെയ്തത്. ഇവര് വരുന്ന വഴിയിൽ എന്റെ എല്ലാ സുഹൃത്തുക്കളുടെ വീട്ടിലും പോയി ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ കോയമ്പത്തൂരു നിന്നും ബാംഗ്ലൂരിലേക്ക് പോയി അവിടെ ഒരു മാസം തങ്ങുകയാണ് ചെയ്തത്. ഈ സമയത്തെല്ലാം അൻഷിതയായിരുന്നു എല്ലാ ധൈര്യവും തന്നിരുന്നത്. അവൾ പിന്മാറിയിരുന്നെങ്കിൽ ഒരിക്കലും ഇത് നടക്കില്ലായിരുന്നു.
ബാംഗ്ലൂര് തങ്ങിയ ഒരു മാസത്തിനുള്ളിൽ ഞാൻ എന്റെ വീട്ടുകാരെയും പിന്നെ സിപിഐ.എമ്മിന്റെ പലരെയും വിളിച്ചിരുന്നു. ഡിവൈഎഫ്ഐ ഉൾപ്പടെ പാർട്ടിക്കാരെല്ലാം തന്നെ ഞങ്ങൾക്ക് പൂർണ പിന്തുണ തന്നു. അങ്ങിനെ മാർച്ച് മൂന്നിന് നാട്ടിലെ പാർട്ടിക്കാരെല്ലാം വന്നിട്ട് ഞങ്ങളെ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് മാറ്റി. ഹേബിയസ് കോർപ്പസ് അൻഷിതയുടെ വീട്ടുകാർ എനിക്കെതിരാരായി കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. അതിന് ഹാജരാകാൻ കൂടിയാണ് എറണാകുളത്തേക്ക് പോയത്. ഇവൾ സ്വന്തം ഇഷ്ടപ്രകാരമാണ് വന്നെതെന്നുള്ളതുകൊണ്ടും മതവിദ്വേഷം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് കണക്കിലെടുത്ത് കോടതി് ഹേബിയസ് കോർപ്പസ് തള്ളുകയാണ് ചെയ്തത്. പിന്നീട് ഹൈക്കോടതിയിൽ ഹാജരാകേണ്ടി വന്നില്ല. പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷനിൽ അൻഷിതയുടെ വീട്ടുകാർ നാൽകിയ കേസ് ഇതുകൂടാതെയുണ്ടായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാൻ വേണ്ടി വരാൻ ഈ കേസ് ഒരു തടസമായിരുന്നു. പൊലീസ് അവർക്ക് സപ്പോട്ടുള്ള സമയമായിരുന്നു അത്. വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയാൽ പൊലീസിൽ വിവരം നൽകിയാൽ സ്റ്റേഷനിലും കോടതിയിലുമൊക്കെ പോകേണ്ടി വരും. ആ കേസ് ക്ലോസ് ചെയ്യണമെന്ന് പറഞ്ഞ് ഹൈക്കോടതിയിൽ ഒരു ഹരജി കൊടുത്തു. ഈ ഹരജി തീർപ്പാക്കാൻ കുറച്ച് സമയമെടുത്തിരുന്നു. അവസാനം ഈ കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഇതിൽ കുറ്റക്കാരില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഈ സമയത്തെല്ലാം ഞങ്ങൾക്കുള്ള താമസവും ഭക്ഷണവും കേസുമെല്ലാം പാർട്ടിയായിരുന്നു ഒരുക്കിയത്. ഇതിനിടയിൽ ഞങ്ങൾ സ്‌പെഷൽ മേരേജ് ആക്ട് പ്രകാരം കോഴിക്കോട് രജിസ്ട്രാർ ഓഫീസിൽ വിവാഹത്തിനായി അപേക്ഷ നൽകിയിരുന്നു. പക്ഷെ, ഹരജിയിലും കേസിലും തീർപ്പാക്കാനെടുത്ത സമയത്തിനുള്ളിൽ അത് തള്ളിപോയിരുന്നു. തൊണ്ണൂറ് ദിവസമാണ് അപേക്ഷയുടെ കാലാവധി.
ഞങ്ങൾ വീണ്ടു വിവാഹത്തിനായി അപേക്ഷ നൽകി. അപ്പോഴേക്കും വീട് വിട്ടിട്ട് ഏഴ് മാസം കഴിഞ്ഞിരുന്നു. അപ്പോഴേക്ക് പ്രശ്‌നങ്ങളെല്ലാം തണുത്തിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അങ്ങിനെ സെപ്റ്റംബർ 17ന് വിവാഹത്തിനായി തിയ്യതി ഉറപ്പിച്ചു. അപ്പോഴാണ് സെപ്റ്റംബർ 16ന് ഇവളുടെ വീട്ടുകാർ എന്റെ ഒരു അമ്മാവന് വിളിച്ചിട്ട് നാളെ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ വെട്ടിക്കൊല്ലും എന്ന് പറഞ്ഞുള്ള ഫോൺകോൾ ചെയ്ത് ഭീഷണിപ്പെടുത്തിയത്. ഇതിനെ തുടർന്ന് ഈ തീയതി ഞങ്ങൾ മാറ്റുകയാണുണ്ടായത്. ഇതിനു ശേഷം എന്റെ അച്ഛനും അമ്മയും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ച് പരാതി നൽകി. തിയ്യതി അറിയിച്ചാൽ മതി, പൊലീസിന്റെ എല്ലാ സഹകരണവും കമ്മീഷണർ ഉറപ്പു നൽകി. പിന്നീട് ടൗൺ സി.ഐ ഇങ്ങോട്ട് വിളിച്ച് തന്നെ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പൊലീസിന്റെ സാന്നിധ്യം ഉറപ്പ് തരികയും ചെയ്തു. ഇതനുസരിച്ച് ഒക്‌ടോബർ എട്ടിന് തീരുമാനിക്കുകയും പൊലീസിന്റെ എല്ലാ സപ്പോട്ടും തരികയും ചെയ്തു. ഇതിനു പുറമെ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ഇരുന്നൂറോളം പ്രവർത്തകർ മോഹനൻ മാഷിന്റെയും പ്രദീപ് കുമാർ എംഎൽഎയുടെയും നേതൃത്വത്തിൽ അവിടെ എത്തിയിരുന്നു. രജിസ്ട്രാർ ഓഫീസറെ മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിലേക്ക് നേരത്തെ വിളിപ്പിച്ചിരുന്നു. അങ്ങിനെ ഒക്‌ടോബർ എട്ടാം തിയ്യതി ഞങ്ങളുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞു. ശേഷം നാല് ദിവസം പാർട്ടിക്കാർ തയ്യാറാക്കിയ കോഴിക്കോടുള്ള വീട്ടിൽ തങ്ങുകയാണ് ചെയ്തത്.
പിന്നീട് പതിനൊന്നാം തിയ്യതിയാണ് എന്റെ പേരാമ്പ്രയിലുള്ള വീട്ടിലേക്ക് വരുന്നത്. അന്ന് മുതൽ വീട്ടിൽ കഴിയുന്നുണ്ട്. അതിന് ശേഷം ഈ മാസം എട്ടിന് രാത്രിയിൽ മൂന്ന് ബൈക്കിലെത്തിയ സംഘം വീടിനു നേരെ ആക്രമണം നടത്തിയിരുന്നു. കരന്റും കട്ട് ചെയ്തിട്ടുണ്ടായിരുന്നു ഈ സമയത്ത്. ഞങ്ങൾ പരാതി നൽകിയിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഇപ്പൊ എന്റെ വീട്ടിലാണുള്ളത് വേറെ പ്രശ്‌നങ്ങളൊന്നും ഇല്ല ഫേസ്‌ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയുമുള്ള ഭീഷണിയാണുള്ളത്. അധികവും ഗൾഫിൽ നിന്നുമുള്ള ഭീഷണികളാണ് ഇപ്പോഴും എത്തുന്നത്. എടുത്ത് പറയുന്ന രൂപത്തിലുള്ള ഒരു സംഘടന ഇതിന്റെ പിന്നിലില്ല. ഞങ്ങളുടെ നാട്ടിലെ ഒരു സംഘമുണ്ട് അവർ എല്ലാം ഏറ്റെടുക്കും മതപരമായാലും മണൽ മാഫിയ ആണെങ്കിലും ക്വട്ടേഷനാണെങ്കിലും ഈ സംഘമാണ് ഇതിനു പിന്നിലും. അൻഷിതയുടെ വീട് പന്തിരിക്കരയാണ് അവിടെ നിന്നും പേരാമ്പ്ര പാലേരിയിലുള്ള എന്റെ വീട്ടിലേക്ക് എട്ട് കിലോ മീറ്ററേ ദൂരമുള്ളൂ. ഞങ്ങൾ ഒരേ പഞ്ചായത്തുകാരുമാണ്. ഇതുകൊണ്ടെല്ലാം തന്നെ അവരുടെ ആളുകൾക്ക് എന്നെയും കുടുംബത്തിനെയും നന്നായി അറിയാനും എത്താനും കഴിയും.
അൻഷിതയുടെ വീട്ടുകാർ ഇത്തരത്തിലുള്ള ആക്രമണം നടത്തില്ല. അവളുടെ വീട്ടിൽ ഉപ്പയും ഉമ്മയും അനിയത്തിയും ജ്യേഷ്ഠനുമാണുള്ളത്. എസ്.ഡി.പി.ഐയും മുസ്ലിം ലീഗും ഇത് സംഘടനാപരമായോ പാർട്ടിപരമായോ ഏറ്റെടുത്തിട്ടില്ല. ഇതിലെല്ലാം പ്രവർത്തിക്കുന്ന ചില ഒറ്റപ്പെട്ട വ്യക്തികളാണ് ഇതിന്റെയെല്ലാം പിന്നിൽ. അവർ വൈകാരികമായി ഇത് ഏറ്റെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഓൺലൈൻ മീഡിയയിലൂടെ പ്രചരിക്കുന്നതിനെല്ലാം ഉറവിടം ഗൾഫിൽ നിന്നുമാണ്. ഇപ്പോൾ നടക്കുന്നത് അവളെ നിർബന്ധിച്ച് ഞാൻ കൊണ്ടു വന്നതാണെന്നും ഇതിന്റെ പിന്നിൽ മതം മാറ്റലാണ് ലക്ഷ്യമെന്നുമൊക്കെയാണ് പ്രചരണം. അവൾ പൂച്ചക്കുട്ടിയാണോ ഞാൻ എടുത്തുകൊണ്ടു പോരാൻ?
അവളുടെ സമ്മതമില്ലാതെ എങ്ങിനെയാണ് എന്റെ കൂടെ വരുന്നതും വിവാഹത്തിന് തയ്യാറാകുന്നതും. ഇത്തരം പ്രചരണം നടത്തുന്നവരെ എത്ര നന്നാക്കിയാലും ശരിയാവില്ല. ഇതിനിടക്ക് ഞാൻ സംഘ്പരിവാർ ഭീകരനാണെന്ന് പറഞ്ഞ് പണ്ടെങ്ങാനും കോളേജിൽ നിന്ന് ടൂറ് പോയ ഫോട്ടോ ഇട്ട് ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ പറയുന്നത് പോലെയാണെങ്കിൽ അവരെ പ്രതിരോധിക്കാനും എനിക്ക് ആളുകളുണ്ടാകുമായിരുന്നില്ലേ.. ഇപ്പോൾ ആരും ചോദിക്കാനില്ലെന്ന് കരുതിയാണ് ഇവരെല്ലാം കേറി നെരങ്ങുന്നത്. ഞങ്ങളിപ്പോഴും മതേതരമായിട്ടാണ് ചിന്തിക്കുന്നത്. അമ്പലത്തിൽ പോയാൽ എന്റെ വിശ്വാസപ്രകാരമല്ല വിവാഹം നടക്കുക. എനിക്ക് ഒരു മതവുമില്ല, ഞങ്ങൾ പഴയത് പോലെ തന്നെ ഇപ്പോൾ ജീവിക്കുകയാണ്. അവളിപ്പോഴും അവളുടേതായ പ്രാർത്ഥനയും നിസ്‌കാരവുമായിട്ടു തന്നെയാണ് ജീവിക്കുന്നത്. ഞങ്ങൾ ഇറങ്ങിയതിന് ശേഷം ഞാനവൾക്ക് ആദ്യമായി വാങ്ങിക്കൊടുക്കുന്നത് ഒരു ഖുർആൻ ആണ്. അവൾ ഇതുവരെ ജീവിച്ച രീതിയിൽ കഴിയാനുള്ള തീരുമാനം അവളുടേതാണ് ഞാൻ അവളുടെ ഉടമസ്ഥനല്ലല്ലോ.. പങ്കാളി മാത്രമല്ലേ..
അൻഷിത ബി.ഡി.എസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. കാസർകോഡുള്ള മുസ്ലിം മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനത്തിലായിരുന്നു അത്. അതുകൊണ്ടുതന്നെ ഇപ്പോൾ അവിടേക്ക് പോകാൻ പറ്റാത്ത സാഹചര്യമാണ്. ഈ വർഷം എന്തായാലും പോയി. ഞാൻ ബാംഗ്ലൂർ ഒരു കമ്പനിയിൽ എഞ്ചിനീയറായിരുന്നു. കൂടുതൽ ലീവ് കാരണം ആ ജോലിയും പോയിരിക്കുകയാണ്. എന്തായാലും അടുത്ത അധ്യയന വർഷത്തിൽ അൻഷിതയുടെ പഠനം തുടരാനാണ് തീരുമാനം. എന്റെ ജോലിക്കുള്ള ശ്രമവും ഇതോടൊപ്പമുണ്ട്.
ഇത്രയധികം പ്രശ്‌നങ്ങൾ ഉണ്ടായപ്പോഴും എന്റെ വീട്ടുകാരും സിപിഎമ്മുമാണ് കൂടെ നിന്നത്. ഞാൻ രണ്ട് വർഷമായി ബാംഗ്ലൂരിൽ ജോലി ചെയ്യുകയാണ്. എന്റെ നാട്ടിലുള്ള സുഹൃത്തുക്കളെല്ലാം എനിക്ക് പിന്തുണയായിരുന്നു. അവരെയെല്ലാം ഇവർ പോയി ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇപ്പോൾ മതപരമായിട്ടുള്ള ആരോപണങ്ങളാണ് വരുന്നതെല്ലാം. കുടുംബത്തിന് ഇതിൽ ബന്ധമുണ്ടെന്ന് തോന്നുന്നില്ല. കുടുംബവുമായി നല്ലരീതിയിൽ ഒത്തു പോകാനാണ് ഞങ്ങളുടെയും തീരുമാനം. ഇപ്പോഴും പലരും ബൈക്കിലെത്തി വീടിന് പരിസരത്തെത്താറുണ്ട്. ഞങ്ങൾ ഇതുവരെ അവരെ പ്രകോപിപ്പിക്കാൻ പോയിട്ടില്ല. ഞങ്ങൾ എട്ടാം തിയ്യതി വിവാഹിതരായ ശേഷം പത്രത്തിൽ പരസ്യം ചെയ്യാൻ ആലോചിച്ചതായിരുന്നു. പക്ഷെ ഇവളെടെ അനിയത്തിയുടെ കല്ല്യാണം 19ന് ഉണ്ടായിരുന്നു. ഇത് കാരണം അതിന് തടസം വരണ്ടെന്ന് ഞങ്ങൾ കരുതിയതാണ്. ഇപ്പോഴും എന്റെ അച്ഛനെ ഇതിന്റെ പേരിൽ അപമാനിക്കപ്പെടുന്നുണ്ട്. ചീത്ത വിളിക്കുന്നുണ്ട് ഞങ്ങൾ അതിനൊന്നും പ്രതികരിച്ചില്ല. അത് പിന്നീട് വേറെ രൂപത്തിലാകുമെന്ന് കരുതി ക്ഷമിക്കുകയായിരുന്നു. നാട്ടിലുള്ള പല മുസ്ലിം സഹോദരങ്ങലും പിന്തുണയുമായി ഞങ്ങളെ സമീപിച്ചിരുന്നു.
ലീഗിന്റെ പലയാളുകളും ഞങ്ങൾക്ക് സപ്പോട്ടുണ്ടായിരുന്നു. അൻഷിതയുടെ കുടുംബത്തിലുള്ള ആളുകളെല്ലാം ഇപ്പോൾ അടങ്ങിയിട്ടുണ്ട്. ഞാൻ മതപരിവർത്തനം നടത്തിയാലേ സ്വീകരിക്കുകയുള്ളൂ എന്ന തീരുമാനത്തിലാണ് അവർ. അവരുടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നാണ് പ്രതീക്ഷ. എനിക്ക് സമൂഹത്തോട് പറയാനുള്ളത് ഞങ്ങൾ നിയമപരമായി വിവാഹം കഴിഞ്ഞ ദമ്പതികളാണ്, കല്ല്യാണം കഴിക്കാൻ ഇത്രയും ബുദ്ധിമുട്ടി ഒരു മതത്തിന്റെയും പിന്തുണയില്ലാതെ. മതേതരമായ ഒരു നാട്ടിൽ ഒരിക്കലും നടക്കാൻ പാടില്ലാത്തതാണിത്. ഇത്തരത്തിലുള്ള അനുഭവം ആർക്കും ഉണ്ടാകാൻ ഇട വരരുത്. അവളും ചിന്തിക്കാൻ കഴിവുള്ള മനുഷ്യനാണ്. അവളുടെ വിശ്വാസത്തിലാണ് അൻഷിത ഇപ്പോഴും ജീവിക്കുന്നത്. അത് നാട്ടുകാരെ ബോധ്യപ്പെടുത്താനല്ല. ഞങ്ങൾ എങ്ങിനെ ജീവിക്കുന്നെന്നു നോക്കാതെ സ്വന്തം കാര്യം നോക്കി ആളുകൾ ജീവിക്കണം. മലയാളിയുടെ ഒരു സ്വഭാവമാണിത് ചുംബനസമരത്തിൽ പങ്കെടുക്കുന്നതിനേക്കാളും അത് കാണാനെത്തുന്നവരാണ്. ഇത്തരക്കാർ മറ്റുള്ളവരുടെ കാര്യത്തിൽ ഒളിഞ്ഞു നോക്കാതെ സ്വന്തംകാര്യം നോക്കി നടക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.