- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടക രംഗത്ത് എത്തിയത് ആഗ്രഹിച്ചിട്ടല്ല; സമൂഹത്തിന് നാടക കലാകാരികളോടുള്ള മനോഭാവം മോശം സ്ത്രീകളോടെന്ന പോലെ; ക്യാൻസർ ബാധിച്ച ബ്രസ്റ്റ് നീക്കം ചെയ്തിട്ട് വിശ്രമം പോലുമില്ലാതെ അമ്മ അഭിനയിച്ചു; പ്രോത്സാഹനവുമായി ഒപ്പം നിന്നത് അച്ഛൻ: ഓർമകൾ പറഞ്ഞ് സീമ ജി നായർ
തിരുവനന്തപുരം: സീമാ ജി നായർ എന്ന നടിയുടെ ജീവിതം എല്ലാവർക്കും കൗതുകമുണർത്തുന്നതാണ്. അഭിനയമേഖലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനൊപ്പം കരയുന്നവന്റെ കണ്ണീരൊപ്പാനുള്ള മനസുമാണ് ആ ജീവിതത്തെ അനിർവചനീയമാക്കുന്നത്. അത് ആരംഭിക്കുന്നത് അക്ഷരനഗരിയായ കോട്ടയത്തിന്റെയും മലയോരജില്ലയായ ഇടുക്കിയുടെയും സംഗമസ്ഥാനമായ മുണ്ടക്കയത്ത് വച്ചാണ്. സിനിമാ- സീരിയൽ താരം സീമാ ജി നായർ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് നൽകിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം.
എങ്ങനെയാണ് മുണ്ടക്കയത്ത് എത്തപ്പെട്ടത്?
അച്ഛന്റെ നാട് കരുനാഗപ്പള്ളിയാണ്. അമ്മ ചേർത്തലയും. അച്ഛൻ വീട്ടുകാരോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങി എവിടെയക്കെയോ കറങ്ങിയാണ് അച്ഛൻ മുണ്ടക്കയത്തെത്തുന്നത്. അവിടെ ചില ബിസിനസുകളുമായൊക്കെ കൂടുകയായിരുന്നു. അമ്മ അന്ന് തിലകൻ ചേട്ടന്റെ കൂടെയൊക്കെ നാടകം ചെയ്യുന്ന കാലമാണ്. അച്ഛൻ നല്ലൊരു കലാസ്വാദകനായിരുന്നു. അങ്ങനെ അച്ഛൻ അമ്മയെ കണ്ടുമുട്ടി. കല്യാണം കഴിഞ്ഞപ്പോൾ അവരുടെ നാടായി മുണ്ടക്കയം.
അച്ഛൻ മരിക്കുന്നതെപ്പോഴാണ്?
1987 ലാണ് അച്ഛൻ മരിക്കുന്നത്. അന്നെനിക്ക് 16 വയസ് കഴിഞ്ഞിട്ടേ ഉള്ളു. അച്ഛന് മഞ്ഞപ്പിത്തമായിരുന്നു. ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഒടുവിൽ മഞ്ഞപ്പിത്തം കൂടി കിഡ്നിയെയൊക്കെ ബാധിച്ചാണ് അച്ഛൻ മരിക്കുന്നത്.
ആദ്യമായി പഠിക്കാൻ നാട് വിട്ട് പുറത്തുവരുന്നത് ചേച്ചിയായിരുന്നു. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിൽ. ഏഴ് വയസുള്ളപ്പോൾ സംഗീത- നാടക അക്കാദമിയുടെ സ്വർണമെഡൽ നേടിയ ഗായികയായിരുന്നു ചേച്ചി. അമ്മയും പാടുമായിരുന്നു. അമ്മ ഗായികയായിരുന്നു, കാഥികയായിരുന്നു, നർത്തകിയായിരുന്നു. അന്ന് നാടകത്തിൽ പാടി അഭിനയിക്കുന്നവരെ വേണം. അങ്ങനെയാണ് അമ്മ നാടകത്തിലെത്തുന്നത്. ഞങ്ങളെ പ്രസവിച്ചശേഷം പോലും വിശ്രമിക്കാൻ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല. സ്റ്റേജിന് കീഴിൽ തൊട്ടിൽ കെട്ടി ഞങ്ങളെ അതിൽ കിടത്തിയിട്ട് അമ്മ അഭിനയിക്കാൻ കയറുമെന്ന് കേട്ടിട്ടുണ്ട്.
ചേട്ടൻ വാഴൂർ എൻഎസ്എസ് കോളേജ് കഴിഞ്ഞിട്ട് തൃപ്പൂണിത്തുറ മ്യൂസിക് കോളേജിൽ വന്നു. ഞാനും മുണ്ടക്കയം സെന്റ് ജോസഫിൽ നിന്നും തൃപ്പൂണിത്തുറ മ്യൂസിക് കോളേജിൽ എത്തി. ഞങ്ങൾക്ക് സംഗീതം അമ്മയിൽ നിന്നും കിട്ടിയതാണ്. അമ്മയ്ക്ക് അമ്മയുടെ അച്ഛൻ ആലപ്പി ലംബോദര ഭാഗവതരിൽ നിന്നും.
നാടകത്തിലേയ്ക്ക് എത്തുന്നത് എങ്ങനെയാണ്?
അമ്മയ്ക്ക് ഒരിക്കലും മക്കളാരും അഭിനയരംഗത്തേയ്ക്ക് എത്തുന്നത് ഇഷ്ടമായിരുന്നില്ല. മുണ്ടക്കയത്ത് പഠിക്കുമ്പോൾ കോളേജിലെ ഏറ്റവും വലിയ ഗായികയായിരുന്നു ഞാൻ. ഒരുപാട് പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങളൊരിക്കലും അഭിനയമേഖലയിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ല. അമ്മ നാടകത്തിനും ഞങ്ങൾ കോളേജിലേയ്ക്കും പോയാൽപിന്നെ അച്ഛൻ ഒറ്റയ്ക്കാകും. അതുകൊണ്ട് അവിടത്തെ വീടും സ്ഥലവും വിറ്റ് ഞങ്ങൾ എറണാകുളത്ത് എളമക്കരയിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങി അവിടേയ്ക്ക് മാറി. 1987ലാണത്. ഇപ്പോൾ അവിടന്ന് വന്നിട്ട് 35 വർഷം കഴിഞ്ഞു. ആയിടയ്ക്കാണ് കൊച്ചിൻ സംഘമിത്രയിൽ കന്യാകുമാരിയിലൊരു കടംകഥ എന്ന നാടകത്തിൽ ഞാൻ അഭിനയിക്കുന്നത്. മറ്റൊരു കുട്ടിയെ ആയിരുന്നു അവർ തീരുമാനിച്ചിരുന്നത്. പക്ഷെ അവസാനനിമിഷം ആ കുട്ടിക്കെന്തോ അസൗകര്യം. അപ്പോഴാണ് ചേർത്തല സുമതി ചേച്ചിക്കൊരു മോളുണ്ട്, ട്രൈ ചെയ്യാം എന്നുപറഞ്ഞ് അവർ വീട്ടിലേയ്ക്ക് വരുന്നത്. അന്ന് അമ്മ വീട്ടിലില്ല. കൊച്ചിൻ അനുപമയിൽ റിഹേഴ്സലിലായിരുന്നു. ഇന്നത്തെപോലെ ഫോണൊന്നുമില്ലല്ലോ വിളിച്ചുപറയാൻ. പത്ത് ദിവസത്തേയ്ക്ക് മതി എന്നാണ് അന്ന് പറഞ്ഞത്. അന്ന് പത്ത് ദിവസത്തേയ്ക്ക് പോയതാണ്, ഇന്ന് ഇത്രയും വർഷമായിട്ടും ആ അഭിനയരംഗത്ത് നിന്ന് മാറിയിട്ടില്ല. ഞാനന്ന് കൊച്ചല്ലേ. എന്നെ ഒറ്റയ്ക്ക് വിടാൻ പറ്റാത്തതുകൊണ്ട് പിന്നെ അമ്മ അനുപമയിൽ നിന്നും സംഘമിത്രയിലേയ്ക്ക് മാറി. സംഘമിത്രയിൽ നിന്ന് തന്നെയാണ് അമ്മയ്ക്കും എനിക്കും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ചേച്ചിക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡും കിട്ടിയത്. ഏഴ് നാടകങ്ങൾ ഞാൻ സംഘമിത്രയ്ക്ക് വേണ്ടി കളിച്ചു. അതിൽ എന്റെ ആദ്യത്തെ നാടകമായ കന്യാകുമാരിയിലൊരു കടംകഥ മൂന്ന് വർഷത്തോളം 1575 സ്റ്റേജുകളിലാണ് കളിച്ചത്. ആകെ ഞാൻ അയ്യായിരത്തിലധികം സ്റ്റേജുകൾ കളിച്ചിട്ടുണ്ട്.
അമ്മ നാടകത്തിലേയ്ക്ക് എത്തുന്നത് എങ്ങനെയാണ്?
അമ്മ ഒമ്പതാമത്തെ വയസിൽ നാടകത്തിലെത്തി. 52-ാം വയസിൽ മരിക്കുന്നത് വരെ തുടർച്ചയായി, പ്രസവം കഴിഞ്ഞുള്ള വിശ്രമം പോലുമില്ലാതെയല്ലേ അഭിനയിച്ചത്. ആ എക്സ്പീരിയൻസിന്റെ അടുത്തൊന്നും നമ്മളെത്തില്ല. വലിയ സാമ്പത്തികമൊന്നുമുള്ള കുടുംബം ആയിരുന്നില്ല. അന്ന് പാടി അഭിനയിക്കുന്നവർക്ക് വലിയ ഡിമാൻഡ് ആയിരുന്നു. അങ്ങനെ അമ്മയ്ക്ക് ചാൻസ് കിട്ടി, അമ്മ അഭിനയിച്ചു.
അമ്മയും മക്കളും കലാകാരായിരിക്കുന്ന വീട്ടിൽ അച്ഛന് കലയുമായി എന്തെങ്കിലും ബന്ധമുണ്ടോ?
അച്ഛൻ എന്നൊരു വ്യക്തി ഇല്ലാതിരുന്നെങ്കിൽ അമ്മയുടെയും മക്കളുടെയും കല എന്നേ അവസാനിച്ചേനെ. അച്ഛന്റെ പിന്തുണ ഒന്നുകൊണ്ട് മാത്രമായിരുന്നു അത് മുന്നോട്ടുപോയത്. അച്ഛൻ ചേച്ചിയെ അതിരാവിലെ വിളിച്ചുണർത്തി പ്രാക്ടീസ് ചെയ്യിക്കുമായിരുന്നു. അത്രത്തോളം കലയെ പ്രോൽസാഹിപ്പിക്കുന്ന വ്യക്തിയായിരുന്നു അച്ഛൻ.
ചേട്ടൻ ഇതിലൊന്നും ഇടപെട്ടിരുന്നില്ലേ?
ചേട്ടനും പാട്ട് പാടാൻ പോകുമായിരുന്നു. അമ്മയുടെ കഥാപ്രസംഗത്തിന്റെ കൂടെ ചേട്ടന്റെയും ചേച്ചിയുടെയും പാട്ടും ഉണ്ടാകും. ആ കൂട്ടത്തിൽ ഞാൻ മാത്രമായിരുന്നു ഇല്ലാതിരുന്നത്. രണ്ട് പേർ പാടാനുണ്ടല്ലോ.
ഈ മേഖലയുമായി ബന്ധപ്പെട്ട് അമ്മ വിഷമം പറയാറുണ്ടായിരുന്നോ?
ഒരുപാട്. അക്കാലത്ത് ഒരു ചീത്തസ്ത്രീയെ കാണുന്നത് പോലെയായിരുന്നു നാടകരംഗത്തുള്ളവരെ കണ്ടിരുന്നത്. എന്തുകൊണ്ടാണ് ഞങ്ങൾ ഈ രംഗത്ത് വരുന്നതിനെ അമ്മ എതിർത്തിരുന്നതെന്ന് ഞാൻ ഈ രംഗത്ത് വന്നപ്പോഴാണ് മനസിലായത്. ഇപ്പോഴും സമൂഹമനസിന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. എങ്കിലും ഭേദമെന്ന് പറയാം. അമ്മ അഭിനയിക്കാൻ വരുന്നത് അമ്പതുകൾക്കും മുമ്പാണ്. അന്നത്തെ അവസ്ഥ ഇതിലും മോശമായിരിക്കുമല്ലോ.
അമ്മയ്ക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ എന്തെങ്കിലുമുണ്ടോ?
വലിയൊരു അനുഭവമുണ്ട്. അമ്മയ്ക്ക് ക്യാൻസറാണെന്ന് അറിഞ്ഞ് നാടകം അവസാനിപ്പിക്കുകയാണ്യ പച്ചാളം കാട്ടുങ്കൽ ദേവിക്ഷേത്രത്തിലായിരുന്നു അവസാനത്തെ സ്റ്റേജ്. അത് കഴിഞ്ഞ് ചികിൽസയ്ക്കായി ആർസിസിയിൽ പോയി. ബ്രസ്റ്റ് സർജറി ചെയ്ത് മാറ്റി തിരികെ വീട്ടിലേയ്ക്ക് വരുകയാണ്. കൊല്ലത്ത് എനിക്ക് രണ്ട് നാടകമുണ്ട്. വേളാങ്കണ്ണിപ്പള്ളിക്ക് മുന്നിലാണ് നാടകവണ്ടികൾ വന്നുകിടക്കുന്നത്. നാടകം കഴിഞ്ഞ് വേണം വീട്ടിലേയ്ക്ക് പോകാൻ. ഞാനവിടെ എത്തിക്കഴിഞ്ഞ് സംഘമിത്രയുടെ വണ്ടിയിൽ കയറുമ്പോൾ അമ്മയ്ക്ക് പകരം അഭിനയിക്കാൻ വരുന്ന സൗദാമിനി ചേച്ചി വണ്ടിയിലില്ല. എറണാകുളത്ത് നിന്നും വണ്ടിയിൽ കയറിയവരൊക്കെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. ചേച്ചി ചേർത്തലയിൽ എക്സ്റേ ജങ്ഷനിൽ വണ്ടി കാത്ത് നിൽക്കുകയാണ്. ഇനി ചേച്ചി അവിടെ നിന്ന് ബസ് കേറി ഇവിടെ എത്തുമ്പോഴേയ്ക്കും ഞങ്ങൾക്ക് നാട്ടുകാരുടെ തല്ല് കൊണ്ട് കഴിഞ്ഞിട്ടുണ്ടാകും. എന്തുചെയ്യുമെന്നറിയാതെ നിൽക്കുമ്പോൾ അമ്മ പറഞ്ഞു ഞാൻ ചെയ്യാമെന്ന്. അത് കേട്ട് സത്യത്തിൽ ഞങ്ങളൊക്കെ ഞെട്ടി. അമ്മയത് ചെയ്യെണ്ടന്ന് എല്ലാവരും അമ്മയോട് പറഞ്ഞു. പക്ഷെ അമ്മ കേട്ടില്ല. ജീവനുണ്ടെങ്കിൽ ഞാനത് ചെയ്യുമെന്ന് അമ്മ. ഒടുവിൽ മറ്റൊരു വഴിയില്ലാതെ അമ്മയെ തന്നെ സ്റ്റേജിൽ കയറ്റേണ്ടിവന്നു. ഒരുപാട് ആക്ഷനുകൾ കാണിച്ച് അഭിനയിക്കേണ്ട കഥാപാത്രമാണ് അമ്മയുടേത്.
നാടകം മുന്നോട്ടുപോകുന്തോറും അമ്മയുടെ കുപ്പായം നനഞ്ഞ് നനഞ്ഞ് വരുകയാണ്. സ്റ്റേജിന്റെ രണ്ട് സൈഡിലും ഞങ്ങൾ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുകയായിരുന്നു. ഞാൻ ആകെ തകർന്ന് നിൽക്കുകയാണ്. രണ്ട് നാടകവും കഴിഞ്ഞ ശേഷമാണ് അമ്മയൊന്ന് നേരെ നിന്നത്. ഇന്നത്തെ ഒരു ആർട്ടിസ്റ്റിലും ഇത്രയും ഡെഡിക്കേഷൻ ഞാൻ കണ്ടിട്ടില്ല. അത്രയുംകാലം അന്നം തന്ന സംഘമിത്ര എന്ന സ്ഥാപനത്തിന് ഒരു ആപത്ഘട്ടം വന്നപ്പോൾ സ്വന്തം ജീവൻ പണയംവച്ച് അഭിനയിക്കാൻ തയ്യാറായിട്ട് വന്ന ആളാണ് ചേർത്തല സുമതി എന്ന നടി. അത്രയും വലിയൊരു നടിയുടെ മകളായി ജനിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്.
അതുപോലെ മറ്റൊരു അനുഭവമാണ് 1987 ൽ അച്ഛൻ മരിച്ചുകിടക്കുകയാണ്. ഏറ്റ നാടകങ്ങൾ എല്ലാ ദിവസവുമുണ്ട്. എന്തുചെയ്യുമെന്നറിയാതെ സതീഷേട്ടൻ നിൽക്കുമ്പോൾ അമ്മ പറഞ്ഞു- 'സാരമില്ല, ഞങ്ങൾ തിരിച്ചുവരുമ്പോഴും ചേട്ടൻ ഇവിടെതന്നെ ഉണ്ടാകുമല്ലോ. നാടകം മുടക്കണ്ട. ഇന്നൊരു ചെറിയ ജലദോഷം വന്നാൽ അതിന്റെ പേരിൽ ഷൂട്ടിങ് മുടക്കുന്ന ആളുകളുള്ള ലോകമാണ്. അച്ഛന്റെ ബോഡി അവിടെ കിടത്തിയിട്ട് അമ്മ നാടകവണ്ടിയിൽ കയറി. ചേട്ടൻ കാരണം നാടകം മുടങ്ങരുതെന്നാണ് ചേട്ടനും ആഗ്രഹിക്കുന്നതെന്നാണ് അമ്മ പറഞ്ഞത്. പക്ഷെ പിന്നെ അവരെങ്ങനെയോ അറിഞ്ഞ്, 'വേണ്ട വരണ്ട, വന്നാൽ ശരിയാകില്ല' എന്ന് അവർ തന്നെ പറയുന്ന ഘട്ടത്തിലാണ് ഞാനും അമ്മയും തിരിച്ചുവരുന്നത്. അങ്ങനെ എന്തൊക്കെ അനുഭവങ്ങൾ സാറെ.
ഇങ്ങനെയൊക്കെ കയ്‌പ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടും നാടകം വിടണമെന്ന് ഒരിക്കൽപോലും തോന്നിയിട്ടില്ലേ?
വേറെ വഴിയില്ലായിരുന്നു സാറെ. നമുക്ക് വേറൊരു ജോലിയോ ബിസിനസോ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ മാറിചിന്തിക്കുമായിരുന്നു. ഒരുദിവസം മൂന്നും നാലും സ്റ്റേജുകൾ കളിച്ച ദിവസങ്ങളുണ്ട്. അവസാനം പുലർച്ച് ആറരമണിക്ക് നേരം വെളുത്തശേഷവും നാടകം കഴിഞ്ഞിട്ടുണ്ടാവില്ല. ലൈറ്റൊന്നും ആവശ്യമുണ്ടാവില്ല. എങ്കിലും നാടകം കാണാൻ ജനങ്ങൾ കാത്തിരിക്കുമായിരുന്നു.
അന്ന് തന്നെ വേറെ നാടകമുണ്ടാവില്ലേ?
ഉണ്ടാകും. എല്ലാ പ്രദേശത്തും ഞങ്ങൾ സ്ഥിരം താമസിക്കുന്ന ഹോട്ടലുകളുണ്ടാകും. അവിടെപോയി ഒന്ന് കുളിച്ച് എവിടെങ്കിലും കിടന്നുറങ്ങും. അല്ലാതെ വീടുകളിൽ വിശ്രമിക്കാൻ വീട്ടുകാരൊന്നും സമ്മതിക്കില്ല. ബാത്ത്റൂമിൽ പോകാൻ അനുവാദം ചോദിച്ചിട്ട് അനുവദിക്കാത്ത എത്രയോ വീടുകളുണ്ട്. അവർക്ക് നാടകകാരികളെ ഇഷ്ടമല്ല. നാടകക്കാർ വളരെ മോശപ്പെട്ടവരാണെന്നുള്ള രീതിയിലുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവരുടെ മനസിൽ ഏറ്റവും താഴെയാണ് നാടകക്കാർ, അതിന് മുകളിൽ സീരിയൽ അഭിനേതാക്കൾ, ഏറ്റവും മുകളിൽ സിനിമാ അഭിനേതാക്കൾ. മൂന്ന്പേരും ചെയ്യുന്നത് അഭിനയിക്കുക എന്ന ഒറ്റ ജോലിയാണ്. പക്ഷെ മൂന്ന് വിഭാഗങ്ങളേയും മൂന്ന് തട്ടിലാണ് കാണുന്നത്.
നാടകാഭിനയകാലത്തെ മറക്കാനാകാത്ത എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടോ?
എനിക്ക് തിരുവനന്തപുരത്ത് വച്ച് ഉണ്ടായ ഒരു അനുഭവം പറയാം. എന്റെ ഇതേ ശബ്ദം തന്നെയായിരുന്നു കന്യാകുമാരിയിലൊരു കടംകഥയിൽ അഭിനയിക്കുമ്പോഴും. കുറച്ചുകാലം മുമ്പ് ഞാനൊരു ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നു. ഓട്ടോയിൽ വച്ച് എന്റെ സുഹൃത്തിനോട് ഞാൻ സംസാരിക്കുന്നത് കേട്ട് ഡ്രൈവർ പെട്ടെന്ന് ഓട്ടോ സഡൻബ്രേക്കിട്ട് നിർത്തി. എന്നിട്ട് എന്നോട് ചോദിക്കുകയാണ്- സുഷി മോളല്ലേ എന്ന്. 1987 ലെ കന്യാകുമാരിയിലൊരു കടംകഥയിലെ സുഷിമോളെ അന്നത്തെയാളുകൾ ഇപ്പോഴും ഓർത്തിരിക്കുന്നു എന്നത് എനിക്ക് അത്ഭുതമായിരുന്നു. അത്തരത്തിലുള്ള അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്.
നാടകം അങ്ങ് അസ്തമിച്ചുപോയില്ലേ. ആളുകളില്ലല്ലോ കാണാൻ. പിന്നെ എങ്ങനെയാണ് ട്രൂപ്പുകൾ നടത്തുന്നവർക്ക് അത് മുതലാകുന്നത്?
ഇപ്പോഴും അവിടെയും ഇവിടെയുമൊക്കെ കൂണുമുളയ്ക്കുന്നത് പോലെ ചില ഫൈൻ ആർട്സ് സൊസൈറ്റികളുണ്ട്. പക്ഷെ അതിൽ അഭിനയിക്കുന്നവർക്കും ട്രൂപ്പുകൾ നടത്തുന്നവർക്കുമൊന്നും മുതലാകത്തില്ല. അതുകൊണ്ടാണല്ലോ ചെറിയ വേഷം കിട്ടിയാലും അവർ സീരിയലിലൊക്കെ അഭിനയിക്കാൻ വരുന്നത്. കൊച്ചിൻ സംഘമിത്ര ഇപ്പോഴുമുണ്ട്. കഴിഞ്ഞവർഷം വരെയും സതീഷേട്ടൻ അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ മക്കളൊക്കെ വലിയ നിലയിലായി. എന്നിട്ടും കലയോടുള്ള സ്നേഹം കൊണ്ടാണ് അദ്ദേഹം ഇപ്പോഴും തുടരുന്നത്.
ഒരുകാലത്ത് അതീവപ്രതാപത്തിലായിരുന്ന നാടകരംഗം ഇപ്പോൾ ഇങ്ങനെ ശോഷിച്ചതിൽ വിഷമം തോന്നുന്നില്ലേ?
സീരിയലുകളുടെയൊക്കെ കടന്നുവരവോടെയാണ് നാടകരംഗം തകരാൻ തുടങ്ങിയത്. പണ്ട് വൈകുന്നേരം ആറ് മണിമുതൽ നിറഞ്ഞ സദസിലാണ് നാടകങ്ങൾ കളിക്കുന്നത്. എന്നാൽ ഇന്ന് അമ്മമാരായാലും മറ്റ് കുടുംബപ്രേക്ഷകരായാലും ആറ് മണി മുതൽ രാത്രി 10 മണി വരെ ടിവിയുടെ മുന്നിലായിരിക്കും.
നാടകത്തിൽ നിന്നും സിനിമയിലേയ്ക്കും സീരിയലിലേക്കും എത്തിയ നിരവധിപേരുണ്ട്. ചില പ്രഗൽഭരായ ചില കലാകാർ അതിനൊന്നും സാധിക്കാതെ ഇപ്പോഴും നിരാശബോധത്തോടെ സങ്കടപ്പെട്ട് ജീവിക്കുന്നുണ്ടാവില്ലേ?
ഒരുപാട് പേരുണ്ട്. ഞാൻ പറഞ്ഞിരുന്നില്ലേ, മണി മായമ്പള്ളിക്ക് സ്റ്റേറ്റ് അവാർഡ് വരെ കിട്ടിയിട്ടുള്ളതാണ്. പക്ഷെ മര്യാദയ്ക്ക് ആ കുടുംബം പോറ്റാൻവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെ നൂറുകണക്കിന് കലാകാരന്മാരുണ്ട്.
മകളും നാടകത്തിലേയ്ക്ക് ഇറങ്ങിയപ്പോൾ അമ്മയുടെ പ്രതികരണമെന്തായിരുന്നു?
നേരത്തെ നാടകക്കാരോടുള്ള ജനങ്ങളുടെ മനോഭാവം അമ്മ ഒറ്റയ്ക്ക് സഹിച്ചാൽ മതിയായിരുന്നു. പക്ഷെ ഞാൻ കൂടി നാടകത്തിൽ ഇറങ്ങിയതോടെ ഞാനും അത് അനുഭവിക്കേണ്ടിവരുന്നത് അമ്മയ്ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. അന്ന് അമ്മ പറഞ്ഞിരുന്നു, 'ഞാൻ അപ്പോഴേ പറഞ്ഞിരുന്നതല്ലേ ഇതിലേയ്ക്ക് വരരുതെന്ന്.' ഞാനും ആഗ്രഹിച്ചതല്ല. തലവരകൊണ്ടു വന്നുപോയതാണ്.
അമ്മയുടെ ചികിൽസയുമായി ബന്ധപ്പെട്ട് ഞാൻ നാടകാഭിനയമൊക്കെ ഉപേക്ഷിച്ച് ഒരുവർഷത്തോളം വീട്ടിൽ നിൽക്കുമ്പോഴാണ് സംഘമിത്രയിലെ സെക്രട്ടറി ബാലൻ ചേട്ടൻ സതീശേട്ടന്റെ ഭാര്യയുടെ കത്തുമായി എന്നെ കാണാൻ വരുന്നത്. ആശ്ചര്യചൂഢാമണി എന്ന നാടകം മൽസരത്തിന് പോകുകയാണ്. എനിക്ക് പകരം വന്ന കുട്ടി എത്ര അഭിനയിച്ചിട്ടും ശരിയാകുന്നില്ല. മൽസരത്തിന് ഞാൻ വരണം. പറ്റില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ വന്നാൽ പകരം വന്ന കുട്ടിക്ക് വിഷമമാകുമെന്ന് ഞാൻ പറഞ്ഞു. പക്ഷെ ഒടുവിൽ അദ്ദേഹത്തിന്റെ നിർബന്ധം കൂടിയപ്പോൾ പോയി അഭിനയിക്കാൻ അമ്മയും പറഞ്ഞു. അങ്ങനെ ഒരുവർഷത്തിന് ശേഷം ഞാൻ സ്റ്റേജിൽ കയറി അഭിനയിച്ചു. സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ അമ്മ പറഞ്ഞു ഇത്തവണത്തെ മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് എന്റെ മോനാണെന്ന്. പക്ഷെ ഞാനത് വിശ്വസിച്ചില്ല. അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഞാൻ മികച്ച നടി.
അമ്മയുടെ മരണം എന്നായിരുന്നു? കിടപ്പിലായിരുന്നോ?
1994 ജൂൺ 21 നാണ് അമ്മ മരിക്കുന്നത്. കുറച്ചുകാലം കിടന്നിരുന്നു. പക്ഷെ ശരണ്യയുടെ കാര്യം പറയുംപോലെയായിരുന്നു അമ്മയും. എത്ര വേദന അനുഭവിച്ചാലും പുറത്തുകാണിക്കില്ല. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു തിരിച്ച് നാടകത്തിൽ വരണമെന്നുള്ളത്. അവസാനകാലത്തൊക്കെ അമ്മ ഒരുപാട് ക്ഷീണിതയായിരുന്നു.
തൃപ്പൂണിത്തുറയിലെ സംഗീതപഠനം പൂർത്തിയാക്കിയില്ലേ?
ഞാൻ സെക്കന്റ് ഇയറിലേയ്ക്ക് കയറുമ്പോഴാണ് കന്യാകുമാരിയിലൊരു കടംകഥയിൽ അഭിനയിക്കാൻ പോകുന്നത്. അതോടെ സംഗീതപഠനം മുടങ്ങി. പക്ഷെ ചേച്ചിയൊക്കെ സംഗീതപ്രവീണയാണ്. അണ്ണനും പഠനം പൂർത്തിയാക്കി.
ചേച്ചി ഇപ്പോൾ സംഗീത ടീച്ചറാണോ?
ചേച്ചി ഭാരതീയ വിദ്യാഭവനിലെ ടീച്ചറായിരുന്നു. ഇപ്പോഴും ചേച്ചി പാട്ട് പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്, പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അണ്ണൻ സംഗീതസംവിധായകനാണ്. അണ്ണന്റെ മകനും കീബോർഡ് പ്ലെയറാണ്.
മറുനാടന് ഡെസ്ക്