വെഞ്ഞാറമൂടിനടുത്തു നടന്ന രണ്ടു പേരുടെ വധത്തെ ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റി അപലപിക്കുന്നതായും ഈ സംഭവത്തിൽ ഐ.എൻ.ടി.യു.സി.യിൽ അംഗത്വമുള്ളവരാരുമില്ലെന്നും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അറിയിച്ചു.

ഐ.എൻ.ടി.യു.സി. പതാകകളും യൂണിയൻ ആഫീസുകളും കഴിഞ്ഞ ദിവസം വ്യാപകമായി അടിച്ചു തകർത്തിരിക്കുന്നു. ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് അറിയിച്ചു.

തൊഴിലാളി സംഘടനകൾ കോർപ്പറേറ്റ് വൽക്കരണത്തിനും ഫാസിസത്തിനുമെതിരെ രാജ്യത്തുടനീളം യോജിച്ച പോരാട്ടത്തിലാണ്.

കേരളത്തിൽ തൊഴിലാളി സംഘടനകൾ തമ്മിലുള്ള സംഘർഷങ്ങളില്ലാതായിട്ട് വർഷങ്ങളായി. തൊഴിലാളി ഐക്യം ദേശീയ തലത്തിൽ രൂപപ്പെട്ട ശേഷം ഒരു തൊഴിലാളിയുടെ ജീവനും രാഷ്ട്രീയ വൈരം മൂലം ഹനിക്കപ്പെട്ടിട്ടില്ല.

ഐക്യത്തോടെയുള്ള തൊഴിലാളി പ്രവർത്തനങ്ങളിൽ വിള്ളൽ വീഴാതെ സംരക്ഷിക്കാനുള്ള സമീപനമാണ് എല്ലാ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.

സർക്കാർ പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ആവശ്യപ്പെട്ടു.