തിരുവനന്തപുരം: സമര പ്രഖ്യാപന വാഹനജാഥ നടത്തുന്ന ഐ.എൻ.റ്റി.യു.സി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരന് സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം.

മാവേലിക്കര നിയോജകമണ്ഡലത്തിൽ ചന്ദ്രശേഖരന്റെ യാത്രയ്ക്കു നൽകിയ സ്വീകരണയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ യുവനേതാവും കോൺഗ്രസ് മാധ്യമസമിതി അംഗവുമായ ബിആർഎം ഷെബീർ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത ചിത്രത്തിനു താഴെയാണ് ചന്ദ്രശേഖരന് പൊങ്കാലയുമായി കോൺഗ്രസുകാർ എത്തിയിരിക്കുന്നത്.

കോട്ടയം ജില്ലയിൽ നടത്തിയ ജാഥയോട് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ സഹകരിക്കാത്തതിനെ ചന്ദ്രശേഖരൻ പരസ്യമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യൽമീഡിയയിൽ  ചന്ദ്രശേഖരനെ സഭ്യമായതും അസഭ്യമായതുമായ ഭാഷയിൽ കോൺഗ്രസുകാർ കടന്നാക്രമിക്കുന്നത്.

താൻ പങ്കെടുത്ത പരിപാടി എന്ന നിലയിലാണ് ഷെബീർ ഫോട്ടോ ഉൾപ്പെടെ ഇതു പോസ്റ്റു ചെയ്തത്. എന്നാൽ പതിവിനു വിപരീതമായി കമന്റ് ബോക്‌സിൽ ചന്ദ്രശേഖരന് എതിരായ പ്രതിഷേധം നിറയുകയായിരുന്നു. കൊല്ലത്തുനിന്നുള്ള ഏതാനും പേർ ചന്ദ്രശേഖരന് എതിരായ ആക്രമണത്തെ പ്രതിരോധിക്കാൻ രംഗത്തെത്തിയിട്ടുണ്ടെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ ആയിട്ടില്ല.

കമ്മികളുടെ കാല് തിരുമി നടക്കുന്ന ചന്ദ്രശേഖന്റെ തെക്കുവടക്ക് ജാഥ, പാർട്ടി പേരുപറഞ്ഞ്പിരിവു നടത്തി പുട്ടടിക്കാനുള്ള പരിപാടിയാണെന്നാണ് ഒരാളുടെ കമന്റ്. അണ്ടിക്കള്ളൻ ചന്ദ്രശേഖരനെപ്പോലെയുള്ള കാട്ടുകള്ളന്മാർ പിണറായി വിജയന്റെ മൂട് താങ്ങി കാര്യം നേടാൻ നോക്കുമെന്ന രൂക്ഷ വിമർശനവും ഒരാൾ ഉന്നയിച്ചിട്ടുണ്ട്.

നാറിയവനെ ചുമന്നാൽ ചുമക്കുന്നവനും നാറും എന്നാണ് ചൊല്ല്, ഇവൻ ശരിക്കും കോൺഗ്രസ് ആണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ? അണ്ടികള്ളൻ, സ്വയം കേസിൽ നിന്നും രക്ഷപെടാൻ പരനാറിയെ പുകഴ്‌ത്തി സ്വന്തം പ്രസ്ഥാനത്തെ ഒറ്റുകൊടുത്തു നടക്കുന്നവൻ അല്ലേ?- എന്ന സംശയം ഉന്നയിച്ചും ഒരാൾ രംഗത്തെത്തിയിട്ടുണ്ട്. ഇവനൊക്കെ കോൺഗ്രസ് ആണെന്ന് പറയുന്നത് തന്നെ കോൺഗ്രസുകാർക്ക് അപമാനമെന്ന കമന്റുമുണ്ട്.

പിണറായി വിജയന്റെയും മറ്റ് സി.പി. എം നേതാക്കളുടെയും പിന്തുണയോടെ കോൺഗ്രസ്സ് സർക്കാറിനെതിരെ അനിശ്ചിതകാല നിരാഹാരം ഇരിക്കുക, അത് നിയമസഭാ ഇലക്ഷൻ പടിവാതിൽക്കൽ വന്ന് നിൽക്കുമ്പോൾ... അതല്ലേ അദ്ദേഹത്തിന്റെ മഹത്വമെന്നും മറ്റൊരാൾ ചോദിക്കുന്നു. പാർട്ടി വഞ്ചകൻ, ഒറ്റുകാരൻ! എന്നിങ്ങനെ വിശേഷിപ്പിക്കുന്നവരും കുറവല്ല.

ഓഗസ്റ്റ് 15-ന് കാസർകോട്ടുനിന്ന് ആരംഭിച്ച ചന്ദ്രശേഖരന്റെ ജാഥ  31-ന് പാറശാലയിൽ സമാപിക്കും.