പത്തനംതിട്ട: മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ നടത്തിയ രൂക്ഷവിമർശനങ്ങൾ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരന് പാരയായി. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും 10 അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചും ചന്ദ്രശേഖരൻ നടത്തുന്ന സമര പ്രചാരണ ജാഥയ്ക്ക് കോട്ടയത്തും പത്തനംതിട്ടയിലും ഉമ്മൻ ചാണ്ടി വിഭാഗം പാലം വലിച്ചു. വിരലിൽ എണ്ണാവുന്ന പ്രവർത്തകർ മാത്രമാണ് പല സ്വീകരണ സ്ഥലത്തും എത്തിയത്.

ഐഎൻടിയുസിയിലെയും ഐ ഗ്രൂപ്പിലെയും വിഭാഗീയത കൂടിയായതോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സംഘാടകർ നാണം കെട്ടു. കോട്ടയത്ത് ഡിസിസി പ്രസിഡന്റ് അടക്കം ജാഥയോട് വേണ്ട രീതിയിൽ സഹകരിച്ചില്ല എന്ന ആരോപണം ഐഎൻടിയുസിക്കാർക്ക് ഉന്നയിക്കേണ്ടിയും വന്നു. പത്തനംതിട്ടയിലും സ്ഥിതി വ്യത്യസ്തമായില്ല. ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ഒരിടത്ത് മാത്രം തലകാണിച്ച് മുങ്ങി.

എ ഗ്രൂപ്പിൽ നിന്ന് ഉമ്മൻ ചാണ്ടി വിഭാഗവും ഐ ഗ്രൂപ്പിലെ പഴകുളം മധുവിനെ അനുകൂലിക്കുന്നവരും വിട്ടു നിന്നതോടെ വാഹനജാഥയ്ക്ക് പത്തനംതിട്ട ജില്ലയിൽ തണുപ്പൻ സ്വീകരണമാണുണ്ടായത്. ജില്ലാ അതിർത്തിയായ കടപ്രയിലാണ് ജാഥയെ വരവേറ്റത്. ആദ്യയോഗം തിരുവല്ലയിൽ നടന്നു. ഇവിടെ മാത്രമല്ല, മറ്റു സ്വീകരണ സ്ഥലങ്ങളിലും ജാഥയ്ക്ക് പ്രതീക്ഷിച്ച ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.

മിക്കയിടത്തും പങ്കാളിത്തവും കുറവായിരുന്നു. ഇന്നലെ വൈകിട്ട് ജില്ലാ ആസ്ഥാനത്ത് നടന്ന സമാപന സമ്മേളനത്തിലും പങ്കാളിത്തം കുറഞ്ഞിരുന്നു. സമാപനം രാജ്‌മോഹൻ ഉണ്ണിത്താനാണ് ഉദ്ഘാടനം ചെയ്തത്. ജനപങ്കാളിത്തം കുറഞ്ഞതിൽ ഉണ്ണിത്താൻ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. വേദി വിട്ടിറങ്ങിപ്പോവുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനീഷ് വരിക്കണ്ണാമല മാത്രമാണ് ഉമ്മൻ ചാണ്ടി പക്ഷത്ത് നിന്ന് ജാഥയിൽ പങ്കെടുത്തത്.

ഐ ഗ്രൂപ്പിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദീനെ എതിർക്കുന്നവരാണ് വിട്ടു നിന്നത്. പഴകുളം മധു വിഭാഗത്തിൽ നിന്നു പ്രബലനേതാക്കളെ ഒരു യോഗത്തിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ്‌കുമാർ മലയാലപ്പുഴയെ ഷംസുദ്ദീൻ വിഭാഗം ഒതുക്കിയതായും പരാതിയുണ്ട്.

പ്രചാരണ ഫ്ളക്സുകളിലും പോസ്റ്ററുകളിലും നിന്ന് ജ്യോതിഷ്‌കുമാറിന്റെ ചിത്രങ്ങൾ ഒഴിവാക്കിയിരുന്നു. പാർട്ടി മുഖപത്രത്തിൽ ഇറക്കിയ സപ്ലിമെന്റിലും ജ്യോതിഷ്‌കുമാറിന്റെ ചിത്രം ചേർത്തിരുന്നില്ല. രണ്ടു ജില്ലകളിൽ ജനപങ്കാളിത്തം കുറഞ്ഞതിൽ ചന്ദ്രശേഖരനും കടുത്ത അതൃപ്തിയാണ് അറിയിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടിയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കുമെന്ന ഭീഷണിയും ഒരു നേതാവ് മുഴക്കിയിട്ടുണ്ട്.