- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വള്ളം മറിഞ്ഞ് പൊലീസുകാരന്റെ മരണം; ബാലു സർവീസിൽ കയറിയിട്ട് 11 മാസം; നീന്തൽ അറിയില്ല; വെള്ളത്തിലേക്ക് വീണു മുങ്ങിത്താഴ്ന്നു; കേസെടുത്ത് പൊലീസ്; വർക്കല ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതിയെ തേടിയുള്ള യാത്രക്കിടെ വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു വർക്കല പൊലീസാണ് കേസെടുത്തത്. വർക്കല ഡിവൈഎസ്പി നിയാസിനാണ് അന്വേഷണ ചുമതല.
വള്ളം മുങ്ങി മരിച്ച എസ്എപി ക്യാംപിലെ പൊലീസുകാരൻ ബാലു (27) സർവീസിൽ കയറിയിട്ട് 11 മാസം മാത്രമെ ആയിട്ടുള്ളു. എൻജിനീയറിങ് ബിരുദധാരിയായ ബാലു അവിവാഹിതനാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും.
പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതിയെ തേടിയുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. വർക്കല സിഐ പ്രശാന്തും, എസ് ബാലുവും മറ്റൊരു പൊലീസുകാരൻ പ്രശാന്തും സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. വള്ളക്കാരൻ വസന്തനും ഇവരുടെ ഒപ്പം ഉണ്ടായിരുന്നു. സിഐയും വള്ളത്തിലുണ്ടായിരുന്ന രണ്ടാമത്തെ പൊലീസുകാരനും രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള ഈ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് ബാലുവിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
ശിവഗിരിയിൽ ഡ്യൂട്ടിക്കെത്തിയ ബാലു ഉൾപ്പെടെ പത്തു പേരെ പിന്നീട് വർക്കല സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഉൾപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക്, പോത്തൻകോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരയുന്നതിനിടെ കടയ്ക്കാവൂർ പണയിൽ കടവ് പാലത്തിനു സമീപത്തു വച്ചാണ് വള്ളം അപകടത്തിൽപ്പെട്ടത്.
സിഐ ഉൾപ്പെടെ മൂന്നു പേർ വള്ളക്കാരന്റെ സഹായത്തോടെ നീന്തി രക്ഷപ്പെട്ടു. വെള്ളത്തിലേക്ക് വീണ ബാലു മുങ്ങിത്താഴുകയായിരുന്നു. തിരച്ചിലിനിടെ കണ്ടെത്തിയ ബാലുവിനെ വർക്കല മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളം മുന്നോട്ടു നീങ്ങവേ സിഐ എഴുന്നേറ്റതാണ് ബാലൻസ് തെറ്റി വള്ളം മറിയാൻ കാരണമെന്നു വള്ളക്കാരൻ വസന്ത് പറയുന്നു.
മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പ്രതിയെ പിടിക്കാൻ പോകാൻ വള്ളമെടുക്കണമെന് സിഐ ആവശ്യപ്പെട്ടുവെന്നാണ് വള്ളക്കാരൻ വസന്തൻ പറയുന്നത്. വള്ളത്തിന്റെ അറ്റത്തായാണ് ബാലു ഇരുന്നിരുന്നത്. വള്ളം മറിഞ്ഞതോടെ സിഐയെയും ഒരു പൊലീസുകാരനെയും രക്ഷിക്കാൻ ശ്രമിച്ചു. ബാലുവും നീന്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇരുവരേയും കരയ്ക്കെത്തിച്ച് തിരിഞ്ഞു നോക്കിയപ്പോൾ ഇയാളെ കണ്ടില്ലെന്നുമാണ് വസന്തന്റെ വിശദീകരണം.
ബാലുവിന്റെ പൊലീസ് പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് മൂന്ന് മാസം മാത്രേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. വർക്കല ശിവഗിരി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബാലുവിനെ ഇവിടെ നിന്ന് പ്രതിക്കായുള്ള തെരച്ചിൽ സംഘത്തിലേക്ക് നിയോഗിക്കുകയായിരുന്നു.
ബാലു ഉൾപ്പെടെ അമ്പത് പൊലീസുകാരാണ് എസ്എപി ക്യാമ്പിൽ നിന്ന് ശിവഗിരിയിലേക്ക് പോയത്. ഈ സംഘത്തിൽ നിന്ന് പത്ത് പേരെ വർക്കല പൊലീസ് സ്റ്റേഷനിലേക്ക് അറ്റാച്ച് ചെയ്യുകയായിരുന്നു.
പുന്നപ്ര ആലിശ്ശേരിൽ കാർത്തികയിൽ ഡി സുരേഷിന്റെയും അനിലാ ദാസിന്റെയും മകനാണ് ബാലു. സിവിൽ എഞ്ചിനീയറിങ്, ധനതത്വശാസ്ത്രം എന്നിവയിൽ ബിരുദധാരിയായ ബാലു അവിവാഹിതനാണ്, ഇരുപത്തിയേഴ് വയസായിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കൊല്ലം ജനുവരിയിലാണ് പരിശീലനത്തിനായി സേനയിൽ ചേർന്നത്.
ബാലുവിന്റെ നിര്യാണത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അനുശോചിച്ചു. സെപ്റ്റംബറിൽ പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് ഡിജിപി അനുസ്മരിച്ചു
പോത്തൻകോട് സുധീഷ് വധത്തിൽ പ്രധാന സൂത്രധാരനും ഗൂണ്ടാത്തലവനുമായ ഒട്ടകം രാജേഷിനെ മാത്രം പിടികൂടാൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. ആറ്റിങ്ങൽ, വർക്കല ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു. കടയ്ക്കാവൂരിൽ ഒട്ടകം രാജേഷ് ഒളിവിൽ കഴിഞ്ഞെന്നുള്ള രഹസ്യ വിവരത്തെ തുടർന്നാണ് വള്ളത്തിൽ തിരച്ചിൽ നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ