പാലക്കാട്: റോഡരികിൽ ഓട്ടോഡ്രൈവറായ യുവാവിനെ മർദനമേറ്റ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിത്തരിച്ച് വള്ളിക്കോട് പാറയ്ക്കൽ ഗ്രാമം. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ദിവസവും സഞ്ചരിക്കുന്ന റോഡിൽ ചോരവാർന്ന് ആരും തിരിഞ്ഞു നോക്കാതെ യുവാവ് കിടന്നത് ഒരു മണിക്കൂറിലധികം.

റോഡരികിൽ കണ്ടയാൾ മദ്യപിച്ചു കിടക്കുകയാണെന്നാണു നാട്ടുകാർ ആദ്യം കരുതിയത്. ഇതോടെ ആരും ഇയാളെ തിരിഞ്ഞു നോക്കിയുമില്ല. അതു വഴി കടന്നു പോയ 4 യുവാക്കൾക്കാണു റോഡരികിൽ വീണുകിടക്കുന്നയാളെ കണ്ടു പന്തിക്കേട് തോന്നിയത്. തുടർന്ന് സമീപത്ത് ചെന്നപ്പോഴാണു ചോരയൊലിച്ചു കിടക്കുന്നതു മുട്ടിക്കുളങ്ങര സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ ഷെമീർ ആണെന്ന് തിരിച്ചറിഞ്ഞത്.

തുടർ വിവരം പൊലീസിനെ ധരിപ്പിക്കുകയായിരുന്നു. ഇതോടെ സ്ഥലത്ത് നിയന്ത്രിക്കാൻ പറ്റാത്ത സ്ഥിതിയിൽ ജനങ്ങൾ എത്തി തുടങ്ങി. ഒടുവിൽ തിരിക്കു നിയന്ത്രിക്കാൻ പൊലീസിന് വടം കെട്ടേണ്ടി വന്നു. ഇന്നലെ വൈകിട്ടാണ് ഓട്ടോഡ്രൈവറായ കിണാവല്ലൂർ കമ്പ പാറയ്ക്കൽ കുണ്ടുകാട് പരേതനായ അബ്ദുൽ ബഷീറിന്റെ മകൻ ഷെമീറിനെ വഴിയരികിൽ മർദ്ദനമേറ്റ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവം സദാചാരകൊലപാതകമായിരിക്കാമെന്നാണ് പൊലീസ് ഭാഷ്യം.

മുട്ടിക്കുളങ്ങര സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ ഷെമീർ പാറയ്ക്കലിലെ ഒരു വീട്ടിലേക്ക് വരുമ്പോൾ മൂന്ന് യുവാക്കൾ ഓട്ടോ തടഞ്ഞു നിർത്തി ഷെമീറിനെ വലിച്ച് താഴേയിട്ട് മർദിക്കുന്നത് കണ്ടതായി നാട്ടുകാരിൽ ചിലർ പൊലീസിന് മൊഴി നൽകിയതായാണ് വിവരം. ആക്രമണം നടത്തിയതിന് ശേഷം സംഘം രണ്ട് ബൈക്കുകളിലായി രക്ഷപ്പെടുകയായിരുന്നുവെന്നും സൂചനയുണ്ട്.

രാത്രിയോടെ അതുവഴിയെത്തിയ യുവാക്കളാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. മുട്ടിക്കുളങ്ങര സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നെങ്കിലും സ്ഥിരമായി സ്റ്റാൻഡിൽ കാണാറില്ല. ഫോണിൽകൂടി ആളുകൾ വിളിക്കുമ്പോഴായിരുന്നു ഷെമീർ കൂടുതൽ ഓട്ടങ്ങളും പോയിരുന്നതെന്നു മറ്റു ഡ്രൈവർമാർ പറയുന്നു. ഫൊറൻസിക് വിദഗ്ധരില്ലാത്തതിനാൽ ഒരു രാത്രി മുഴുവൻ സംഭവസ്ഥലത്തു തന്നെ മൃതദേഹം കിടത്തേണ്ടി വന്നു.

ഷെമീറിന്റെ തലയിലും ദേഹത്തും മർദനമേറ്റതിന്റെ പാടുകളുണ്ട്. പട്ടികകഷ്ണവും ഗ്രനേറ്റും കൊണ്ട് തലയ്ക്ക് അടിയേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ സമീപവാസികളായ മൂന്നു പേരെ പൊലീസ് തിരയുന്നുണ്ട്. കൊല്ലപ്പെട്ട ഷെമീർ അവിവാഹിതനാണ്. പരേതയായ സുബൈദയാണ് മാതാവ്.

പാലക്കാട് ഡിവൈഎസ്‌പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിന് ശേഷം പ്രദേശത്ത് നിന്ന് കാണാതായ യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ഹേമാംബിക നഗർ സിഐ പ്രേമാനന്ദ കൃഷ്ണനാണ് അന്വേഷണ ചുമതല.