- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ- ബുൾജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകും; സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം; സെഷൻസ് കോടതിയിൽ അന്വേഷണസംഘം വെള്ളിയാഴ്ച്ച ഹർജ്ജി സമർപ്പിക്കും
കണ്ണൂർ: ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് ജാമ്യം അനുവദിച്ചതിനെതിരെ അന്വേഷണസംഘം വെള്ളിയാഴ്ച്ച ഹർജ്ജി സമർപ്പിക്കും. ഇരുവർക്കും ജാമ്യം നൽകിയ സംഭവം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജ്ജി.കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് (ഒന്ന്) കോടതി ജാമ്യം അനുവദിച്ചതിനെതിരെ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി പി ശശീന്ദ്രൻ മുഖേനയാണ് ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകുക.
ആർടി ഓഫീസിൽ അതിക്രമിച്ചുകയറി കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തെന്ന ആരോപണം നേരിടുന്ന വ്ളോഗർ സഹോദരന്മാരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടും.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിന് തിങ്കളാഴ്ച രാവിലെ ഓഫീസിൽ കയറി സഹോദരങ്ങൾ അതിക്രമം കാട്ടി എന്നതാണ് കേസ്. പൊതുമുതൽ നശിപ്പിക്കൽ, ആർടി ഓഫീസിലെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.പൊതുമുതൽ നശിപ്പിച്ചതിന് ഒരാൾക്ക് 3500 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
കളക്ടറേറ്റിലെ ആർടിഒ ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പിഴയടയ്ക്കാമെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കോടതിയിൽ അറിയിച്ചിരുന്നു. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളാണ് സംഘർഷവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഏഴായിരത്തോളം രൂപ പിഴയാണ് ഈ കേസിൽ മാത്രം എബിനും ലിബിനുമെതിരായി ചുമത്തിയിരിക്കുന്നത്.വാഹന മോദിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള കേസുകൾ മോട്ടോർ വാഹന വകുപ്പ് പരിധിയിലാണ് വരുന്നത്. ഇതുമായി ബന്ധപ്പെട്ട പിഴ സംബന്ധിച്ച് ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിനും ലിബിനും ആർടിഒ എൻഫോഴ്സ്മെന്റിന് കൃത്യമായ വിശദീകരണം നൽകിയിട്ടില്ല.
വാഹന മോദിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാൻ കണ്ണൂർ ആർ.ടി.ഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. തുടർനടപടികൾക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു.തുടർന്ന് ഇരുവരും ഓഫീസിൽ എത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു.
ഗുരുതര വകുപ്പുകളാണ് വിവാദ യുട്യൂബമാരായ ഇ ബുൾ ജെറ്റ് സഹോദങ്ങൾക്കെതിരെ പൊലീസ് ചുമത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നാല് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഐപിസി 341,506,534,34 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. തടഞ്ഞു വയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകൃത്യത്തിനു കുട്ടു നിൽക്കലൽ തുടങ്ങിയ വകുപ്പുകളാണ് ഇത്. ഇതിന് പുറമെ പൊതു മുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ 3(1) ഉം പകർച്ച വ്യാധി നിയന്ത്രണ നിയമത്തിലെ 3(യ) യും ചുമത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ