- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 കോടി ഇടനിലക്കാർ വഴി കൊടുത്തത് രവി പൂജാരിയുമായി സെറ്റിൽ ചെയ്തെന്ന് സൂചന; ഈ കാശ് എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിക്കാൻ പൊലീസ്; വെടി വയ്പ്പ് കേസിൽ പരാതിയുമായി എത്തിയ ലീന മരിയാ പോളിന് ഇപ്പോൾ കേസിൽ താൽപ്പര്യമില്ലെന്ന് സംശയിച്ച് പൊലീസ്; സാമ്പത്തിക ഉറവിടത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം ഒഴിഞ്ഞു പോകൽ; ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ ദുരൂഹത മാറുന്നില്ല
കൊച്ചി : നടിയും സംരംഭകയുമായ ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണിൽ വെടിവയ്പിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. എന്നാൽ 25 കോടിയുടെ ഇടപാടിൽ ഒത്തുതീർപ്പായെന്നും പൊലീസ് തിരിച്ചറിയുന്നു. ലീന മരിയാ പോൾ 25 കോടി രവി പൂജാരിയുടെ സംഘത്തിന് രഹസ്യമായി നൽകിയെന്നാണ് സൂചന. ബ്യൂട്ടി പാർലറിലെ വെടിവയ്പ്പ് ചർച്ചയാക്കി സാമ്പത്തിക ഇടപാടുകളിൽ കള്ളക്കളി നടത്താനായിരുന്നു ലീനയുടെ ശ്രമം. എന്നാൽ രവി പൂജാരി ഉറച്ച നിലപാടിലാണെന്ന് മനസ്സിലായതോടെ ലീന നിലപാട് മാറ്റി. ഇതിന്റെ ഭാഗമായാണ് പണം കൊടുത്തതെന്നാണ് സൂചന.
രവി പൂജാരിക്കുള്ള സാമ്പത്തിക താൽപര്യം സംബന്ധിച്ച പൊലീസ് അന്വേഷണം എത്തുന്നത് ലീനയുടെ ബിസിനസ് കൂട്ടാളികളിലേക്കായിരുന്നു. 25 കോടി രൂപയാണ് രവി പൂജാരിയെന്ന് അവകാശപ്പെടുന്നയാൾ ലീനയോട് ആവശ്യപ്പെടുന്നത്. ഈ പണം ആർക്കു വേണ്ടിയാണെന്നു വെളിപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മംഗളുരു കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. ഇതോടെയാണ് തർക്കത്തിന്റെ കാരണം പിടികിട്ടിയത്. ഇതോടെയാണ് രവി പൂജാരിയുടെ ഭീഷണി ഒഴിവാക്കാൻ പണം കൊടുത്തതെന്നാണ് സൂചന. ഇത്രവേഗം 25 കോടി എങ്ങനെ ലീന ഒപ്പിച്ചുവെന്നതിലും അന്വേഷണം സജീവമാണ്. ലീനയുടെ പങ്കാളി സുകേഷിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്ന് പൊലീസും തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്വകാര്യ വാർത്താ ചാനലിന്റെ ഫോണിൽ വിളിച്ചാണു രവി പൂജാരി ഭീഷണി വ്യക്തമാക്കുന്നത്. ഭീഷണി പരസ്യമാക്കി ലീനയെ സമ്മർദത്തിലാക്കുകയായിരുന്നു ലക്ഷ്യം. ഇനി കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് രവി പൂജാരി പറഞ്ഞിരുന്നു. ഇതോടെ പ്രശ്നം സങ്കീർണ്ണതയിലേക്ക് പോകുമെന്ന് വ്യക്തമായി. പൊലീസും ലീനയോട് ചോദ്യങ്ങളുമായി എത്തി. ലീനയാവട്ടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരം പൂർണമായി പൊലീസിനോടു വെളിപ്പെടുത്തുന്നുമില്ല. ഭീഷണിക്ക് പിന്നിൽ രവി പൂജാരിയാണെന്നും വ്യക്തമായി. ശബ്ദ പരിശോധനയിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്. എങ്ങനെയാണ് ഈ കേസിൽ രവി പൂജാരി ബന്ധപ്പെടുന്നതെന്നും പൊലീസ് തിരിച്ചറിഞ്ഞു.
ചാനലിൽ വിളിച്ചു വാർത്തയാക്കാൻ ശ്രമിക്കുന്ന രവി പൂജാരി ലീനയെയും ഫോണിൽ വിളിച്ചു വിലപേശുന്നുണ്ടെന്നാണു പൊലീസ് തിരിച്ചറിഞ്ഞു. കുറ്റവാളി ആഗ്രഹിക്കുന്ന തുക രഹസ്യമായി കൈമാറ്റം ചെയ്യപ്പെട്ടാൽ ഫോൺ വിളിയും അവസാനിക്കുമെന്നും മനസ്സിലായി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പണം കൈമാറ്റത്തിന്റെ സൂചനകൾ പൊലീസിന് ലഭിച്ചത്. കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള താൽപര്യം ഇപ്പോൾ നടിക്കും ഇല്ലെന്നു പൊലീസ് തിരിച്ചറിഞ്ഞു. തുക ഇതിനകം ക്രിമിനൽ സംഘത്തിനു കൈമാറിയിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥർതന്നെ ഇവർക്ക് ഇടനിലക്കാരായതായും സംശയിക്കുന്നു. വെടിവയ്പു നടത്തിയവരെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതാണെന്നും ആരോപണമുണ്ട്. ഇതെല്ലാം പൊലീസിലെ പ്രത്യേക അന്വേഷണ സംഘം രഹസ്യമായി പരിശോധിക്കുന്നുണ്ട്. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പുമായി ബന്ധപ്പെട്ട് മംഗലാപുരത്ത് ജയിലിൽ കഴിയുന്ന ഹവാലാ റാക്കറ്റിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പെരുമ്പാവൂർ സ്വദേശി ഉണ്ണിക്കുട്ടന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിലുള്ള പ്രതികളിൽ നിന്നാണ് വിവരങ്ങൾ തേടിയത്. ഇതോടെയാണ് ബ്യൂട്ടി പാർലർ വെടിവയ്പിനായി നിയോഗിച്ച സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞത്.
മംഗലാപുരത്തെ ഉണ്ണിക്കുട്ടൻ വധക്കേസിലെ പ്രതി ഔറംഗസേബിനെയാണ് കൊച്ചി സിറ്റി പൊലീസ് ബ്യൂട്ടി പാർലർ വെടിവയ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. മംഗലാപുരത്തെ ജയിലിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ഹവാല റാക്കറ്റുകൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്നാണ് ഉണ്ണിക്കുട്ടൻ കൊല്ലപ്പെട്ടത്. ഉടുപ്പി സ്വദേശിയായ മുംബൈ അധോലോക കുറ്റവാളി രവി പൂജാരി മംഗലാപുരത്തെ ഇടനിലക്കാരെ ഉപയോഗിച്ചാണ് അടുത്തകാലത്തായി ഇടപാടുകൾ നടത്തുന്നത്. ലീന മരിയ പോളിന്റെ പനമ്പള്ളി നഗറിലെ ബ്യൂട്ടി പാർലറിലും വെടിവയ്പ് നടത്തിയത് രവി പൂജാരി തന്നെയെന്ന് ഉറപ്പിച്ച പശ്ചാത്തലത്തിലായിരുന്നു ഈ അന്വേഷണം. പ്രാദേശിക പിന്തുണയോ അറിവോ കൂടാതെ ഇത്തരം കൃത്യം നടത്താനാകില്ല എന്ന നിഗമനത്തിലും പൊലീസ് എത്തി. പ്രതികളേയും മനസ്സിലായി. എന്നാൽ നടപടിയൊന്നും എടുത്തില്ല.
ഉണ്ണിക്കുട്ടൻ വധക്കേസിലെ കൂട്ടുപ്രതിയും തീവ്രവാദക്കേസുകളിലെ പ്രതിയുമായ അനസിനെയും മംഗലാപുരത്തുവെച്ച് ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാൽ ഇയാൾ ദിവസങ്ങൾക്കുമുമ്പ് ജാമ്യത്തിലിറങ്ങിയെന്ന് അവിടെത്തിയപ്പോഴാണ് പൊലീസ് അറിഞ്ഞിത്. ഇതും അന്വേഷണത്തിൽ നിർണ്ണായകമായിരുന്നു.