തൃശ്ശൂർ: സി.പി.എം നേതാക്കളുടെ ഗുണ്ടാപ്പിരിവിലും അനാവശ്യ സമരത്തിലും മനംമടുത്ത് യുവ വ്യവസായി 100 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നു. സി.പി.എം ഭരിക്കുന്ന കേരളത്തിൽ വ്യവസായ വകുപ്പ് മന്ത്രിയുടെ തൊട്ടടുത്ത മണ്ഡലത്തിലാണ് നേതാക്കളുടെ പണപ്പിരിവും സമര നാടകവും അരങ്ങേറിയത്. പിരിവിൽ മനം മടുത്ത് ബിൽഡറായ സക്കീർ ഹുസൈൻ എന്ന യുവവ്യവസായി ആണ് 100 കോടി രൂപയുടെ ആയുർവേദ ചികിത്സ പദ്ധതി ഉപേക്ഷിക്കുന്നത്. പാലക്കാട് തൃത്താല പട്ടിക്കര പഞ്ചായത്തിലാണ് ഇരുപത് കോടി രൂപയോളം മുടക്കിയിട്ടും മുന്നോട്ട് കൊണ്ട് പോകാനാകാതെ പദ്ധതി ഉപേക്ഷിക്കുന്നത്. ആരോടും വിദ്വേഷത്തിനോ പകയ്‌ക്കോ താൽപര്യമില്ലാത്തതിനാലാണ് താൻ പദ്ധതി ഉപേക്ഷിക്കുന്നതെന്നും സക്കീർ ഹുസൈൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

റഹ്ന ഹോംസ് ആൻഡ് റിസോർട്‌സ് ഉടമയായ സക്കീർ ഹുസൈൻ കൊച്ചി ഉൾപ്പടെയുള്ള നഗരങ്ങളിൽ ബിസിനസ് നടത്തുന്നയാളാണ്. സ്വന്തം നാട്ടിലും ബിസിനസ് നടത്തമമെന്ന താൽപര്യമാണ് ആയുർവേദ ചികിത്സയും ഫാം ടൂറിസവുമുൾപ്പടെയുള്ള പദ്ധതിക്ക് പണം മുടക്കാൻ സക്കീറിനെ പ്രേരിപ്പിച്ചത്. ഹൈവേയ്ക്ക് സമീപം എട്ട് ഏക്കർ വാങ്ങിയാണ് പദ്ധതിയുമായി മുന്നോട്ട് പോയത്. ഹൈവേയിൽ നിന്നും റോഡിനോട് ചേർന്നുള്ള സ്ഥലത്തിൽ ഇറച്ചി വേസ്റ്റ് ഉൾപ്പടെ നിക്ഷേപിക്കുന്നത് പതിവായിരുന്നു. തന്റെ സംരഭത്തിന് മുന്നിൽ ഇത്തരമൊരു വൃത്തിയില്ലായ്മ കണ്ട സക്കീർ പൊതുമരാമത്ത് വകുപ്പിനെ സമീപിക്കുകയും അവിടെ ലാൻഡ് സ്‌കേപ്പ് നിർമ്മിക്കാനുള്ള അനുവാദം തേടുകയുമായിരുന്നു. ഇതിനുള്ള അനുമതി ലഭിക്കുകയും ചെയ്തു.

പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ പാർട്ടി ഫണ്ടിനായി നേതാക്കൾ സമീപിച്ചെന്നും താൻ സന്തോഷത്തോടെ നൽകിയെന്നും സക്കീർ ഹുസൈൻ മറുനാടൻ മലയാളിയോട് പറഞ്ഞു. തുടർന്ന് പണം ആവശ്യപ്പെട്ട് പ്രാദേശിക നേതാക്കൾ എത്തുന്നതു പതിവാക്കി. പണം ഇല്ലെന്നു പറഞ്ഞപ്പോൾ ഇവിടെ ഞങ്ങളാണ് ഭരിക്കുന്നതെന്നും ഈ പദ്ധതി മുന്നോട്ട് പോകുന്നത് ഒന്നു കാണണമെന്നും ഭീഷണിപ്പെടുത്തിയതായും സക്കീർ പറഞ്ഞു. പിന്നീട് പിഡബ്ല്യൂഡി വകുപ്പിന്റെ അനുമതി ഉൾപ്പടെ മുടക്കിയാണ് നേതാക്കൾ പ്രതികാരം വീട്ടിയതെന്നും അദ്ദേഹം പറയുന്നു.

പിന്നീട് റിസോർട്ടിന് മുന്നിൽ കൊടി യും ഫ്‌ളക്‌സും സ്ഥാപിച്ചു. നിർമ്മാണത്തിലിരിക്കുന്ന റിസോർട്ടിന് മുന്നിലാണ് പാർട്ടി നേതാക്കൾ സമര പരിപാടിയുമായി എത്തിയത്. സ്ഥാപനത്തിന്റെ മുന്നിലെ മരാമത്ത് വകുപ്പിന്റെ റോഡിൽ മാലിന്യം കൊണ്ടിടാതിരിക്കാനാണ് തോട്ടം സജ്ജമാക്കാൻ താൻ തീരുമാനിച്ചതെന്നും സക്കീർ പറയുന്നു. അനുമതി വാങ്ങിയ ശേഷമാണ് മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് ഇവിടെ തോട്ടം നിർമ്മിച്ചത്. പാർട്ടിയുടെ അനുവാദമില്ലാതെ തോട്ടം നിർമ്മിച്ചതിനെ തുടർന്ന് കാണണം എന്ന് നേതാക്കൾ നിർദ്ദേശിച്ചെങ്കിലും നേതാക്കൾക്ക് വീണ്ടും പണം നൽകാൻ സക്കീർ തയാറായില്ല.

സർക്കാറിൽ നിന്നും അനുമതി ലഭിച്ചെന്നു പറഞ്ഞപ്പോൾ സി.പി.എം നേതാക്കൾ ഇടപെട്ട് എക്‌സി. എഞ്ചിനീയറെ ഭീഷണിപെടുത്തി കരാർറദ്ദാക്കിക്കുകയായിരുന്നു. ഗതികെട്ട സക്കീർ നേരെ വ്യവസായ വകുപ്പ് മന്ത്രിയെ നേരിൽ കാണുകയും പരാതി പറയുകയും ചെയ്തു. മന്ത്രി തന്നെ നേരിട്ട് ഇടപെട്ടതനുസരിച്ച് ലോക്കൽ കമ്മിറ്രി നേതാവ് നിർദ്ദേശിക്കുമെന്ന് പറഞ്ഞെങ്കിലും പിരിവിനു കുറവുണ്ടായില്ല. കുറച്ച് ദിവസത്തെ സമരമൊക്കെ ഉണ്ടാകുമെന്ന് പറഞ്#ങ്കെിലും തന്റെ സ്ഥാപനത്തിന് മുന്നിൽ അനാവശ്യമായി ഒരു സമരം നടത്തിയാൽ വിദേശ നിക്ഷേപകരുൾപ്പടെ പദ്ധതിയിൽ പങ്കാളിത്തം ഉപേക്ഷിച്ച് പോകുമെന്ന് പറഞ്ഞെങ്കിലും സമരം തുടരുകയായിരുന്നു. പിന്നീട് വിദേശ നിക്ഷേപകർ ഉൾപ്പടെ പദ്ധതിയിൽ നിന്നും പിൻവാങ്ങുകയായിരുന്നുവെന്നും സക്കീർ പറയുന്നു.

മന്ത്രി ഇടപെട്ടിട്ടും ഗുണമുണ്ടായില്ല. സമരം തുടങ്ങിയത് തനിക്ക് ബിസിനസിന് എതിരായി ബാധിച്ചുവെന്ന് അറിയിച്ചപ്പോൾ പിന്നീട് നേതാക്കൾ ഫോൺ എടുക്കാതെയായി. പ്രാദേശിക നേതാക്കൾ തന്നെ കൈയേറ്റക്കാരനായി ചിത്രീകരിച്ച് പൊതു വേദികളിൽ പ്രസംഗിച്ചതോടെ വ്യവസായി ആകെ തളരുകയായിരുന്നു. മറ്റ് പല ജില്ലകളിലും താൻ ബിസിനസ് ചെയ്തിട്ടുണ്ടെന്നും അവിടെയൊന്നും ഇത്തരം അനുഭങ്ങൾ ഉണ്ടായിട്ടില്ലെന്നും സക്കീർ മറുനാടനോട് പറഞ്ഞു. സി.പി.എം എന്ന പാർട്ടിയോട് തനിക്ക് യാതൊരു പ്രശ്‌നവുമില്ല. കരുത്തനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. അപ്പോൾ ഇവിടെ വ്യവസായങ്ങൾ വേണ്ടെന്ന നിലപാടാണോ പാർട്ടിയുടെ പ്രാദേശിക നേതാക്കൾക്കുള്ളതെന്നും സക്കീർ ചോദിക്കുന്നു.

വലിയ പ്രതീക്ഷയോടെയാണ് താൻ ഇങ്ങനെയൊരു സംരഭം തുടങ്ങിയതെന്നും എന്നാൽ അതിന് ഇങ്ങനെയൊരു ഫലമുണ്ടാകുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും മാനസികമായി തകർന്നാണ് താൻ ഇതിൽ നിന്നും പിൻവാങ്ങുന്നതെന്നും മറ്റാർക്കും ഇത്തരമൊരു ഗതി ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.