ഭാരതത്തിലെ മതേതരത്വത്തിന്റേയും ദേശീയതയുടേയും കാവൽക്കാരായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യ നേതാവ് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുവാൻ പെൻസിൽവേനിയ സ്റ്റേറ്റിലെ കോൺഗ്രസ് അനുഭാവികൾ ഒന്നിക്കുന്നു.

മതപരമായ ധ്രുവീകരണത്തിലൂടെ അധികാരം കയ്യാളുന്ന ബിജെപി യിൽ നിന്നും ഭാരതത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഇന്ത്യൻ ഓവർവീസ് കോൺഗ്രസിന്റെ അമേരിക്കയിലെ ദേശീയ അദ്ധ്യക്ഷ ശ്രീമതി ലീലാ മാരേട്ട് ആണ് പെൻസിൽവേനിയ ചാപ്റ്ററിന്റെ നേതൃനിരയെ പ്രഖ്യാപിച്ചത്.

ഊർജ്ജ സ്വലതയും യുവത്വവും നിറഞ്ഞ പുതിയ നേതൃത്വം അമേരിക്കയിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടാകുമെന്ന് ലീലാ മാരേട്ട് പ്രത്യാശ പ്രകടിപ്പിച്ചു. കോൺഗ്രസ് പാർട്ടിയോട് അനുഭാവമുള്ള എല്ലാ ജനങ്ങളേയും ഒന്നിച്ചു കൊണ്ടുവരാൻ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുമെന്ന് പ്രസിഡന്റായി ചുമതലയേറ്റ ചെറിയാൻ കോശി അറിയിച്ചു.

ഷാജി മത്തായി, P.K.സോമരാജൻ എന്നിവർ വൈസ് പ്രസിഡന്റായും ബിനു സി തോമസ് ജനറൽ സെക്രട്ടറി ആയും റിജിൽ ജോർജ്ജ് സെക്രട്ടറി ആയും റോജിഷ് സാമുവേൽ ട്രഷറാർ ആയും സുനിത അനീഷ് വിമൻസ് ചെയർപേഴ്‌സൺ ആയും, വിനി ജോബിൻ യൂത്ത് ചെയർ പേഴ്‌സൺ ആയും ആണ് ചുമതലയേറ്റത്.

ഓഗസ്റ്റ് പതിനഞ്ചാം തീയതി ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ അന്താരാഷ്ട്ര അദ്ധ്യക്ഷൻ സാം പിട്രോഡയുടെ നേതൃത്വത്തിൽ നടക്കുന്ന ഉദ്ഘാടനത്തോടെ പെൻസിൽവേനിയ ചാപ്റ്റർ ആഗോള ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഭാഗമായിത്തീരും.

സംഘടനയിൽ അംഗത്വം ലഭിക്കുവാൻ വിളിക്കേണ്ട നമ്പർ: ബിനു.സി.തോമസ് 215-252-6643.