ന്യൂയോർക്ക്: ഐ.ഒ.സി യുഎസ്എയുടെ സുഗമമായ നടത്തിപ്പിനും, ഇന്ത്യയിലെ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വളരെ പരിചയ സമ്പന്നരായ ആറ് പുതിയ സെക്രട്ടറിമാരെ ദേശീയ തലത്തിൽ അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാരിൽ നിന്നും തെരഞ്ഞെടുത്തു. അവരുടെ ശക്തമായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ അംഗങ്ങളെ സമാഹരിക്കുന്നതിനും, കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത്.

ലോകവ്യാപകമായി അനുഭവിച്ചുവരുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ സമയത്തും, ജന്മനാടിനെ എങ്ങനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിലൂടെ ഒരു മതേതര രാജ്യമായി തിരിച്ചുകൊണ്ടുവരാൻ സാധിക്കും എന്ന ചിന്തയോടെ കോവിഡ് 19-ന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് എ.ഐ.സി.സിയുടെ ഗ്ലോബൽ ചെയർമാൻകൂടിയായ ഡോ. സാം പിട്രോഡയുടെ നേതൃത്വത്തിൽ സൂം മീറ്റിംഗിലൂടെ ഇന്ത്യയിലെ കോൺഗ്രസ് നേതാക്കളെ ഉൾക്കൊള്ളിച്ചുകൊണ്ട് അവരുമായി സംവാദങ്ങൾ നടത്തി വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഉപദേശങ്ങളും പരസ്പരം കൈമാറിക്കൊണ്ട് ഇന്ത്യയിലെ കോൺഗ്രസ് പാർട്ടിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാനും, അതിനു വേണ്ടി എന്തൊക്കെ ചെയ്യുവാൻ സാധിക്കും എന്നിങ്ങനെയുള്ള ചർച്ചകളും നടത്തുകയുണ്ടായി.

കോൺഗ്രസ് പാർട്ടിയിൽ കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ച അനുഭവസമ്പത്തും പ്രവർത്തനപാടവവുമുള്ളവരും, വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ളവരുമായ പ്രഗത്ഭരായ രാജൻ പാടവത്തിൽ, ഹിരൺകുമാർ പട്ടേൽ, രന്ദീപ് സിങ് സന്ധു, ഗുരിന്ദർപാൽ സിങ്, അനുരാഗ് ഗവാഡെ എന്നിവരെ ഐ.ഒ.സി യു.എസ്.എയുടെ നാഷണൽ സെക്രട്ടറിമാരായി നിയമിച്ചു. കൂടാതെ എമി ഡൺഡുൾക്കറെ മഹാരാഷ്ട്രയുടെ ചാപ്റ്റർ പ്രസിഡന്റായും നിയമിച്ചു. ഓരോരുത്തരും സംഘടനയുടെ ഉന്നമനത്തിനായി മെമ്പർഷിപ്പ് കാമ്പയിൻ നടത്തി ഒട്ടനവധി പേരെ അംഗങ്ങളാക്കി സംഘടനയെ കരുത്തുറ്റതാക്കിക്കൊണ്ടിരിക്കുന്നു.

ഐ.ഒ.സി യു.എസ്.എയുടെ ഗ്ലോബൽ ചെയർമാൻ ഡോ. സാം പിട്രോഡ, എ.ഐ.സി.സി സെക്രട്ടറി ഇൻ ചാർജ് ഹിമാൻഷു വൈയാസ്, ഐ.ഒ.സി നാഷണൽ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം എന്നിവർ പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും, അനുമോദിക്കുകയും വേണ്ട ഉപദേശങ്ങൾ നൽകുകയും ചെയ്തു. ഐ.ഒ.സി യു.എസ്.എ നാഷണൽ പ്രസിഡന്റ് മൊഹിന്ദർ സിങ് ഗിൽസ്യൻ പുതിയ സെക്രട്ടറിമാരെ തന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സ്വാഗതം ചെയ്യുകയും, തന്നോടൊപ്പം തോളോടുതോൾ ചേർന്ന് നിന്നുകൊണ്ട് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സെക്രട്ടറി ജനറൽ ഹർബചൻ സിങ് പുതിയ ഭാരവാഹികളുടെ നിയമനത്തിനുവേണ്ടി പ്രത്യേകം പരിശ്രമിക്കുകയും, ഒറ്റക്കെട്ടായി ഐ.ഒ.സി യു.എസ്.എയുടെ ബാനറിൽ പ്രവർത്തിക്കുവാൻ ആഹ്വാനം ചെയ്തു.

ഐ.ഒ.സി യു.എസ്.എയുടെ സീനിയർ വൈസ് പ്രസിഡന്റുമാരായ പുമൻ സിങ് ഇബ്രാഹിംപൂർ, രവി ചോപ്ര, ജനറൽ സെക്രട്ടറിമാരായ രാജേന്ദർ ഡിച്ച്പ്പള്ളി, ആർ. ജയചന്ദ്രൻ, നരീന്ദർ സിങ് മുൻഡാർ, സോഫിയ ശർമ്മ, വൈസ് പ്രസിഡന്റുമാരായ പ്രദീപ് സമാലാ, പോൾ കറുകപ്പള്ളിൽ, ജോസ് ജോർജ്, ഹർപാൽ സിങ് റ്റൻഡാ, മാലിനി ഷാ എന്നിവരും മറ്റ് നിരവധി ചാപ്റ്റർ പ്രസിഡന്റുമാരും, വിവിധ കമ്മിറ്റി ചെയർപേഴ്സൺമാരും പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും അവരെ കോൺഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. രാജൻ പടവത്തിൽ (സെക്രട്ടറി, ഐ.ഒ.സി യു.എസ്.എ) അറിയിച്ചതാണിത്