ഫ്‌ളോറിഡ: ലോക സഞ്ചാരികളുടെ അവധിക്കാല തലസ്ഥാന നഗരമായ ഒർലാന്റോ പട്ടണത്തിൽ പെന്തക്കോസ്തിന്റെ വിശുദ്ധിയും വേർപാടും അടിസ്ഥാനമാക്കി, വചനാടിസ്ഥാനത്തിലുള്ള ആരാധനയുടെ സൗന്ദര്യം അനേകർക്ക് കാട്ടിക്കൊടുക്കുവാൻ, ആത്മീയതയുടെ പ്രകാശ ഗോപുരമായി ഒരു സുന്ദര ദേവാലയം കൂടി യാഥാർത്ഥ്യമായിരിക്കുന്നു.

ഒർലാന്റോ ദൈവസഭാ വിശ്വാസികളുടെ പ്രാർത്ഥനയുടെയും പ്രയത്‌നത്തിന്റെയും ഫലമായി നിർമ്മിക്കപ്പെട്ട, മനോഹരവും വിശാലവുമായ പുതിയ ആരാധനാലയം ഡിസംബർ 23ന് ശനിയാഴ്ച ദൈവനാമ മഹത്വത്തിനായി സമർപ്പിക്കപ്പെടുന്നു. രാവിലെ 9.30 ന് സഭാങ്കണത്തിൽ നടത്തപ്പെടുന്ന ആത്മീയ സമ്മേളനത്തിൽ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ, സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യൂ നിർവ്വഹിക്കും.

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ദേശീയ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ആരാധനാലയ സമുച്ചയം ഉത്ഘാടനം ചെയ്യും. ഐ.പി.സി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം അനുഗ്രഹ പ്രഭാഷണം നടത്തും. ഐ.പി.സി നോർത്തമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ഭാരവാഹികളും വിവിധ സഭകളുടെ ശുശ്രൂഷകന്മാരും വിശ്വാസ പ്രതിനിധികളും വിവിധ സാമുഹ്യക സംഘടനാ ഭാരവാഹികളും മുൻ സഭാ ശുശ്രൂഷകന്മാരും മറ്റ് വിശിഷ്ട അതിഥികളും സമർപ്പണ ശുശ്രൂഷകളിൽ പങ്കെടുത്ത് ആശംസകൾ അറിയിക്കും.

വൈസ് പ്രസിഡന്റ് ബ്രദർ സാം ഫിലിപ്പ്, സഭാ സെക്രട്ടറി ബ്രദർ രാജു പൊന്നോലിൽ, ട്രഷറാർ ബ്രദർ മനോജ് ഡേവിഡ്, ബോർഡംഗങ്ങളായ എം.എ.ജോർജ്, നെബു സ്റ്റീഫൻ, മാത്യു ജോർജ്, സ്റ്റീഫൻ ഡാനിയേൽ, നിബു വെള്ളവന്താനം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. സഭയുടെ കഴിഞ്ഞ 30 വർഷത്തെ ചരിത്രം ഉൾപ്പെടുത്തി പുറത്തിറക്കുന്ന 'ഫോക്കസ്' സ്മരണികയുടെ പ്രകാശനവും ചടങ്ങിൽ നിർവ്വഹിക്കും.

പുതിയ ആരാധാനാലയം നിർമ്മിക്കുന്നതിന്റെ പ്രാരംഭ നടപടികൾ ബിൽഡിങ് കമ്മറ്റി ചെയർമാൻ ബ്രദർ അലക്‌സാണ്ടർ ജോർജിന്റെ നേതൃത്വത്തിൽ പാസ്റ്റർ ജേക്കബ് മാത്യൂ, സഹോദരന്മാരായ സാം ഫിലിപ്പ്, രാജു പൊന്നോലിൽ, മനോജ് ഡേവിഡ്, വർക്കി ചാക്കോ, എ.വി. ജോസ്, എം.എ.ജോർജ്, ബെന്നി ജോർജ്, കോശി മാത്യൂസ്, തോമസ് ചാക്കോ, അലക്‌സ് യോഹന്നാൻ, ബിജോയി ചാക്കോ എന്നിവരുടെ ചുമതലയിലും 2016 ഒക്ടോബർ മാസം 10ന് ആരംഭിച്ചു.

3.5 മില്യണിൽ അധികം ഡോളർ ചെലവാക്കി പതിനാലായിരം ചതുരശ്ര അടിയിൽ മനോഹരമായ ആരാധനാലയ കെട്ടിട സമുച്ചയം നിർമ്മിക്കപ്പെട്ടത് ദൈവീക പരിപാലനത്തിന്റെയും കരുതലിന്റെയും പ്രതിഫലനമാണ്. 600 ലധികം ആളുകളെ ഉൾക്കൊള്ളാവുന്ന കെട്ടിടത്തിൽ കോൺഫ്രൻസ് റൂമും, കുഞ്ഞുങ്ങൾക്കായുള്ള റൂമും മറ്റ് അനുബദ്ധ മുറികളും ചുറ്റുപാടും മനോഹരമായ കാർ പാർക്കിങ് സൗകര്യങ്ങളുമാണുള്ളത്.

സമർപ്പണ ശുശ്രുഷകളിലും ഉത്ഘാടന പൊതു സമ്മേളനത്തിലും ഏവരും പങ്കെടുക്കണമെന്ന് സെക്രട്ടറി രാജു ഏബ്രഹാം പൊന്നോലിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.ipcorlando.org