ഷിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ് സമ്മേളനത്തിൽ ഫ്രാൻസീസ് തടത്തിലും ലവ്ലി വർഗീസും ആദരം ഏറ്റുവാങ്ങിയത് വികാര നിർഭരമായി. ഏറ്റവും അർഹിക്കുന്ന രണ്ടുപേരെ ആദരിച്ചതു വഴി പ്രസ്‌ക്ലബ് തന്നെ ആദരിക്കപ്പെടുകയും ചെയ്തു. ഇരുവരുടേയും മറുപടി പ്രസംഗങ്ങൾ സദസ്സിന്റെ ഹൃദയത്തിൽ പതിയുന്നതായിരുന്നു.

അമേരിക്കയിലെ മലയാളി പത്രപ്രവർത്തകനുള്ള അവാർഡ് ഏറ്റുവാങ്ങിയ ഫ്രാൻസീസ് തടത്തിൽ മരണത്തിൽ നിന്ന് രക്ഷപെട്ടെത്തിയ അപൂർവ്വ വ്യക്തിയാണെന്ന് അദ്ദേഹത്തെ ക്ഷണിച്ച പി.പി. ചെറിയാൻ ചൂണ്ടിക്കാട്ടി. ഒന്നല്ല, ആറു തവണ താൻ മരണത്തിൽ നിന്നു രക്ഷപെട്ടുവെന്ന് ഫ്രാൻസീസ് പറഞ്ഞു. 'ദൈവം സത്യമാണെങ്കിൽ എനിക്ക് ലഭിച്ച ഈ അവാർഡ് സത്യമാണ്. ഈ അവാർഡ് സത്യമാണെങ്കിൽ ദൈവവും പരമാർത്ഥമാണ്' ഫ്രാൻസീസ് പറഞ്ഞു.

മരണത്തിൽ നിന്ന് ഒട്ടേറെ തവണയും എന്നെ അത്ഭുതകരമായി ദൈവകരങ്ങൾ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു. അതുകൊണ്ട് പ്രസ് ക്ലബിന്റെ അവാർഡിന്റെ വലിപ്പമോ ചെറുപ്പമോ അല്ല. അതു വാങ്ങാൻ ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു എന്നാതാണ് പ്രധാനം. അതുകൊണ്ട് ഈ അവാർഡ് സ്വീകരിച്ചുകൊണ്ട് ഞാൻ പ്രഖ്യാപിക്കുകയാണ് 'ദൈവം സത്യമാണ്.' ഈ അവാർഡ് സ്വീകരിക്കുന്നത് ഏറ്റവും യോഗ്യനായ തന്റെ പഴയകാല സുഹൃത്ത്
മന്ത്രി സുനിൽകുമാറിൽ നിന്നാണെന്നതും ഭാഗ്യമായി കരുതുന്നു.

ഏതാനും വർഷമായി രക്താർബുദവുമായി പടവെട്ടി വിജയം കണ്ട ഫ്രാൻസീസ് നാട്ടിൽ ദീപികയിലും, മംഗളത്തിലും പ്രവർത്തിച്ചു. ഇപ്പോൾ ഇമലയാളി ന്യൂസ് എഡിറ്റർ. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ഇമലയാളിയിൽ പ്രസിദ്ധീകരിക്കുന്നതിനു വലിയ പ്രതികരണമാണ് ലഭിക്കുന്നത്. 'നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓർമ്മകൾ' എന്ന ലേഖനപരമ്പരക്കാണ് അദ്ദേഹത്തിന് അവാർഡിനർഹനാക്കിയത്. 22 വർഷത്തെ പത്രപ്രവർത്തന പരിചയമുള്ള ഫ്രാൻസിസ് പതിനൊന്നര വർഷത്തെ സജീവ പത്രപ്രവർത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയിൽ എത്തിയതിനു ശേഷം നിരവധി പത്രങ്ങളിൽ ഫ്രീലാൻസ് പത്രപ്രവർത്തനം നടത്തിയ ഫ്രാൻസിസ് ഇപ്പോൾ ഇമലയാളി ന്യൂസ് എഡിറ്റർ.

കേരളത്തിൽ പത്രപ്രവർത്തന പരിശീലന കാലം മുതൽ ഉന്നതങ്ങളിലേക്ക് കയറിയ പടവുകൾ പിന്നിട്ടപ്പോൾ ഉണ്ടായ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന കഥകൾ ആസ്പദമാക്കിയിട്ടുള്ള 23 അധ്യായം പിന്നിട്ട ഏറെ ശ്രദ്ധേയമായ ഈ സുദീർഘ ലേഖനപരമ്പര അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ പി.പി. ചെറിയാൻ ചെയർമാനായ അവാർഡ് കമ്മിറ്റി ഐകകണ്ഠേനെ തെരഞ്ഞെടുക്കുകയായിരുന്നു. മുതിർന്ന പ്രവാസി പത്രപ്രവർത്തകൻ ജോയിച്ചൻ പുതുക്കുളമായിരുന്നു മറ്റൊരു അവാർഡ് കമ്മിറ്റി അംഗം.

94-97 കാലയളവിൽ ദീപികയിൽ ജേർണലിസം ട്രെയ്നിയായി തുടക്കം കുറിച്ച ഫ്രാൻസിസിന്റെ ആരംഭവും പരിശീലനക്കളരിയും തൃശൂർ തന്നെയായിരുന്നു. ഇക്കാലയളവിൽ പ്രഥമ പുഴങ്കര ബാലനാരായണൻ എൻഡോവ്മെന്റ്, പ്ലാറ്റൂൺ പുരസ്‌കാരം (1997) ആ വർഷത്തേ മികച്ച ലേഖകനുള്ള മാനേജിങ് എഡിറ്റർ പുരസ്‌കാരവും ഫ്രാൻസിസിനായിരുന്നു. 1997 98 ദീപിക കൊച്ചി ബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1998 ൽ ദീപിക തിരുവനന്തപുരം നിയമസഭാ റിപ്പോർട്ടിങ്, 1999ൽ ദീപിക പാലക്കാട് ബ്യൂറോ ചീഫ്, 2000ത്തിൽ കോഴിക്കോടു രാഷ്ട്ര ദീപികയുടെ എഡിറ്റർ ഇൻ ചാർജ്, അതേവർഷം കോഴിക്കോട് ബ്യൂറോ ചീഫ്.

ഇക്കാലയളവിൽ മാറാട് കലാപത്തെക്കുറിച്ചും മുത്തങ്ങ വെടിവയ്പിനെക്കുറിച്ചും ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോർട്ടിങ്ങുകൾ ഏറെ ശ്രദ്ധേയമായിരുന്നു. മുത്തങ്ങയിൽ വെടിവയ്‌പ്പ് നടക്കുക്കുമ്പോൾ സാക്ഷിയായിരുന്ന ഫ്രാൻസിസ് നടത്തിയ റിപ്പോർട്ടുകൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാറാട് കലാപത്തെ കുറിച്ച് തയാറാക്കിയ റിപ്പോർട്ടുകൾ പിന്നീട് മാറാട് കമ്മീഷന്റെ ഫൈനൽ റിപ്പോർട്ടിലെ ശ്രദ്ധേയമായ കണ്ടെത്തലുകളായി പരിഗണിക്കപ്പെട്ടു. 2003 മുതൽ മംഗളം കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റർ ആയി നിയമിതനായ ഫ്രാന്സിസ് മലയാള പത്ര പ്രവർത്തന രംഗത്ത് ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പത്രപ്രവർത്തകൻ ആയിരുന്നു. കേരള കലാമണ്ഡലത്തെകുറിച്ച് എഴുതിയ ' മഹാകവീ മാപ്പ് ', പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ചു തയാറാക്കിയ 'രക്തരക്ഷസുകളുടെ മഹാനഗരം' എന്നീ ലേഖന പരമ്പരകൾക്കായിരുന്നു അവാർഡുകൾ ലഭിച്ചത്.

ദേശീയ അന്തർ ദേശീയ സംസ്ഥാന തല കായിക മൽസരങ്ങൾ, സംസ്ഥാന സ്‌കൂൾ യുവജനോൽസവം റിപ്പോർട്ടിങ് കോ ഓർഡിനേറ്റർ, ദേശീയ സാഹിത്യോൽസവം, നിരവധി രാഷ്ട്രീയ റിപ്പോർട്ടുകൾ, അന്വേഷണാത്മക റിപ്പോർട്ടുകൾ അന്തർദേശീയ ഫിലിംപെസ്റ്റിവൽ തുടങ്ങിയവ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി ബ്രേക്കിങ് ന്യൂസുകൾ പതിനൊന്നര വർഷം നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ നടത്തി. 1999 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് ബിഹാർ, യുപി., ജാർഖണ്ഡ്, എംപി, ഛത്തീസ്‌ഗഢ്, ഒഡീഷ്സ എന്നിവിടങ്ങളിൽ തെരെഞ്ഞെടുപ്പ് റിപ്പോർട്ടിങ് നടത്തിയിരുന്നു.

അമേരിക്കയിൽ എത്തിയ ശേഷം ആദ്യ കാലങ്ങളിൽ സജീവ പത്രപ്രവർത്തനം നടത്തിയ ഫ്രാൻസിസ് കഴിഞ്ഞ കുറച്ചുകാലമായി കാൻസർ ബാധിച്ചതിനെ തുടർന്ന് പൂർണമായും വിട്ടു നിന്നു. കാൻസറിനെതിരെ ഒരു ധീര യോദ്ധാവിനെപ്പോലെ പൊരുതിയ ഫ്രാൻസിസ് പല ഘട്ടത്തിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടത് അദ്ദേഹത്തിന്റെ മനക്കരുത്തുകൊണ്ടു മാത്രമാണെന്ന് സുഹൃത്തുക്കൾ പറയുന്നു.

രക്താർബുദം ഭേദമാകാതെ വന്നതിനെ തുടർന്ന് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ്റും നടത്തിയിരുന്നു. ഇപ്പോൾ കാൻസർ പൂർണ്ണമായും മാറിയെങ്കിലും പൂർണ ആരോഗ്യം കൈവരിച്ചിട്ടില്ല. 24 ആഴ്ചകൾക്കു മുൻപ് ഇ മലയാളിയിലൂടെയാണ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയത്തെഴുന്നേറ്റ് സജീവ പത്രപ്രവർത്തനത്തേക്കു മടങ്ങിയെത്തിയത്. തന്റെ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന ലേഖന പരമ്പരയിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി.

നേരത്തെ, പ്രമുഖ അമേരിക്കൻ മലയാളി ചാനലായ എംസിഎൻ ചാനലിന്റെ ഡയറക്റ്റർ ആയിരുന്നു . എംസിഎൻ ചാനലിനു വേണ്ടി 'കർമവേദിയിലൂടെ' എന്ന അഭിമുഖ പരിപാടിയിലൂടെ പ്രമുഖ രാഷ്ട്രീയസാമൂഹിക ആത്മീയ സാമ്പത്തിക മേഖലയിലുള്ളവരെ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്തി. കൂടാതെ അമേരിക്കൻ യുവജനങ്ങൾക്കായി 'ഇന്ത്യ ദിസ് വീക്ക്' എന്ന ഇംഗ്ലീഷ് ന്യൂസ് റൗണ്ട്അപ് പ്രോഗ്രാമിന്റെ സ്‌ക്രിപ്റ്റ് തയാറാക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിരുന്നു.

ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവർ സ്വദേശിയായ ഫ്രാൻസിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളിൽ പത്താമനാണ്. ഭാര്യ: നെസ്സി തടത്തിൽ (അക്യൂട്ട് കെയർ നഴ്സ് പ്രാക്ടീഷണർ). മക്കൾ: ഐറീൻ എലിസബത്ത് തടത്തിൽ (6വേ ഗ്രേഡ്), ഐസക്ക് ഇമ്മാനുവേൽ തടത്തിൽ (3 വയസ്).