ഫോൺ-6 വിപണിയിലെത്തിയിട്ടേയുള്ളൂ. അപ്പോളേക്കും ലോകം അടുത്ത തലമുറ ഐ ഫോണിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. ഐഫോൺ-7ൽ ആപ്പിൾ എന്തൊക്കെ വിസ്മയങ്ങളാകും കരുതിവെയ്ക്കുകയെന്നതാണ് ടെക് ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. കൂടുതൽ വ്യക്തതയും മിഴിവുമുള്ള ക്യാമറയാകും ഐഫോൺ 7ൽ ഉണ്ടാവുകയെന്നാണ് ഒരു സൂചന. ക്യാമറയുടെ കരുത്ത് കൂട്ടുന്നതിനായി രണ്ട് ലെൻസുകളുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

പ്രൊഫഷണൽ ക്യാമറകളുമായാകും ഇനി ഐഫോൺ ക്യാമറ മത്സരിക്കുകയെന്ന് ആപ്പിളിലെ വിവരങ്ങൾ പുറത്തെത്തിക്കുന്നതിൽ മിടുക്ക് കാട്ടാറുള്ള ബ്ലോഗർ ഡോൺ ഗ്രൂബെർ വെളിപ്പെടുത്തി. മൊബൈൽ ഫോൺ ചരിത്രത്തിലെ ഏറ്റവും വലിയ ക്യാമറാ വിപ്ലവമാകും അടുത്ത തലമുറ ഐഫോണിൽ ഉണ്ടാവുകയെന്ന് ആപ്പിൡലെ ചില കേന്ദ്രങ്ങൾ വെളിപ്പെടുത്തിയതായി ഗ്രൂബർ പറയുന്നു. അടുത്ത സെപ്റ്റംബറിൽ ഐഫോൺ 7 രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഫോൺ 6ൽ എട്ട് മെഗാപിക്‌സൽ ഐസൈറ്റ് ക്യാമറയാണുള്ളത്. ഓട്ടോഫോക്കസ് സംവിധാനവും പിക്‌സൽ ക്വാളിറ്റി കൂട്ടാനുള്ള സംവിധാനവും ഇതിലുണ്ട്. ഇതിൽനിന്നൊക്കെ വിഭിന്നമായി പ്രൊഫഷണൽ ക്യാമറകളുടെ ഗുണനിലവാരമുള്ള ചിത്രങ്ങളാകും ഐഫോൺ 7 സമ്മാനിക്കുകയെന്നാണ് റിപ്പോർട്ട്. പുതിയ ക്യാമറയ്ക്കുവേണ്ടിയുള്ള പണിപ്പുരയിലാണ് ആപ്പിളെന്ന് ഗ്രൂബർ വെളിപപെടുത്തി.

എന്താകും ഐഫോൺ 7 ക്യാമറയെന്നതിനെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണയില്ലെന്ന് ഗ്രൂബർ പറഞ്ഞു. രണ്ടുലെൻസുകളുള്ള ബാക്ക് ക്യാമറ ഉപയോഗിച്ച് ഡിഎസ്എൽആർ ക്വാളിറ്റിയിൽ ചിത്രങ്ങളെടുക്കാനാകുമെന്നാണ് കരുതുന്നതെന്നും ബരൂഗർ പറഞ്ഞു. നിലവിൽ എച്ച്.ടി.സിയാണ് മൊബൈൽ ക്യാമറകളിൽ ശ്രദ്ധേയമാറ്റം കൊണ്ടുവന്നത്. എം8 മോഡൽ ഫോണിലെ ക്യാമറയിൽ രണ്ടുലെൻസുകളാണ് ഉപയോഗിച്ചിരുന്നത്. ത്രിഡി ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ ഇത് സഹായിക്കും. 


എന്നാൽ, ഇത്തരം സ്‌പെഷൽ എഫക്ടുകളിലല്ല ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചിത്രങ്ങളുടെ നിലവാരം കൂട്ടുകയെന്നതാണ് ലക്ഷ്യമെന്ന് ഗ്രൂബർ പറയുന്നു. ഐഫോൺ 6ലും ക്യാമറയുടെ നിലവാരം ഉയർത്തുന്നതിന് ആപ്പിൾ വലിയ പ്രാധാന്യം നൽകിയിരുന്നു. സ്മാർട്ട്‌ഫോൺ ക്യാമറകളിൽ ഏറ്റവും മികച്ച ക്യാമറയായാമ് ഐഫോൺ 6-ലെ ക്യാമറ വിലയിരുത്തപ്പെടുന്നത്.