- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവർത്തനത്തോടെ തുടക്കം; ഐ.പി.എൽ 13-ാം സീസണിൽ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർകിങ്സിനെ നേരിടും; ഐ.പി.എൽ 2020 മത്സരക്രമം ഇങ്ങനെ
മുംബൈ: ഐ.പി.എൽ 13-ാം സീസന്റെ ഷെഡ്യൂൾ പുറത്തിറക്കി. ഈ മാസം 19 മുതൽ നവംബർ പത്ത് വരെ യു.എ.ഇയിലാണ് മത്സരങ്ങൾ. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർകിങ്സിനെ നേരിടും. അബുദാബിയിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് 3.30നാണ് ഉദ്ഘാടന മത്സരം. 24 മത്സരങ്ങൾ ദുബൈയിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമായാണ് നടക്കുന്നത്.
10 ദിവസങ്ങളിൽ രണ്ടുവീതം മത്സരങ്ങൾ നടക്കും. ഇതിൽ ആദ്യ മത്സരം ഇന്ത്യൻ സമയം വൈകുന്നേരം 3.30നും രണ്ടാം മത്സരം രാത്രി 7.30നുമാണ് നടക്കുക. ശേഷിക്കുന്ന ദിവസങ്ങളിൽ ഒരൊറ്റ മത്സരം മാത്രമാണുണ്ടാകുക. നിലവിൽ ഐ.പി.എൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് കഴിഞ്ഞ സീസണിലെ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെയാണ് തോൽപ്പിച്ചത്. ഈ ഫൈനലിന്റെ ആവർത്തനമാകും ഉദ്ഘാടന മത്സരം. നേരത്തെ ചെന്നൈ ടീമിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഉദ്ഘാടന മത്സരത്തിൽ മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് ഷെഡ്യൂൾ പുറത്തുവന്നത്.
53 ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ സീസണിലെ ടൂർണ്ണമെന്റ്. ഐ.പി.എല്ലിൽ ഏറ്റവും വാശിയേറിയ പോരാട്ടമാണ് മുംബൈ-ചെന്നൈ മത്സരം. ഇരുടീമുകളും ഇതിന് മുൻപ് 30 തവണ ഏറ്റുമുട്ടിയപ്പോൾ 18 തവണ മുംബൈയും 12 തവണ ചെന്നൈയും ജയിച്ചു. മുംബൈ നാല് കിരീടങ്ങൾ നേടിയപ്പോൾ ചെന്നൈ മൂന്ന് കിരീടങ്ങൾ സ്വന്തമാക്കി.
കോവിഡ് പ്രതിസന്ധി കാരണം മാസങ്ങളോളം വൈകിയാണ് ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 13-ാം സീസണിന് ഈ മാസം 19-ാം തീയതി യു.എ.ഇയിൽ തുടക്കമാവുകുന്നത്. പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിച്ച് ഈ സമയത്ത് നടക്കേണ്ട ട്വന്റി-20 ലോകകപ്പ് ഉൾപ്പടെ മാറ്റിവയ്പ്പിച്ചാണ് ബി.സി.സിഐ തങ്ങളുടെ പൊന്മുട്ടയിടുന്ന താറാവായ ഐ.പി.എല്ലിന് വഴിയൊരുക്കിയത്. ടൂർണമെന്റിനായി എട്ട് ടീമുകളും തങ്ങളുടെ ഇന്ത്യൻ താരങ്ങളെയും കൂട്ടി യു.എ.ഇയിലെത്തിക്കഴിഞ്ഞു. വിദേശതാരങ്ങൾ നേരിട്ട് യു.ഇ.ഇയിലെത്തുകയായിരുന്നു. ചെന്നപാടെ കോവിഡിന്റെ വലയിൽപ്പെട്ട ചെന്നൈ സൂപ്പർകിങ്സ് ഒഴികെയുള്ള ടീമുകൾ ക്വാറന്റൈൻ പൂർത്തിയാക്കി പരിശീലനവും തുടങ്ങി.
മറുനാടന് ഡെസ്ക്