- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐ.പി.എൽ മെഗാ താരലേലം: ചുരുക്കപ്പട്ടികയിൽ 590 പേർ; 228 പേർ രാജ്യാന്തര താരങ്ങൾ; ശ്രീശാന്തും ഉത്തപ്പയും ഉൾപ്പെടെ കേരള ടീമിലെ പ്രമുഖ താരങ്ങൾ പട്ടികയിൽ; ഇടംപിടിച്ച കളിക്കാരും അടിസ്ഥാന വിലയും ഇങ്ങനെ

മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 15ാം പതിപ്പിനു മുന്നോടിയായുള്ള മെഗാ താരലേലത്തിനുള്ള കളിക്കാരുടെ ചുരുക്ക പട്ടിക പുറത്തുവിട്ട് ബിസിസിഐ. ലേലത്തിന് രജിസ്റ്റർ ചെയ്ത 1214 താരങ്ങളിൽ 590 പേരെയാണ് ചുരുക്ക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 12,13 തിയതികളിലാണ് താര ലേലം.
ലേലത്തിൽ പങ്കെടുക്കുന്ന 10 ടീമുകളും താൽപര്യം പ്രകടിപ്പിച്ച താരങ്ങളുടെ ചുരുക്കപ്പട്ടികയാണ് ബിസിസിഐ പുറത്തുവിട്ടത്. താരലേലത്തിനായി രജിസ്റ്റർ ചെയ്ത 1214 താരങ്ങളിൽനിന്നും പുറത്തുനിന്നുമായിട്ടാണ് ടീമുകൾ താൽപര്യം പ്രകടിപ്പിച്ച 590 താരങ്ങളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
കഴിഞ്ഞ തവണ പേര് രജിസ്റ്റർ ചെയ്തിട്ടും ടീമുകൾ താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനാൽ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാതെ പോയ മലയാളി താരം ശ്രീശാന്തിന് ഇത്തവണ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാനായി. ഇതോടെ, താരലേലത്തിൽ ശ്രീശാന്തിന്റെ പേരു വരുമെന്ന് ഉറപ്പായി. ശ്രീശാന്തിന് 50 ലക്ഷം രൂപയാണ് അടിസ്ഥാന വില.
590 താരങ്ങളിൽ 228 പേർ ദേശീയ ടീം അംഗങ്ങളാണ്. 355 പേർ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരങ്ങളാണ്. അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഏഴ് കളിക്കാരും പട്ടികയിലുണ്ട്.370 ഇന്ത്യൻ താരങ്ങളും 47 ഓസീസ് താരങ്ങളും 33 ദക്ഷിണാഫ്രിക്കൻ താരങ്ങളും 34 വിൻഡീസ് താരങ്ങളും പട്ടികയിലുണ്ട്.
???????????? ???????????????????? ???????? ???????????? ???????????????? ???????????????????????????? ????????
- IndianPremierLeague (@IPL) February 1, 2022
A bidding war on the cards ???????? ????????
Here are the 1⃣0⃣ Marquee Players at the 2⃣0⃣2⃣2⃣ #IPLAuction ???? pic.twitter.com/lOF1hBCp8o
ഇതിൽ 48 കളിക്കാരുടെ അടിസ്ഥാന വില രണ്ട് കോടിയാണ്. 20 താരങ്ങളുടെ അടിസ്ഥാന വില 1.5 കോടിയും 34 താരങ്ങളുടെ അടിസ്ഥാന വില ഒരു കോടിയുമാണ്. 10 മാർക്വീ താരങ്ങളാണ് ലേലത്തിനുള്ളത്. ശിഖർ ധവാൻ, മുഹമ്മദ് ഷമി, ഫാഫ് ഡു പ്ലെസിസ്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ്, ശ്രേയസ് അയ്യർ, ആർ. അശ്വിൻ, ക്വിന്റൺ ഡിക്കോക്ക്, കാഗിസോ റബാദ, ട്രെന്റ് ബോൾട്ട് എന്നിവരാണ് മാർക്വീ താരങ്ങൾ. ക്രിസ് ഗെയ്ൽ ബെൻ സ്റ്റോക്ക്സ് എന്നിവർ ഈ വർഷം കളിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.
വെസ്റ്റിൻഡീസിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിലെ ഒരുപിടി താരങ്ങളും ചുരുക്കപ്പട്ടികയിലുണ്ട്. വിൻഡീസിൽ ഇന്ത്യയെ നയിക്കുന്ന യഷ് ദൂൽ, വിക്കി ഓസ്ട്വാൾ, രാജ്വർധൻ ഹൻഗാർഗേക്കർ തുടങ്ങിയവരാണ് അണ്ടർ 19 ലോകകപ്പ് ടീമിൽനിന്നുള്ള സാന്നിധ്യങ്ങൾ.
ഇവർക്കു പുറമേ യുവതാരങ്ങളായ ദേവ്ദത്ത് പടിക്കൽ, ഹർഷൽ പട്ടേൽ, ക്രുണാൽ പാണ്ഡ്യ, ഷാരൂഖ് ഖാൻ, ദീപക് ഹൂഡ, ആവേശ് ഖാൻ തുടങ്ങിയവരും വലിയ തുക ലക്ഷ്യമിട്ട് ലേലത്തിനുണ്ട്.
മുപ്പത്തൊൻപതുകാരനായ ഇന്ത്യൻ താരം അമിത് മിശ്രയാണ് ലേലപ്പട്ടികയിലെ ഏറ്റവും പ്രായമുള്ളയാൾ. അടിസ്ഥാന വില 1.5 കോടി രൂപ. അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുന്ന പതിനെട്ടു വയസ്സുകാരൻ ഡിവാൾഡ് ബ്രെവിസും പട്ടികയിൽ ഇടംപിടിച്ചു.
???? NEWS ????: IPL 2022 Player Auction list announced
- IndianPremierLeague (@IPL) February 1, 2022
The Player Auction list is out with a total of 590 cricketers set to go under the hammer during the two-day mega auction which will take place in Bengaluru on February 12 and 13, 2022.
More Details ????https://t.co/z09GQJoJhW pic.twitter.com/02Miv7fdDJ
പ്രാഥമിക പട്ടികയിൽ ഇല്ലാതിരുന്ന 46 താരങ്ങൾ ലേലത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചർ, ഓസ്‌ട്രേലിയൻ താരം ഉസ്മാൻ ഖവാജ തുടങ്ങിയവരാണ് ഇക്കൂട്ടത്തിലെ പ്രമുഖർ. ഇവർ ഇത്തവണ ലേലത്തിനായി രജിസ്റ്റർ ചെയ്തിരുന്നില്ലെങ്കിലും വിവിധ ടീമുകൾ താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്.
കേരളത്തിൽ നിന്ന് ഇടംപിടിച്ച കളിക്കാരും അടിസ്ഥാന വിലയും
ശ്രീശാന്ത് ഉൾപ്പെടെ കേരള ടീമിലെ പ്രമുഖ താരങ്ങളും പട്ടികയിൽ ഇടംപിടിച്ചു. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് താര ലേലത്തിലേക്ക് എത്തുക. കഴിഞ്ഞ വർഷം ശ്രീശാന്തിന്റെ പേര് താര ലേലത്തിനുള്ള അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല.
റോബിൻ ഉത്തപ്പയാണ് കേരളത്തിൽ നിന്നും ഐപിഎൽ ലേലത്തിൽ കോടി വിലയുള്ള കളിക്കാരൻ. ഇന്ത്യക്കായി 46 ഏകദിനങ്ങളിൽ ഉത്തപ്പ ബാറ്റേന്തിയിട്ടുണ്ട്. രണ്ട് കോടിയാണ് ഉത്തപ്പയുടെ വില. സിഎസ്‌കെ, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ്, പൂണെ വാരിയേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി ഉത്തപ്പ കളിച്ചിട്ടുണ്ട്.
കാസർകോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനാണ് മറ്റൊരു കേരളക്കാരൻ. വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലിയിലാണ് അസ്ഹറിനെ തെരഞ്ഞെടുത്തിരിക്കുന്നത്. 20 ലക്ഷം അടിസ്ഥാന വിലയുള്ള അസ്ഹറുദ്ദീൻ കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ ഭാഗമായിരുന്നുവെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അന്നും 20 ലക്ഷമായിരുന്നു അടിസ്ഥാന വില. അതേസമയം മോശം ഫോമിനെ തുടർന്ന് അസ്ഹറിനെ കേരള ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദാണ് മറ്റൊരു കേരള താരം. ആർ.സി.ബി ഡൽഹി ടീമുകൾക്കായി മൂന്ന് മത്സരങ്ങളിൽ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഡൽഹി കാപ്പിറ്റൽസിലായിരുന്നു കഴിഞ്ഞ സീസണിൽ. 20 ലക്ഷമാണ് വിഷ്ണുവിന്റെയും അടിസ്ഥാന വില.
20 ലക്ഷം വിലയുള്ള കെ.എം ആസിഫാണ് മറ്റൊരു കളിക്കാരൻ. ബൗളറായ ആസിഫ് ധോണിയുടെ ചെന്നൈ സൂപ്പർകിങ്സിനൊപ്പാണ് സഞ്ചാരം. മൂന്ന് മത്സരങ്ങളിൽ സിഎസ്‌കെയ്ക്കായി ആസിഫ് കളിച്ചിട്ടുണ്ട്. പേസർ ബേസിൽ തമ്പിയുടെ അടിസ്ഥാന വില 30 ലക്ഷം രൂപയാണ്. സച്ചിൻ ബേബിയുടെ അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി സച്ചിൻ കളിച്ചിരുന്നു. മിഥുൻ സുദേശൻ, രോഹൻ കുന്നുമ്മൽ, എം.നിധീഷ്, സിജിമോൻ ജോസഫ് എന്നിവരാണ് അടിസ്ഥാന വില 20 ലക്ഷമായി താര ലേലത്തിന് എത്തുന്ന മറ്റ് മലയാളി കളിക്കാർ.
ലേലപ്പട്ടികയിലെ വിദേശതാരങ്ങളുടെ രാജ്യം തിരിച്ചുള്ള കണക്ക്
അഫ്ഗാനിസ്ഥാൻ 17
ഓസ്‌ട്രേലിയ 47
ബംഗ്ലാദേശ് 5
ഇംഗ്ലണ്ട് 24
അയർലൻഡ് 5
ന്യൂസീലൻഡ് 24
ദക്ഷിണാഫ്രിക്ക 33
ശ്രീലങ്ക 23
വെസ്റ്റിൻഡീസ് 34
സിംബാബ്‌വെ 1
നമീബിയ 3
നേപ്പാൾ 1
സ്‌കോട്ലൻഡ് 2
യുഎസ്എ 1
താരലേലത്തിനു മുന്നോടിയായി ചട്ടപ്രകാരം നിലനിർത്തിയ നാലു താരങ്ങൾക്കായി ചെലവഴിച്ച തുകയ്ക്കുശേഷം ഓരോ ടീമുകളുടെയും കൈവശം ലേലത്തിനായി ബാക്കിയുള്ള തുകയും ആവശ്യമുള്ള താരങ്ങളുടെ എണ്ണവും. (ടീം, ബാക്കിയുള്ള തുക, ഇന്ത്യൻ താരങ്ങളുടെ ഒഴിവ്, വിദേശ താരങ്ങളുടെ ഒഴിവ് എന്ന ക്രമത്തിൽ)
ചെന്നൈ സൂപ്പർ കിങ്‌സ് 48 കോടി 21 7
ഡൽഹി ക്യാപിറ്റൽസ് 47.5 കോടി 21 7
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 48 കോടി 21 6
ലക്നൗ സൂപ്പർ ജയന്റ്‌സ് 59 കോടി 22 7
മുംബൈ ഇന്ത്യൻസ് 48 കോടി 21 7
പഞ്ചാബ് കിങ്‌സ് 72 കോടി 23 8
രാജസ്ഥാൻ റോയൽസ് 62 കോടി 22 7
റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ 57 കോടി 22 7
സൺറൈസേഴ്‌സ് ഹൈദരാബാദ് 68 കോടി 22 7
ടീം അഹമ്മദാബാദ് 52 കോടി 22 7


