ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ എഡിഷനിലും ഇന്ത്യൻ താരം ശ്രേയസ് അയ്യർ തന്നെ ഡൽഹി ക്യാപിറ്റൽസിനെ നയിക്കുമെന്ന് ടീം മാനേജ്‌മെന്റ്. . ഇത്തവണ താരലേലത്തിൽ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ ടീമിലെത്തിച്ചെങ്കിലും, യുവതാരം ശ്രേയസ് അയ്യരെ തന്നെ ക്യാപ്റ്റനാക്കി നിലനിർത്താനാണ് ഡൽഹിയുടെ തീരുമാനം.

സ്മിത്തിന്റെ വരവോടെ അയ്യരുടെ ക്യാപ്റ്റൻ കസേര ഇളകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതു തള്ളിയാണ് അയ്യരെത്തന്നെ ക്യാപ്റ്റനാക്കി നിലനിർത്താൻ ക്യാപിറ്റൽസ് തീരുമാനിച്ചത്. അയ്യർ ഉൾപ്പെടെയുള്ളവരുടെ 'മെന്റർ' റോളാകും സ്മിത്തിനെന്നും ടീം വ്യക്തമാക്കി.

'ശ്രേയസ് അയ്യർക്ക് ഉറച്ച പിന്തുണ നൽകിക്കൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്ത് അവരോധിച്ചത്. അദ്ദേഹത്തിനു കീഴിൽ 2019ൽ ഡൽഹി ക്യാപിറ്റൽസ് മൂന്നാം സ്ഥാനത്തുവന്നു. 2020ൽ ഫൈനലിലുമെത്തി. ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്ന സമയമാണിത്. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിക്കു കീഴിൽ വരും സീസണിലും ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന ഉറപ്പ് എനിക്കുണ്ട്' ഡൽഹി ക്യാപിറ്റൽസ് സിഇഒ കേണൽ വിനോദ് ബിഷ്ട് 'ടൈംസ് ഓഫ് ഇന്ത്യ'യോടു പറഞ്ഞു.

'സീനിയറായിട്ടുള്ള ഏതു താരം ടീമിലെത്തിയാലും, അത് അജിൻക്യ രഹാനെയായാലും രവിചന്ദ്രൻ അശ്വിനായാലും സ്റ്റീവ് സ്മിത്തായാലും യുവതാരങ്ങൾക്ക് മാർഗനിർദ്ദേശം നൽകാൻ അവർക്കു കഴിയും. സ്മിത്ത് ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ' സിഇഒ പറഞ്ഞു.