ലണ്ടൻ: കളിക്കാർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് വേദിയൊരുക്കാമെന്ന വാഗ്ദാനവുമായി ഇംഗ്ലണ്ടിലെ കൗണ്ടി ക്ലബ്ബുകൾ രംഗത്ത്. ഈ വർഷം സെപ്റ്റംബറിൽ ഐപിഎൽ മത്സരങ്ങൾക്ക് വേദിയൊരുക്കാമെന്നാണ് വിവിധ കൗണ്ടി ക്ലബ്ബുകൾ നിർദ്ദേശിച്ചിരിക്കുന്നത്.

കൗണ്ടി ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടുകളായ കിയാ ഓവൽ, എഡ്ജ്ബാസ്റ്റൺ, ഓൾഡ് ട്രാഫോർഡ്, എംസിസി എന്നിവക്ക് പുറമെ ലോർഡ്‌സ് ഹോം ഗ്രൗണ്ടായി ഉപയോഗിക്കുന്ന ലങ്കാഷെയറും വാർവിക്ഷെയറും ചേർന്നാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന് മുന്നിൽ ഇത്തരമൊരു നിർദ്ദേശംവെച്ചത്. തങ്ങളുടെ നിർദ്ദേശം ബിസിസിഐയെ അറിയിക്കാനും ക്ലബ്ബുകൾ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തിയാൽ അത് ലോകകപ്പിന് മികച്ച മുന്നൊരുക്കമാകുമെന്നും കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടുതന്നെ മത്സരങ്ങൾ നടത്താനാകുമെന്നും കൗണ്ടി ക്ലബ്ബുകൾ പറയുന്നു.

കൊവിഡിന് ശമനമുണ്ടായാൽ സെപ്റ്റംബറിൽ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇയിൽ മത്സരങ്ങൾ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.