- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ലാസും മാസും നിറഞ്ഞ ഇന്നിങ്ങ്സുമായി സഞ്ജു; അവസാന ഓവറിലെ തിരിച്ചു വരവുമായി ഹൈദരാബാദ് ബൗളേഴ്സ്; രാജസ്ഥാനെതിരെ സൺറൈസേഴ്സിന് 165 റൺസ് വിജയലക്ഷ്യം
ദുബായ്: ഐപിഎല്ലിൽ സഞ്ജു സാംസൺ വെടിക്കെട്ടിൽ സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെ രാജസ്ഥാൻ റോയൽസിന് മാന്യമായ സ്‌കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 164 റൺസെടുത്തു. സാവധാനം തുടങ്ങി ഉഗ്രരൂപം കാട്ടിയ സഞ്ജു 57 പന്തിൽ ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും സഹിതം 82 റൺസെടുത്തു.
രാജസ്ഥാൻ ഇന്നിങ്സിലെ രണ്ടാം ഓവറിൽ ഭുവി ആദ്യ പന്തിൽ സിക്സറിന് ശ്രമിച്ച എവിൻ ലൂയിസിനെ(4 പന്തിൽ 6) ബൗണ്ടറിയിൽ സമദിന്റെ കൈകളിലെത്തിച്ചു. ഇതിന് ശേഷം സുരക്ഷിതമായി 49-1 എന്ന സുരക്ഷിത സ്‌കോറിൽ യശ്വസ്വി ജെയ്സ്വാളും സഞ്ജു സാംസണും പവർപ്ലേ പൂർത്തിയാക്കുകയായിരുന്നു. 23 പന്തിൽ 36 റൺസെടുത്ത ജെയ്സ്വാൾ സന്ദീപിന് മുന്നിൽ ബൗൾഡായപ്പോൾ ഒരിക്കൽ കൂടി പരാജയമായ ലയാം ലിവിങ്സ്റ്റൺ ആറ് പന്തിൽ നാല് റൺസിൽ വീണു. റാഷിദ് ഖാനായിരുന്നു വിക്കറ്റ്.
100 കടക്കാൻ രാജസ്ഥാൻ 14-ാം ഓവർ വരെ കാത്തിരിക്കേണ്ടിവന്നു. കഴിഞ്ഞ മത്സരത്തിലെ ആവർത്തനം പോലെ ഒരറ്റത്ത് നിലയുറപ്പിച്ച സഞ്ജു സാംസൺ 41 പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കി. പിന്നാലെ ബൗളർമാരെ കടന്നാക്രമിച്ച് സഞ്ജു മുന്നേറി. കൗളിന്റെ 19-ാം ഓവറിലെ രണ്ടാം പന്ത് വരെ സഞ്ജുവിന്റെ പോരാട്ടം നീണ്ടു. നാലാം പന്തിൽ റിയാൻ പരാഗ്(0) വീണു. എന്നാൽ ലോറോർ 28 പന്തിൽ 29 റൺസുമായി സഞ്ജുവിന് പിന്തുണ നൽകിയതോടെ രാജസ്ഥാൻ മാന്യമായ സ്‌കോറിലെത്തുകയായിരുന്നു.
ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. വമ്പൻ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. രാജസ്ഥാനിൽ കാർത്തിക് ത്യാഗി പരിക്ക് മൂലം പുറത്തിരിക്കുമ്പോൾ കഴിഞ്ഞ മത്സരം നഷ്ടമായ ക്രിസ് മോറിസും എവിൻ ലൂയിസും തിരിച്ചെത്തി. സൺറൈസേഴ്സിൽ ഡേവിഡ് വാർണർക്ക് പകരം ജേസൻ റോയ്യും ഫോമിലല്ലാത്ത മനീഷ് പാണ്ഡെയ്ക്കും കേദാർ ജാദവിനും പകരം യുവതാരങ്ങളായ പ്രിയം ഗാർഗും അഭിഷേക് ശർമ്മയും പരിക്കേറ്റ ഖലീൽ അഹമ്മദിന് പകരം സിദ്ധാർഥ് കൗളും പ്ലേയിങ് ഇലവനിലെത്തി.
സ്പോർട്സ് ഡെസ്ക്