ഷാർജ: ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പഞ്ചാബ് കിങ്സിനെ നേരിടും. ഇന്ത്യൻ സമയം വെകീട്ട് മൂന്നരയ്ക്ക് ഷാർജയിലാണ് മത്സരം. പഞ്ചാബിനെ തോൽപിച്ച് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കുകയാണ് വിരാട് കോലി നയിക്കുന്ന ബാംഗ്ലൂരിന്റെ ലക്ഷ്യം. പ്ലേ ഓഫ്പ്രതീക്ഷ നിലനിർത്താൻ കെ എൽ രാഹുലിന്റെ പഞ്ചാബിന് ജയം അനിവാര്യമാണ്. പഞ്ചാബ് ഉൾപ്പെടെ നാല് ടീമുകൾക്ക് പത്ത് പോയിന്റ് വീതമുണ്ട്.

ഇന്ന് പഞ്ചാബ് പരാജയപ്പെട്ടാൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യൻസ് എന്നിവരുടെ സാധ്യത വർധിക്കും.ആർസിബി ഇന്ന് ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം. അവസാന രണ്ട് മത്സരങ്ങളിലും അവർ ജയിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ആർസിബി. പഞ്ചാബ് കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയേയും മറികടന്നു.

നേർക്കുനേർ മത്സരങ്ങളിൽ പഞ്ചാബിന് നേരിയ മുൻതൂക്കമുണ്ട്. 27 മത്സരങ്ങളിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ പഞ്ചാബ് 15 മത്സരങ്ങൾ ജയിച്ചു. 12 മത്സരങ്ങൾ ആർസിബിക്കൊപ്പം നിന്നു. ഇന്ത്യക്ക് പുറത്ത് അഞ്ച് മത്സരങ്ങളിൽ ഇരുവരും മുഖാമുഖം വന്നു. ഒന്നിൽ മാത്രമാണ് ആർസിബി ജയിച്ചത്. നാല് മത്സരങ്ങൾ പഞ്ചാബ് സ്വന്തമാക്കി.11 കളിയിൽ 14 പോയിന്റുള്ള ആർസിബി മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള പഞ്ചാബ് അഞ്ചും സ്ഥാനത്താണ്.

രണ്ടാം മത്സരത്തിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ലക്ഷ്യമിട്ടാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നിറങ്ങുന്നത്. മുന്നോട്ടുള്ള വഴിയടഞ്ഞ സൺറൈസേഴ്സ് ഹൈദരാബാദാണ് കൊൽക്കത്തയുടെ എതിരാളി. ഇന്ന് പരാജയപ്പെട്ടാൽ കൊൽക്കത്തയുടെ സാധ്യതകൾ അവതാളത്തിലാവും. ക്യാപ്റ്റൻ ഓയിൻ മോർഗന്റെ ഫോം ഔട്ടാണ് കൊൽക്കത്തയെ പ്രതിസന്ധിയിലാക്കുന്ന പ്രധാന പ്രശ്നം. ഐപിഎൽ യുഎഇയിലേക്ക് മാറ്റിയ ശേഷം ഒരിക്കൽ പോലും രണ്ടക്കം കാണാൻ മോർഗന് സാധിച്ചിട്ടില്ല. പരിക്കിനെ തുടർന്ന് ടീമിന് പുറത്തായിരുന്ന ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ ഇന്ന് ടീമിൽ തിരിച്ചെത്തിയേക്കും.

കൊൽക്കത്ത നിരയിൽ വെങ്കടേഷ് അയ്യർ , രാഹുൽ ത്രിപാഠി, നിതീഷ് റാണ എന്നിവർ മാത്രമാണ് ഉറപ്പുള്ള പ്രകടനം പുറത്തെടുക്കുന്നത്. ശുഭ്മാൻ ഗില്ലും ദിനേശ് കാർത്തികും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. ബൗളർമാരിൽ ടിം സൗത്തിക്ക് പകരം ലോക്കി ഫെർഗൂസൺ മടങ്ങിയെത്തിയേക്കും. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നീ സ്പിന്നർമാരാണ് എതിരാളികളെ നിയന്ത്രിച്ചു നിർത്തുന്നത്.

മറുവശത്ത് ഒന്നും നഷ്ടപ്പെടാനില്ലാത്ത ഹൈദരാബാദാണ്. 11 മത്സരങ്ങളിൽ രണ്ടിൽ മാത്രം ജയിച്ച കെയ്ൻ വില്യംസണും സംഘവും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. നാല് പോയിന്റ് മാത്രമാണ് അവർക്കുള്ളത്. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുമെന്ന് പരിശീലകൻ അറിയിച്ചിരുന്നു.12 മത്സരങ്ങൾ പൂർത്തിയാക്കിയ കൊൽക്കത്ത നിലവിൽ 10 പോയിന്റുമായി നാലാം സ്ഥാനത്താണ്. രാജസ്ഥാൻ റോയൽസ് , മുംബൈ ഇന്ത്യൻസ് , പഞ്ചാബ് കിങ്സ് എന്നിവർക്കും പത്ത് പോയിന്റുണ്ട്. എന്നാൽ മികച്ച റൺറേറ്റാണ് കൊൽക്കത്തയ്ക്ക് നാലാം സ്ഥാനം സമ്മാനിച്ചത്.