ദുബായ്: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എറിഞ്ഞൊതുക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളർമാർ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ 20 ഓവറിൽ 115-8 എന്ന സ്‌കോറിൽ കൊൽക്കത്ത പിടിച്ചുകെട്ടി. 26 റൺസെടുത്ത നായകൻ കെയ്ൻ വില്യംസണാണ് ടോപ് സ്‌കോറർ.

116 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് എന്ന നിലയിലാണ്. എട്ട് റൺസ് എടുത്ത വെങ്കിടേഷ് അയ്യരെ ഹോൽഡർ വില്യംസന്റെ കൈയിലെത്തിച്ചു.

ടോസ് നേടിയ സൺറൈസേഴ്സ് നായകൻ കെയ്ൻ വില്യംസൺ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലെ സൺറൈസേഴ്സിന്റെ ഇന്നിങ്സിൽ കൊൽക്കത്ത പേസർമാർ പ്രഹരമേൽപ്പിച്ചു. സൗത്തിയുടെ ഓവറിലെ രണ്ടാം പന്തിൽ വൃദ്ധിമാൻ സാഹ ഗോൾഡൺ ഡക്കായി.

മാവി എറിഞ്ഞ നാലാം ഓവറിലെ നാലാം പന്തിൽ ജേസൻ റോയി(10) സൗത്തിയുടെ കൈകളിലെത്തി. ഏഴാം ഓവറിലെ അഞ്ചാം പന്തിൽ നായകൻ കെയ്ൻ വില്യംസണെ(26) ഷാക്കിബ് റണ്ണൗട്ടാക്കിയതോടെ 38-3 എന്ന നിലയിൽ സൺറൈസേഴ്സ് മൂക്കുകുത്തി.

അഞ്ചാമനായി ക്രീസിലെത്തിയ അഭിഷേക് ശർമ്മയ്ക്കും പിടിച്ചുനിൽക്കാനായില്ല. 11-ാം ഓവറിൽ ഷാക്കിബിനായിരുന്നു വിക്കറ്റ്. പ്രിയം ഗാർഗിന്റെ പോരാട്ടം 31 പന്തിൽ 21ൽ അവസാനിച്ചു. കൂറ്റനടിക്കുള്ള ആയുസ് ജേസൺ ഹോൾഡർക്കുമുണ്ടായില്ല(8 പന്തിൽ 2). വരുണിനായിരുന്നു ഇരു വിക്കറ്റുകളും. 17-ാം ഓവറിൽ ചക്രവർത്തിക്കെതിരെ തുടർച്ചയായി രണ്ട് സിക്സുകൾ പറത്തിയ അബ്ദുൾ സമദ്(18 പന്തിൽ 25) സൗത്തിയുടെ തൊട്ടടുത്ത ഓവറിൽ ഗില്ലിന്റെ കൈകളിൽ അവസാനിച്ചു.

മാവിയുടെ 19-ാം ഓവറിൽ റാഷിദ് ഖാൻ(6 പന്തിൽ 8) മടങ്ങി. 20 ഓവർ പൂർത്തിയാകുമ്പോൾ സിദ്ധാർഥ് കൗളും(7*), ഭുവനേശ്വർ കുമാറും(7*) പുറത്താകാതെ നിന്നു. ഹൈദരാബാദിനായി സന്ദീപ് ശർമ്മയ്ക്ക് പകരം ഉംറാൻ മാലിക്കെത്തി. അതേസമയം കൊൽക്കത്തയിൽ ടിം സീഫെർട്ടിന് ഷാക്കിബ് അൽ ഹസൻ ഇടംപിടിച്ചു.