മുംബൈ: ഐപിഎൽ 2022 സീസണിന് മാർച്ച് 26-ന് മുംബൈയിൽ തുടക്കമാകും. വ്യാഴാഴ്ച നടന്ന ഐപിഎൽ ഭരണസമിതി യോഗത്തിന് ശേഷം ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്.

10 ടീമുകൾ ഉൾപ്പെടുന്ന ഇത്തവണത്തെ സീസണിൽ 70 ലീഗ് മത്സരങ്ങളടക്കം 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പര കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷമാകും ഐപിഎല്ലിന് തുടക്കമാകുക. ഇതിൽ 70 മത്സരങ്ങൾ മുംബൈയിലും പുണെയിലുമായി നടക്കും.

മുംബൈയിലെ വാങ്കഡെ, ബ്രാബോൺ, ഡി.വൈ പാട്ടീൽ സ്റ്റേഡിയങ്ങളിലായി 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങൾ പുണെയിലെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും ഫൈനൽ മെയ് 29-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.